Tuesday, January 16, 2018

ഭൗമശാസ്ത്രത്തില്‍ പറയുന്ന പ്ലേറ്റ് ടെക്‌റ്റോനിക്‌സ് അനുസരിച്ച് സംഭവിച്ച ഈ നാടിന്റെ ഉത്ഭവവും ഏഷ്യാ വന്‍കരയുമായി അതിന്റെ കൂടിച്ചേരലും തന്നെ ആരെയും ആശ്ചര്യപ്പെടുത്തും. ഈ സിദ്ധാന്തപ്രകാരം വളരെ പണ്ട് ഇന്നു കാണുന്ന ഭൂഖണ്ഡങ്ങള്‍ എല്ലാം ഒരുമിച്ച് ചേര്‍ന്നിരുന്നത്രെ.
'അധരം മധുരം വദനം മധുരം. നയനം മധുരം ഹസിതം മധുരം. ഹൃദയംമധുരം ഗമനം മധുരം. മഥുരാധിപതേരഖിലം മധുരം.'  മധുരാഷ്ടകത്തിലെ ചേതോഹരമായ തുടക്കവരികളാണിവ. മക്കാളയും മാര്‍ക്‌സും നമ്മുടെ കണ്‍മുന്നില്‍ കെട്ടിത്തൂക്കിയ മാറാലകളെ വകഞ്ഞുമാറ്റി നിഷ്പക്ഷമായി നാം 'നമ്മെ നാമാക്കിയ' ''ഹിന്ദു''ത്വ (ഈ നാടും പാരമ്പര്യവും) ത്തെ നോക്കിക്കണ്ടാല്‍  നാമോരോരുത്തരും ഇതേപോലെ ഹിന്ദു അഷ്ടകം പാടും. കേവലം മമതാജന്യമായ, വൈകാരികമായ സമീപനമല്ല ഉദ്ദേശിക്കുന്നത്. (അമ്മയോട് അത് തെറ്റുമല്ല- ജനനീ ജന്മഭൂമിശ്ച സ്വര്‍ഗാദപി ഗരീയസീ).  മറിച്ച് യാഥാര്‍ത്ഥ്യബോധത്തോടെ ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചാല്‍ ഹിന്ദുസ്ഥാനത്തിനും ഹിന്ദുക്കള്‍ക്കും ഹിന്ദുദാര്‍ശനികര്‍ കണ്ടെത്തിയ ആത്മനിഷ്ഠ (സബ്ജക്റ്റീവ്) വും വസ്തുനിഷ്ഠ (ഒബ്ജക്റ്റീവ്) വും ആയ ശാസ്ത്രങ്ങള്‍ക്കും അവയെ ഉള്ളിലാവാഹിച്ച ആചാരാനുഷ്ഠാനങ്ങള്‍ക്കും ഏറെ സവിശേഷതകള്‍ ഉണ്ടെന്ന് ആര്‍ക്കും ബോദ്ധ്യമാകും. 
ഭൗമശാസ്ത്രത്തില്‍ പറയുന്ന പ്ലേറ്റ് ടെക്‌റ്റോനിക്‌സ് അനുസരിച്ച് സംഭവിച്ച ഈ നാടിന്റെ ഉത്ഭവവും ഏഷ്യാ വന്‍കരയുമായി അതിന്റെ കൂടിച്ചേരലും തന്നെ ആരെയും ആശ്ചര്യപ്പെടുത്തും. ഈ സിദ്ധാന്തപ്രകാരം വളരെ പണ്ട് ഇന്നു കാണുന്ന ഭൂഖണ്ഡങ്ങള്‍ എല്ലാം ഒരുമിച്ച് ചേര്‍ന്നിരുന്നത്രെ. പാന്‍ജിയ എന്ന് ഇത് അറിയപ്പെടുന്നു. ഇതിന്റെ തെക്കു ഭാഗത്തിന് (ആഫ്രിക്ക, ആസ്‌േട്രലിയ, ഭാരതം തുടങ്ങിയവ) ഗോണ്ഡ്വാന എന്നാണ് പേര്‍. ഏതാണ്ട് 220 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ പാന്‍ജിയ പല ഖണ്ഡങ്ങളായി വേര്‍പിരിയാന്‍ തുടങ്ങി. തെക്കേ ഭാഗത്തു നിന്ന് വേര്‍പെട്ട ഭാരതഖണ്ഡം ഏതാണ്ട് ആറായിരം മൈലുകള്‍ സമുദ്രത്തിലൂടെ സഞ്ചരിച്ച് 40-50 മില്യണ്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ഏഷ്യാവന്‍കരയുടെ തെക്കേ ഭാഗത്ത് ചെന്നിടിച്ചു. ആ ആഘാതത്താല്‍ ഹിമാലയപര്‍വ്വതം രൂപം കൊണ്ടു. ഇതു വളരെ വേഗം വളര്‍ന്ന് മാമലയായി. ഇപ്പോഴും ഈ വളര്‍ച്ച തുടരുന്നു. ഭാരതത്തിന്റെ വടക്കുകിഴക്കോട്ടുള്ള നീക്കവും തുടരുകയാണത്രെ.
''അസ്ത്യുത്തരസ്യാം ദിശി ദേവതാത്മാ, ഹിമാലയോ നാമ നഗാധിരാജഃ പൂര്‍വാപരൗ തോയനിധീവഗാഹ്യ, സ്ഥിത: പൃഥിവ്യാ ഇവ മാനദണ്ഡഃ '' (കിഴക്കും പടിഞ്ഞാറും കടലിലേക്കിറങ്ങി ഭൂമിയുടെ അളവുകോലുപോലെ അങ്ങു വടക്ക് ദിക്കില്‍ ഹിമാലയം എന്നു പേരുള്ള പര്‍വ്വതരാജനുണ്ട് - കുമാരസംഭവം) എന്നീ വരികളിലൂടെ മഹാകവി കാളിദാസന്‍ അനശ്വരമാക്കിയ ഈ ഉത്തുംഗപര്‍വ്വതനിരകളും മറ്റു മൂന്നു വശങ്ങളിലും അഗാധങ്ങളായ അലയാഴികളും ചേര്‍ന്നൊരുക്കിയ വ്യക്തമായ അതിരുകളുള്ള എറെക്കുറേ ത്രികോണാകൃതി ഈ നാടിന്റെ മറ്റൊരു പ്രത്യേകതയാണ്.
ഭൂപ്രകൃതി, കാലാവസ്ഥ, സസ്യ-ജന്തുജാലങ്ങള്‍ എന്നിവ ഒരുക്കുന്ന അനന്തവൈവിദ്ധ്യങ്ങളും നമ്മുടെ നാടിനെ അനന്യമാക്കുന്നു.  ''ഭാരതം ഭൂമിശാസ്ത്രപരമായി തെക്കുവടക്ക് 2000 ത്തിലധികം മൈലുകളും കിഴക്കുപടിഞ്ഞാറ് 1900 ത്തിലധികം മൈലുകളും നീളമുള്ള തുടര്‍ച്ചയായ ഭൂപ്രദേശമാണ്.  ഇതിന് യൂറോപ്പ് ഭൂഖണ്ഡത്തിന്റെ മൂന്നില്‍ രണ്ടു വിസ്തീര്‍ണം വരും. ഗ്രേറ്റ് ബ്രിട്ടണേക്കാള്‍ 14 മടങ്ങും, ബ്രിട്ടിഷ് ദ്വീപസമൂഹത്തെക്കാള്‍ 10 മടങ്ങും വലുപ്പമുണ്ട്. ഫ്രാന്‍സിനെയും ജര്‍മ്മനിയേയും അപേക്ഷിച്ച് ആറ് മടങ്ങ് വിസ്തീര്‍ണ്ണമുണ്ടിതിന്. ഭൂമിശാസ്ത്രപരമായുളള ഈ വിശാലത ഇതിനെ ഭൗതികമായ വൈവിദ്ധ്യങ്ങളുടെ കലവറയാക്കി മാറ്റി. നിരവധി അക്ഷാംശങ്ങളും രേഖാംശങ്ങളും ഈ വിശാല പരിധിക്കുള്ളില്‍ അടങ്ങുന്നു. കൊങ്കണ്‍- കോറോമാന്‍ഡല്‍ തീരങ്ങളിലെ  ഈര്‍പ്പം നിറഞ്ഞ അത്യുഷ്ണം ഒരുവശത്ത്, ശുഷ്‌കവും തുളച്ചുകയറുന്നതുമായ ഹിമാലയത്തിലെ മഞ്ഞുമലകളിലെ തണുപ്പ് മറ്റൊരുവശത്ത്. ഭൂനിരപ്പ് കടല്‍നിരപ്പില്‍ നിന്ന് മേഘമാര്‍ഗ്ഗത്തെയും അതിക്രമിച്ച് ഉയരങ്ങളിലെത്തുന്നു. ഇവിടുത്തെ കാലാവസ്ഥയ്ക്ക്  ലോകത്തെ ഉഷ്ണമേഖലാ പ്രദേശത്തെ അത്യുഷ്ണം തൊട്ട് ധുവപ്രദേശത്തെ അതിശൈത്യം വരെയുളള എല്ലാ അവസ്ഥകളും ഉണ്ട്. ഇവിടുത്തെ അന്തരീക്ഷത്തില്‍ ഈര്‍പ്പമില്ലാത്ത അവസ്ഥ മുതല്‍ അങ്ങേയറ്റം ഈര്‍പ്പത്തിന്റെ അവസ്ഥവരെ അനുഭവപ്പെടുന്നു. മഴയുടെ തോത് ചിറാപ്പുഞ്ചിയില്‍ 460 ഇഞ്ചും അപ്പര്‍ സിന്ധില്‍ മൂന്ന് ഇഞ്ചില്‍ താഴെയുമാണ്, അക്ഷാംശങ്ങളുടെയും ചൂടിന്റെയും ഈ അമ്പരപ്പിക്കുന്ന വൈവിധ്യം ഇവിടുത്തെ സസ്യ- ജന്തുജാലങ്ങളിലും കാണാം. സര്‍ ജെ.ഡി. ഹൂക്കറുടെ അഭിപ്രായത്തില്‍ പടിഞ്ഞാറന്‍ അര്‍ദ്ധഗോളത്തിലെ ഇത്രയും വിസ്തീര്‍ണമുളള മറ്റ് ഏത് രാജ്യത്തിനേക്കാളും സസ്യജാല വൈവിധ്യം ഇവിടുണ്ട്. ബ്ലാന്‍ഡ് ഫോര്‍ഡിന്റെ അഭിപ്രായത്തില്‍ ബ്രിട്ടീഷ് ഇന്ത്യയിലെ ജന്തുജാലം സമൃദ്ധമാണെന്ന് മാത്രമല്ല വൈവിധ്യം നിറഞ്ഞതുമാണ്. മുഴുവന്‍ യൂറോപ്പിലും കാണപ്പെടുന്നതിനേക്കാള്‍ എത്രയോ കൂടുതല്‍ ജന്തുജാതികള്‍ ഇവിടെക്കാണപ്പെടുന്നു''. (രാധാകുമുദ് മുഖര്‍ജി, ദി ഫണ്ടമെന്റല്‍ യൂണിറ്റി ഓഫ് ഇന്ത്യ). 
ഇവിടുത്തെ ജനജീവിതത്തിലും അനന്തവൈവിധ്യം പുലരുന്നു. വര്‍ണ്ണം, ആകൃതി, ഭാഷ, വേഷം, വസ്ത്രധാരണം, ആഭരണാദി അലങ്കാരങ്ങള്‍, ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍ തുടങ്ങിയവയില്‍ എല്ലാം തന്നെ ലോകത്തു മറ്റൊരിടത്തും കാണാന്‍ കഴിയാത്തത്ര വ്യത്യാസങ്ങള്‍ നൂറ്റാണ്ടുകളായി ഇവിടെ നില നില്‍ക്കുന്നു. വനം, ഗ്രാമം, നഗരം മുതലായ തലങ്ങളിലെ വ്യത്യസ്ത ജീവിത ഘടനകള്‍ ഇവിടെ  ഇന്നും തുടരുന്നു. പ്രാചീനകാലത്ത് രാജഭരണം, ഗണതന്ത്രം മുതലായ വ്യത്യസ്ത ഭരണസംവിധാനങ്ങള്‍ ഇവിടുണ്ടായിരുന്നു. ബൗദ്ധഗ്രന്ഥങ്ങള്‍, മഹാഭാരതം, ചാണക്യന്റെ അര്‍ത്ഥശാസ്ത്രം മുതലായവയില്‍ ഈ വിധാനങ്ങള്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്.vamanan

No comments: