Thursday, March 14, 2019

കൃഷ്ണന്റെ ഞാനും എന്റെ കൃഷ്ണനും
എന്നും എല്ലാവരുടെ ഉള്ളിലും നിന്ന് പുഞ്ചിരി തൂകുന്ന ഭഗവാനോട് ഒരു ദിവസം ഞാൻ ചോദിച്ചു:
കൃഷ്ണ , "കൃഷ്ണന്റെ ഞാൻ " ആ cണാ "എന്റെ കൃഷ്ണൻ" ആണോ?
ഭഗവാൻ ചിരിതൂകിക്കൊണ്ടു തന്നെ പറഞ്ഞു: " നീ തന്നെ അതിനെപ്പറ്റി കുറച്ചാലോചിക്കൂ. അതിനു ശേഷം ഞാൻ പറഞ്ഞു തരാം"
ഞാൻ എളുപ്പവഴി ആലോചിച്ചതായിരുന്നു. അതൊന്നും കൃഷ്ണന് സമ്മതമല്ല. ഞാൻ കണ്ണുമടച്ച് "കൃഷ്ണന്റെ ഞാൻ " എന്ന "കൃഷ്ണന് " സർവ്വപ്രാധാന്യം നൽകുന്ന സങ്കൽപത്തേയും "എന്റെ കൃഷ്ണൻ" എന്ന "എനിക്ക് "സർവ പ്രാധാന്യം നൽകുന്നസങ്കല്പത്തേയും മനസ്സിൽ വരച്ചു.
ആദ്യത്തേതിൽ "കഷ്ണന്റെ ഞാനിൽ " , കൃഷ്ണൻ ഏറ്റവും മുകളിൽ വേണുവുമൂതി തലയും ഒന്ന് ചെറുതായി ചെരിച്ച്, കാലും പിണച്ച്, പുഞ്ചിരിയും പൊഴിച്ച്, കാരുണ്യവും വർഷിച്ച്, മഞ്ഞപ്പട്ടും വനമാലയും ധരിച്ച് നില്ക്കുന്നു . താഴെ, കൃഷ്ണന്റെ കീഴിൽ ഞാനും എന്റെ എന്ന് വിശേഷിപ്പിക്കുന്ന സർവ്വസ്വവും കാണാം. കൃഷ്ണൻ എല്ലാറ്റിനും ഉത്തരവാദിത്വം ഏറ്റെടുത്ത് എന്നേയും എന്റെ പരിവാരങ്ങളായ അഞ്ച് ജ്ഞാനേന്ദ്രിയങ്ങളേയും അഞ്ച് കർമേന്ദ്രിയങ്ങളേയും മനസ്സ്, ചിത്തം ബുദ്ധി, അഹങ്കാരം എന്നിവ അടങ്ങുന്ന അന്ത: ക്കരണത്തേയും വേണ്ട നിർദ്ദേശങ്ങൾ നൽകി നയിക്കുന്നു.. കൃഷ്ണന്റെ കണ്ണെത്താത്ത ഇടമില്ലാത്ത ഒരു സാമ്രാജ്യം. കൃഷ്ണൻ സാരഥിയായ ഒരു കാറിൽ സമാധാനമായി സവാരി ചെയ്യുന്ന പോലെ. കൃഷ്ണ സാമ്രാജ്യത്തിൽ സ്വധർമ്മം അനുഷ്ഠിച്ച് ശാന്തിയിലും സമാധാനത്തിലും ജീവിക്കുന്ന ഒരു വ്യക്തിയുടെ ചിത്രമാണ് "കൃഷ്ണന്റെ ഞാൻ " എന്ന് തോന്നി.
രണ്ടാമത് "എന്റെ കൃഷ്ണൻ" എന്ന "എനിക്ക് " പ്രാധാന്യം നൽകുന്ന സങ്കൽപത്തെ വരച്ചു. കഷ്ടം! മറ്റേ ചിത്രത്തിൽ കൃഷ്ണൻ നിന്ന അതേ സ്ഥാനത്ത് അതാ അഹങ്കാരം ഊതി വീർപ്പിച്ച ഞാൻ നില്ക്കുന്നു. താഴെ എന്റെ എന്ന് ഞാൻ അഭിമാനിക്കുന്ന സർവ്വസ്വവും അണി നിരന്നിരിക്കുന്നു. കൃഷ്ണനെ അവിടെയെങ്ങും കാണാനില്ല അവസാനം താഴെ ഒരു വശത്തതാ കൃഷ്ണൻ അർഥഗർഭമായ പുഞ്ചിരിയോടെ നിൽക്കുന്നു. എല്ലാ വിജയങ്ങളുടേയും പിന്നിൽ ഞാൻ, ഒക്കെ എന്റെ കേമത്തവും കഴിവും, ഞാനില്ലെങ്കിൽ ഒന്നും നടക്കുകയില്ല , മുതലായ പൊടുപ്പും തൂങ്ങലുകളും ഉള്ള ഞാൻ തല ഉയർത്തിപ്പിടിച്ച് നില്ക്കുന്നു. ഇതൊക്കെ കഴിഞ്ഞ് പ്രശ്നങ്ങളുണ്ടാകുമ്പോൾ, കൃഷ്ണനെ അമ്പലങ്ങളിൽ അന്വേഷിച്ച് നടക്കുന്നു . പ്രശ്നങ്ങൾ തീർന്നാൽ കൃഷ്ണൻ വേണ്ട.. ഞാൻ ബ്രേക്ക് നഷ്ടപ്പെട്ട ഒരു കാറിൽ, വഴിയറിയാതെ അലഞ്ഞു തിരിയുന്ന, ഒരു ആപത്ക്കരമായ സവാരി ചെയ്യുന്ന പോലെ! വരച്ചു തീർന്നപ്പോഴേക്കും ഉദ്വേഗത്താൽ ഞാൻ വിയർത്തു കുളിച്ചു.
ഈശ്വര, രണ്ടു ചിത്രങ്ങളും ഞാൻ കൃഷ്ണന്റെ മുമ്പിൽ വെച്ചു. കൃഷ്ണ , ഇനി പറയൂ. കൃഷ്ണൻ ഒരക്ഷരം ഉരിയാടാതെ എന്റെ മനസ്സിലെ രണ്ടാമത്തെ ചിത്രം കീറിക്കളഞ്ഞു.
ഞാൻ ആ കാല്ക്കൽ വീണ് നമസ്കരിച്ചു . കണ്ണീർ കൊണ്ട് ആ പാദങ്ങൾ കഴുകി. കൃഷ്ണൻ എന്നെ പിടിച്ചെഴുന്നേൽപിച്ച് പുഞ്ചിരി തൂകിക്കൊണ്ട് പറഞ്ഞു. "കൃഷ്ണന്റെ ഞാൻ " എന്ന് നീ ഓർക്കണമെന്ന് നിന്നോട് പറയുന്ന സമയത്ത്, ഞാൻ സദാ എന്നെ ഓർക്കുന്നത്ന് ആരായിട്ടാണെന്നാ? പറയാം , " നിന്റെ കൃഷ്ണൻ". ഒന്നു മനസ്സിലാക്കൂ, ഞാൻ "ഭക്തന്മാരുടെ കൃഷ്ണൻ" ആണ്. പക്ഷെ ഭക്തന്മാർക്ക് ഞാൻ " കൃഷ്ണന്റെ ഭക്തന്മാരാണ് " .
എന്തു രസം, എന്തെളുപ്പം! ഞാൻ കൃഷ്ണനെ ഓർക്കുമ്പോൾ "കൃഷ്ണന്റെ ഞാൻ ". കൃഷ്ണൻ എന്നെ ഓർക്കുമ്പോൾ " നിന്റെ കൃഷ്ണൻ" ! കൃഷ്ണ , ഇതുപോലെ സ്നേഹവും കാരുണ്യവും മൂർത്തിമദ്ഭാവം പൂണ്ട മറ്റൊരു ഈശ്വരൻ വേറെയുണ്ടോ? ശ്രേയസ്കരമായതിനെ മാത്രം നൽകി, പ്രേയസ്കരമായതിൽ നിന്നും "കൃഷ്ണന്റെ ഞങ്ങളെ " അകറ്റി കാത്തു കൊള്ളേണമേ!.
savithri puram

No comments: