Friday, September 06, 2019

ദക്ഷിണ*


*പുണ്യകർമങ്ങൾക്കു മുമ്പോ ശേഷമോ കാർമികത്വം വഹിക്കുന്ന വ്യക്തിക്കു നല്കുന്ന ഔപചാരിക പ്രതിഫലമാണ് ദക്ഷിണ. വൈദിക-താന്ത്രിക-മാന്ത്രിക കർമങ്ങൾ, ബ്രാഹ്മണരുടെ ഷോഡശക്രിയകൾ തുടങ്ങിയവയ്ക്കാണ് സാധാരണയായി ദക്ഷിണ നല്കപ്പെടുന്നത്*.

*വെറ്റില, പാക്ക്, പണം എന്നിവയാണ് ദക്ഷിണയ്ക്ക് പതിവ്. ഇവ വെള്ളം, ചന്ദനം, പൂവ് എന്നിവയോടൊപ്പം വലതുകൈയിൽ എടുത്ത് 'ഓം തത്സത്' എന്ന മന്ത്രം ചൊല്ലിയാണ് നല്കേണ്ടത്. ശ്രാദ്ധം പോലെയുള്ള ചടങ്ങുകളിൽ വസ്ത്രം, നാളികേരം തുടങ്ങിയവയും ദക്ഷിണയായി നല്കാറുണ്ട്*.

*ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായത്തിൽ വിദ്യാഭ്യാസം പൂർത്തിയായതിനുശേഷം ഗുരുദക്ഷിണ നല്കുന്ന പതിവ് നിലനിന്നിരുന്നു. പണം, ഭൂമി, ധാന്യം, വസ്ത്രം, ഗോക്കൾ തുടങ്ങി ഗുരു എന്ത് ഇച്ഛിക്കുന്നുവോ അത് ശിഷ്യൻ എത്തിച്ചുകൊടുക്കണമെന്ന് ഭവിഷ്യത് പുരാണത്തിൽ പറയുന്നു. ഗുരുക്കന്മാർ ആവശ്യപ്പെട്ട ദക്ഷിണ നല്കുന്നതിനായി ശിഷ്യന്മാർ അനുഭവിച്ച ക്ലേശങ്ങളെയും അനുഷ്ഠിച്ച ത്യാഗങ്ങളെയും കുറിച്ചുള്ള കഥകൾ പുരാണങ്ങളിൽ നിരവധിയുണ്ട്*.

*വിഷ്ണുപുരാണത്തിലും ദേവീഭാഗവതത്തിലും 'ദക്ഷിണ' എന്നു പേരുള്ള ദേവിയെക്കുറിച്ച് പരാമർശമുണ്ട്. രുചിപ്രജാപതിക്ക് ആകൂതി എന്ന ഭാര്യയിൽ ജനിച്ച പുത്രിയാണ് ദക്ഷിണ. ദക്ഷിണാദേവിയും ഭർത്താവായ യജ്ഞപുരുഷനും പുത്രനായ ഫലദനുമാണ് കർമഫലങ്ങൾ വിതരണം ചെയ്യുന്നത് എന്നാണ് വിശ്വാസം. യജ്ഞാവസാനം നടത്തുന്ന ദാനത്തിനും ദക്ഷിണ എന്നു പേരുണ്ട്. നായികമാരിൽ ഒരു വിഭാഗവും ദക്ഷിണ എന്ന് വ്യവഹരിക്കപ്പെടുന്നു. ദക്ഷിണദിക്ക് എന്നു വിശേഷിപ്പിക്കുമ്പോൾ തെക്ക് എന്ന അർഥവും ദക്ഷിണയ്ക്കുണ്ട്*.


*കാരിക്കോട്ടമ്മ*
Attachments area

No comments: