ശ്രീമദ് ഭാഗവതം 84*
ധ്രുവചരിത്രത്തിനു ശേഷം ധ്രുവന്റെ വംശം വർണ്ണിച്ചു കൊണ്ട് വരുന്നു.
ധ്രുവന് ഉത്ക്കലൻ എന്നൊരു പുത്രൻ. ഉത്ക്കലൻ ജന്മനാ ജ്ഞാനി ആയിരുന്നു. അവധൂതൻ. രാജപുത്രനായിട്ടിരുന്നിട്ടും ഭ്രാന്തനെ പോലെ ചെവി കേൾക്കാൻ വയ്യാത്ത ആളെ പോലെ ചെറിയ കുട്ടികളെ പോലെ ഇങ്ങനെ നടക്കും. ഇങ്ങനെയുള്ള ആളെ രാജാവാക്കാൻ പറ്റോ. പലരും അദ്ദേഹത്തിനെ ബുദ്ധി സ്ഥിരത ഇല്ലാത്ത ആള് എന്നാണ് കരുതിയത്.
ആ വംശത്തിൽ വേറെ ഒരാളെ രാജാവാക്കി. കാലക്രമേണ ആ വംശത്തിൽ അംഗൻ എന്നൊരു രാജാവ് വന്നു. അംഗന് കുട്ടികൾ ണ്ടായിരുന്നില്ല്യ. യാഗം ചെയ്തു. യാഗം ചെയ്തപ്പോ ദേവതകൾ ഒന്നും വന്നില്ല്യ. ഭഗവാനെ തന്നെ മനസ്സാ വരിച്ചു കൊണ്ട് വീണ്ടും യാഗം ചെയ്തു. ആ യാഗത്തിന്റെ ഫലമായിട്ട് ഒരു പുത്രൻ ജനിച്ചു. ജനിച്ചു കഴിഞ്ഞപ്പോൾ രാജാവിന് ഇങ്ങനെ ഒന്നും വേണ്ടിയിരുന്നില്ല്യ എന്നായി.
ഭഗവാൻ നമ്മളെ നല്ല വഴിയിലേക്ക് നയിക്കും. ചിലപ്പോഴൊക്കെ വിപരീതമായിട്ടായിരിക്കും തന്റെ അടുത്തേയ്ക്ക് നയിക്കാ. ഈ പുത്രന് വേനൻ എന്ന് പേര് വെച്ചു. പേരൊക്കെ നല്ല പേരാ. വേനൻ എന്നാൽ പ്രകാശമാനമായ വസ്തു. കുറച്ച് കഴിഞ്ഞപ്പോ രാജാവിന് ഇരിക്കപ്പൊറുതി ഇല്ലാതായി. മകൻ വേനന്റെ ഉപദ്രവം സഹിക്കവയ്യ. യാഗം ഒക്കെ ചെയ്തു ജനിച്ചിട്ടും ഇങ്ങനെ ഒരു കുട്ടിയോ!!
നാട്ടിലുള്ളവർക്കെല്ലാം വേനനെ കുറിച്ചുള്ള കംപ്ലയിന്റ് ബോക്സ് നിറഞ്ഞിരിക്കും. കുട്ടി ക്കാലം മുതൽ തുടങ്ങി. ചെറിയ കുട്ടി ആയിരിക്കുമ്പോ അതിനനുസരിച്ചുള്ള ഏർപ്പാട്. അടുത്തുള്ള കുട്ടികളെ ഒക്കെ പിച്ചുക, മാന്തുക ഉപദ്രവിക്കാ, കല്ലെറിയാ. വലുതായപ്പോ അതേപോലെ വലിയ ആളുകളെ ഉപദ്രവിക്കാൻ തുടങ്ങി. പല വിധത്തിലുള്ള ഉപദ്രവം ആയപ്പോ ജനങ്ങളൊക്കെ രാജാവിനോട് വന്ന് പരാതി പറഞ്ഞു. രാജാവിനാകട്ടെ മകനെ കണ്ടാൽ പേടിയാണ്. എങ്ങനെ പറയും.ഭയം.
ഒരു ദിവസം രാവിലെ രാജാവിനെ പള്ളിയുണർത്താൻ വന്നവർ നോക്കുമ്പോ രാജാവിനെ കാണാനില്ല്യ. അവിടെ ഒരു കത്ത് വെച്ചണ്ട്. കത്ത് വേനന് ആണ്. തുറന്നപ്പോ വേനന് രാജാവ് എഴുത്ത് എഴുതിയിരിക്കാണ്. 'താങ്ക്യൂ വെരി മച്ച്'. ഇങ്ങനെ ഒരു പുത്രൻ ണ്ടാവണം എന്നാണ്. എന്നാൽ സംസാരത്തിൽ വൈരാഗ്യം വരും. പുതന്മാർ ഇങ്ങനെ വിപരീതമായിട്ട് ണ്ടാവണം എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
കസ്തം പ്രജാപദേശം വൈ മോഹബന്ധനമാത്മന:
പണ്ഡിതോ ബഹു മന്യേത യദർത്ഥാ: ക്ലേശദാ ഗൃഹാ:
മക്കളോടും പേരക്കുട്ടികളോടും ഒക്കെയുള്ള അറ്റാച്ച് മെന്റ് ഉപേക്ഷിക്കാൻ വളരെ ബുദ്ധിമുട്ടാണ്. അതുകൊണ്ട് വിപരീതമായിട്ട് ണ്ടാവണം അത്രേ. ആരോ സോക്രട്ടീസിന്റെ അടുത്ത് ചോദിച്ചു. കല്യാണം കഴിക്കണോ വേണ്ടയോ എന്ന് ചോദിച്ചപ്പോ സോക്രട്ടീസ് പറഞ്ഞു അത്രേ. എന്തുകൊണ്ടും കല്യാണം കഴിക്കുന്നത് നല്ലതാ. നല്ല ഭാര്യയെ കിട്ടിയാൽ കുടുംബജീവിതം സുഖായിട്ടിരിക്കും. വിപരീതമായിട്ട് കിട്ടിയാലോ വൈരാഗ്യം വന്നു പോകും. രണ്ടായാലും നല്ലതാ. അപ്പോ അംഗൻ പറയാണ് ഈ വിപരീതപുത്രനെ കാരണം എനിക്കിപ്പോ ഭഗവാനോട് ഭക്തി വന്നിരിക്കണു. ഞാൻ ഒക്കെ ഉപേക്ഷിച്ച് പോവാണ്.
ശ്രീനൊച്ചൂർജി
*തുടരും. .*
Lakshmi prasad
No comments:
Post a Comment