*ശ്രീമദ് ഭാഗവതം 85*
രാജാവില്ലാതെ രാജ്യഭരണം എങ്ങനെ ചെയ്യും? എല്ലാവരും കൂടെ മീറ്റിംഗ് കൂടി. അപ്പോ തന്നെ ഒരാള്‍ സിംഹാസനത്തിൽ ഇരിക്കുന്നു.വേനൻ!!! "ഞാൻ ഇവിടെ ഉള്ളപ്പോ എന്തിനാ മീറ്റിംഗ്"?
അദ്ദേഹം രാജ്യഭരണം ചെയ്യാൻ തുടങ്ങിയതോടുകൂടെ നാട്ടിൽ കള്ളന്മാരൊന്നൂല്ല്യ. ന്താ? മൂത്ത ആളല്ലേ മേലെ ഇരിക്കണത്. അതോണ്ട് കള്ളന്മാരും കൊള്ളക്കാരും ഒന്നൂല്ല്യ. ഉഗ്ര ശാസനം. യാഗം ചെയ്യാൻ പാടില്ല്യ. യജ്ഞം ചെയ്യാൻ പാടില്ല്യ.
ഒടുവിൽ ഋഷികൾ ഇയാളെ ശപിച്ചു. ശപിച്ചപ്പോ ഇയാളങ്ങട് മരിച്ചു വീഴുകയും ചെയ്തു. ഇയാളുടെ ശരീരത്തിനെ അമ്മ സൂക്ഷിച്ചു. കുറേ ആയി, രാജാവില്ലാതെ വിഷമമായപ്പോ ഈ വേനന്റെ ശരീരത്തിനെ അങ്ങട് കടഞ്ഞു. കടഞ്ഞ് അതിലുള്ള ദുഷ്ട് ഒക്കെ മാറ്റി. വീണ്ടും കടഞ്ഞു. അപ്പോ രണ്ട് ബാഹുക്കളിൽ നിന്നും മിഥുനമായിട്ട് രണ്ടു പേര് പൊന്തി വന്നു. 'പൃഥു' എന്ന പേരിലും 'അർച്ചിസ്' എന്ന പേരിലും ഭഗവാന്റെ അംശമായിട്ട് ഇവർ പൊന്തി വന്നു.
എല്ലാവരുടെ ഉള്ളിലും ഭഗവദ് അംശം ണ്ട്. അവരുടെ ദുഷ്ടിനെ അങ്ങട് മാറ്റിക്കഴിഞ്ഞാൽ എല്ലാവരും ഭഗവദ് സ്വരൂപികളാണ്. പൃഥു രാജാവായി. പൃഥു മഹാരാജാവായതോടു കൂടെ രാജ്യത്തിൽ എല്ലാവർക്കും സന്തോഷം. സ്തുതിപാലകന്മാർ വന്ന് പാട്ട് പാടാൻ തുടങ്ങി. ഹേ രാജൻ അങ്ങയെ പോലെ നല്ലൊരു രാജാവുണ്ടോ.
ഈ രാജസദസ്സിലൊക്കെ ഇങ്ങനെ പണ്ട് കാലത്ത് ണ്ടായിരുന്നു അത്രേ. രാജാക്കന്മാർ ഉറങ്ങി എഴുന്നേൽക്കുമ്പോൾ പാടണം. സദസ്സില്‍ വരുമ്പോ പാടണം. രാജാധിരാജരാജമാർത്താണ്ഡ എന്നൊക്കെ പറയും. മന്നവേന്ദ്രാ വിളങ്ങുന്നു ചന്ദ്രനെപ്പോലെ നിൻ മുഖം. അയാളുടെ മുഖം കാണാൻ കൊള്ളാത്തതായിരിക്കും. എന്നാലും പാടും. അത് എഴുതി വെച്ചണ്ട്. റെഡിമേയ്ഡ് ആണ്. അതുപോലെ ഇവര്‍ പൃഥുവിനെ കുറിച്ച് പാടി. അങ്ങയെ പോലൊരു മഹാത്മാവ് ഈ ഉലകത്തിൽ വേറെയുണ്ടോ.
പൃഥു പറഞ്ഞു. ദയവായി ഈ സ്തുതി അങ്ങട് നിർത്താ. എനിക്ക് വല്ല കുറ്റങ്ങൾ ണ്ടെങ്കിൽ ദോഷങ്ങൾ ണ്ടെങ്കിൽ അപ്പപ്പോ എന്റെ മുമ്പിൽ എഴുതി അങ്ങട് വായിക്കാ. ഇങ്ങനെ സ്തുതിക്കേണ്ടാ.
ഈ സ്തുതിക്കുന്നവര്‍ നമ്മളെ നശിപ്പിച്ചു കളയും എന്നാണ്. ചില ആളുകൾ അതിൽ experts ആണ്. ഇല്ലാത്ത ഗുണങ്ങൾ ഒക്കെ പറഞ്ഞു സ്തുതിക്കും. അവര്‍ സ്തുതിച്ച് കൊണ്ടേ ഇരിക്കും. അങ്ങട് പോയിട്ട് കുറ്റം പറയും.
അപ്പോ ഈ സ്തുതിക്കണ ആളുകളെ വിശ്വസിക്കാൻ പാടില്ല്യ. സ്തുതിക്കണവരെ അടുത്ത് വെയ്ക്കാൻ പാടില്ല്യ. ചീത്ത വിളിക്കാ നിന്ദിക്കാ ഒക്കെ ചെയ്യണവർക്ക് ശമ്പളം കൊടുത്ത് വീട്ടിൽ നിർത്തണം. അപ്പോ അവര്‍ നമ്മളുടെ ദൂഷ്യങ്ങൾ ഇടയ്ക്കിടയ്ക്ക് പറഞ്ഞു തന്നു കൊണ്ടേ ഇരിക്കും. മാത്രല്ല നമുക്ക് അഹങ്കാരം പൊന്തുമ്പോഴൊക്കെ ഇവര്‍ ഒരു ഉപയോഗമായിട്ടിരിക്കും. ദൂഷ്യം പറഞ്ഞു കൊണ്ടേ ഇരിക്കും. അത് നമുക്ക് ഒരു മരുന്നാണ്. ബഹുമാനിക്കുന്തോറും തപസ്സ് പോകും അത്രേ. അപമാനിക്കുമ്പോ തപസ്സ് വർദ്ധിക്കും എന്നാണ്.
അസമ്മാനാത് തപോ വൃദ്ധി : സമ്മാനാത് തപക്ഷയ: അസമ്മാനം ചെയ്യണ ഒരാളെ അടുത്ത് വെച്ച് കൊണ്ടിരിക്കാ. പൃഥു പറയണു നിങ്ങൾ ഇങ്ങനെ എന്നെ സ്തുതിച്ച് കൊണ്ടിരിക്കരുത്.
അസ്പഷ്ടഗുണ: ഞാൻ ഇനിയും എന്റെ ഗുണങ്ങളൊന്നും പ്രകാശിപ്പിച്ചിട്ട് തന്നെ ഇല്ല്യ. അതിന് മുമ്പ് നിങ്ങൾ സ്തുതിക്കാൻ തുടങ്ങിയാലോ. അതുകൊണ്ട് നിർത്താ.
പൃഥു രാജ്യഭരണം ഒക്കെ ഭംഗിയായി നടത്തി.
ഭൂമി എന്ത് ചെയ്തു. പലേ അസുരതുല്യരായ രാജാക്കന്മാരൊക്കെ ഭരിച്ച് സഹിക്കവയ്യാതെ ഭൂമിയിലുള്ള സകല ധാതുക്കളേയും ഭൂമി തന്റെ ഉള്ളില്‍ അടക്കി കളഞ്ഞു. വൃക്ഷങ്ങളിലൊന്നും ഫലങ്ങളില്ല്യ. കൃഷി ഇല്ല്യ. സർവ്വവും അടക്കി കളഞ്ഞു. പൃഥുമഹാരാജാവ് തന്റെ ധനുസ്സും എടുത്ത് കൊണ്ട് ഭൂമിയുടെ മുമ്പിൽ ചെന്ന് നിന്നു. ഞാനിതാ ഭൂമിയെ ഭസ്മമാക്കണ്ട് എന്ന് പറഞ്ഞ് ധനുസ്സും പിടിച്ചു നിന്നു.
ശ്രീനൊച്ചൂർജി
*തുടരും. ...*............lakshmi prasad
No comments:
Post a Comment