Monday, October 15, 2018

ജീവൻ ഈ ശരീരത്തെ ഉപേക്ഷിക്കുന്നതും മറ്റൊരു ശരീരത്തെ സ്വീകരിക്കുന്നതും ഓരേ കാലത്തിൽ തന്നെയാണെന്ന്  കാണിച്ചു കൊണ്ട് വസുദേവർ കംസനോട് പറയുന്നു:-

*വ്രജംസ്തിഷ്ഠൻ പദൈകേന*
*യഥൈവൈകേന ഗച്ഛതി*
*യഥാ തൃണജളൂകൈവ*
*ദേഹീ കർമ്മഗതിം ഗതഃ* (10.01.40)

രണ്ടു ഉദാഹരണങ്ങളിലൂടെ ഇതിനെ വ്യക്തമാക്കാം. *യഥാ തൃണജളൂകൈവ* ഒരു പുല്ലട്ട (പുല്ലിൽ സഞ്ചരിക്കുന്ന ഒരുതരം പുഴു) ആദ്യം ഇരിക്കുന്ന പുല്ലിൽ പകുതി ശരീരത്തെ ഉറപ്പിച്ചു വെയ്ക്കുന്നു. അതിനു ശേഷം മറ്റുള്ള പകുതി ശരീരം കൊണ്ട് അടുത്ത പുല്ലിൽ പിടിയുറപ്പിക്കുന്നു. അതിൽ പിടിത്തം കിട്ടിയാൽ മുമ്പത്തെ പുല്ലിലെ പിടിത്തം വിടുന്നു.  ഇപ്രകാരം പുല്ലട്ട ഒരുപുല്ലിൽ നിന്ന് മറ്റൊരു പുല്ലിലേയ്ക്ക് സഞ്ചരിക്കുന്ന പോലെ, അല്ലെങ്കിൽ ഒരു മനുഷ്യന്റെ സഞ്ചാരത്തെയും ഇവിടെ ഉദാഹരണമായി എടുക്കാം. ഒരു കാൽ നിലത്ത് ഉറപ്പിച്ച ശേഷം മറ്റേകാലെടുത്ത് മുന്നിലേക്ക് വെയ്ക്കുന്നു. അത് നിലത്ത് ഉറപ്പിച്ചാൽ മറ്റേകാൽ എടുത്ത് മുന്നിലേക്ക് വെയ്ക്കുന്നു. ഇപ്രകാരം ഒരു പുല്ലട്ട അല്ലെങ്കിൽ മനുഷ്യൻ  എപ്രകാരമാണോ സഞ്ചരിക്കുന്നത് അതുപോലെ ജീവൻ മുക്തി അഥവാ മോക്ഷം നേടുന്നതുവരെ ഓരോ ദേഹങ്ങൾ എടുക്കുകയും വിടുകയും ചെയ്യുന്നു. വർത്തമാന ശരീരത്തെ വിടുന്ന സമയത്തു തന്നെ ഭാവി ശരീരപ്രാപ്തിയുണ്ടാകുന്നു

No comments: