Saturday, March 09, 2019

ഭഗവാന്‍ വിഷ്ണുവിന്റെ പ്രതീകമാണ് സാളഗ്രാമം.  സാളഗ്രാമ ശിലകള്‍  പൂജിക്കുന്നവന് പുനര്‍ജന്മമുണ്ടാവില്ലെന്നാണ് വിശ്വാസം.   
നേപ്പാളിലെ ഗണ്ഡഗീനദിക്കരയില്‍ നിന്നും ഹിമാലയത്തിലെ ചില പ്രദേശങ്ങളില്‍ നിന്നുമാണ് സാളഗ്രാമങ്ങള്‍ ശേഖരിക്കുന്നത്. വിഷ്ണുപ്രതിമകളുണ്ടാക്കാന്‍ സാളഗ്രാമങ്ങള്‍ ഉപയോഗിക്കുന്നതാണ് ഉത്തമം. മോഹിനീരൂപമെടുത്ത മഹാവിഷ്ണു ഛര്‍ദ്ദിച്ചപ്പോള്‍ രൂപംകൊണ്ട നദിയാണ് ഗണ്ഡകിയെന്നാണ് ഐതിഹ്യം.  ഈ സമയത്ത്  വജ്രദന്തമെന്ന പേരിലുള്ള പ്രാണികളും നദിയില്‍ രൂപമെടുത്തു. അവ കളിമണ്ണുകൊണ്ട് കൂടുണ്ടാക്കി നദിക്കരയില്‍ കഴിഞ്ഞു.
ഗണ്ഡകിയുടെ കരയില്‍ എല്ലായ്പ്പോഴും വിഷ്ണു ചൈതന്യം നിറഞ്ഞിരിക്കുമെന്നാണ് പറയപ്പെടുന്നത്. നദിയുടെ ഒഴുക്കില്‍ പെട്ട് ഉരുണ്ട് മിനുസമുള്ളതായി തീരുന്ന കല്ലുകളില്‍ വജ്രദന്ത പ്രാണികള്‍ തുളയ്ക്കുമ്പോള്‍  വിവിധ ആകൃതികള്‍ രൂപം കൊള്ളും. ചക്രരൂപത്തിലാണ്  ഈ അടയാളങ്ങള്‍ ഏറെയും കാണപ്പെടുക. അവ പരിശോധിച്ചാണ് സാളഗ്രാമങ്ങള്‍ക്ക് ഈശ്വരനാമങ്ങള്‍ നല്‍കുന്നത്.
കുടയുടെ ആകൃതിയിലുള്ള സാളഗ്രാമം കൊണ്ട് രാജ്യലബ്ധിയുണ്ടാകും.  വര്‍ത്തുളാകൃതിയിലുള്ളത് ഐശ്വര്യത്തിന് നിദാനമാണ്.
എന്നാല്‍ സാളഗ്രാമത്തെ പവിത്രമായി കണ്ടില്ലെങ്കില്‍ അനന്തരഫലങ്ങള്‍ ദുരിതപൂര്‍ണമാകും. സാളഗ്രാമം കൈയിലെടുത്ത് കള്ളം പറയുന്നവന്‍ കുംഭീപാകമെന്ന നരകത്തില്‍ പോകും. തുളസീദളമില്ലാതെ സാളഗ്രാമം പൂജിച്ചാല്‍ ഏഴുജന്മങ്ങളില്‍ ഭാര്യാസുഖം ലഭിക്കില്ലെന്നാണ് വിശ്വാസം. സ്ത്രീകള്‍ സാളഗ്രാമം സ്പര്‍ശിക്കുന്നതും നിഷിദ്ധമാണ്. 
 സാളഗ്രാമം പൂജിച്ചാല്‍ വിഷ്ണുപ്രീതിയിലൂടെ ആരോഗ്യവും ധനവും ബുദ്ധിയും സമാധാനവും പ്രാപ്തമാകും.  ഈ ശിലകള്‍ അഭിഷേകം ചെയ്തെടുക്കുന്ന ജലം തീര്‍ഥമാണ്. ഇതിന് നിരവധി ഗുണങ്ങളുണ്ടെന്നാണ് വിശ്വാസം. എന്നും ഇത് സേവിക്കുന്നവര്‍ വിഷ്ണുപദം പ്രാപിക്കും. വേദപഠനം, തപസ്സ് എന്നിവയിലൂടെ ലഭ്യമാകുന്ന ഗുണഫലങ്ങള്‍ സാളഗ്രാമപൂജയിലൂടെ ലഭിക്കും. 
കറുപ്പു നിറവും ഒരു ദ്വാരവും നാലുചക്രങ്ങളുള്ളതും വനമാലാവിഭൂഷിതവുമായ  സാളഗ്രാമം ലക്ഷ്മീനാരായണം എന്നറിയപ്പെടുന്നു. കറുപ്പുനിറത്തില്‍ ഒരു ദ്വാരത്തോടു കൂടിയ നാലുചക്രങ്ങളുള്ള സാളഗ്രാമമാണ് ലക്ഷ്മീ ജനാര്‍ദ്ദനം. ഇതില്‍ വനമാലയില്ല. രാജ്യവും സമ്പത്തും പ്രദാനം ചെയ്യുന്ന രാജരാജേശ്വരം സാളഗ്രാമത്തിന് ഏഴുചക്രങ്ങളുടേയും കുടയുടേയും ചിഹ്നം കാണും. ഒരു ചക്രം മാത്രമുള്ളതിനെ സുദര്‍ശനമെന്ന് വിളിക്കുന്നു. ഇത്തരത്തില്‍ അടയാളങ്ങളെ ആധാരമാക്കി സാളഗ്രാമങ്ങളെ പലതായി വിഭജിച്ചിട്ടുണ്ട്. 
തീര്‍ഥാടന കാലത്താണ് സാളഗ്രാമങ്ങള്‍ ഏറെയും പൂജിക്കുക. ക്ഷേത്രങ്ങളില്‍ മാത്രമല്ല വീടുകളിലും പൂജിക്കാറുണ്ട്. സവിശേഷമായ പാത്രങ്ങളില്‍ വെള്ളത്തിലാണ് ഈ ശിലകള്‍ സൂക്ഷിക്കുക....janmabhumi

No comments: