Tuesday, February 11, 2020

ഹരിനാമകീർത്തനം-91

    ധന്യോഹമെന്നുമതി
    മാന്യോഹമെന്നുമതി
    പുണ്യങ്ങൾ ചെയ്ത പുരുഷൻ   
    ഞാനിതെന്നുമിതി
    എന്നല്ല കാൺകൊരു
    കൊടുങ്കാടു ഡംഭമയ-
    മൊന്നിച്ചുകൂടിയതു
    നാരായണായ നമഃ. (48)

   ഐശ്വര്യമഹിമകൊണ്ടു ഞാൻ ധന്യനാണെന്നും ഞാൻ മറ്റുള്ളവരെക്കാളൊക്കെ മാന്യനാണെന്നും ഞാൻ വേണ്ടതിലധികം പുണ്യങ്ങൾ
ചെയ്ത വ്യക്തിയാണെന്നും അനേകതരത്തിൽ ഇപ്രകാരം മദമയമായ ഒരു കൊടുങ്കാടുതന്നെ ഭക്തിഹീനമായ മനുഷ്യന്റെ ചിത്തത്തിൽ ഒരുമിച്ചു തഴച്ചു വളരുന്നതു കാണാൻ കഴിയും. നാരായണനു നമസ്കാരം.

ദംഭമയമായ കൊടുങ്കാട്

    മനുഷ്യചിത്തത്തിൽ ദംഭമയമായ കൊടുങ്കാടു വളരുന്നതിപ്രകാരമാണ്; ഞാൻ പ്രഭുവാണ്, ഞാൻ സർവ്വ സുഖസമ്പന്നനാണ്. ഞാൻ സിദ്ധനാണ്, ബലവാനാണ്, സുഖിയാണ്, ഞാൻ ആഢ്യനാണ്, ഉത്തമകുല ജാതനാണ്, എന്നെപ്പോലെ മറ്റാരുണ്ട്, ഞാൻ വലിയ യാഗങ്ങൾ ചെയ്യുന്നുണ്ട്, ഞാൻ ധാരാളം ദാനം ചെയ്യുന്നുണ്ട് എന്നിങ്ങനെ. അജ്ഞാനത്തിന്റെ
ഫലമായിട്ടാണ് ദംഭമയമായ കൊടുങ്കാട് തഴച്ചുവളരുന്നത്. ഇതിന്റെ പരിണതഫലം ഭഗവാൻ ഗീതയിൽ ഇങ്ങനെ വിവരിക്കുന്നു.

    അനേകചിത്തവിഭ്രാന്തി 
    മോഹജാലസമാവൃതാഃ
    പ്രസക്താഃ കാമഭോഗേഷു
    പതന്തി നരകേfശുചൗ
                                          (ഗീത,16-16)

   ഇങ്ങനെ അനേകതരത്തിലുള്ള മാനസികവിഭ്രമങ്ങളിൽക്കൂടി മോഹജാലങ്ങളാൽ ആവൃതരായി ഭവിക്കുന്നു. തുടർന്ന് കാമഭോഗങ്ങളിൽ അത്യധികം ആസക്തരായി പാപപങ്കിലമായ നരകത്തിൽ പതിക്കുകയും ചെയ്യുന്നു.

   ദംഭമയമായ ഈ കൊടുങ്കാട് ജ്ഞാനാഗ്നിയിൽ ദഹിച്ചു ചാമ്പലാകുന്നു. തുടർന്ന് ചിത്തം ഏകാഗ്രപ്പെടുന്നതോടെ സഹസ്രാരപത്മത്തിൽനിന്നും അമൃതധാര വർഷിച്ച് ചിത്തത്തെ പരാഭക്തിയിൽ കൊണ്ടെത്തിക്കുന്നു. ഈ അനുഭവസ്വരൂപമാണ് നാൽപ്പത്തൊമ്പതാം പദ്യത്തിൽ വിവരിച്ചരിക്കുന്നത്.

ഓം. വ്യാഖ്യാതാ പ്രൊഫസർ
ശ്രീ ബാലകൃഷ്ണൻ സർ അവർകൾ.
തുടരും.

No comments: