Thursday, September 19, 2019

*സനാതനം 24*
🌸🌻🌸🌻🌸🌻🌸🌻🌸🌻

*ചതുർവേദങ്ങൾ*

*വേദങ്ങളിൽ വെച്ച് ഏററവും പഴക്കമേറിയതും ഉൽക്കഷ്ടവുമാണ് ഋഗ്വേദം. അഗ്നി, വായു, സൂര്യൻ, ഇന്ദ്രൻ, വരുണൻ, രുദ്രൻ, വിഷ്ണു, സരസ്വതി തുടങ്ങിയ ദേവന്മാരുടെ സ്തുതികളും ഉപാസനാക്രമങ്ങളും ഋഗ്വേദത്തിലുണ്ട്. ഇതിലെ ഓരോ സൂക്തവും ഋഷികളാൽ ദർശിച്ചവയാണ്. ഋഷിമാർ മന്ത്ര കർത്താക്കൾ അല്ല. അതായത് മന്ത്രങ്ങൾ അവർ എഴുതിയതല്ല, അവർക്ക് വെളിപ്പെട്ട് കിട്ടിയതാണ്. എന്താണിതിന് അർത്ഥം?*

*ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം തുടങ്ങിയവയൊക്കെ ആരെങ്കിലും നിർമ്മിച്ച് എഴുതി വെച്ചവയാണോ? തീർച്ചയായും അല്ല. ഇവയെല്ലാം പ്രപഞ്ചത്തിൽ അന്തർലീനമായ സിദ്ധാന്തങ്ങളാണ്. യുക്തിയും, ബുദ്ധിയും, നിരീക്ഷണ പരീക്ഷണങ്ങളും കൊണ്ട് ശസ്ത്രജ്ഞർ അവയെ വെളിപ്പെടുത്തുന്നു എന്ന് മാത്രം. ഇത് പോലെയാണ് വേദമന്ത്രങ്ങളും. അവ പ്രകൃത്യാ അന്തർലീനമാണ്. പുരാതന ഋഷിമാർ അവരുടെതായ കഴിവുകളും വൈദഗ്ദ്ധ്യവും കൊണ്ട് അതിന്റെ തത്ത്വങ്ങളെ വെളിപ്പെടുത്തിയിരിക്കുന്നു എന്നേയുള്ളൂ. അവർ ഒന്നും പുതുതായി കണ്ടുപിടിച്ചില്ല. പ്രപഞ്ചത്തിൽ അന്തർലീനമായ സത്യം കണ്ടറിഞ്ഞു. അതു കൊണ്ട് അവരെ നാം മന്ത്രദൃഷ്ടാക്കൾ എന്ന് വിളിക്കുന്നു.*

*ലോകനന്മയ്ക്ക് വേണ്ടി അനുഷ്ഠിച്ചുപോരുന്ന ക്രിയാകാര്യങ്ങൾ അടങ്ങുന്ന യാഗവും അതിന്റെ വിധികളുമാണ് യജുർവേദം പ്രധാനമായും ഉൾക്കൊള്ളുന്നത്. യജുർവേദത്തെ കൃഷ്ണ യജുർവേദം, ശുക്ള യജുർവേദം എന്നിങ്ങനെ രണ്ടായി വിഭജിച്ചിട്ടുണ്ട്. ആയോധനമുറകളും, രാജതന്ത്രം, യുദ്ധം, സൈന്യം എന്നിവയും യജുർവേദത്തിൽ അടങ്ങിയിരിക്കുന്നു.*

*സംഗീതപ്രധാനമാണ് സാമവേദം. ഋഗ്വേദമന്ത്രങ്ങൾ സാമവേദത്തിൽ മിക്കയിടത്തും ആവർത്തിക്കുന്നത് കാണാം. സ്വരമൂലങ്ങളെക്കുറിച്ചും, സ്ഥാനങ്ങളെക്കുറിച്ചും, ശ്രുതികളെ കുറിച്ചും, ലയങ്ങളെ കുറിച്ചുമൊക്കെ വിസ്തരിച്ചു പറയുന്ന നാരദീയശിക്ഷ സാമവേദത്തിൽ ഉൾക്കൊള്ളുന്നു.*

*പ്രകൃതിയുമായി ബന്ധപ്പെടുമ്പോൾ അനുഭവത്തിൽ വരുന്ന കാര്യങ്ങളെ നേരിടേണ്ടതെങ്ങിനെ എന്ന് അഥർവ്വവേദത്തിൽ വിവരിക്കുന്നു. അർത്ഥശാസ്ത്രം, പെരുമാറ്റച്ചട്ടം, സാമുദായിക ഘടന, രാഷ്ട്രനീതി, വിവിധ തരത്തിലുള്ള മന്ത്രവാദവിധികൾ എന്നിവയൊക്കെ ഉൾക്കൊള്ളുന്നു അഥർവ്വവേദം.*

*തുടരും......*

*©സദ്ഗമയ സത്സംഗവേദി*
🕉🕉🕉
190918

No comments: