Saturday, March 02, 2019

ഇനി നമുക്ക് മഹാബലിയുടെ യാഗഭൂമിയിലേക്ക് വരാം. ഭാഗവതപുരാണമനുസരിച്ച് നര്‍മ്മദാതീരത്തുള്ള ഭൃഗുകച്ഛമെന്നു പേരായ ക്ഷേത്രത്തിലാണ് ശുക്രാചാര്യര്‍ തുടങ്ങിയ മഹാബലിയുടെ ഋത്വിക്കുകള്‍ അശ്വമേധയാഗം നടത്തിയത്. ആ യാഗസ്ഥലത്തേക്കാണ് ഭഗവാന്‍ വാമനന്‍  കടന്നുചെന്നത്. സ്വര്‍ഗ്ഗലോകം കീഴടക്കിയ ബലിചക്രവര്‍ത്തി കീര്‍ത്തിമാനും, ദാനശീലനും മഹാത്മാവുമായിരുന്നെങ്കിലും തന്‍റെ മഹിമയില്‍ അഭിമാനിച്ച് ഗര്‍വ്വോടുകൂടിയാണ് ലോകം വാണിരുന്നത്.

ബാലകനായ വാമനനെ ബലി പാദം കഴുകി ഉചിതമായി സ്വീകരിച്ചു. യജ്ഞം പൂര്‍ത്തിയായ ദിനം എത്തിയ വാമനന്‍ തന്‍റെ അതിഥി ആണെന്നും അദ്ദേഹത്തിനു ആവശ്യമുള്ളത് എന്തും ചോദിച്ചുകൊള്ളുവാനും ഗര്‍വ്വോടുകൂടി മഹാബലി പറഞ്ഞു. മൂന്നടി മണ്ണു മാത്രം ചോദിച്ച വാമനനോട്‌ മൂന്നടി വെറും നിസ്സാരമെന്നവണ്ണം ബലി പ്രതിവചിച്ചു. അതിനു മറുപടിയായി വാമനന്‍ ഇപ്രകാരമാണ് പറഞ്ഞത്.

 “മഹാരാജാവേ, മനുഷ്യനെ സന്തുഷ്ടനാക്കാന്‍ ഒരു വിഷയത്തിനും സാധ്യമല്ല. മൂന്നടി സ്ഥലം കൊണ്ട് സന്തോഷിക്കാത്ത ഒരുവന്‍ ഒരു ദ്വീപം കിട്ടിയാലും തൃപ്തനാകില്ല. ഒരു ദ്വീപം കിട്ടിയാലോ, ഒമ്പത് ഖണ്ഡങ്ങളിലുള്ള ഏഴു ദ്വീപങ്ങളും ലഭിക്കണമെന്ന് ആഗ്രഹിക്കും. യാദൃശ്ചികമായി ലഭിക്കുന്ന അന്നാദിപദാര്‍ത്ഥങ്ങള്‍ കൊണ്ട് സന്തോഷിക്കുന്നവന്‍ സുഖമായിരിക്കുന്നു. മനസ്സിനെ ജയിക്കാതെ, ഇന്ദ്രിയജയം സമ്പാദിക്കാതെ, ഒരുവന് ഈ വിശ്വമെല്ല‍ാം ജയിച്ചാലും സുഖമായിരിക്കാന്‍ സാധിക്കില്ല.”

വാമനന്‍റെ മറുപടി കേട്ട ബലി മൂന്നടി ദാനമായി നല്‍കുവാന്‍ ഒരുങ്ങിയപ്പോള്‍ അസുരഗുരു ശുക്രാചാര്യര്‍ വിലക്കി. എന്നാല്‍ വാക്കില്‍ നിന്നും പിന്മാറാത്തവനും വിഷ്ണുഭക്തനായ പ്രഹ്ലാദന്‍റെ പൌത്രനുമായ മഹാബലി വാമനനോട്‌ മൂന്നടി അളന്നുകൊള്ളുവാന്‍ പറഞ്ഞു. വിരാട്സ്വരൂപമായ ഭഗവാന്‍ ആദ്യത്തെ രണ്ടടികൊണ്ട് സമസ്തവും അളന്നെടുത്തു. മൂന്നാമത്തെ പാദം വയ്ക്കുവാന്‍ ഇടം ചോദിച്ച വാമനനോട്‌ ബലി പറഞ്ഞു

“ഭഗവാനേ, ഞാന്‍ വഞ്ചകനല്ല, മൂന്നാമത്തെ കാലടി എന്റെ ശിരസ്സില്‍ വച്ചാലും. മരണാവസരത്തില്‍ ജീവനെ വിട്ടുപിരിയുന്ന ഈ ശരീരം കൊണ്ട് എന്തുഫലം? എത്രകാലം ഈ ശരീരത്തെ രക്ഷിക്കാന്‍ ശ്രമിച്ചാലും ഒരിക്കല്‍ നശിക്കാതിരിക്കില്ല. അതിനാല്‍ ഇപ്പോള്‍ത്തന്നെ നശിക്കുന്നതായാല്‍ നശിക്കട്ടെ. ഐശ്വര്യം നിമിത്തം അഹങ്കാരവും, അതിനാല്‍ അവിവേകവും വര്‍ദ്ധിച്ച് വരികയും ഈ ജീവിതം ശാശ്വതമല്ല എന്ന ബോധമില്ലാതെ വരുകയും ചെയ്യുന്നു. അതിനാല്‍ ഐശ്വര്യാപഹരണം മഹാനുഗ്രഹം തന്നെ.”

അപ്പോള്‍ പ്രഹ്ലാദന്‍ അവിടെയെത്തുകയും  ഐശ്വര്യം നിമിത്തം മോഹം ജനിക്കുമെന്നും വിവേകത്തെ നശിപ്പിക്കുന്ന ഐശ്വര്യത്തെ മടക്കിയെടുത്ത് ഭഗവാന്‍ പൂര്‍ണ്ണമായി അനുഗ്രഹിച്ചതാണെന്നും പറഞ്ഞു .
ഭഗവാന്‍ മഹാബലിയുടെ ശിരസ്സില്‍ കാല്‍ തൊട്ട് അനുഗ്രഹിക്കുകയും സാവര്‍ണിമന്വന്തരത്തില്‍ ദേവേന്ദ്രനായി ഭരിക്കുവാനും അതുവരെ സ്വര്‍ഗ്ഗത്തേക്കാള്‍ ശ്രേഷ്ഠമായ സുതലത്തില്‍ വസിക്കുവാനും ആ സുതലത്തിന്‍റെ പടിക്കല്‍ താന്‍ കാവല്‍ നില്‍ക്കുമെന്നും പറഞ്ഞനുഗ്രഹിച്ചു.

അതിനാല്‍ മഹാബലിയെ വാമനന്‍ ചവുട്ടിതാഴ്ത്തിയതല്ലെന്നും ശിരസ്സില്‍ കാല്‍തൊട്ട് അനുഗ്രഹിച്ചതാണെന്നും പുരാണത്തില്‍ നിന്നും മനസ്സിലാക്കാം. ശിരസ്സില്‍ കാല്‍തൊട്ടു അനുഗ്രഹിക്കുന്ന ചടങ്ങ് ഇപ്പോഴും കര്‍ണാടകയിലെ തോഡാവനവാസികളുടെ ഇടയിലുണ്ട് എന്നതും ശ്രദ്ധേയമാണ്.

അങ്ങനെയെങ്കില്‍ മഹാബലി കേരളം ഭരിച്ചുവോ? നര്‍മ്മദയുടെ തീരത്തല്ലേ യാഗം നടന്നത്?
വാമനഭഗവാന്‍ ബലിയെ അനുഗ്രഹിച്ച് സുതലത്തില്‍ വസിക്കുവാന്‍ വിട്ടുവെന്നു പറഞ്ഞുവല്ലോ. എവിടെയാണ് ഈ സുതലം? സുതലം എന്നതിനു പാതാളം, ബലിസത്മം, നാഗലോകപ്രഭേദം എന്നിങ്ങനെയാണ് അര്‍ത്ഥം. മലയാളഭൂമിയാണ് ബലിസത്മം. മലയാളഭൂമി ബലിസത്മമാണെന്നു നന്ദീശസംഹിതയിലെ കേരളമഹിമാനുവര്‍ണ്ണനവും സമ്മതിക്കുന്നു. രമണകമെന്നും ഈ പ്രദേശം അറിയപ്പെടുന്നു. ഭാഗവതത്തില്‍ രമണകം നാഗാവാസമായി പറയപ്പെട്ടിരിക്കുന്നു. രാജ്യഭ്രംശാനന്തരം ജീമൂതവാഹനനും പിതാവും മലയാചലം പ്രാപിച്ചു തപസ്സു ചെയ്തിരുന്നതായും മലയവതിയെ വേട്ടതായും പറയുന്നുണ്ട്. മലയാചലം മലയാളഭൂമിയാകയാല്‍ മഹാബലി വസിച്ച സുതലം ഇതുതന്നെയെന്നു വരുന്നു.

ധര്‍മ്മിഷ്ഠനും, സത്യവാനും, മഹാജ്ഞാനിയുമായ മഹാബലി ചക്രവര്‍ത്തി ഭഗവാന്‍ വാമനന്‍റെ അനുഗ്രഹത്താല്‍ മലയാളഭൂമിയില്‍ വാണിരുന്നതിന്‍റെ ഓര്‍മ്മയെ ഓണമായി ആഘോഷിക്കുന്നതില്‍ അനൗചിത്യമില്ല. ഇവിടുത്തെ സമൃദ്ധിയുടെ ഓര്‍മ്മപുതുക്കലായും വാമനജയന്തിയായുമെല്ലാം ഓണം ആഘോഷിക്കപ്പെടുന്നു. മനുഷ്യമനസ്സിലെ ഗര്‍വ്വിനെ ഇല്ലാതെയാക്കുന്ന ഭഗവാനെയും, സത്യധര്‍മ്മാദിനിഷ്ഠകളോടു കൂടിയ ഭക്തനെയും, മഹാനായ ചക്രവര്‍ത്തി ഭരിച്ച നാടിന്റെ സമ്പല്‍സമൃദ്ധിയെയും ഓണക്കാലം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. എല്ലാവര്‍ക്കും നല്ലൊരു ഓണക്കാലം ആശംസിക്കുന്നു.

ഇന്നലെകളുടെ നേർക്കാഴ്ചകൾ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ ഹരികൃഷ്ണൻ ഹരിദാസ് എഴുതിയത്.

അഭിപ്രായങ്ങൾ താഴെയുള്ള ലിങ്ക് ക്ലിക് ചെയ്ത് fb പോസ്റ്റിൽ രേഖപ്പെടുത്തുക .

https://www.facebook.com/groups/450064555118899/permalink/590511984407488/

No comments: