Monday, September 16, 2019

✍ *സത്യം!പരം!ധീമഹി! - ഭാഗവതകഥാമൃതം* ✍

 _കൊല്ലവർഷം 1195 കന്നി 01 (17/09/2019) ചൊവ്വ_

*അധ്യായം 21, ഭാഗം 1 - സ്വായംഭൂവ മന്വന്തരം*

⚜⚜⚜⚜⚜⚜⚜⚜⚜⚜


*ഓം നമോ ഭഗവതേ വാസുദേവായ...*


           🚩🚩🚩🚩🚩

*ഇതിനിടയ്ക്ക് പരീക്ഷിത്ത് ചോദിച്ചു, "അവിടുന്ന് സ്വായംഭൂവമനുവിന്റെ വംശം കുറച്ചധികം വിസ്തരിച്ചുവോ?" ഇനിയും കുറേ ആയുസ്സുണ്ടല്ലോ എന്നാണ് നമ്മുടെയൊക്കെ പ്രതീക്ഷ. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഇനി മൂന്നുനാലു ദിവസം കൂടിയേ ആയുസ്സുള്ളൂ എന്നറിയാം. അതിനിടയ്ക്ക് ഭഗവാന്റെ ലീലകളൊന്നും ഇതുവരെ പാടിയിട്ടേയില്ല. മനുഷ്യരുടെ കഥയേ പറഞ്ഞുള്ളു. ഒരു മനുഷ്യന്റെ കുടുംബപുരാണം മാത്രം. ഈ മട്ടിൽ പോയാൽ ഇനി പതിമൂന്ന് മനുക്കൾ വേറേയും ഉണ്ട്. ശ്രീശുകൻ പറഞ്ഞു, "പരിഭ്രമിക്കാതിരിക്കൂ. ഞാനൊരു മന്വന്തരം അൽപം വിസ്തരിച്ചു പറഞ്ഞത്. മറ്റുള്ളവയൊക്കെ- ഡിറ്റോ - തനിയാവർത്തനമായതുകൊണ്ടാണ്. ഒരുതരം ക്ലോണിങ്ങ് പോലെയാണ് എല്ലാ മന്വന്തരങ്ങളും. പക്ഷേ വളരെ സൂക്ഷ്മമായി പരിശോധിച്ചാൽ, അപൂർവമായി ചില ചെറിയ സംഭവങ്ങൾക്ക് വ്യത്യാസം കാണാം.*



*സ്വായംഭൂവമന്വന്തരത്തിന്റെ തന്നെ ഒരു സവിശേഷത, ഭഗവാന്റെ 'യജ്ഞൻ' എന്ന പേരിലുള്ള അവതാരമാണ്. മത്സ്യം, കൂർമം, വരാഹം, നരസിംഹം, വാമനൻ ഈ അവതാരങ്ങളൊക്കെ ഓരോ മന്വന്തരങ്ങളിലും ഉണ്ട്. പക്ഷേ ചില മന്വന്തരങ്ങളിൽ ഇതിനൊക്കെ പുറമെ പ്രത്യേകം ഒരവതാരം വേണ്ടിവരും*


*പിന്നെ രണ്ടാമത്തെ സ്വാരോചിഷ മന്വന്തരത്തിൽ ഭഗവാൻ 'വിഭു' എന്ന പേരിൽ അവതരിച്ചു. മനുഷ്യന് കഴിവൊക്കെ ഉണ്ട്. ബുദ്ധി, മനസ്സ്, ആരോഗ്യദൃഢഗാത്രം. പക്ഷേ പ്രവർത്തിയ്ക്കാൻ മാത്രം ഉത്സാഹമില്ല. എപ്പോൾ നോക്കിയാലും ചുരുണ്ടുകൂടിയങ്ങിനെ കിടക്കും. കോസറിയിൽനിന്ന് എണീയ്ക്കുകതന്നെയില്ല. 'ഉത്തിഷ്ഠത! ജാഗ്രത! പ്രാപ്യവരാൻ നിബോധത! മനുഷ്യനെ ഉന്മേഷഭരിതനാക്കാൻ വേണ്ടി മാത്രം അവിടുത്തേ ഒരവതാരം. അതുപോലെ മൂന്നാമത്തെ മന്വന്തരം - പ്രിയവ്രതന് രണ്ടാമത്തെ ഭാര്യയിൽ മൂന്ന് ഉണ്ണികളുണ്ടായി - ഉത്തമൻ, താമസൻ, രൈവതൻ. അവർ മന്വന്തരാധിപതികളായി. ഉത്തമന്റെ മന്വന്തര കാലത്ത് ആളുകൾക്ക് നുണപറയാതെ ഒന്നും ചെയ്യാൻ വയ്യ. ഐ.എസ്.ഡി വിളിച്ചിട്ടെങ്കിലും കുറെ നുണ ആരോടെങ്കിലും പറഞ്ഞുപരത്തണം രാവിലെ. അല്ലെങ്കിൽ പത്രപ്രസ്താവയിലൂടെയെങ്കിലും കല്ലുവെച്ച നുണ പറഞ്ഞില്ലെങ്കിൽ ഒന്നുമങ്ങട് നേരെയാവില്ല. അങ്ങിനെ ഒരു സ്വഭാവമായി. അപ്പോഴാണ് ഭഗവാൻ സത്യസേനൻ എന്ന പേരിൽ അവതരിച്ച്, 'സത്യം വദഃ ധർമം ചര' - ഇത് മനുഷ്യന്റെ ഹൃദയത്തുടിപ്പായി മാറ്റിയത്. "സത്യമേവ ജയതേ! " - നമ്മുടെ നാടിന്റെ മുദ്രാവാക്യം അതാണെന്ന് ഇപ്പോൾ ആർക്കും അറിയാത്ത മട്ടായിട്ടുണ്ട്. പിന്നെ നാലാമത്തെ താമസ മന്വന്തര കാലത്താണ് ഭഗവാൻ ആപത്തിൽ പെട്ട ഒരാനയെ രക്ഷിച്ചത്.*


*പരീക്ഷിത്ത് പറഞ്ഞു, ആ കഥ ഒന്ന് കേൾക്കാതെ വയ്യ. പ്രഹ്ലാദൻപോലും തന്റെ ഹൃദയത്തിലെ ഒരാരാദ്ധ്യപുരുഷനായി നൃസിംഹമൂർത്തിയുടെ മുൻപിൽ കാഴ്ചവെച്ചത് ഈ ആനയെ ആണ്. ഭക്തിയുടെ ഉദാത്തഭാവങ്ങളെ അനുസ്മരിപ്പിക്കുന്ന ഒരു ഗുരുനാഥനായാണ് ഈ ഗജേന്ദ്രൻ അവതരിക്കപ്പെട്ടത്.അതുകൊണ്ട് ആ ദിവ്യകഥ - ഗജേന്ദ്രമോക്ഷം - ശ്രീശുകൻ പാടി.*


    ♥♥♥

*സർവത്ര ഗോവിന്ദനാമ സങ്കീർത്തനം.. ഗോവിന്ദാ... ഹരി ഗോവിന്ദാ..*



             💙💙💙

 *ഉണ്ണികൃഷ്ണൻ കൈതാരം*

© *സദ്ഗമയ സത്സംഗവേദി*

*തുടരും....*

No comments: