Wednesday, August 01, 2018

സുഖം അനുഭവിക്കുവാൻ വേണ്ടിയാണ് നാമെല്ലാം ജീവിക്കുന്നത്. അതിനു വേണ്ടിയുള്ള തത്രപ്പാടിലുമാണ് .
ജനനം മുതൽ ദു:ഖത്തെയാണ് അനുഭവിക്കുന്നത് അതുകൊണ്ടാണല്ലോ സുഖത്തിന വേണ്ടിയുള്ള ഈ നെട്ടോടം.

സുഖാന്വേഷണത്തിന്റെ പേരിൽ നടത്തപ്പെടുന്ന ചില പാപകർമ്മങ്ങളുടെ പരിണിത ഫലങ്ങളാണ് ദുഃഖത്തിന് നിദാനം.

ധനമാണ് സുഖത്തിന് ആധാരമെന്നു കരുതി പാപങ്കിലങ്ങളായ അധർമ്മ കർമ്മ മാർഗ്ഗങ്ങളിൽ കുടിയാണ് നേടുന്നുന്നതെങ്കിൽ  അതിന്റെ ഫലത്തെ ഉറ്റവർ കൂടി പങ്കിട്ടനുഭവിക്കേണ്ടി വരും.

എല്ലാവരും ജനിക്കുന്നത്  പരിശുദ്ധരായാണ്.
നാം ധർമ്മിഷ്ടരാവുന്നത് നമ്മുടെ നന്മകള്‍ കൊണ്ടാണ്.
നാം നരകാവകാശികളാകുന്നത് നമ്മുടെ തിന്മകള്‍ കൊണ്ടും.

ആര്‍ക്കും ആരുടെയും
തിന്മകളെ ഏറ്റെടുക്കാനാവില്ല.
നന്മ കല്‍പിക്കാനും തിന്മ വിലക്കാനും നാം ബാധ്യസ്ഥരാണെങ്കിലും അന്യരുടെ പ്രവര്‍ത്തന ഫലങ്ങളല്ല നമ്മുടെ പ്രവര്‍ത്തന ഫലങ്ങളാണ് നാം അനുഭവിക്കേണ്ടി വരിക.

സ്വന്തം പ്രവര്‍ത്തന ഫലങ്ങള്‍ മെച്ചപ്പെടുത്താനാണ് ഭൂമിയില്‍ നാം പണിയെടുക്കേണ്ടത്.
അതിനാൽ സുഖിക്കാൻ വേണ്ടിയുള്ള വസ്തുവകകളൊ ദ്രവ്യമോ എത്ര സമ്പാദിച്ചു എന്നുള്ളതല്ല പ്രശ്നം എങ്ങനെ നേടി എന്നതിനെ ആശ്രയിച്ചാണ് സുഖദുഃഖങ്ങൾ അനുഭവിക്കുന്നത്.

മറ്റുള്ളവരെ ഹിംസിച്ചോ വഞ്ചിച്ചോ നേടുന്നവ ദുരഭിമാനികൾക്ക് താത്കാലിക സുഖത്തിലുപരി ദുഃഖത്തിനേ കാരണമായിത്തീരൂ.

ഈ പരമാർത്ഥത്തെ ബോധിക്കാത്തതു കൊണ്ടാണ് ലോകത്തിൽ അനീതിയും അക്രമവും അധർമ്മവും കൊടികുത്തി വാഴുന്നത്.

ധാർമ്മിക ശക്തിയുടെ അധ:പതനമാണ്  സാർവ്വത്രികമായ പാപകർമ്മളുടെ കാരണം.
സമ്പത്തോ വസ്തുവകളോ ഒരാളെ എക്കാലവും സുഖം നൽകുന്നവയല്ല .

അതിനാൽ സത്യധർമ്മങ്ങളാണ് ഭാരതീയ ജീവിതത്തിന്റെ അടിത്തറ എന്ന് പൊതുജനങ്ങളും ഭരണകൂടവും എപ്പോൾ  തിരിച്ചറിയുന്നുവോ അത്രയും നാടിനും നാട്ടാർക്കും നന്ന്.

ആകയാൽ സുഖാന്വേഷണത്തിൽ പാപകർമ്മങ്ങൾ കടന്നു കൂടാതെ നല്ല പ്രവർത്തികളിലുള്ള ശ്രദ്ധയും ആചരണവുമാണ് പുണ്യമെന്നത്.
മുൻപിൻ ചിന്തിക്കാതെ പാപകർമ്മങ്ങൾ ചെയ്തു ശീലിച്ചവർ തുടർന്നും ഭയപ്പെടാതെ അതു തന്നെ ചെയ്യും.എന്നാൽ സജ്ജനങ്ങൾ പാപത്തെ. എപ്പോഴും ഭയപ്പെടുന്നു ഒരിക്കൽപ്പോലും അവരതു ചെയ്യില്ല.

No comments: