Saturday, January 05, 2019

7-ആം സോപാനം ----ആതമതീര്‍ത്ഥം
ബഹിരടേദ്യഥാ നൈവ മാനസം
സംയമീശ്വര സംയമം കുരു.
ഈ അദ്ധ്യായത്തില്‍ രാജാവായ രാജശേഖരനുമായുള്ള സംവാദം, പൂര്‍ണ്ണാ നദിയെ സ്വഗൃഹത്തിന്നടുത്തുകൂടി അമ്മയ്ക്കുവേണ്ടി ഒഴുക്കുകയും, സ്തുതിക്കുകയുമാണ് പ്രതിപാദനം.
എട്ടാം വയസ്സില്‍, മൂന്നു വര്‍ഷക്കാലത്തെ ഗുരുകുലപഠനം മുഴുവനാക്കി, സമാവര്‍ത്തനവും കഴിച്ച് ശങ്കരന്‍ ഇല്ലത്തെയ്ക്ക് മടങ്ങി.
ഒരുനാള്‍, രാജാവായ രാജശേഖരന്‍ തന്‍റെ 3 നാടകകൃതികള്‍ കേള്‍പ്പിയ്ക്കാനും ശാസ്ത്ര ധര്‍മ്മ ചര്‍ച്ചകള്‍ നടത്താനുമായി ബാലയോഗിയായ ശങ്കരന്‍റെ അടുത്തെത്തി. ധാരാളം ഭൂസ്വത്തും മറ്റു സമ്പത്തുക്കളും രാജാവ് ശങ്കരന് സമര്‍പ്പിച്ചുവെങ്കിലും ബ്രാഹ്മണനായ തനിക്കു ഇതൊന്നും സ്വീകരിക്കാന്‍ പാടില്ലെന്ന് ശങ്കരന്‍ ആദരപൂര്‍വ്വം അറിയിച്ചു. ആ ദാനം നിഷേധിച്ചു. രാജാവിനോട്, സമ്പത്ത് കൊണ്ട് ആധിവ്യാധി, ഉദ്വേഗം, മദം, കലി എന്നിവ ഉണ്ടാകുമെന്നും ദാനം ചെയ്യാനായി സമ്പത്ത് ചേര്‍ത്തുവെയ്ക്കുന്നവന്‍ മഹാ വിഡ്ഢിയാണെന്നും, ധനം ചേര്‍ത്തുവെയ്ക്കരുത് ദാനം ചെയ്തു ഭാരം കുറയ്ക്കണമെന്നും പറഞ്ഞു.
രാജാവ് വിസ്മയപ്പെട്ടുപോയി. .ആ ബാലന്‍റെ വാക്കുകള്‍ ബഹുമാനിച്ചു നമസ്ക്കരിക്കുകയും, സന്തോഷപൂര്‍വ്വം മടങ്ങുകയും ചെയ്തു.
ഭര്‍ത്താവിന്റെ ദേഹവിയോഗത്തിനുശേഷം ആര്യാംബ താപസജീവിതം അനുഷ്ഠിച്ചു പോന്നു. പ്രഭാതത്തില്‍ ഏറെ ദൂരം നടന്നു നദിയില്‍ കുളിച്ചു വിഷ്ണുമന്ദിരം സന്ദര്‍ശിക്കുക പതിവായിരുന്നു. ശങ്കരനെ മകനായിത്തന്നു അനുഗ്രഹിച്ച പരമേശ്വരനെ വന്ദിയ്ക്കണമെന്നു ആര്യാംബ ആഗ്രഹിച്ചു. ഒരുനാള്‍ സ്നാനം ചെയ്തുപോരുമ്പോള്‍ കുറച്ചകലെയായി ഒരു വെള്ളമാന്‍ തുള്ളിക്കളിയ്ക്കുന്നത് കണ്ടു. അടുത്തേയ്ക്ക് ചെന്നപ്പോള്‍ മാന്‍ അപ്രത്യക്ഷനായി. അത്ഭുതമെന്നു പറയട്ടെ, മാന്‍ തുള്ളിക്കളിച്ചിരുന്ന സ്ഥാനത്ത് ഒരു ശിവലിംഗം പ്രത്യക്ഷപ്പെട്ടതായി കണ്ടു. തന്‍റെ ആഗ്രഹം അറിഞ്ഞ് പരമശിവന്‍ പ്രത്യക്ഷപ്പെട്ടതാണെന്ന് ആ അമ്മ മനസ്സിലാക്കി. ആ പുണ്യ സ്ഥാനത്തു അവര്‍ നമസ്ക്കരിച്ചു. പരമേശ്വരനെ സ്തുതിച്ചു. നിത്യേന ഈ പുണ്യ സ്ഥാനത്തു ആര്യാംബ ദര്‍ശനം നടത്തിപ്പോന്നു.
'തിരുവെള്ളൈ മാന്‍ തുള്ളി' എന്ന പേരില്‍ പില്‍ക്കാലത്ത് കാലടിയ്ക്കടുത്തുള്ള ഈ പുണ്യപ്രദേശം അറിയപ്പെട്ടു.
ഒരു ദ്വാദശി നാളില്‍, സ്നാനത്തിനും, ക്ഷേത്ര ദര്‍ശനത്തിനുമായിപ്പോയ അമ്മ നേരത്തിനു തിരിച്ചു വരാതിരിക്കുന്നതു കണ്ടു ശങ്കരന്‍ തിരഞ്ഞു പോയി. വഴിയില്‍ അവശയായി മയങ്ങിക്കിടക്കുന്ന അമ്മയെ ശങ്കരന്‍ കാണുകയും ഇല്ലത്തേക്ക് കൂട്ടിക്കൊണ്ടു വരികയും ചെയ്തു.
'ഇനി മുതല്‍ അമ്മ ഇങ്ങിനെ കഷ്ടപ്പെടരുത്. ഞാന്‍ നദിയെ അമ്മയുടെ അടുത്തേയ്ക്ക് കൂട്ടിക്കൊണ്ടു വരും' എന്ന് ശങ്കരന്‍ അമ്മയോട് പറഞ്ഞു. ഉണ്ണി പറഞ്ഞതിന്റെ പൊരുള്‍ അന്നുരാത്രി തന്നെ അമ്മയ്ക്ക് മനസ്സിലായി.
തുലാമഴ, ഗംഭീര ഇടിയും മിന്നലുമൊക്കെയായി തകര്‍ക്കവേ, മലയിടിച്ചിലും, ഇരുള്‍ പൊട്ടലും ഭീതിദമായ ആ രാത്രിയില്‍ സംഭവിച്ചു. ഊക്കന്‍ പാറക്കഷ്ണങ്ങള്‍ നദിയില്‍ വീണു ഒഴുക്ക് തടസ്തപ്പെടുത്തി. രൌദ്രയായി കുത്തിയൊലിച്ച് ഒഴുകുന്ന പൂര്‍ണ്ണ, ഗ്രാമീണരെ ഭയപ്പെടുത്തി. ഭയാനകമായ ആ രാത്രിയില്‍ പുഴ ഗതിമാറി ഇല്ല്ത്തിന്റെ സമീപത്തുകൂടി ഒഴുകുന്നത്‌ ആര്യാംബ അറിഞ്ഞു. അത്യാശ്ചര്യത്തോടെ ശാന്തനായി ഉറങ്ങുന്ന മകനെ വാത്സല്യത്തോടെ, ഭക്ത്യാദരവുകളോടെ നോക്കി നിന്ന ആ അമ്മ ചോദിച്ചു--സങ്കല്‍പം കൊണ്ട് പൂര്‍ണ്ണയുടെ ഗതിമാറ്റി ഒഴുക്കിയ നീ യഥാര്‍ത്ഥത്തില്‍ ആരാണ്? ശിവനോ, അതോ വിഷ്ണുവോ?
സൂക്ഷ്മബുദ്ധിയായ ആര്യാംബ ഈ വിവരങ്ങള്‍ ആരോടും സൂചിപ്പിച്ചില്ല.
രാത്രിയുടെ നിശ്ശ്ബ്ദതയില്‍, ഭയാനകതയില്‍ പൂര്‍ണ്ണ ഇല്ലത്തിന്നടുത്തുകൂടി പരന്നൊഴുകി. എന്നാല്‍ ഒരു മനുഷ്യ ജീവനുപോലും അപായം ഉണ്ടായില്ല.
പിറ്റേന്ന് രാവിലെ ശങ്കരന്‍, പ്രിയമിത്രമായ വിഷ്ണു ശര്മ്മാവുമൊത്തു പൂര്‍ണ്ണയില്‍ സ്നാനത്തിനായ പോയി.. നദീതീരത്തു നിന്ന് കൊണ്ട് ശങ്കരന്‍ കൈകൂപ്പി പ്രാര്‍ത്ഥിച്ചു.
അംബേ സമ്പൂര്‍ണ്ണേ കരുണാംബു വാഹേ
ഗളന്തി ഭൂമാവനുകമ്പയാ ത്വം
തദ്വീയ നീരേ ഭവ സിന്ധു തീരേ
നിമജ്ജ്യ പൂതോ ജനനീ ഭവേയം....
...........................................................
..........................................................
കളം സ്വനന്തീ തവനീരജാലം
ഗളന്തി വിഷ്ണോ : പരിത : സതീവ
പുനീഹി മാത : ശ്രുതിബോധജേ ത്വം
തത്വം പദാര്‍ത്ഥം ദിശ സിന്ധു കന്യേ.
ആത്മമിത്രത്തിന്റെ മനോഹരമായ സ്തുതിയില്‍ മുങ്ങിയ വിഷ്ണു, പൂര്‍ണ്ണ പ്രതീചി ദിക്കിലേക്ക് തിരിഞ്ഞത് അത്യദ്ഭുതമായിയെന്നു പറഞ്ഞതിനു ശങ്കരന്‍ ഇങ്ങിനെ മറുപടി പറയാന്‍ തുടങ്ങി.----ഈ നദി എങ്ങിനെ പ്രതീചി ദിശയിലേക്കു തിരിഞ്ഞുവോ, അതേപോലെ നമ്മുടെ ചിത്തവും പ്രത്യഗാത്മാവിനെ അറിയാനായി അന്തര്മുഖമാകണം. ബാഹ്യപ്രപഞ്ചവും, ഈ ശരീരവുമെല്ലാം സ്വപ്നകല്പം മാത്രമാണ്.
ശാസ്ത്രത്തില്‍ നിന്നും,, ഗുരുവില്‍ നിന്നും, അപരോക്ഷാനുഭാവത്തില്‍ നിന്നും , ശ്രുതിയുക്ത്യനുഭവങ്ങളിലൂടെ സത്യം അറിയാന്‍ തന്റെ മനസ്സ് വെമ്പുന്നു എന്നും, താന്‍ സര്‍വസംഗപരിത്യാഗിയാകാന്‍ ആഗ്രഹിയ്ക്കുന്നു എന്നും പറഞ്ഞു. , ബ്രഹ്മാന്വേഷണത്തിന്നായി ഒരു ഗുരുവിനെ തേടി കണ്ടുപിടിക്കേണ്ടത് അത്യാവശ്യമാണെന്നും.
ഉറ്റമിത്രമായ വിഷ്ണു ശര്മ്മാവിനോട് "സന്യാസം ധന്യസ്തു സന്ന്യസ്തുതി" എന്ന ഭര്‍ത്തൃഹരിയുടെ വചനം സ്മരിച്ചുകൊണ്ട് ശങ്കരന്‍ തുടര്‍ന്നു പറഞ്ഞു തുടങ്ങി.
പാകം വന്ന പഴം മരത്തില്‍ നിന്നും ഞെട്ടറ്റു വീഴുന്നപോലെ സംസാരബന്ധത്തില്‍ നിന്ന് ഗൃഹസ്ഥന്‍ വിരക്തനാകുന്നു. സന്യാസം ഭീരുക്കള്‍ക്കുള്ളതല്ല. സംസാരവൈരാഗ്യം ഈശ്വരാനുഗ്രഹം കൊണ്ട് മാത്രമേ സംഭവിയ്ക്കൂ. ഒരു സദ്ഗുരുവിനെ ലഭിയ്ക്കാന്‍ അനന്ത പുണ്യം ചെയ്തിരിയ്ക്കണം. സൂര്യോദയത്തിനു മുന്പ് അരുണോദയം പോലെ ജ്ഞാനത്തിനു മുന്‍പുള്ള സൂചനയാണ് വൈരാഗ്യം.
ഇത്രയും പറഞ്ഞു അവര്‍ സന്ധ്യാവന്ദനാദികള്‍ക്കായി നദിയില്‍ ഇറങ്ങി.....
ശങ്കര ദേശിക മേ ശരണം.
uma namboodiri

No comments: