Friday, February 14, 2020

🙏 എല്ലാവർക്കും നമസ്കാരം🙏 ശ്രീ ഗുരുവായൂർ അമ്പാടി കണ്ണന്റെ ഒരു ദിവസം💥

നിർമാല്യം മുതൽ തൃപ്പുകവരെ.

ഉച്ചപ്പൂജക്ക് കണ്ണന്റെ കളഭാലങ്കാരം.( 55).

കണ്ണന്റെ ഏഴാമത്തെ വയസ്സിൽ നന്ദ ഗോകുലത്തിൽ ആടിയ ഒരു ലീലയാണ് "ഗോവർദ്ധ നോദ്ധരണം "

ഗോവർദ്ധനോദ്ധരണം ലീല ഗുരുവായൂർ ശ്രീലകത്ത് കണ്ണൻ കളഭച്ചാർത്തിലൂടെ ഒന്ന് കൂടി ആടുകയാണ്.

അതി മനോഹരമായാണ്  ഗോവർദ്ധനപർവതം കൂടയാക്കി പിടിച്ച് വേണു ഊതി കൊണ്ട് പുഞ്ചിരിച്ച് നിൽക്കുന്ന കണ്ണനുണ്ണിയെ കളഭത്താൽ അലങ്കരിച്ചിരിക്കുന്നത്.

ഏഴുവയസ്സുള്ള ഉണ്ണി ഒരു പർവതം കുടയാക്കിപ്പിടിക്കുകയോ?

ആരാണ് ഈ കണ്ണനുണ്ണി?
എല്ലാ ജീവ ജാലങ്ങളൂടേയും പരമ കാരണം കണ്ണനാണ്.

വേദാന്തികൾ കണ്ണനെ ബ്രഹ്മമെന്ന് പറയുന്നു.

മീംമാസകന്മാർ ധർമ്മ മെന്ന് പറയുന്നു.

സംഖ്യന്മാർ പ്രകൃതിയേയും പുരുഷനേയും അതിക്രമിച്ച പുരുഷോത്തമനാണ്‌ എന്ന് പറയുന്നു.

യോഗ്യകൾ ജന്മവും നാശവുമില്ലാത്തവനും സ്വതന്ത്രനുമായ മഹാപുരുഷനായും പറയുന്നു.

തന്ത്രശാസ്ത്രങ്ങളെ ആശ്രയിച്ചവർ വിമലാ, ഉൽകർഷിണി, ജ്ഞാനം, ക്രിയാ, യോഗാ, പ്രഹ്വീ, സത്യാ, ഇശാനാ, അനുഗ്രഹാ എന്നീ ഒമ്പത് ശക്തികളോടുകൂടിയ ഈശ്വരനായി പറയുന്നു.

ഇതെല്ലാം പറയുന്നത് ഗുരുവായൂർ ശ്രീലകത്ത് കളഭാലങ്കാരത്താൽ ഗോവർദ്ധനത്തെ കുടയാക്കി പിടിച്ച് ശോഭിക്കുന്ന ആ കണ്ണനുണ്ണിയെ പറ്റി തന്നെയാണ് .

കണ്ണന്റെ ഇടത്തെ കയ്യിൽ പൊക്കി പിടിച്ച ഗോവർദ്ധന പർവ്വതം.

പർവത്തിന് താഴെ ഗോപീ ഗോപന്മാരും, ഗോക്കളും ഭയലേശമന്യേ കണ്ണനു ചുറ്റും നിൽക്കുന്നു.

പർവതത്തിനു മുകളിൽ പ്രളയകാല മേഘങ്ങൾ തിമർത്ത് പെയ്യുന്നു.

 ഊർദ്ധ്വഭാഗത്ത്  സൂര്യ കോടി പ്രഭയുള്ള സുദർശന ചക്രായുധം വർഷിക്കുന്ന ജലമെല്ലാം വറ്റിക്കുന്നു.

അനന്തൻ ഗിരിക്കു ചുറ്റും മതിൽ പോലെ ചുരുണ്ട് കിടന്ന് വെള്ളം അകത്ത് കയറാതെ രക്ഷിക്കുന്നു.

ശ്രിലകത്തെ കളഭലങ്കാരം എത്ര മനോഹരമാണെന്നോ ഉച്ചപ്പൂജക്ക് കളഭത്താൽ കണ്ണനെ  അലങ്കരിച്ചിരിക്കുന്നത്.

പുഞ്ചിരിച്ച് നിൽക്കുന്ന കണ്ണനെ എത്ര കണ്ടാലും മതിവരില്ല.

സർവ്വ രക്ഷകനായ ഗോവർദ്ധന  കണ്ണൻ നമ്മളേയും എല്ലാ അപത്തുകളിൽ നിന്നും രക്ഷിക്കട്ടെ.
കൃഷ്ണാർപ്പണം🙏
ചെറുതയ്യൂർ വാസുദേവൻ നമ്പൂതിരി.ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തി.9048205785.

No comments: