ശിവരാത്രി.
ശിവരാത്രി........ഐതിഹ്യം.
1. അമൃതമഥനത്തിന്റെ പൗരാണിക കഥയുമായി ചേര്‍ത്തുവച്ചാണ് ശിവരാത്രിയെ സ്മരിക്കാറ് . ലോകരക്ഷക്കായി, സ്വന്തം അസ്തിത്വം മാറ്റിവച്ച് ആ വിഷം കുടിക്കാന്‍ ശിവന് തയ്യാറാവുന്നു. ഒരു ഭാര്യയുടെ ഉത്കണ്ഠയോടെ പാര്‍വതി ഭര്‍ത്താവിന്റെ രക്ഷക്കുവേണ്ടി കണ്ഠം മുറുക്കിപ്പിടിക്കുന്നു. ലോകത്തിന്റെ നിലനില്‍പ്പായ വിഷ്ണുവാകട്ടെ, വിഷം പുറത്തേക്ക് തൂവാതിരിക്കാന്‍ ശിവന്റെ വായയും പൊത്തുന്നു. സ്വാഭാവികമായും ആ വിഷം ശിവകണ്ഠത്തില്‍ ഘനീഭവിച്ച് അദ്ദേഹം നീലകണ്ഠനാവുന്നു. ഒരുകാര്യം ഉറപ്പാണ്. ശിവന് വെളുത്ത ശരീരമായതിനാലാണ് കറുത്ത കഴുത്ത് വ്യക്തമായത്! ആ വിഷപാനവും അതിലൂടെയുള്ള ലോകരക്ഷയും നടന്ന ആ രാത്രിയുടെ ഓര്‍മയിലാണ് ഭാരതത്തിലെ ഭക്തര്‍ ശിവരാത്രി ആഘോഷിക്കുന്നത്.
2. ലോകത്തിന്റെ സൃഷ്ടിയും സംരക്ഷണവുമെല്ലാം നിര്‍വഹിക്കുന്നത് താനാണെന്നു ബ്രഹ്മാവും അതല്ല താനാണെന്നു വിഷ്ണുവും തമ്മില്‍ ഒരു കലഹം ഉണ്ടായി. കലഹം മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിയപ്പോള്‍ തേജോരൂപമായ ശിവലിംഗാകൃതി ധരിച്ച്ശിവന്‍ ഇരുവരുടേയും മുന്നില്‍ പ്രത്യക്ഷനായി. അഗ്നിസ്വരൂപമാര്‍ന്ന ശിവലിംഗത്തിന്റെ അഗ്രഭാഗം ആദ്യം കണ്ടുപിടിക്കുന്നവനാണു ശ്രേഷ്ഠന് എന്ന് അശരീരിയുണ്ടായി. അതനുസരിച്ച് ജ്യോതിര്‍ലിംഗത്തിന്റെ മേലറ്റം കണ്ടുപിടിക്കാന്‍ ഹംസരൂപത്തില്‍ ബ്രഹ്മാവ് മുകളിലേക്കും കീഴറ്റം കണ്ടുപിടിക്കാന്‍ വരാഹ രൂപത്തില്‍ വിഷ്ണു കീഴോട്ടും യാത്രയായി. അനേകം സംവത്സരങ്ങള്‍ സഞ്ചരിച്ചിട്ടും ലിംഗത്തിന്റെ അഗ്രം കാണാതെ ഇരുവരും നിരാശരായി മടങ്ങിയെത്തി. സമസ്തപ്രപഞ്ചത്തിന്റേയും ഈശ്വരന് ശിവനാണ് എന്ന് ബോദ്ധ്യപ്പെട്ട ബ്രഹ്മാവും വിഷ്ണുവും ശിവനെ സ്തുതിച്ചു. സൃഷ്ടാവും സംരക്ഷകനും തമ്മില്‍ കലഹിച്ചതു മൂലം ലോകത്തിനാകെയുണ്ടായ സന്താപം മാറുവാന്‍ ഇരുവരും മാഘമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദ്ദശിനാളില്‍ രാത്രിയില്‍ ഉപവാസാദികളോടുകൂടി ശിവരാത്രി വ്രതം അനുഷ്ഠിക്കണമെന്നു മഹാദേവന് അരുളിച്ചെയ്തു. അതനുസരിച്ച് ബ്രഹ്മാവും വിഷ്ണുവും ശിവരാത്രിവ്രതമെടുത്ത് മഹാദേവനെ പൂജിച്ചു. വ്രതാനുഷ്ഠാനത്തിലൂടെ അവര്‍ പാപരഹിതരായി. ജ്യോതിര്‍ലിംഗരൂപത്തില്‍ പരമേശ്വരന് ബ്രഹ്മാവിന്റേയും വിഷ്ണുവിന്റേയും മുന്നില്‍ പ്രത്യക്ഷപ്പെട്ട ദിനമാണു ശിവരാത്രി (മാഘേ കൃഷ്ണചതുര്‍ദ്ദശ്യാമാദിദേവോ മഹാനിശിശിവലിംഗതയോദ്ഭൂതഃ കോടിസൂര്യസമപ്രഭഃ). ശിവരാത്രിവ്രതം നിഷ്ഠയോടെ അനുഷ്ഠിച്ചാല്‍ ആത്മജ്ഞാനം സിദ്ധിച്ച് ഭക്തന് ശിവപദവി നേടും എന്ന് ഭഗവാന് ബ്രഹ്മാവിനോടും വിഷ്ണുവിനോടും പറയുന്നു.
3. ''സര്‍വ്വം ശിവമയം ജഗത്'' - ശിവന്റെ പ്രകാശനമാണ് ഈ പ്രപഞ്ചം മുഴുവന്‍ എന്ന് പുരാണങ്ങളില്‍ പറയുന്നു. ഭൗതികതയില്‍നിന്ന് ഉയര്‍ന്ന് അനന്തവും നിഷ്കളങ്കവും ആനന്ദകരവുമായ ശിവതത്ത്വത്തിന്റെ പരമപ്രഭാവത്തില്‍ മുങ്ങാന്‍ പറ്റുന്ന ഏറ്റവും ശ്രേഷ്ഠമായസമയമാണ് ശിവരാത്രി. ബാഹ്യമായി നിരവധി ചടങ്ങുകളും പൂജകളും ശിവാരാധനയില്‍ ഉണ്ടെങ്കിലും, ശിവന് നല്കാവുന്ന ഏറ്റവും മനോഹരമായ പൂക്കളാണ്ജ്ഞാനം, സമചിത്തത, ശാന്തി എന്നിവ. നമ്മളില്‍ത്തന്നെയുള്ള ശിവതത്വത്തെ ആഘോഷിക്കുന്നതാണ് ശരിയായ ശിവരാത്രി.
4. ലോകത്തെ സൃഷ്ടി-സ്ഥിതി-സംഹാര കാര്യങ്ങളില്‍ സദാ വ്യാപൃതനായിരുന്ന ശിവന്റെ കണ്ണുകള്‍ വെറുതെ ഒരു നേരംപോക്കിനായി ഭാര്യ പാര്‍വ്വതി അടച്ചുപിടിച്ചു. ഇതോടെ സൃഷ്ടിയും സംഹാരവും നിലച്ചു എന്നുമാത്രമല്ല പ്രകൃതി നിയമങ്ങളും തടസ്സപ്പെട്ടു. നിരവധി വര്‍ഷങ്ങള്‍ ഭൂമി ഇരുട്ടിലാണ്ടു. സംഗതി ഗൗരവമുള്ളതാണല്ലൊ. കോപിഷ്ഠനായ ശിവന് പാര്‍വതിയെ ശപിച്ചു, ഭൂമിയില്‍ അവതരിച്ച് പാപപരിഹാരം ചെയ്യാന്‍ നിര്‍ദ്ദേശിച്ചു. അങ്ങനെ പാര്‍വതി ഭൂമിയിലെത്തി കമ്പാ നദിയുടെ തീരത്ത് ഒരു ഒറ്റ മാവിന്റെ കീഴില്‍ തപസ്സ് ആരംഭിച്ചു. ആറ്റു തീരത്തെ മണല്‍കൊണ്ട് ശിവലിംഗം ഉണ്ടാക്കി ശിവനെ ഉപാസിക്കാന്‍ തുടങ്ങി. പാര്‍വതിയെ പരീക്ഷിക്കാനായി ശിവന് തപസ്സിന് പല വിഘ്നങ്ങളും സൃഷ്ടിച്ചു. പാര്‍വതി പതറിയില്ല.
വിഷ്ണുവിന്റെ സഹായത്തോടെ അവര്‍ എല്ലാ വിഷമഘട്ടങ്ങളും തരണം ചെയ്തു. അവസാനം ജടയ്ക്കുള്ളില്‍നിന്ന് ഗംഗയെ പുറത്തെടുത്ത് പാര്‍വതി ഉപാസിക്കുന്ന കണ്ണുകൊണ്ടുള്ള ലിംഗം ഒഴുക്കിക്കളയാന്‍ ശിവന് ശ്രമിച്ചു. എല്ലാ ആദരവോടെയും പൃഥ്വിലിംഗം മാറോട് ഇറുക്കിപ്പിടിച്ച് അത് അലിഞ്ഞുപോകാതെ കാത്തു സൂക്ഷിച്ചു പാര്‍വതി. സംപ്രീതനായ ശിവന് വീണ്ടും പാര്‍വതിയെ പത്നിയായി വരിച്ചു. അതിന്റെ ഓര്‍മ്മയ്ക്കായി ഫല്‍ഗുനി മാസത്തില്‍ ഉത്രം കഴിഞ്ഞുവരുന്ന പത്താം ദിവസം ശിവ-പാര്‍വതീ വിവാഹം വിപുലമായ രീതിയില്‍ ഉത്സവമായി ആഘോഷിക്കപ്പെടുന്നു ഇവിടെ. പാര്‍വതി തപസ്സിരിക്കെ ശിവന്റെ ശക്തിയാല്‍ മാവ് കത്തിത്തുടങ്ങി എന്നും പാര്‍വതിയുടെ സഹോദരനായ വിഷ്ണു ശിവന്റെ ജടയില്‍നിന്ന് ചന്ദ്രനെ എടുത്ത് കാണിച്ച് ആ തണുപ്പുകൊണ്ട് തീയണച്ചു എന്നുമാണ് മറ്റൊരു ഐതിഹ്യം.
No comments:
Post a Comment