Thursday, August 09, 2018

രാമായണസുഗന്ധം-19/ വി.എന്‍.എസ്. പിള്ള
Friday 10 August 2018 1:01 am IST
സുയജ്ഞനെ സന്ദര്‍ശിച്ച ലക്ഷ്മണന്‍ അദ്ദേഹം ഉടനെ രാമനെ കാണണം എന്നു പറയുന്നു. സുയജ്ഞനെ രാമന്‍ സീതാദേവിയോടൊപ്പം തൊഴുകൈകളോടെ സ്വീകരിക്കുകയും അദ്ദേഹത്തിന് വളരെയധികം ആഭരണങ്ങളും (അംഗദങ്ങള്‍, കേയൂരങ്ങള്‍, സ്വര്‍ണനൂലില്‍ കോര്‍ത്തെടുത്ത കര്‍ണാഭരണങ്ങള്‍ തുടങ്ങിയവ)  സ്വര്‍ണവും രത്‌നങ്ങളും സമ്മാനമായി നല്‍കി. സീതാദേവിയാകട്ടെ സുയജ്ഞന്റെ പത്‌നിക്കായി അംഗദങ്ങളും കേയൂരങ്ങളും വളകളും മുത്തുമാലയും മറ്റും നല്‍കുകയുണ്ടായി. കൂടാതെ രത്‌നങ്ങള്‍ പതിച്ചതും  പ്രസിദ്ധമായതുമായ ഒരു ശയ്യ ഉത്തമമായ വിരികളോടെ കൊടുത്തയക്കുകയും ചെയ്തു. ഇതുകൂടാതെ ആയിരം സുവര്‍ണ നാണയങ്ങളും തന്റെ അമ്മാവന്‍ സമ്മാനമായി നല്‍കിയ ശത്രുഞ്ജയനെന്ന ആനയേയും സുയജ്ഞനു നല്‍കി. സമ്മാനങ്ങള്‍ സ്വീകരിച്ചുകൊണ്ട് സുയജ്ഞന്‍ രാമനേയും ലക്ഷ്മണനേയും സീതാദേവിയേയും അനുഗ്രഹിക്കുകയുണ്ടായി.
അഗസ്ത്യപുത്രനും വിശ്വാമിത്രപുത്രനും സമ്മാനങ്ങള്‍ നല്‍കുവാന്‍ രാമന്‍ ലക്ഷ്മണനോടു പറഞ്ഞു. അവര്‍ക്ക് ആയിരം പശുക്കളേയും സ്വര്‍ണവും വെള്ളിയും വിലപിടിച്ച രത്‌നങ്ങളും വസ്ത്രങ്ങളും നല്‍കുകയുണ്ടായി. കൗസല്യാദേവിയുടെ സേവകനായി നില്‍ക്കുന്ന ബ്രാഹ്മണന് അദ്ദേഹമാകട്ടെ കൃഷ്ണയജുര്‍വേദത്തിന്റെ തൈത്തരീയശാഖയിലെ ഗുരുവുമാണ് സമ്പത്തും പട്ടും വേലക്കാരികളേയും കൂടാതെ അദ്ദേഹത്തിന് എന്തെല്ലാം വേണോ അതെല്ലാം നല്‍കി. 
ദീര്‍ഘകാലമായി മന്ത്രിയും സാരഥിയുമായിരുന്ന ചിത്രരഥന് വസ്ത്രങ്ങളും രത്‌നങ്ങളും പെണ്ണാടുകളേയും എരുമകളേയും ആയിരം പശുക്കളേയും നല്‍കി. വേദങ്ങളുടെ സംശോധിതപഠനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ബ്രഹ്മചാരികള്‍ക്ക് രത്‌നങ്ങളുടെ ചുമടുകളുമായി എണ്‍പത് ഒട്ടകങ്ങളേയും ചുമടെടുക്കുന്ന ആയിരം കാളകളേയും കൃഷികാര്യങ്ങളില്‍ സഹായിക്കുന്ന ഇരുനൂറു കാളകളേയുമാണ് നല്‍കിയത്. ഇങ്ങനെ മാതാവിനു സന്തോഷമുണ്ടാക്കുന്ന തരത്തിലുള്ള സമ്മാനങ്ങള്‍ ഓരോരുത്തര്‍ക്കും കൊടുക്കുകയുണ്ടായി.
നിറഞ്ഞ കണ്ണുകളുമായിനിന്ന ആശ്രിതരോടായി രാമന്‍ പറഞ്ഞു – ഞാന്‍ മടങ്ങിവരുന്നതുവരെ ലക്ഷ്മണന്റെ ഭവനവും എന്റെ ഭവനവും നിങ്ങള്‍ ഓരോരുത്തരും മാറിമാറി സംരക്ഷിക്കേണ്ടതാണ്. തന്റെ സ്വത്തെല്ലാം കൊണ്ടുവരുവാന്‍ പറഞ്ഞ രാമന്‍ അതെല്ലാം ബ്രാഹ്മണര്‍ക്കും കുട്ടികള്‍ക്കും വൃദ്ധന്മാര്‍ക്കും ക്ലേശം അനുഭവിക്കുന്നവര്‍ക്കുമായി വീതിച്ചുകൊടുത്തു.
അക്കാലത്ത് അയോദ്ധ്യാനഗരത്തിന് പുറത്തുള്ള വനത്തില്‍ ഗര്‍ഗവംശത്തില്‍പ്പെട്ട ഒരു ബ്രാഹ്മണന്‍ ദാരിദ്ര്യം കൊണ്ടു വിളറി ത്രിജടനെന്ന പേരോടുകൂടി ജീവിച്ചിരുന്നു എന്നു കേള്‍ക്കുന്നു. അദ്ദേഹത്തിന്റെ കൈവശം ഒരു കോടാലിയും മണ്‍വെട്ടിയും കലപ്പയുമായിരുന്നു ഉണ്ടായിരുന്നത്. അദ്ദേഹത്തിന്റെ പത്‌നി കുട്ടികളോടൊപ്പം സമീപിച്ച് രാമനെ ഒന്നുപോയിക്കാണൂ അദ്ദേഹം എന്തെങ്കിലും തരാതിരിക്കില്ലയെന്ന് പറഞ്ഞു. ഉണ്ടായിരുന്ന ഒരു കീറത്തുണി ഉടുത്തുകൊണ്ട് അദ്ദേഹം രാമന്റെയടുത്തേക്കു പോവുകയുണ്ടായി. അഞ്ചാമത്തെ പ്രവേശനകവാടം വരെ അദ്ദേഹമെത്തി.
(തുടരും)
pillaivnsreekaran@gmail.co

No comments: