Sunday, August 12, 2018

വേദസാരം/ ആചാര്യശ്രീ രാജേഷ്
Monday 13 August 2018 1:03 am IST
''ഇല്ല, എന്നെക്കൊണ്ട് ഒന്നിനും പറ്റില്ല. എനിക്ക് ജീവിതത്തില്‍ പരാജയം മാത്രമേയുള്ളു. ജീവിതംതന്നെ അവസാനിപ്പിച്ചാലോയെന്ന് ചിന്തിക്കുകയാണ്. എന്തിനിങ്ങനെ പരാജയം ഏറ്റുവാങ്ങാന്‍വേണ്ടി മാത്രം  ജീവിക്കണം?'' ഇങ്ങനെയുള്ള അനേകം ചോദ്യങ്ങള്‍ സ്വയം ചോദിച്ച് ഉത്തരം കണ്ടെത്താന്‍ കഴിയാതെ ജീവിതം തന്നെ അവസാനിപ്പിക്കുന്ന അനേകം പേരുണ്ട്. ഇങ്ങനെ ജീവിതം ഭയാശങ്കകളോടെ കാണുന്ന അനേകം പേരെ കഴിഞ്ഞ കാലത്ത് ഈ ലേഖകന് കാണാന്‍ കഴിഞ്ഞിട്ടുണ്ട്.
അങ്ങനെ  ജീവിതത്തെ പരാജയത്തിന്റെ പടുകുഴിയിലേക്ക് തള്ളിവിടാന്‍ ഒരുങ്ങുന്നവര്‍ക്ക് വേദമന്ത്രങ്ങളാണ് ഉപദേശിച്ച് കൊടുക്കാറ്. അര്‍ത്ഥമറിഞ്ഞ് പൊരുളറിഞ്ഞ് ആ മന്ത്രങ്ങള്‍ സ്വജീവിതത്തില്‍ പകര്‍ത്തിയ അനേകശതം ആളുകള്‍ ജീവിതത്തില്‍ വിജയത്തിന്റെ മാധുര്യം അനുഭവിച്ചു. ചിലരാകട്ടെ ദുരിതക്കയത്തില്‍ നിന്ന് കരകയറി, ഭദ്രമായ ജീവിതത്തെ വരിക്കുകയും ചെയ്തു.
പലപ്പോഴും ജീവിതവിജയത്തിന് നല്‍കുന്ന ഉപദേശങ്ങള്‍ സ്വയം ചിന്തക്ക് വഴിതെളിയിച്ചുവെന്ന് പറയുന്നതാവും ശരി. യജുര്‍വേദത്തിലെ വിഖ്യാതമായ ഒരു മന്ത്രമുണ്ട്. ആ മന്ത്രമാണ് നാം ആദ്യം പഠിക്കേണ്ടതെന്ന് തോന്നുന്നു. ആ മന്ത്രം ഇവിടെ പകര്‍ത്താം.
''ഓം വിശ്വാനി ദേവ സവിതര്‍ദുരിതാനി പരാ സുവ.
യദ്ഭദ്രം തന്ന ആ സുവ''
(യജുര്‍വേദം 30.3)
അര്‍ഥമെഴുതാം:  അല്ലയോ (സവിത: ദേവ =)
 പ്രപഞ്ചോല്പാദകനായ ദേവാ, (വിശ്വാനി =) 
സമ്പൂര്‍ണ (ദുരിതാനി =) ദുരിതങ്ങളെയും, ദുര്‍ഗുണങ്ങളെയും (പരാ സുവ =) ദൂരെ അകറ്റിയാലും (യത് =) യാതൊന്ന് (ഭദ്രമ് =) ഭദ്രമായതുണ്ടോ, മംഗളമായതുണ്ടോ (തത് =) അത് (എല്ലാം ഞങ്ങള്‍ക്ക്) (ആ സുവ =) പ്രാപ്തമാക്കിയാലും.
നമ്മുടെ ദുരിതങ്ങളെല്ലാം അകറ്റി ഭദ്രമായതിനെ നല്‍കാന്‍ പരമപിതാവായ പരമേശ്വരനോട് പ്രാര്‍ഥിക്കുകയാണ് ഭക്തന്‍. ഈ മന്ത്രത്തില്‍ രസകരമായ രണ്ടു കാര്യങ്ങള്‍ പറയാതെ പറയുന്നു. ഒന്ന് ഈശ്വരനില്‍ അചഞ്ചലമായ വിശ്വാസം ഉറപ്പിക്കലാണ്. രണ്ടാമത്തേതാകട്ടെ ദുരിതമകന്ന് ഭദ്രമായത് ലഭിക്കാന്‍ ദുര്‍ഗുണങ്ങളെ അകറ്റണമെന്നതാണ്. ആത്മവിശ്വാസം ഇല്ലാകുന്നതാണ് പ്രധാനമായ ദുര്‍ഗുണം.
ആത്മവിശ്വാസം തിരിച്ചുപിടിച്ചാല്‍ മാത്രമേ നമുക്ക് മറ്റ്  ദുര്‍ഗുണങ്ങള്‍ അകറ്റാന്‍ കഴിയുകയുള്ളു. ദുര്‍ബ്ബലത ദുര്‍ഗുണമാണ്. അസൂയ, അത്യാര്‍ത്തി എന്നിവയൊക്കെ ദുര്‍ഗുണങ്ങളാണ്. അവ നമ്മെ ക്ഷയിപ്പിക്കുന്നു. ഹൃദയത്തില്‍നിന്ന് ഈശ്വരനെ അകറ്റുന്നു. ഈശ്വരനില്‍ നിന്ന് അകലുമ്പോള്‍ താന്‍ ഒറ്റപ്പെട്ടെന്ന തോന്നാന്‍ തുടങ്ങും. ജീവിതവിജയത്തിന് ആദ്യം വേണ്ടത് ഈശ്വരനിലുള്ള അചഞ്ചലവിശ്വാസമാണ്. താന്‍ ഒറ്റയ്ക്കല്ലെന്നും തന്റെ കൂടെ ഈശ്വരന്‍ ഉണ്ടെന്നുമുള്ള വിശ്വാസം.
ജീവിതത്തില്‍ രക്ഷപ്പെടാന്‍ ഒരു പിടിവള്ളി ഉണ്ടെന്ന് തോന്നുമ്പോള്‍ തന്നെ പാതി പ്രതിസന്ധികള്‍ തീരും. ഹൃദയത്തില്‍ ഈശ്വരീയ ഗുണങ്ങളായ ആത്മവിശ്വാസവും ശക്തിയും ഓജസ്സും നിറയുമ്പോള്‍ ദുരിതങ്ങള്‍ അകലും. ഭദ്രമായത് വന്നുചേരും.
അടുത്തതായി ജീവിതത്തില്‍ വിജയം വരിക്കാന്‍ ഇനിയും അനേകം നല്ല ഉപദേശങ്ങള്‍ തങ്ങള്‍ക്ക് ലഭിക്കണമെന്ന പ്രതീക്ഷവെച്ചുപുലര്‍ത്താന്‍ കഴിയണം. ആ ഉപദേശങ്ങള്‍ നമുക്ക് അത്താണിയായ ഈശ്വരന്‍ വേദവാണിയിലൂടെ ഉപദേശിച്ചിട്ടുണ്ടെന്ന തിരിച്ചറിവാണ് നമുക്ക് വേണ്ടത്. ആ വേദവാണി പഠിക്കാന്‍ തുടങ്ങണം. അപ്പോള്‍ അമൂല്യമായ അനേകം ഉപദേശരത്‌നങ്ങളെ നമുക്ക് കാണാനാകും. അവ നമുക്ക് പുതിയൊരു പ്രതീക്ഷ നല്‍കും. മുങ്ങിച്ചാകാന്‍ പോകുമ്പോള്‍ പിടിവള്ളി കിട്ടുന്നതുപോലെ ആയിരിക്കും ജീവിതപരാജയങ്ങള്‍ ഏറ്റുവാങ്ങുന്നവര്‍ക്ക് മുന്‍പില്‍ തുറക്കുന്ന പ്രത്യാശയുടെ ഈ മഹത്തായ ഗോപുരങ്ങള്‍.
അത്തരത്തില്‍ ഈശ്വരനിലും വേദവാണിയിലും ഉറച്ച വിശ്വാസമര്‍പ്പിക്കുന്ന മനുഷ്യന് ഋഗ്വേദം നല്‍കുന്ന മഹത്തായ മറ്റൊരു ഉപദേശമുണ്ട്. ആ ഉപദേശം കൂടി നാം സ്വീകരിച്ചാല്‍ പ്രത്യാശയുടെ നൂറ് സൂര്യന്മാര്‍ ഒന്നിച്ച് ഉദിച്ചുയര്‍ന്ന പ്രതീതി നമ്മുടെ ഉള്ളിലുണ്ടാകും.
ആ ഉപദേശം കാണുക:
''സ്വഃ സ്വായ ധായസേ കൃണുതാമ്''
(ഋഗ്വേദം 2.5.7)
അതായത് സ്വന്തം കാലില്‍ ഉറച്ച് നിന്ന് നേട്ടത്തിനായി പ്രവര്‍ത്തിക്കുക എന്ന് സാമാന്യ അര്‍ഥം. ഈശ്വരനിലുള്ള  വിശ്വാസം പോലെ തന്നിലും അസാധാരണമായ വിശ്വാസം വേണം. ദുര്‍ഗുണങ്ങള്‍ ഹൃദയത്തില്‍നിന്ന് അകലുമ്പോള്‍ പ്രകാശിക്കുന്ന സ്വാശ്രയബോധം ആത്മവിശ്വാസമായി പരിണമിക്കുന്നു. സ്വന്തം കാലില്‍ നില്‍ക്കാനുള്ള കഴിവിലേക്ക് നമ്മെ എത്തിക്കുന്നത് ഈശ്വരവിശ്വാസവും  വേദവാണിയും, ദുര്‍ഗുണങ്ങള്‍ അകറ്റലുമാണ്. അവ ക്രമത്തില്‍ സ്വീകരിച്ചാല്‍ ആത്മവിശ്വാസം വര്‍ധിക്കും.
നോക്കൂ, നാം ഓരോരുത്തരും നമ്മില്‍ നിര്‍ലീനമായിരിക്കുന്ന കഴിവുകളെ കണ്ടെത്തണം. അവ തിരിച്ചറിഞ്ഞ് ജീവിതത്തില്‍ നേട്ടങ്ങള്‍ കൈവരിക്കണം. ഓരോരുത്തര്‍ക്കും ഈശ്വരന്‍ വ്യത്യസ്തമായ കഴിവുകളാണ് നല്‍കിയിരിക്കുന്നത്. എല്ലാവരും സമന്മാരുമല്ല. നാം  ഒരിക്കലും മറ്റൊരാളാകാന്‍ ശ്രമിക്കരുത്. അവരുടെ വഴിയില്‍ നടന്നതുകൊണ്ടു മാത്രം നമുക്ക് അവരാകാന്‍ കഴിയില്ലെന്ന് തിരിച്ചറിയണം, മറ്റൊരാളെപ്പോലെയാകാന്‍ ശ്രമിച്ച് പരാജയപ്പെടുന്നവരാണ് ജീവിതത്തില്‍ പരാജയപ്പെടുന്നവരില്‍ നല്ലൊരു ശതമാനം. നമുക്ക് മുന്നേറണമെങ്കില്‍ സ്വശക്തിയെ തിരിച്ചറിയുക.
ജീവിതത്തില്‍ ഒരു കഴിവുമില്ലാത്തവരായി ആരുമില്ലെന്ന് നാം ഓര്‍ക്കുക. ഈശ്വരന് മുന്‍പില്‍ നാമെല്ലാം സമന്മാരാണ്. ചിലര്‍ പാ
ട്ടുകാര്‍ ചിലര്‍ ചിത്രകാരന്മാര്‍, ചിലര്‍ ഗ്രന്ഥകാരന്മാര്‍, ചിലര്‍ കവികള്‍ അങ്ങനെ വിചിത്രവും ഭിന്നവുമായ കഴിവുകളാല്‍ ഓരോരുത്തരിലും ഈശ്വരീയത കുടികൊള്ളുന്നുണ്ട്. ആ സമൃദ്ധമായ ജീവിതവഴി കണ്ടെത്താന്‍ ആഗ്രഹിക്കുന്നവര്‍ വേദവഴിയിലൂടെ നടക്കൂവെന്നേ ഉപദേശിക്കാനാകൂ.
ജിവിതത്തെ വിജയകരമാക്കാന്‍ ചില സൂത്രവാക്യങ്ങള്‍
1. താന്‍ ഒറ്റയ്ക്കല്ലെന്നും ഒരു അത്താണിയായി ഈശ്വരന്‍ ഉണ്ടെന്നും വിശ്വസിക്കുക.
2. ജീവിതത്തെ സുന്ദരമാക്കാനുള്ള അനേകം ഉപായങ്ങള്‍ അടങ്ങിയ ഉപദേശം ഭഗവാന്‍ നല്‍കിയിട്ടുണ്ടെന്ന് തിരിച്ചറിയുക. ആ വേദവാണി പഠിക്കാന്‍ തുടങ്ങുക.
3. തന്റെ ഉള്ളിലെ എല്ലാ ദുര്‍ഗുണങ്ങളെയും തിരിച്ചറിഞ്ഞ് അവയെ അകറ്റുക.
4. സ്വന്തം കാലില്‍ നില്‍ക്കാനുള്ള ശക്തി തനിക്ക് ഈശ്വരന്‍ തന്നിട്ടുണ്ടെന്ന് മനസ്സിലാക്കി പ്രവര്‍ത്തിക്കുക.

No comments: