Tuesday, August 14, 2018

ഗീതാദര്‍ശനം/ കാനപ്രം കേശവന്‍ നമ്പൂതിരി
Wednesday 15 August 2018 1:06 am IST
(അധ്യായം 18-ശ്ലോകം 49)
ലൗകികവും വൈദികവും വര്‍ണാശ്രമപരവുമായ സര്‍വ കര്‍മങ്ങളും ഭഗവാന് ആരാധനയായി ചെയ്ത് ഭഗവദ്  പ്രസാദം സിദ്ധിച്ചാല്‍, ഒരു കര്‍മവും ചെയ്യേണ്ടതില്ല. ഈ അവസ്ഥയെയാണ് ഈ ശ്ലോകത്തില്‍- സംന്യാസേന എന്ന പദംകൊണ്ട് സൂചിപ്പിക്കുന്നത്.  എല്ലാം ഭഗവാനുവേണ്ടി, ഭഗവാന്റെ ആജ്ഞയനുസരിച്ച് ചെയ്യുക എന്നതാണ് സംന്യാസം. സമ്യക്കാകും വിധം-വേണ്ടവിധത്തിലുള്ള ന്യാസം- സമര്‍പണം-  ചെയ്യുന്നവര്‍ സംന്യാസി. വൈദികമായ ആശ്രമധര്‍മം അനുഷ്ഠിച്ചതുകൊണ്ടോ, കാവി ഉടുത്തതുകൊണ്ടോ, യോഗദണ്ഡം ധരിച്ചതുകൊണ്ടോ മാത്രം ഈ സംന്യാസാവസ്ഥയില്‍ എത്തിച്ചേരുകയില്ല.
എല്ലാ ജീവഗണങ്ങളും ഭഗവാന്റെ അംശങ്ങളാണ്. ''മമൈവാംശോ ജീവലോകേ ജീവഭൂതഃ സനാതന''- എന്ന് ഭഗവാന്‍ പതിനഞ്ചാം അധ്യായത്തില്‍ ഏഴാം ശ്ലോകത്തില്‍ പറഞ്ഞത് ഓര്‍ക്കണം. അതിനാല്‍ നമ്മുടെ എല്ലാവിധ കര്‍മങ്ങളുടെയും ഫലം ആസ്വദിക്കാനുള്ള യോഗ്യത ഭഗവാന് മാത്രമാണ് ഉള്ളത്. ഇതാണ് ഭഗവത് തത്ത്വ വിജ്ഞാനത്തിന്റെ പ്രധാന ഘടകം.
നമ്മുടെ ശരീരവും അവയവങ്ങളും തമ്മിലുള്ളതുപോലെയാണ് നമ്മളും ഭഗവാനും തമ്മിലുള്ള ബന്ധം.
ഉദാഹരണം പറയാം (അ.18. ശ്ലോക.49)
വിശപ്പു കൂടുതലായാല്‍ ഇന്ദ്രിയങ്ങള്‍ തളരുന്നു; പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ല. അപ്പോള്‍ ഭക്ഷണം തയാറായി എന്നുപറയുന്നത് ചെവി കേള്‍ക്കുന്നു. അടുക്കളയില്‍ ചെല്ലുമ്പോള്‍ ഭക്ഷണം കാണുന്നത് കണ്ണാണ്. കാലുകള്‍  നമ്മെ ഭക്ഷണത്തിന്റെ സമീപത്തേക്ക് എത്തിക്കുന്നു. കൈകൊണ്ട് ഭക്ഷണം എടുക്കുന്നു, വായയില്‍ ഇടുന്നു. പല്ലുകള്‍ ചവച്ച് ഇറക്കുന്നു. ഭക്ഷണം വയറ്റില്‍ എത്തുമ്പോള്‍ മാത്രമേ നമ്മുടെ ഇന്ദ്രിയങ്ങള്‍ സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങുകയുള്ളൂ. വയറാണ് എല്ലാത്തിന്റെയും ഭോക്താവ്. ഭക്ഷണം കയ്യിലും കാലിലും അരച്ചു തേച്ചതുകൊണ്ട് കൈകാലുകളുടെ ക്ഷീണം മാറുകയില്ലല്ലോ. അതുപോലെ എല്ലാ കര്‍മങ്ങളും ഇന്ദ്രിയങ്ങളുടെ പ്രവൃത്തികളും ഭഗവാന് ആരാധനയായി ചെയ്യുമ്പോള്‍, ഭഗവാന്റെ അംശങ്ങളായ നമ്മളും സംതൃപ്തരാകും. നമ്മള്‍ ഒരു കര്‍മവും ചെയ്യേണ്ടതില്ല. അതാണ് ഈ ശ്ലോകത്തില്‍ ''നൈഷ്‌കര്‍മ്യസിദ്ധിം പരമാം അധിഗച്ഛതി'' എന്ന് പറയുന്നത്. ഈ നൈഷ്‌കര്‍മ്യസിദ്ധി, പരമലക്ഷ്യമാണ്, അതീവശ്രേഷ്ഠമാണ് എന്ന് വിവരിക്കുന്നത് ശ്രീനിംബാര്‍ക്കമതാനുയായി ആയ ആചാര്യനാണ്.
ശ്രീകൃഷ്ണ ഭഗവാന്റെ സ്വരൂപ സദ്ഗുണ സ്വഭാവങ്ങളോടുള്ള തീവ്രമായ ഭക്തി, ഗംഗാപ്രവാഹം പോലെ തടസ്സങ്ങളെ നീക്കി ഇടതടവില്ലാതെ നമ്മുടെ ഹൃദയത്തില്‍ നിന്ന് ഒഴുകുന്നു.

No comments: