Friday, August 10, 2018

ഉപനിഷത്തിലൂടെ -231
Saturday 11 August 2018 2:46 am IST
ബൃഹദാരണ്യകോപനിഷത്ത്- 29
അദ്ധ്യാത്മമായ ഉപാസനയില്‍ പ്രാണനെയാണ് പ്രധാനമായും ഉപാസിക്കേണ്ടതെന്ന് വിശദമാക്കിയ ശേഷം ഇനി ദേവതാ വിഷയമായ അധിദൈവത ഉപാസനയെക്കുറിച്ച് പറയുന്നു.
അഥാധിദൈവതം ജ്വലിഷ്യാമ്യേവാഹമിത്യഗ്‌നിര്‍ദധ്രേ, തപ്‌സാമ്യഹമിത്യാദിത്യഃ ഭാസ്യാമ്യ ഹമിതി ചന്ദ്രമാഃ
 അധിദൈവതമായ ഉപാസനയിങ്ങനെയാണ്. ഞാന്‍ ജ്വലിക്കുക തന്നെ ചെയ്യുമെന്ന് അഗ്‌നി തീരുമാനിച്ചു. ഞാന്‍ തപിക്കും എന്ന് ആദിത്യനും. പ്രകാശിക്കുമെന്ന് ചന്ദ്രനും നിശ്ചയിച്ചു. ഇങ്ങനെ വിദ്യുത്ത് മുതലായ ദേവതമാരും തമ്മില്‍ കലഹിച്ചു.
ഇന്ദ്രിയങ്ങളുടെ കൂട്ടത്തില്‍ മുഖ്യപ്രാണന്റെ സ്ഥാനം പോലെയാണ് ദേവതകളുടെ കൂട്ടത്തില്‍ വായുവിന്. എന്തെന്നാല്‍ മറ്റ് ദേവതകളെല്ലാം അസ്തമിക്കുന്നു. വായു അസ്തമിക്കുന്നില്ല. അസ്തമിക്കാത്ത ദേവത വായു മാത്രമാണ്.
മുഖ്യ പ്രാണന്‍ മൃത്യുവിനാല്‍ ആക്രമിക്കപ്പെടാതെയിരിക്കുന്നതു പോലെ വായുവിനേയും മൃത്യു ആക്രമിക്കുന്നില്ല. അതിനാലാണ് വായു മാത്രം അസ്തമിക്കാതെയിരിക്കുന്നത്. ഇക്കാരണത്താലാണ് അധിദൈവതമായ ഉപാസനയില്‍ വായുവിന് പ്രാധാന്യം നല്‍കുന്നത്.
അഥൈഷ ശ്ലോകോ ഭവതി യതശ്ചോദേതി സൂര്യഃ അസ്തം യത്ര ച ഗച്ഛതി ഇതി; പ്രാ
ണാദ്വാ ഏഷ ഉദേതി, പ്രാണേളസ്തമേതി...
ഇക്കാര്യത്തിനെപ്പറ്റി ഒരു മന്ത്രമുണ്ട് ഏതില്‍ നിന്നാണോ സൂര്യന്‍ ഉദിക്കുന്നത് ഏതിലാണോ സൂര്യന്‍ അസ്തമിക്കുന്നത് എന്ന് പറയുമ്പോള്‍ പ്രാണനില്‍ നിന്നാണ് സൂര്യന്റെ ഉദയവും പ്രാ
ണനിലാണ് അസ്തമയവും എന്ന് അറിയണം. ആ വ്രതത്തെ ദേവന്മാര്‍ അനുഷ്ഠിച്ചു. അത് തന്നെ ഇന്നും അനുഷ്ഠിക്കുന്നു. നാളെയും അതു തന്നെ അനുഷ്ഠിക്കും എന്ന്.
 ദേവന്മാര്‍ അക്കാലത്ത് ഏതാണോ അനുഷ്ഠിച്ചിരുന്നത് അത് തന്നെ ഇന്നും അനുഷ്ഠിക്കുന്നു. അതിനാല്‍ ഒരു വ്രതത്തെ അഷ്ഠിക്കണം അല്ലെങ്കില്‍ പാപരൂപിയായ മൃത്യു എന്നെ പ്രാപിക്കും. ഇങ്ങനെ കരുതി പ്രാണവൃത്തിയേയും അപാനവൃത്തിയേയും ചെയ്യണം. അനുഷ്ഠിക്കാന്‍ തുടങ്ങുമ്പോള്‍ സമാപിപ്പിക്കുവാനുംശ്രമിക്കണം. അതു കൊണ്ട് ഈ ദേവതയോട് ഏകാത്മഭാവമോ സമാനലോകമോ നേടാനാകും.അധിദൈവതമായും അദ്ധ്യാത്മമായും ഉള്ള ഉപാസനകളെ പറയുന്ന കഠോപനിഷത്തിലെ നാലാം വല്ലിയിലെ ഒന്‍പതാം മന്ത്രമാണ് ഇവിടെ പറഞ്ഞത്.
അധിദൈവമായി സൂര്യന്‍ വായുവില്‍ നിന്ന് ഉദിക്കുകയും വായുവില്‍ അസ്തമിക്കുകയും ചെയ്യുന്നു. അദ്ധ്യാത്മമായി കണ്ണിന്റെ രൂപത്തില്‍ പ്രാണനില്‍ നിന്ന് ഉദിക്കുകയും ഉറക്കത്തില്‍ പ്രാണനില്‍ ലയിക്കുകയും ചെയ്യുന്നു.ആ വായുവിന്റെയും പ്രാണന്റെയും വ്രതത്തെ അധിദൈവമായി അഗ്‌നി മുതലായവയേയും അദ്ധ്യാത്മമായി വാക്ക് മുതലായ ഇന്ദ്രിയങ്ങളുമായി ദേവന്‍മാര്‍ കരുതി. ആ വ്രതത്തെ അവര്‍ ഇന്നും അനുഷ്ഠിക്കുന്നു. ഇന്നും അത് ചെയ്യുന്നുണ്ട്. നാളെയും തുടരും. ഇത്തരത്തിലുള്ള വ്രതത്തെ മറ്റുള്ളവരും ചെയ്യണം. പ്രാണന്റെയും അപാനന്റെയും പ്രവര്‍ത്തനം തന്നെയാണിത്.
 ഇത് അനുഷ്ഠിച്ചില്ലെങ്കില്‍ മൃത്യു ശ്രമരൂപമായി വന്ന് എന്നെ പ്രാപിക്കുമെന്ന്  കരുതി പ്രാണവ്രതത്തെ ധരിക്കണം. എല്ലാ ജീവജാലങ്ങളിലും ഇന്ദ്രിയങ്ങളിലും അഗ്‌നി തുടങ്ങിയവയിലും ഞാന്‍ തന്നെയാണ് എന്ന് സദാ സ്മരണയുണ്ടാകണം.
സ്വാമി അഭയാനന്ദ
ചിന്മയ മിഷന്‍, തിരുവനന്തപുരം

No comments: