Tuesday, August 07, 2018

ഉപനിഷത്തിലൂടെ -228/ബൃഹദാരണ്യകോപനിഷത്ത്- 26/സ്വാമി അഭയാനന്ദ
Wednesday 8 August 2018 1:09 am IST
അഥൈതസ്യ മനസോ ദ്യൗ: ശരീരം, ജ്യോതി രൂപമസാവാദിത്യ: 
പിന്നെ ഈ മനസ്സിന്റെ ശരീരം ദ്യു ലോകമാണ്. ഈ ആദിത്യന്‍ പ്രകാശാത്മ രൂപമാണ്. മനസ്സ് എത്രത്തോളമുണ്ടോ അത്രയും ദ്യു ലോകമുണ്ട്. ആദിത്യനും അത്ര തന്നെയുണ്ട്.
അഗ്‌നിയും ആദിത്യനുമാകുന്ന വാക്കും മനസ്സും കൂടിക്കലര്‍ന്നു.അതില്‍ നിന്ന് പ്രാണന്‍ ഉണ്ടായി. പ്രാണന്‍ ഇന്ദ്രനെന്ന പരമേശ്വരനാണ്. ശത്രുക്കളില്ലാത്തവനു മാണ്. രണ്ടാമതൊരാളാണല്ലോ ശത്രു. പ്രാണനെ  എതിരാളിയല്ലാത്തവനായി അറിയുന്നയാള്‍ക്ക് എതിരാളി ഉണ്ടാവില്ല.
മനസ്സിന്റെ ആധിദൈവിക രൂപങ്ങളില്‍ കാര്യമാണ് ദ്യു ലോകം.കാരണം  ആദിത്യനാണ്. രണ്ടും മനസ്സിനെ പോലെ മാറ്റമുള്ളവയാണ്. ചലിക്കുന്ന പ്രാണ വായുവാണ് കൂടിച്ചേരലില്‍ ഉണ്ടായത്.
 വായു സര്‍വ്വശക്തനായതിനാല്‍ പരമേശ്വരനാണ്. എതിരിടാന്‍ ആര്‍ക്കുമാവില്ല. ആധിദൈവിക മായും മനസ്സും വാക്കും പ്രാണന് കീഴടങ്ങിയിരിക്കുന്നു.
അഥൈതസ്യ പ്രാണസ്യാപ: ശരീരം. ജ്യോതീ 
രൂപമസൗ ചന്ദ്ര: .......
പിന്നെ ഈ പ്രാണന്റെ ശരീരം അപ്പുകളാണ് (ജലം). പ്രകാശാത്മക രൂപം ചന്ദ്രനാണ്. പ്രാണന്‍ എത്രത്തോളമുണ്ടോ അത്രയും അപ്പുകളുണ്ട്.അത്രയും ചന്ദ്രനുമുണ്ട്.ഇവയെല്ലാം സമമാണ്. അനന്തവുമാണ്. ഇവയെ അന്തമുളളതായി ഉപാസിക്കുന്നയാള്‍ അന്തമുള്ള ലോകത്തെ ജയിക്കുന്നു. അനന്തമായ ലോകത്തെ ഉപാസിക്കുന്നവര്‍ അനന്തമായ ലോകത്തെ ജയിക്കുന്നു.
പ്രജാപതി സൃഷ്ടിച്ച സപ്താന്നങ്ങളില്‍ പെട്ട പ്രാണന്റെ സ്വരൂപത്തെയാണ് ഇവിടെ പറയുന്നത്.
 ആദ്ധ്യാത്മികവും ആധിഭൗതികവുമായ പ്രാണന്റെ അത്ര തന്നെയാണ് ജലത്തിനും ചന്ദ്രനും ഉള്ളത്. ആധിദൈവികമായ ഭാവത്തിലുള്ള വാക്കും മനസ്സും പ്രാണനും തുല്യ പ്രാധാന്യമുള്ളവയും സമങ്ങളും അനന്തവുമാണ്.
 വാക്ക്, മനസ്സ്, പ്രാണന്‍ എന്നിവയെ അദ്ധ്യാത്മ, അധിഭൂത ഭാവങ്ങളില്‍ ചെറുതെന്ന മട്ടില്‍ അന്തമുള്ളവയായി ഉപാസിച്ചാല്‍ അങ്ങനെയായിത്തീരും. ആത്മഭൂതനാവുകയില്ല. എല്ലാറ്റിന്റേയും ആത്മാവായി അനന്തഭാവത്തില്‍ ഉപാസിച്ചാല്‍ അനന്ത ലോകത്തെ നേടി പ്രജാപതിയുടെ ആത്മഭൂതനായിത്തീരും.
 സ ഏഷ സംവല്‍സര: പ്രജാപതി: ഷോഡശകല: 
രാത്രയ ഏവ പഞ്ചദശ കലാ: .........
അങ്ങനെയുള്ള ആ പ്രജാപതി 16 കലകളോട് കൂടിയ സംവത്സരമാണ്. അതില്‍ 15 കലകള്‍ രാത്രികള്‍ തന്നെയാണ്.ഈ സംവല്‍സര പ്രജാപതിയുടെ പതിനാറാമത്തെ കല നാശമില്ലാത്തതാണ്.
പ്രജാപതി രാത്രികളെ കൊണ്ട് പൂര്‍ണ്ണനാവുകയും ക്ഷയിക്കുകയും ചെയ്യുന്നു. ആ കാലാത്മാവായ പ്രജാപതി കറുത്തവാവിന്‍ നാള്‍ രാത്രിയില്‍ എല്ലാ പ്രാണികളിലും പ്രവേശിച്ച് പിറ്റേന്നാള്‍ രാവിലെ ജനിക്കുന്നു. അതിനാല്‍ ആ ദേവതയുടെ പൂജയ്ക്കായി ഓന്ത് ഉള്‍പ്പെടെയുള്ള ഒരു  പ്രാണിയുടേയും ജീവനെടുക്കരുത്.
വാക്ക്, മനസ്, പ്രാണന്‍ എന്നിങ്ങനെയുള്ള  മൂന്ന് അന്നങ്ങളുടെ ആത്മാവായ പ്രജാപതിയെ സംവല്‍സര രൂപത്തില്‍ വിശേഷിപ്പിച്ചിരിക്കുകയാണ്. തിഥികളെയാണ് കലകളായി സങ്കല്പിച്ചിരിക്കുന്നത്. ശുക്ലപക്ഷത്തില്‍ പ്രതിപദം മുതല്‍ കലകള്‍ വലുതായി വലുതായി പൗര്‍ണമി നാള്‍ പൂര്‍ണ്ണനാവുന്നു. കറുത്ത പക്ഷത്തില്‍ കലകള്‍ കുറഞ്ഞ് വന്ന് അമാവാസിക്ക് നിത്യമായ ഒരു കല മാത്രം ശേഷിക്കും വരെ ക്ഷയിക്കുന്നു.
 കറുത്തവാവിലെ ആ കല    ജീവജാലങ്ങളില്‍ അന്ന ജലങ്ങളുടെ രൂപത്തിലിരുന്ന് പിറ്റേന്ന് രണ്ടാം കലയോടെ ജനിക്കുന്നു. അമാവാസി നാളില്‍ ഷോഡശ കലാ പുരുഷനായ പ്രജാപതി ഒരോ ജീവിയിലും പ്രവേശിച്ചിരിക്കുന്നതിനാല്‍ ഒന്നിനേയും കൊല്ലരുത്. പാപ സ്വരൂപമായതിനാല്‍ അമംഗളമെന്ന് കരുതി ഓന്തിനെ കൊല്ലുന്നവരുണ്ട്. അമാവാസിക്ക് അതു പോലും പാടില്ല.

No comments: