Friday, September 06, 2019

ദുർജനസംസർഗം കൊണ്ട് മനുഷ്യന് വീഴ്ച സംഭവിക്കാം എന്നതുപോലെതന്നെ അതിനൊരു കൊറോളറിയുമുണ്ട്. ഈ സ്ത്രീ അജാമിളനുമായി പരിചയപ്പെടുന്നതുവരെ, നിത്യം ഓരോ വല്ലഭന്മാർ എന്ന ശൈലിയിലാണ് ജീവിച്ചിരുന്നതെങ്കിൽ, ഇദ്ദേഹവുമായി ബന്ധം സ്ഥാപിച്ചതുതൊട്ട് ആ സ്ത്രീയുടെ ജീവിതശൈലിയിൽ കുറെയൊക്കെ മാറ്റംവന്നു. അദ്ദേഹത്തിൽനിന്ന് സന്തതികളെ സ്വീകരിക്കാൻ അവൾ സന്നദ്ധയായി. അതിനുമുൻപ് ഗർഭധാരണം അവരുടെ തൊഴിലിന് വിഘാതമായിരുന്നു. പക്ഷേ ഇപ്പോൾ, കേവലം പുരുഷന്മാരെ പ്രീതിപ്പെടുത്തലല്ല, പരമപുരുഷനെ പ്രീതിപ്പെടുത്തലാണ് ജീവിതലക്ഷ്യമെന്ന് മനസ്സിലാക്കി അവൾ തന്റെ ഭർത്താവിനെ ഈശ്വരനെപ്പോലെ സേവിച്ചുവന്നു. പിന്നീടവൾ പരപുരുഷന്മാരുമായി ഇടപെട്ടില്ല. പരമപുരുഷനുമായി മാത്രമേ ബന്ധം സ്ഥാപിച്ചളളൂ. അവർക്ക് പത്ത് കുട്ടികൾ ഉണ്ടായി. ഏറ്റവും ഇളയ ഉണ്ണിക്ക് നാരായണൻ എന്ന് പേരിട്ടു.ആ ഉണ്ണിയോട് എന്തെന്നില്ലാത്ത വാത്സല്യമാണ് അജാമിളന്. ആ സത്രീക്ക് എല്ലാ കുട്ടികളോടും ഒരുപോലെ. അജാമിളന് എൺപത്തെട്ട് വയസ്സ് പ്രായമുള്ളപ്പോഴോ മറ്റോ പിറന്ന കുഞ്ഞാണ്. ഇപ്പോൾ അദ്ദേഹത്തിന് തൊണ്ണൂറിലധികം ആയിട്ടുണ്ട്. എന്നിട്ടുമദ്ദേഹം കുഞ്ഞിനെ ലാളിച്ചങ്ങിനെ കഴിഞ്ഞുകൂടി.*


*എന്തിനും ഏതിനും അദ്ദേഹത്തിന് നാരായണൻ വേണം. മരുന്ന് എടുത്തുകൊടുക്കാൻ, വടി കൊടുത്ത് എഴുന്നേൽപ്പിയ്ക്കാൻ എല്ലാം ഈ ബാലനായി ആശ്രയം. തന്റെ ഭാര്യയേയോ മറ്റു കുട്ടികളേയോ ഒന്നും അത്ര ശ്രദ്ധിക്കാറില്ല. മനസ്സും നാവും നാരായണനിൽ മാത്രം കേന്ദ്രീകരിച്ചു. ഈ ഉണ്ണി മാത്രമേ അച്ഛനെ ശുശ്രൂഷിക്കാനും തയ്യാറായിരുന്നുള്ളൂ. മറ്റുള്ളവർക്കൊക്കെ അകത്തു കടക്കാൻതന്നെ മടി. "അയ്യയ്യോ! വൃത്തികേട്! കോസറീമ്മെ തന്നെ... എന്താ ചെയ്യ്യാ? പറഞ്ഞാൽ കൂട്ടാക്കണ്ടേ!" ഈ നാരായണൻ വേണം പൂവും പ്രസാദവും തീർത്ഥവും ഒക്കെ കൊടുക്കാൻ. അച്ഛന് എന്തെങ്കിലും ശുശ്രൂഷകൾ ചെയ്യാൻ ഈ മൂന്നു - നാല് വയസ്സ് പ്രായമുള്ള കുഞ്ഞേ ഉണ്ടായിരുന്നുള്ളു. അമ്മ മകനെ ഏൽപ്പിക്കും ഗുളികയും വെള്ളവും അച്ഛന് കൊണ്ടുകൊടുക്കാൻ. നാരായണൻ എണീറ്റുവോ, അമ്പലത്തിൽ തൊഴുതുവോ മുതലായ കാര്യങ്ങളിൽ അദ്ദേഹത്തിന്റെ ശ്രദ്ധയെത്തും. അങ്ങിനെ കഴിയുമ്പോൾ പോകേണ്ട സമയമായി. യമകിങ്കരന്മാർ വന്ന് ജീവചൈതന്യത്തെ ശരീരത്തിൽനിന്ന് വരിഞ്ഞുമുറുക്കി കെട്ടിവലിച്ചുകൊണ്ടു പോകാൻ ശ്രമിക്കുമ്പോൾ, തന്റെ മകൻ ഇവരെ കണ്ടു പേടിച്ചാലോ എന്ന് വിചാരിച്ച്, അക്ഷരം നാവിൽനിന്ന് പുറപ്പെടുന്നില്ലെങ്കിലും സർവശക്തിയും സംഭരിച്ച് 'നാരായണാ' എന്ന് വിളിച്ചു. ആ ഓരോ അക്ഷരത്തിനും നാമരൂപം കൈവന്നതുപോലെ, അതി തേജസ്വികളായ നാലു പേർ വന്ന് യമകിങ്കരന്മാരെ തടഞ്ഞു.*


*അവർ പറഞ്ഞു; " ഞങ്ങൾ ധർമ്മരാജന്റെ നിർദേശാനുസരണം ഈ ജീവനെ കൊണ്ടുപോകാൻ വന്നതാണ്. ഇയാൾ മഹാപാപങ്ങൾ ചെയ്തിട്ടുണ്ട്. നിങ്ങൾ കണ്ടാൽ മഹായോഗ്യന്മാരാണല്ലോ? പിന്നെന്തേ ഞങ്ങളുടെ കർത്തവ്യത്തിന് തടസ്സം നിൽക്കുന്നത്?ഞങ്ങൾ പാപികളെയാണ് നരകത്തിൽ കൊണ്ടുപോകുന്നത്." അയാൾ ചെയ്ത പാപങ്ങളുടെ ഒരു പട്ടിക തന്നെ യമകിങ്കരന്മാർ നിരത്തി. അപ്പോൾ വിഷ്ണുപാർഷദന്മാർ ചിരിച്ചുകൊണ്ടു പറഞ്ഞു; "ഭഗവാന്റെ നാമം ജപിച്ചപ്പോൾ ഇയാൾ ചെയ്ത പാപങ്ങളൊക്കെ നശിച്ചുപോയിരിക്കുന്നു."*
*"അങ്ങിനെ ഒരു നാമം ജപിച്ചാൽ എല്ലാ പാപങ്ങളും നശിക്കുമോ?" "എന്തുകൊണ്ടില്ല? ഒരു തീപ്പൊരികൊണ്ട് ഒരു വലിയ കാടുമുഴുവൻ ചിലപ്പോൾ ദഹിച്ചുപോവില്ലേ? ഒരു ചെറിയ ഗുളികകൊണ് ചിലപ്പോൾ ഒരു വലിയ രോഗം മാറില്ലേ? ഒരു ഇഞ്ചക്ഷൻ കൊണ്ട് പെട്ടെന്ന് രോഗശാന്തി കിട്ടില്ലേ? എത്ര എന്നുള്ളതല്ല, നമ്മൾ അത് സേവിക്കുമ്പോൾ അതിന്റെ ചൈതന്യം എത്രകണ്ട് വ്യാപിക്കുന്നു, നമുക്ക് ഉൾക്കൊള്ളാനാകുന്നു എന്നതിനെ അനുസരിച്ചാണ് ഈ വക കാര്യങ്ങൾ. എന്തായാലും ഇതിനെപ്പറ്റിയൊന്നും നിങ്ങളോടു തർക്കിക്കാൻ ഞങ്ങൾക്ക് നിർദേശം ഇല്ല. അദ്ദേഹത്തെ രക്ഷിക്കേണ്ടത് ഞങ്ങളുടെ ഡ്യൂട്ടിയാണ്. അത് ഞങ്ങൾ ചെയ്തു. ഈ വിഷയത്തിൽ ഇനി എന്തെങ്കിലും ചർച്ച ആവശ്യമുണ്ട് എന്നു തോന്നുന്നുവെങ്കിൽ, നിങ്ങളുടെ യജമാനന്റെ അടുക്കൽ തന്നെ ചെല്ലൂ."*

No comments: