Monday, June 03, 2019

മായത്തരം കാട്ടുന്ന അമ്മ ഉമ

Saturday 1 June 2019 9:14 am IST
നമ്പിരാജന്‍ തന്റെ മകള്‍ക്ക് അനുരൂപനായ വരനാണോ വന്നിരിക്കുന്നതെന്ന്  അറിയാന്‍ തുടര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോള്‍ അവ്യക്തസത്യങ്ങളാല്‍ മുരുകന്‍ പരീക്ഷണങ്ങള്‍ തുടര്‍ന്നു.
എന്റെ അമ്മയുടെ പേര് ഉമ എന്നാണ്. എന്റെ അറിവ് അങ്ങനെയാണെങ്കിലും സത്യം പറഞ്ഞാല്‍ അമ്മയുടെ കാര്യമൊന്നും എനിക്കറിയില്ല. പലരും പലപേരിലും വിളിക്കുന്നതു കേള്‍ക്കാം. അമ്മ പലര്‍ക്കും വേണ്ടി ചില മായപ്പണികള്‍ ചെയ്തതു കൊണ്ടാണ് ഇങ്ങനെ പല പേരുകള്‍ വന്നത്. 
 നമ്പിരാജന്‍ ആശങ്കയിലായി. പലര്‍ക്കും വേണ്ടി കള്ളത്തരങ്ങള്‍ കാണിക്കുന്ന ഒരു സ്ത്രീയുടെ മകനെങ്ങനെ തന്റെ മകള്‍ക്ക് അനുരൂപനാകും. ഈ കള്ളത്തരങ്ങളും അതിന്റെ പാപവുമെല്ലാം എന്റെ കുട്ടിയും പരമ്പരയും അനുഭവിക്കേണ്ടി വരില്ലേ? 
എങ്ങനെ ഒഴിഞ്ഞു മാറാം എന്നായി നമ്പിരാജന്റെ ചിന്ത. പണ്ട് ജനകമഹാരാജാവ് തന്റെ മകളുടെ വിവാഹം നടത്തിയത് ഒരു മത്സരത്തിനു ശേഷമാണ്. മഹാദേവന്‍ നല്‍കിയ ഒരു വില്ല് കുലയ്ക്കാന്‍ തയ്യാറായതിനു ശേഷമാണ് സീതയെ ശ്രീരാമന് വിവാഹം ചെയ്തു നല്‍കിയത്. 
അതുപോലെ മഹാദേവഭക്തനായ ഞാനും എന്റെ മകളെ ഒരു മഹാവീരനുമാത്രമേ വിവാഹം ചെയ്തു നല്‍കൂ. എന്നെ യുദ്ധത്തില്‍ തോല്‍പ്പിക്കുന്ന ആളായിരിക്കണം ആ വീരനെന്ന് എനിക്കാഗ്രഹമുണ്ട്. 
തന്റെ ഭാര്യയാകാന്‍ പോകുന്ന സ്ത്രീയുടെ അച്ഛനോട് യുദ്ധം ചെയ്യുന്നതില്‍ മുരുകന് അതൃപ്തിയുണ്ട്. അതിനാല്‍ യുദ്ധം ഭയമാണെന്ന മട്ടില്‍ മുരുകന്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു. 
എന്നാല്‍ പലദുഷ്ടന്മാരേയും യുദ്ധത്തില്‍ കീഴക്കിയ സുബ്രഹ്മണ്യനെ ശ്രീവള്ളിക്ക്  വ്യക്തമായി തിരിച്ചറിയാം. അതുകൊണ്ടു തന്നെ അച്ഛനുമായുള്ള സുബ്രഹ്മണ്യന്റെ യുദ്ധം രണ്ടുവീരന്മാര്‍ തമ്മിലുള്ള പോരാട്ടം എന്ന നിലയില്‍ കാഴ്ചയില്‍ നല്ലൊരു വിരുന്നായിരിക്കുമെന്ന് ശ്രീവള്ളി നിശ്ചയിച്ചു. അതിനനുസരിച്ചുള്ള പ്രേരണയും ശ്രീവള്ളി രഹസ്യമായി ചെലുത്തി. 
ഒടുവില്‍ ശ്രീവള്ളിയെ തനിക്ക് ലഭിക്കാനായി നമ്പിരാജനുമായി യുദ്ധത്തിന് സുബ്രഹ്മണ്യന്‍ തയ്യാറായി. 
യുദ്ധത്തില്‍ സുബ്രഹ്മണ്യന്‍ തന്നെ വിജയിച്ചു. നമ്പിരാജനും കൂട്ടരും തളര്‍ന്നു വീണു. സുബ്രഹ്മണ്യന്‍ ശ്രീവള്ളിയേയും കൊണ്ട് സ്ഥലം വിട്ടെങ്കിലും പിന്നീട് നമ്പിരാജന്റേയും കൂട്ടരുടേയും തളര്‍ച്ച മാറ്റി. 
നമ്പിരാജന്‍ തന്റെ പരാജയം മഹാദേവന്റെ നിയോഗം തന്നെയെന്ന് ആശ്വസിച്ചു. പരാജയത്തിലെ പരിഭവം അദ്ദേഹം മഹാദേവനോടു തന്നെ കാണിച്ചു. ഈ ഘട്ടത്തിലാണ് ശ്രീനാരദ മഹര്‍ഷി നമ്പിരാജന്റെ മുമ്പിലെത്തി സുബ്രഹ്മണ്യന്‍ ആരാണെന്ന് ബോധ്യപ്പെടുത്തിയത്. 
തന്റെ ആരാധ്യദേവനായ മഹാദേവന്റെ പുത്രന്‍ തന്നെയാണ് സുബ്രഹ്മണ്യനെന്നറിഞ്ഞ നമ്പിരാജന്‍ അത്ഭുതപ്പെട്ടു.

No comments: