Sunday, June 02, 2019

ദക്ഷിണാമൂർത്തി സ്തോത്രം-32

സത്യത്തെ മാത്രം സദാ ആശ്രയിക്കുക. സത്യസ്യ സത്യം ഋത സത്യ നേത്രം എന്ന് ഭാഗവതത്തിൽ പറയുന്നു. ഈ പ്രപഞ്ചം സത്യമായി തോന്നുന്നത് യഥാർത്ഥത്തിൽ സത്യമായിട്ടല്ല ,ഉള്ളിലുള്ള സത്യമാണ് അവിടെ കാണപ്പെടുന്നത്. ഇത് എന്തിനോട് ബന്ധപ്പെട്ടാലും സത്യമാകും. എല്ലാത്തിനും സത്യം കൊടുക്കുന്ന സത്യം ,സത്യസ്യ സത്യം നമ്മുടെ സ്വരൂപമാകുന്നു. എന്ത് പറയുന്നു അതൊക്കെ സത്യം. ഇതൊക്കെ എന്റെ പ്രാരാബ്ദമാണെന്ന് പറഞ്ഞാൽ അതും സത്യമാകും. എനിക്കിപ്പോൾ ശനിയുടെ അപഹാരമാണെന്നും അതുകൊണ്ട് ഞാൻ വിഷമിച്ചേ ഒക്കു എന്ന് പറഞ്ഞാൽ അതും സത്യമാകുന്നു. കാരണം ഇതെല്ലാം പറയുന്നത് ഉള്ളിലെ ആ സത്യമാണ്. സത്യത്തിന്റെ ശക്തി എന്തിലൊക്കെ കൊണ്ടു വച്ചാലും അത് സത്യമാകും. നമ്മൾ അതിന് അടിമയായും മാറുന്നു. 

അനിർവചനീയമായ ആ പ്രതിഭാസത്തിൽ നിന്നും വ്യക്തമായി അനുഭവപ്പെടുന്ന ബോധ സത്യത്തിലേയ്ക്ക് നമ്മുടെ ശ്രദ്ധയെ തിരിക്കാൻ വേണ്ടി മാത്രമാണ് ഈ വിശദീകരണം. ആ ബോധ സത്യം എവിടെ അനുഭവപ്പെടുന്നു? അതിനാണടുത്ത ശ്ലോകം.

യസ്യൈവ സ്ഫുരണം സദാത്മകമസത്കല്പാര്ഥകം ഭാസതേ
സാക്ഷാത്തത്വമസീതി വേദവചസാ യോ ബോധയത്യാശ്രിതാന് |
യസ്സാക്ഷാത്കരണാദ്ഭവേന്ന പുരനാവൃത്തിര്ഭവാംഭോനിധൗ
തസ്മൈ ശ്രീഗുരുമൂര്തയേ നമ ഇദം ശ്രീ ദക്ഷിണാമൂര്തയേ || 3 ||

പ്രപഞ്ചം ഒരിക്കലും അനുഭവ രൂപത്തിൽ സ്ഫുരിക്കുന്നില്ല. അതൊരു പ്രതിഭാസം മാത്രമാണ്, ഇന്ദ്രിയ വേദ്യം മാത്രമാണ്. അനുഭവവും, പ്രതിഭാസവും ഇതിന് രണ്ടിനും എന്താണർത്ഥം? പ്രതിഭാസമെന്നാൽ സ്വയമേവ സത്തയില്ലാത്തതാണ് .നമ്മൾ പരസ്പരം ഒരു പ്രതിഭാസമാണ്.
 അതെന്തെന്നാൽ, നിങ്ങളുണ്ട് എന്നറിയാൻ ഒന്നുകിൽ നിങ്ങളെ കണ്ണു കൊണ്ട് ഞാൻ കാണണം, ഇല്ലെങ്കിൽ നിങ്ങളുടെ ശബ്ദം ഞാൻ കേൾക്കണം. ഒരു പുഷ്പമുണ്ടെന്നറിയാൻ അതിന്റെ ഗന്ധം മണക്കണം. ഇതൊന്നുമല്ലെങ്കിൽ സ്പർശിക്കണം. ഏതെങ്കിലും ഇന്ദ്രിയങ്ങളെ കൊണ്ട് മാത്രമേ പ്രതിഭാസങ്ങളെ ഗ്രഹിക്കാൻ സാധിക്കു. മനസ്സ് കൊണ്ട് ഊഹിച്ചും കണക്കു കൂട്ടിയും എടുക്കുന്ന കാര്യങ്ങൾ സമയ ബന്ധിതമാണ്. Any knowledge that comes to you with time are not real. 

അനുഭവം സമയ ബന്ധിതമല്ല, അതിന് ഒരു ഇടനിലക്കാരുടേയും ആവശ്യമില്ല അതായത് ഇന്ദ്രിയങ്ങളുടെ ആവശ്യമില്ല, മനസ്സിന്റേയോ, ബുദ്ധിയുടേയോ ആവശ്യമില്ല. അത് സ്വയമേവ അറിവായി ജ്വലിക്കുന്ന ഒരു വസ്തുവാണ്. അത് ഞാനുണ്ട് ഞാനുണ്ട് എന്ന അനുഭവമാണ്. 

ഇവിടെ സ്ഫുരണം എന്ന വാക്കു കൊണ്ടുദ്ദേശിക്കുന്നത് ആ സ്വത്വത്തെയാണ്. സത്ത സ്വയം പ്രകാശ വസ്തുവായത് കൊണ്ട് അതിനെ സ്ഫുരണം എന്ന് വിശേഷിപ്പിച്ചിരിക്കുന്നു. അത് സ്വയമേവ അറിയപ്പെടുന്നു, അതിനാൽ മറ്റു വസ്തുക്കളും അറിയപ്പെടുന്നു.

യസ്യൈവ സ്ഫുരണം സദാത്മകമസത്കല്പാര്ഥകം ഭാസതേ

യസ്യൈവ ഏതൊരാളുടെ സ്ഫുരണം അഥവാ അസ്ഥിത്വം സദാത്മകം ഉണ്ട് ഉണ്ട് എന്ന അനുഭവ രൂപത്തിലാണോ, സത്താ രൂപത്തിലാണോ. എങ്ങനെയറിഞ്ഞു ? അതൊരു അനുഭവം. ചിന്തിച്ച് നോക്കിയിട്ടോ സ്പർശിച്ചിട്ടോ അല്ല ഞാനുണ്ട് എന്നറിഞ്ഞത്. അത് ഒരനുഭവം.Experience is the nature of awareness.Singular experience, non -dual experience.
രണ്ടാമതൊന്നില്ലാത്തത്.

അതിൽ ശ്രദ്ധിക്കുമ്പോൾ അസത്കല്പാര്ഥകം ഭാസതേ. സത്തിനെ ശ്രദ്ധിക്കുമ്പോൾ അതിൽ നിന്നന്യമായിട്ടുള്ളതൊക്കെയും ഞാൻ (I am, Amness, അഹമസ്മി) എന്ന അനുഭവമുണ്ടാകുന്ന ആ കേന്ദ്രമൊഴികെ മറ്റെല്ലാം മറഞ്ഞു പോകുന്നു.അത് മാത്രം പ്രകാശിക്കുന്നു. നാം ഇതൊരു അഭ്യാസമായെടുക്കണം. ഇരിക്കുമ്പോൾ, നടക്കുമ്പോൾ, യാത്ര ചെയ്യുമ്പോൾ ,ജോലി ചെയ്യുമ്പോൾ പതുക്കെ ഒരു കളി പോലെ ചെയ്ത് തുടങ്ങണം .ഞാനുണ്ട്, ഞാനെന്താണ്? എന്നത് ശ്രദ്ധിക്കണം. 

Nochurji .
malini dipu

No comments: