Friday, October 19, 2018

ധര്‍മ്മത്തില്‍ അധിഷ്ഠിതമായ ഒരു നീതിശാസ്ത്രവും, ധര്‍മ്മത്തെ പരിഗണിക്കാത്ത നിയമസംവിധാനവും തമ്മില്‍ പ്രായോഗികതലത്തിലുള്ള വ്യത്യാസം ശ്രദ്ധിക്കേണ്ടതുണ്ട്. ഒന്ന് പണവും രാഷ്ട്രീയസ്വാധീനവും ഉണ്ടെങ്കില്‍ നിയമത്തെ പേടിക്കാതെ എന്തുവേണോ ചെയ്യുകയും ചെയ്യിക്കുകയും ആകാം എന്ന സ്ഥിതി. സ്വന്തം കര്‍മ്മത്തെ അല്ല നിയമത്തെയാണ് അവിടെ നോക്കുന്നത്! എന്നാല്‍ ധര്‍മ്മത്തിലധിഷ്ഠിതമായ നീതിശാസ്ത്രത്തില്‍ അങ്ങനെ അല്ല. ആദ്യം ഭയക്കുന്നതും നോക്കുന്നതും സ്വന്തം കര്‍മ്മഫലത്തെ തന്നെയാണ്. ശിക്ഷാവിധിയുടെ കാര്യം രണ്ടാമതാണ്.
ഇപ്പോഴുള്ള നിയമവ്യവസ്ഥയെ നോക്കൂ. അഴിമതികളോ അക്രമങ്ങളോ കൊലപാതകങ്ങളോ സ്ത്രീപീഡനമോ കുറ്റം എന്തായാലും അത്
ശിക്ഷകിട്ടില്ല എന്ന് ഉറപ്പുണ്ടായിരിക്കുകയും കുറ്റംചെയ്യാന്‍ പ്രേരണയുണ്ടായിരിക്കുകയും ചെയ്താലോ? അതായത് പണവും രാഷ്ട്രീയസ്വാധീനവും ഉണ്ടെങ്കില്‍ നിയമത്തെ ഭയക്കേണ്ടതില്ല! അങ്ങനെ വരുമ്പോള്‍ ഒരാള്‍ക്ക് ഉള്ളിലെ ദുര്‍വാസനകളെ പരിപോഷിപ്പിച്ച് ക്രൂരതകള്‍ ചെയ്ത് സ്വയം നശിക്കുന്നതിന് മറ്റൊന്നിനെയും ഭയക്കേണ്ടിവരുന്നില്ല. അര്‍ത്ഥകാമങ്ങള്‍ക്കുവേണ്ടി മാത്രം ജീവിച്ചുകൊണ്ടിരുന്ന കാട്ടാളന് ധര്‍മ്മോപദേശം കിട്ടുമ്പോഴാണ് സ്വഭാവത്തിലും പ്രവൃത്തിയിലും പരിവര്‍ത്തനം ഉണ്ടാകുന്നത്. ഒടുവില്‍ ഋഷി ആകുന്നു.
ഭാരതീയധര്‍മ്മശാസ്ത്രം അനുസരിച്ച് ഒരാള്‍ ചെയ്യുന്ന നല്ല പ്രവൃത്തികള്‍ നല്ല ഫലത്തെയും അന്യന് ഉപദ്രവമുണ്ടാക്കുന്ന പ്രവൃത്തികള്‍ ചീത്ത ഫലത്തെയും സൃഷ്ടിക്കുന്നു എന്നാണ്.
നമുക്ക് ഉണ്ടാകുന്ന രോഗങ്ങളും ദുരിതങ്ങളും സ്വന്തം കര്‍മ്മഫലമാണ്! അതുകൊണ്ടാണ് ആയുര്‍വേദവും ജ്യോതിഷവും ധര്‍മ്മശാസ്ത്രവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നത്. കാരണമില്ലാതെ ഒന്നുംതന്നെ ഭൗതികലോകത്ത് സംഭവിക്കുന്നില്ല. എന്നതുപോലെ തന്നെ ജീവിതാനുഭവങ്ങള്‍ക്കും അതാതിന്‍റെ കാരണം ഉണ്ട്. ഭൗതികമായും ആന്തരികമായും രണ്ടിടത്ത് രണ്ട് നിയമം വരില്ലല്ലോ! അതിന്‍റെ അടിസ്ഥാനത്തിലാണ് ഭാരതത്തിലെ ധര്‍മ്മശാസ്ത്രവും നീതിന്യായവും രൂപംകൊണ്ടിരിക്കുന്നത്. അതിനാല്‍ അത് സമഗ്രവും ശാസ്ത്രീയവുമാണ്.
ഇനി സമകാലികമായ ഒരു കോടതിവിധി പരിശോധിച്ചു നോക്കൂ, വിധിയിലെങ്കിലും ധര്‍മ്മം സംരക്ഷിക്കപ്പെടുന്നുണ്ടോ എന്ന് നോക്കൂ. വിവാഹേതരബന്ധം കുറ്റകരം അല്ല!!! വ്യക്തിയെയും കുടുംബത്തെയും സമൂഹത്തെയും ശാന്തിയിലേയ്ക്ക് നയിക്കുന്ന പ്രവൃത്തികളെയാണ് ധാര്‍മ്മികം എന്നു പറയുക. ഇത്തരം അവിഹിതബന്ധങ്ങളുടെ കാമാന്ധത കൊണ്ടാണ് അമ്മയും അച്ഛനും സ്വന്തം കുഞ്ഞുങ്ങളെയും പങ്കാളിയെപോലും കൊല്ലുന്ന മതിഭ്രമത്തിലേയ്ക്ക് പോകുന്നത്. എന്നിട്ട് ആ കൊലപാതകങ്ങളും കോടതിയിലെത്തി ശിക്ഷതേടുന്നു! വിരോധാഭാസം നോക്കൂ. കാമക്രോധങ്ങളെ സ്വതന്ത്രമായി അഴിച്ചുവിടുക എന്നത് ഭാരതീയാദര്‍ശം അല്ല. കുറ്റകൃത്യങ്ങളെ സൃഷ്ടിക്കുന്ന വിധി അല്ല, കുറ്റകൃത്യങ്ങള്‍ ഓഴിവാകാനുള്ള വിധികളാണ് ധര്‍മ്മശാസ്ത്രം മുന്നോട്ടു വയ്ക്കുന്നത്.
ഭാരതീയദര്‍ശനം ഭാരതീയധര്‍മ്മം എന്നൊക്കെ കാണുമ്പോള്‍ അതെന്താണെന്ന് പഠിച്ചറിയാതെ യുക്തിവാദവും ജാതിചിന്തയും ഉരുവിട്ടു നടക്കുന്നത് എത്രമാത്രം അന്ധതയുള്ളതുകൊണ്ടാണ്!!! അതിന്‍റെ നന്മ പഠിച്ചറിഞ്ഞ് ആചരിക്കുകയും സ്വന്തം കുട്ടികള്‍ക്കും സമൂഹത്തിനും പറഞ്ഞുകൊടുക്കുകയും ചെയ്തിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ.
ഭാരതീയദര്‍ശനം ശരിയായി ദര്‍ശിച്ചാല്‍ നാം ഒരു പ്രസ്ഥാനത്തിന്‍റെയും ഒരു സംഘടനയുടെയും പേരില്‍ അതിനെ തള്ളിപ്പറയില്ല. കേട്ടുകേള്‍വിയും യുക്തിയും കൊണ്ട് ആ ദര്‍ശനം ലഭിക്കുന്നില്ല. ആചരണംകൂടി ഉണ്ടെങ്കിലേ അത് ദര്‍ശിച്ച് അറിയാനാകൂ. പിന്നെ നാം അതിനെയാകില്ല അതിനെ തള്ളിപ്പറയുന്ന പ്രസ്ഥാനങ്ങളെയാകും തള്ളിപ്പറയുക. ഭാരതീയമായതുകൊണ്ടല്ല സ്വാനുഭവം കൊണ്ടറിഞ്ഞതുകൊണ്ടാണ് അങ്ങനെ.
ഓം..krishnakumar kp

No comments: