Wednesday, January 03, 2018

എനിയ്ക്ക് മരണമില്ല ~ വയലാര്‍



അതി മനോഹരമായ ഈ കവിത ആസ്വദിക്കാന്‍ കഴിവുള്ളവര്‍ക്കെല്ലാം വേണ്ടി സമര്‍പ്പിക്കുന്നു. എന്റെ ഏറ്റവും പ്രിയപ്പെട്ട കവി വയലാര്‍ രാമ വര്‍മ എന്ന വിശ്വ  പൌരന്‍ രചിച്ച 'എനിക്ക് മരണം ഇല്ല' എന്ന കവിത. കാലത്തിനു മുന്‍പേ സഞ്ചരിച്ച്, ലോകത്തിലെ സമസ്ത ജീവജാലങ്ങളെയും ജീവന്റെ ആദി സ്പന്ധനത്തിന്റെ തുടര്‍ ചലനങ്ങളായി കണ്ട്, വിശ്വ സാഹോദര്യത്തിന്റെ മഹാ വിളംബരം നടത്തിയ വിപ്ലവ കവി. സംസ്കാരത്തിന്‍റെ കളി തൊട്ടിലില്‍ നിന്നുണര്‍ന്നെഴുനേറ്റു വിവിധ ദര്‍ശനങ്ങള്‍ നല്‍കിയ അനുഭവ മണ്ഡലങ്ങളിലൂടെ സഞ്ചരിച്ചു ആധുനിക ശാസ്ത്രം നല്‍കിയ തീപന്തവും കയ്യില്‍ ഏന്തി, താരകങ്ങളെ കൊണ്ട് നര്‍ത്തനം  ആടിയ്ക്കാന്‍ കുതിച്ചു പായുന്ന അജയ്യനായ മനുഷ്യന്റെ കഥ. എന്നില്‍ നിന്നതീതമായ് വ്യതിരിക്തമായ് മണ്ണില്‍ ഒന്നുമില്ലെന്ന് പ്രഖ്യാപിക്കുന്ന കവി തനിക്കു മരണം ഇല്ലെന്നു പറയുന്നതിലൂടെ ജീവന്റെ അനന്ത സാധ്യതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. 


-------------------------------------------------------------------------------------------------------------------------------------------------------------------

കുതിരപ്പുറത്ത് ഞാന്‍ പാഞ്ഞു പോകുമ്പോള്‍
കയ്യില്‍ കുതറി തുള്ളിത്തുള്ളി ചാട്ടവാറിളകുമ്പോള്‍
നടുങ്ങിപ്പോകുന്നില്ലേ നിമിഷങ്ങളില്‍
കുളമ്പടികള്‍ പതിയുമ്പോള്‍ ഈ അണ്ഡകടാഹങ്ങള്‍

നീരവ നീലാകാശമണ്ഡലത്തിലെ ശുഷ്കതാരകേ
വിളറിയ നിന്മുഖം കാണടട്ടേ ഞാന്‍
നിന്റെ നാട്ടിലെ നീലത്തുളസിക്കൊടിത്തോപ്പില്‍-
നിന്നു നീ നുള്ളിക്കൂട്ടും പിഞ്ചു വെറ്റിലകളും
ചൊവ്വയില്‍ വിളയുന്ന ചെമ്പഴുക്കയും വാനില്‍
ചെങ്കനല്‍ ചൂളയ്ക്കുള്ളീല്‍ നീറ്റിയ ചുണ്ണാമ്പുമായ്
അമ്പിളിത്താമ്പാളം നീ നീട്ടിക്കൊണ്ടൊരു വെള്ളി
ത്തുമ്പിയെപ്പോലെ നിന്നു മാനത്തുനൃത്തം വയ്ക്കേ
സ്വീകരിക്കാറൂണ്ടെന്നും ഞാനവ
തിരക്കിട്ടു പോകുമീപ്പോക്കില്‍
ചക്രവാളത്തില്‍ നീട്ടിത്തുപ്പും
ഞാനെത്താ‍തിരിയ്ക്കില്ല നിന്നടുത്തൊരിയ്ക്കലും
ആ നല്ല നാളിനായ് കാത്തു നിന്നോളൂ ദൂരെ
കാലമാണവിശ്രമം പായുമെന്നശ്വം
സ്നേഹ ജ്വാലയാണെന്നില്‍
കാണും ചൈതന്യം സനാതനം

പ്രപഞ്ചം മുഴുവനും പണ്ടുപണ്ടൊരു കാലം
പ്രളയാബ്ദിയില്‍ മുങ്ങിത്താണടിഞ്ഞിരുന്നപ്പോള്‍
വന്നു ഞാന്‍ അമീബയായ്
ജീവന്റെ ഒന്നാമത്തെ സ്പന്ദനം വിളംബരം ചെയ്തിതന്‍ ചലനങ്ങള്‍
അന്നന്തരീക്ഷത്തിന്റെ ആത്മാവില്‍ നിന്നും
പ്രാണസ്പന്ദങ്ങള്‍ ഉയിരാര്‍ജ്ജിച്ചങ്ങിനെ വളര്‍ന്നു ഞാന്‍
ജീവന്റെ പരിണാമ പരിവര്‍ത്തന-
രൂപഭാവഭേദങ്ങള്‍ക്കുള്ളില്‍ വളര്‍ന്ന യുഗങ്ങളില്‍
ഈ പ്രപഞ്ചത്തെ കയ്യിലമ്മാനമാടിക്കൊണ്ട്
ഒരത്ഭുത സര്‍ഗ്ഗാത്മക ശക്തിയെ കണ്ടിട്ടില്ലേ
ഞാനാണത് അജയ്യനാം മനുഷ്യന്‍
ചലിയ്ക്കുന്നു ഞാന്‍ അഹര്‍നിശം
എന്റെ സന്ദേശം ജയിയ്ക്കുന്നു

മീനും, ആമയുമായി
പന്നിയായ്, മൃസിംഹമായ്
ഞാന്‍ അവതാരം ചെയ്ത കഥകള്‍ കേട്ടിട്ടില്ലേ
ഈശ്വരനെന്നും മറ്റും പേരെനിയ്ക്കുണ്ടായിട്ടുണ്ട്
ഈശ്വരന്‍ ഉറക്കനെ ചിരിയ്ക്കാന്‍ തോന്നിപ്പോകും
പണ്ട് ഞാന്‍ കുരുക്ഷേത്രയുദ്ധ ഭൂമിയില്‍ നിന്നുകൊണ്ട്
അത് നിഷേദിച്ചത് ഞാനിപ്പോഴും ഓര്‍മ്മിയ്ക്കുന്നു
എന്നില്‍നിന്നതീതമായ് വ്യതിരിക്തമായ്
മന്നിലൊന്നുമുണ്ടായിട്ടില്ലെന്നന്നു ഞാന്‍ പ്രഖ്യാപിച്ചു
കാല്‍വരിക്കുന്നിന്‍ മോളില്‍, മെക്കയില്‍
സംസ്ക്കാരത്തിന്‍ കാഹളമുയര്‍ന്നീടത്തൊക്കെ സംസാരിച്ചു
ഫ്രെയ്സറില്‍, ഷേക്സ്പിയറില്‍, ഡാര്‍വിനില്‍,
കാറല്‍ മാര്‍ക്സില്‍, വ്യാസനില്‍ പലരിലും കൂടി ഞാന്‍ സംസാരിച്ചു
മനുഷ്യന്‍.. മനുഷ്യന്‍ ഞാനെന്നില്‍ നിന്നാരംഭിച്ചു
മഹത്താം പ്രപഞ്ചത്തിന്‍ ഭാസുര സങ്കല്പങ്ങള്‍
എന്നിലുണ്ടിന്നേവരെ ജീവിച്ച സംസ്ക്കാരങ്ങള്‍
എന്നിലുണ്ടിനിയത്തെ വിടരും സംസ്ക്കാരങ്ങള്‍
ഈ വിശ്വതലത്തിന്റെ കര്‍മ്മമേഖലകളില്‍
ജീവിതം നോവുമ്പോള്‍ എന്‍ ആത്മാവ് നൊന്തീടുന്നു
മാനവ പ്രയത്നത്തിന്‍ ചുണ്ടുകള്‍
എങ്ങാഹ്ലാദ ഗാനവീചികള്‍ നെയ്‌വത്
അവിടെ പാടുന്നു ഞാന്‍..
ഏഷ്യയില്‍, ആഫ്രിക്കയില്‍, യൂറോപ്പില്‍
അദ്ധ്വാനത്തിന്‍ ശാശ്വത വസന്തങ്ങളെങ്ങെങ്ങ് വിടര്‍ന്നാലും
എന്റെ ചേതനയിലെ രക്തനാഡികള്‍ക്കുള്ളില്‍
ചെണ്ടുകള്‍ വാടാമല്ലി ചെണ്ടുകള്‍ വിരിഞ്ഞാടും..

ഇല്ലെനിക്കൊരിക്കലും മരണം
തുറുങ്കുകള്‍ക്കുള്ളിലിട്ടൊരുനാളൂം
അടയ്ക്കാനാവില്ലെന്നെ
കൊടിയില്‍ പ്രയത്നത്തിന്‍ മുദ്രയും
കണ്ണില്‍ പൂത്തുവിടരും സ്വപ്നങ്ങളും
കരളില്‍ സംഗീതവും
സഞ്ചരിയ്ക്കുകയാണ് ഞാന്‍ ഏവം
സയന്‍സിന്റെ കഞ്ചുകവുമണിഞ്ഞീ യുഗങ്ങളിലൂടെ
മനുഷ്യന്‍ സൌന്ദര്യത്തെ, സത്യത്തെ, സംസ്ക്കാരത്തെ
ഉണര്‍ത്തി ജീവിപ്പിയ്ക്കും സാമൂഹ്യ മനുഷ്യ ഞാന്‍
ഞാന്‍ മിഴിയടയ്ക്കുമ്പോള്‍ രാവുകള്‍
പകലുകള്‍ ഞാന്‍ മിഴിതുറക്കുമ്പോള്‍
അന്വഹം വന്നെത്തുന്നു
ചക്രവാളത്തില്‍ മതില്‍ കെട്ടിന്മേല്‍
കയ്യും കുത്തി നില്‍ക്കും ഞാന്‍
പ്രപഞ്ചത്തിന്‍ ഭ്രമണം നിയന്ത്രിയ്ക്കുവാന്‍
ഗോളങ്ങള്‍ എടുത്തു ഞാന്‍ പന്തടിക്കുമ്പോള്‍
വിദ്യുനാളങ്ങള്‍ കെടുത്തിയും കത്തിച്ചും രസിക്കുമ്പോള്‍
നീരവനീലാകാശമേഖലകളില്‍ നാളേ താരകേ
നിന്നെക്കൊണ്ടു നര്‍ത്തനം ചെയ്യിക്കും ഞാന്‍
കുതിരപ്പുറത്തു ഞാന്‍ പാഞ്ഞുപോകുമ്പോള്‍
കയ്യില്‍ കുതറി തുള്ളിത്തുള്ളി ചാട്ടവാറിളകുമ്പോള്‍
നടുങ്ങിപ്പോകുന്നീലേ നിമിഷങ്ങളില്‍
കുളമ്പടികള്‍ പതിയുമ്പോള്‍ ഈ അണ്ഡകടാഹങ്ങള്‍
കാലമാണവിശ്രമം പായുമെന്നശ്വം
സ്നേഹ ജ്വാലയാണെന്നില്‍
കാണും ചൈതന്യം സനാതനം

No comments: