ശ്രീശങ്കരാചാര്യരുടെ ജന്മഭൂമിയായ കാലടിയോട് എന്നും ഒരു പ്രത്യേക സ്‌നേഹം കാഞ്ചി കാമകോടിപീഠാധിപതി ജയേന്ദ്ര സരസ്വതി സ്വാമിക്കുണ്ടായിരുന്നു. കാലടിയെ ലോകശ്രദ്ധയാകര്‍ഷിക്കുന്ന വിധത്തില്‍ മാറ്റിയെടുക്കുകയെന്ന സ്വപ്നം സ്വാമിക്ക് എന്നുമുണ്ടായിരുന്നു.
കാലടിയുടെ ഹൃദയത്തില്‍, എംസി റോഡിനോട് ചേര്‍ന്ന് തലയുയര്‍ത്തി നില്‍ക്കുന്ന ആദിശങ്കര കീര്‍ത്തിസ്തംഭം ഹിന്ദുസമൂഹത്തിന്റെ അഭിമാനസ്തംഭം കൂടിയാണ്. ശ്രീശങ്കര സന്ദേശവുമായി പദയാത്രനടത്തുന്ന വേളയില്‍ 1972ല്‍ കാഞ്ചി ആചാര്യന്‍ കാലടി സന്ദര്‍ശിച്ചു. ഈ സന്ദര്‍ശനത്തിലാണ് ശ്രീശങ്കരന് സ്മാരകം ഉണ്ടാവണമെന്ന ആഗ്രഹം കാഞ്ചി ആചാര്യനുണ്ടായത്. അതിന്റെ സാക്ഷാത്കാരമാണ് കീര്‍ത്തിസ്തംഭം.
കേരളീയ ശില്പശാസ്ത്രവിധിപ്രകാരം ഒന്‍പത് നിലകളിലായാണ് കീര്‍ത്തിസ്തംഭം. 152 അടി ഉയരവും 50 അടി വ്യാസവുമുള്ള ഇതിന്റെ അഗ്രത്തില്‍ സ്ഥാപിച്ചിട്ടുള്ള സ്വര്‍ണ്ണം പൂശിയ താഴികക്കുടത്തിന് എട്ടടി ഉയരമുണ്ട്. ഓരോ നിലയിലും 21 അറകളാണുള്ളത്.
1978ല്‍ ശ്രീശങ്കര ജയന്തി ദിനത്തില്‍ അന്നത്തെ രാഷ്ട്രപതി നീലം സഞ്ജീവ റെഡിയാണ് ജനങ്ങള്‍ക്കായി തുറന്നകൊടുത്തത്. എട്ടുനിലകളില്‍ ശങ്കരാചാര്യരുടെ ജനനം മുതല്‍ സര്‍വ്വജ്ഞപീഠം വരെയുള്ള ചരിത്രങ്ങള്‍ മുഴുവനും ചുമരില്‍ ആലേഖനം ചെയ്തിട്ടുണ്ട്.
ഇക്കാലയളവിലാണ് മാണിക്കമംഗലത്ത് കാര്‍ത്ത്യായനി ദേവീ ക്ഷേത്രത്തോട് ചേര്‍ന്ന് കാഞ്ചി കാമകോടി മഠം നഴ്‌സറി സ്‌കൂള്‍ ആരംഭിക്കുന്നത്. പിന്നീട് സ്തൂപത്തിന് അടുത്ത് 2003ല്‍ കാഞ്ചി കാമകോടി പബ്ലിക് സ്‌കൂള്‍ ആരംഭിച്ചു.
കാലടിയില്‍ ശ്രീശങ്കരാചാര്യരുടെ പേരില്‍ സംസ്‌കൃത സര്‍വകലാശാല ഉണ്ടാവണമെന്നതും സ്വാമികളുടെ ആഗ്രഹമായിരുന്നു. സര്‍വകലാശാല സ്ഥാപനത്തിന് ശേഷം ജയേന്ദ്രസരസ്വതി സ്വാമിയും വിജയേന്ദ്ര സരസ്വതി സ്വാമിയും സര്‍വകലാശാലയില്‍ സന്ദര്‍ശനം നടത്തുകയും അനുഗ്രഹിക്കുകയും ചെയ്തിരുന്നു.
No comments:
Post a Comment