BHAGAVAD GITA AND MANAGEMENT Management has become a part and parcel in everyday life, or in any other organization where a group of human beings assemble for a common purpose, management principles come into play through their various facets like management of time, resources, personnel, materials, machinery, finance, planning, priorities, policies and practice. THE ESSENCE AND MESSAGE OF HOLY GITA IS A TOOL FOR EFFECTIVE MANAGEMENT
Thursday, July 04, 2024
ഉപനിഷത്ത് കഥകള്‍
ആരുണിയുടെ പുത്രനാണ് ഉദ്ദാലകന്. ഗുരുകുല വിദ്യാഭ്യാസം നടിയ ഉദ്ദാലകന് പാരമ്പര്യമനുസരിച്ച് നിത്യാനുഷ്ഠാനങ്ങളും ജപധ്യാനാദികളും ചെയ്തു. ശാസ്ത്രങ്ങളെല്ലാം യഥാവിധി അഭ്യസിച്ച് ഉദ്ദാലകന് എങ്ങും സുപ്രിസിദ്ധനായി മാറി. വ്രതാനുഷ്ടാനങ്ങളിലൂടെ ഒരു മഹര്ഷിയായിത്തീരാനും ഉദ്ദാലകനു സാധിച്ചു.
ഉദ്ദാലകമഹര്ഷിയുടെ മകനാണ് ശ്വേതകേതു. തന്റെപിതാവിനെപ്പോലെ മഹാജ്ഞാനിയാകണമെന്നൊന്നും ശ്വേതകേതു ആഗ്രഹിച്ചില്ല. ഗുരുകുലവാസവും ശാസ്ത്രപഠനവും ബഹുകഠിനമാണെന്ന് അവന് കരുതി. തപസ്സനുഷ്ഠിക്കുന്നതാണെങ്കില് അതിനേക്കാള്‍ ബുദ്ധിമുട്ടു സഹിക്കേണ്ടി വരും. വെറുതെ അവയ്ക്കൊന്നിനും തുനിയേണ്ട. നല്ല ഭക്ഷണം കഴിക്കണം. കൂട്ടുകാരോടൊപ്പം കളിച്ചു രസിച്ചു നടക്കണം. അതില്‍പ്പരം പാണ്ഡിത്യംകൊണ്ട് എന്തു നേടാനാണ്?
തന്റെ സമയം മുഴുവനും കൂട്ടുകാരുമായി കളിച്ചു കളയുവാനാണ് ശ്വേതകേതു ഇഷ്ടപ്പെട്ടത്.
അങ്ങനെ ആ ബാലന് വളര്‍ന്നുവന്നു. ഉപനയനത്തിന് സമയമായി. ഉപനയനം കഴിഞ്ഞ് ബ്രഹ്മചാരിയായി വേണം ഗുരുകുലത്തില്‍ വസിക്കുവാന്‍. ഉപനീതനാകുവാനും ഗുരുകുലത്തില്‍ പോയി വിദ്യാഭ്യാസം നല്കുവാനും ശ്വേതകേതുവിനു താല്പര്യമില്ലാതായി. അതോടെ ഉദ്ദാലകന്റെ മനസ്സ് വേദനിച്ചു. മകന്റെ നല്ലഭാവിയെ കരുതി ആ പിതാവ് കുടുംബത്തിന്റെ പാരമ്പര്യത്തിനൊത്തവണ്ണം മകന്റെ ഉപനയനം നടത്തി. ഉദ്ദാലകന് മകനോടു പറഞ്ഞു:
“ശ്വേതകേതു! ധാരാളം പണ്ഡിതന്മാര്ക്കും ബ്രഹ്മജ്ഞാനികള്ക്കും ജന്മം നല്കിയ ബ്രാഹ്മണ കുടുംബമാണ് നമ്മുടേത്. ബ്രഹ്മജ്ഞാനമുള്ളവനാണ് യഥാര്‍ത്ഥ ബ്രാഹ്മണന്. ഞാനും എന്റെ അച്ഛനും മുത്തച്ഛനുമെല്ലാം ബ്രാഹ്മണരാണ്. പാരമ്പര്യങ്ങളെ അനുഷ്ഠിച്ചു പോന്നവരാണ്. മകനേ, നീയും ആ പാരമ്പര്യത്തെ നിലനിര്‍ത്തണം. നീ വംശത്തിന് കളങ്കമാകാന് പാടില്ല. നീ ബ്രഹ്മചാരിയായി ഗുരുകുലത്തില്‍ വസിക്കുക. നമ്മുടെ ഉത്തമവംശത്തിലുള്ള നീ ബ്രാഹ്മണനാകാതെ പോകുന്നത് ശരിയല്ല. അപമാനവുമാണ്.”
അച്ഛന്റെ ആഗ്രഹമനുസരിച്ച് ശ്വേതകേതു ഗുരുകുലത്തിലെത്തി. ഉത്തമനായ ഒരു ഗുരുവിന്റെ കീഴില്‍ പഠനമാരംഭിച്ചു. വേദപണ്ഡിതനായിത്തീരുക അത്ര എളുപ്പമുള്ള കാര്യമല്ല. വളരെക്കാലം കഠിനമായി അധ്വാനിച്ചു പഠിക്കണം. ഗുരുവിന്റെ കീഴില്‍ വളരെക്കാലം കഴിച്ചുകൂട്ടി വേദപണ്ഡിതനായിത്തീര്ന്ന ശ്വേതകേശു വളരെ വര്‍ഷങ്ങള്‍ക്കു ശേഷം സ്വഗൃഹത്തില്‍ മടങ്ങിയെത്തി. താന്‍ ഒരു മഹാപണ്ഡിതനായിത്തീര്ന്നിരിക്കുന്നു എന്ന ഭാവം ശ്വേതകേതുവിനുണ്ടായിരുന്നു. മറ്റുള്ളവരോട് സംസാരിക്കുമ്പോഴും ഇരിപ്പിലും നടപ്പിലുമെല്ലാം ആ ഗര്‍വ്വ് നിറഞ്ഞു നിന്നു.
ശ്വേതകേതുവിന്റെ ഭാവങ്ങള്‍ കണ്ടമാത്രയില്‍ ഉദ്ദാലകനു ഒരു സംഗതി ബോധ്യമായി. ‘തന്റെ പുത്രന് വേദശാസ്ത്രാദികളെ വേണ്ടപോലെ പഠിച്ചിട്ടില്ല.’
വേദം എന്നത് ശുദ്ധമായ അറിവാണ്. അറിവു നേടിയവന് അഹങ്കാരമുണ്ടാകുകയില്ല. വിദ്യകൊണ്ട് നേടുന്നത് വിനയമാണ്. ‘വിദ്യാ ദദാതി വിനയം’ എന്നാണ് ശാസ്ത്രം പഠിപ്പിക്കുന്നത്. ശ്വേതകേതുവിനാണെങ്കില് ഇപ്പോള്‍ അല്പം പോലും വിനയം കാണുന്നില്ല. പണ്ഡിതനാണെന്ന ഗര്വ്വാണ് പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്. ബ്രഹ്മജ്ഞാനവും അഹങ്കാരവും ഒന്നിച്ചിരിക്കുകയില്ല. പ്രകാശസ്വരൂപമാണ് ജ്ഞാനം. അത് ഇരുട്ടാകുന്ന അഹങ്കാരത്തെ നശിപ്പിക്കുന്നതാണ്. അല്പജ്ഞാനികള് താന്‍ എല്ലാമറിഞ്ഞെന്ന് അഹങ്കരിച്ച് നാടുചുറ്റി നടക്കും. അവര്‍ സഭകളില്‍ വാദപ്രതിവാദങ്ങളും കുതര്ക്കങ്ങളും നടത്തും. എന്നാല്‍ എല്ലാമറിയുന്ന ജ്ഞാനി സദാ വിനയാന്വിതനായിരിക്കും.
ശ്വേതകേതുവിന്റെ അഹങ്കാരം നശിപ്പിക്കണമെന്നും അവന് യഥാര്‍ത്ഥജ്ഞാനം ഉണ്ടാകണമെന്നും ഉദ്ദാലകന് വിചാരിച്ചു ആ ചിന്തയില്‍ അദ്ദേഹം സ്വപുത്രനെ അരികിലേയ്ക്കു വിളിച്ചു വരുത്തി.
“ശ്വേതകേതു…”
“എന്താണ് അച്ഛാ?”
“മകനേ, വളരെ വര്ഷങ്ങള്കൂടി നിന്നെ ഞാന്‍ കാണുകയാണ്. നിന്നെ കണ്ടിട്ട് ഒരു മഹാപണ്ഡിതന്റെ ഭാവമുണ്ട്. നീ വേദവും ശാസ്ത്രങ്ങളുമെല്ലാം ശരിയായിട്ട് അറിഞ്ഞുവോ?”
“തീര്‍ച്ചയായും. ഇക്കാലമത്രയും ഞാന്‍ കഷ്ടപ്പെട്ട് പഠിക്കുകയായിരുന്നില്ലേ?”
“എങ്കില്‍ ഒന്നു ചോദിക്കട്ടെ. മകനേ, എന്തുകണ്ടാല് പിന്നെ യാതൊന്നും കാണേണ്ടതില്ലയോ, എന്തുകേട്ടാല് പിന്നെ യാതൊന്നും കേള്ക്കേണ്ടതില്ലയോ, എന്തറിഞ്ഞാല് പിന്നെ യാതൊന്നുമറിയേണ്ടതില്ലയോ ആ അറിവ് എന്താണെന്ന് നിനക്കറിയാമോ?”
ഈ ചോദ്യം കേട്ട് ശ്വേതകേതു അമ്പരന്നു. വല്ലാതെ പതറിപ്പോയി. എത്ര ആലോചിച്ചിട്ടും ഒന്നും വ്യക്തമല്ല. ഇങ്ങനെയും ഒരറിവുണ്ടോ? ശ്വേതകേതു താന്‍ അതുവരെ പഠിച്ചതെല്ലാം ഓര്‍ത്തുനോക്കി. തന്റെ പിതാവിന്റെ ചോദ്യത്തിനുത്തരം അവന് അറിയില്ലായിരുന്നു.
മകന്റെ അന്ധാളിപ്പുകണ്ട് ഉദ്ദാലകന് ചോദ്യം കുറെകൂടി ലളിതമാക്കി വിശദീകരിച്ചു.
“മകനേ, ലോകത്തില്‍ അനേകം പദാര്ത്ഥങ്ങളുമുണ്ട്. അതുകൊണ്ട് ഓരോ പദാര്ത്ഥങ്ങളേയും വേറെയെടുത്ത് ശരിയാംവണ്ണം അറിയുവാന്‍ നമുക്കാകുകയില്ല. അവ എണ്ണത്തില്‍ അത്രയധികമുണ്ട്. നമ്മുടെ ആയുസ്സാണെങ്കില് വളരെക്കുറച്ചു മാത്രവും. എന്നാല്‍ പദാര്‍ത്ഥങ്ങളുടെ ഗുണചിന്തനത്തിലൂടെ അവയുടെ അടിസ്ഥാനതത്ത്വം മനസ്സിലാക്കുവാന്‍ സാധിക്കും. നീ പലതരത്തിലുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ കണ്ടിട്ടില്ലേ?
വള, മാല, മോതിരം, കമ്മല്‍ എന്നിങ്ങനെ ബഹുവിധം ആഭരണങ്ങള്‍ സ്വര്‍ണ്ണം കൊണ്ടുണ്ടാക്കിയവയുമുണ്ട്. എന്നാല്‍ ഇവെല്ലാം ഉരുക്കിയാല് സ്വര്‍ണ്ണം മാത്രമാണ്. വളയും മാലയും ആകുന്നതിനുമുമ്പും അവ സ്വര്‍ണ്ണമായിരുന്നു. വള, കമ്മല്‍, മോതിരം, മാല എന്നിവയൊക്കെ വെറും നാമരൂപങ്ങള്‍ മാത്രം. സത്യത്തില്‍ അവ എപ്പോഴും സ്വര്‍ണ്ണമാണ്. സ്വര്ണ്ണപ്പണിക്കാരന് സ്വര്‍ണ്ണം കൊണ്ട് വിവിധരൂപങ്ങള്‍ ഉണ്ടാക്കുന്നു. ആ രൂപത്തിന് ആകൃതിയ്ക്കനുസരിച്ച് പല പേരുകള്‍ പറയുന്നു. അത്രമാത്രം. ഇവിടെ സ്വര്ണ്ണപ്പണിക്കാരന് ഒരു നിമിത്ത കാരണം. അയാള്‍ സത്യത്തില്‍ മാലയോ വളയോ ഒന്നുമല്ല. മകനേ, ഇനി ആലോചിച്ച് നോക്കിയിട്ട് എന്റെ ചോദ്യത്തിന്ഉത്തരം പറയൂ….”
“അച്ഛാ, എന്റെ ഗുരു ഇതൊന്നും പറഞ്ഞുതന്നിട്ടില്ല. അച്ഛന് അതെന്താണെന്ന് എനിക്ക് പറഞ്ഞു തന്നാലും.” ശ്വേതകേതു അച്ഛനോട് അപേക്ഷിച്ചു. അപ്പോള്‍ അവന്റെ ഗര്വ്വെല്ലാം നശിച്ചുകഴിഞ്ഞിരുന്നു. അതുകൊണ്ട് ഉദ്ദാലക മഹര്‍ഷി പുത്രനോട് യഥാര്‍ത്ഥ അറിവിനെക്കുറിച്ച് വിശദീകരിച്ചു.
“ശ്വേതകേതോ, നീ ചുറ്റും കാണുന്ന ഈ പ്രപഞ്ചമില്ലേ? അത് മുമ്പ് ഉണ്ടായിരുന്നില്ല. ഇവയെല്ലാം ഉണ്ടാകുന്നതിനുമുമ്പ് ആദിയില്‍ ഒരു ചൈതന്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ സത്വസ്തുവല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല.
ആ സത്ത് പലതാകട്ടെ എന്നാഗ്രഹിച്ചു.
ആദ്യം പഞ്ചതന്മാത്രകളുണ്ടായി.
പഞ്ചഭൂതങ്ങളുടെ സൂക്ഷ്മരൂപങ്ങളാണ് പഞ്ചതന്മാത്രകള്. ആകാശം വായു, അഗ്നി, ജലം, ഭൂമി ഇവയാണ് പഞ്ചഭൂതങ്ങള്‍.
പിന്നീട് ജീവാത്മാവ് സ്ഥാവരജംഗമവസ്തുക്കളില് സ്വയം പ്രകടിതമായി. ആദിയില്‍ ഇവിടെ ഉണ്ടായിരുന്ന ആ സത്തു തന്നെയാണ് ജീവജാലങ്ങളില്‍ ചൈതന്യസ്വരൂപനായ ജീവാത്മാവായി നിലനില്‍ക്കുന്നത്. അതുകൊണ്ട് ആ”സത്തിനെ” അറിഞ്ഞാല്‍ എല്ലാത്തിനേയും അറിയാം.
മകനേ, ഞാന്‍ നിന്നോടു ചോദിച്ചില്ലേ, ഏതൊന്നിനെ അറിഞ്ഞാലാണോ പിന്നെ യാതൊന്നും അറിയേണ്ടതില്ലെന്ന്. ഉത്തരമിതാണ്.സകല ജീവജാലങ്ങളിലും നിറഞ്ഞു നില്ക്കുന്ന ആ “സത്യത്തിന്റെ” അറിവിലൂടെ എല്ലാം അറിയാനാകും. പിന്നെ മറ്റൊന്നും അറിയാനില്ല!”
അത്രയും കേട്ടുകഴിഞ്ഞപ്പോള്‍ ശ്വേതകേതുവിന് അനേകം സംശയങ്ങളുണ്ടായി.
“ആദിയില്‍ ഒന്നായിരുന്നത് എങ്ങനെയാണ് പലതാകുന്നത്? സൂക്ഷ്മത്തില്നിന്ന് എങ്ങനെ സ്ഥൂലമുണ്ടാകും? ഒന്നും വ്യക്തമായി മനസ്സിലാകുന്നില്ലല്ലോ.”
ശ്വേതകേതുവിന്റെ അവസ്ഥ മനസ്സിലാക്കി ഉദ്ദാലക മഹര്‍ഷി പറഞ്ഞു:
“ശരി, നീ ഇപ്പോള്‍ പോകുക പതിനഞ്ചു ദിവസങ്ങള്‍ ഇനി ആഹാരമൊന്നും കഴിയ്ക്കരുത്. ആവശ്യമെങ്കില്‍ വെള്ളം മാത്രം ഇടയ്ക്കിടയ്ക്ക് കുടിക്കാം. വിരോധമില്ല. പതിനാറാമത്തെ ദിവസം ഇനി നമുക്കു തമ്മില്‍ കാണാം.”
അച്ഛന്റെ ഈ ആവശ്യം ശ്വേതകേതു അനുസരിച്ചു അവന് പതിനഞ്ചു ദിവസം പട്ടിണി കിടന്നു.
അച്ഛന്റെ നിര്‍ദ്ദേശപ്രകാരം ശ്വേതകേതു പതിനഞ്ചു ദിവസം ആഹാരമൊന്നും കഴിക്കാതെ ജലപാനം മാത്രം ചെയ്തു ജീവിച്ചു:
“മകനേ, നീ വേദങ്ങള്‍ പഠിച്ചിട്ടുണ്ടല്ലോ.” “ഉവ്വ്.” “എങ്കില്‍ വേദം ചൊല്ലൂ. കേള്‍ക്കട്ടെ.”
വേദങ്ങളെല്ലാം പഠിച്ചവനാണ് ശ്വേതകേതു. പക്ഷേ ഇപ്പോള്‍ യാതൊന്നും ഓര്‍മ്മ വരുന്നില്ല.
“അച്ഛാ, വേദങ്ങളൊന്നും എനിക്ക് ഓര്‍മ്മ വരുന്നില്ല.”
“ശരി , എങ്കില്‍ നീ പോയി കുറച്ചുദിവസം ആഹാരമെല്ലാം കഴിച്ച് ക്ഷീണമകറ്റൂ. ആരോഗ്യമൊക്കെ തിരികെ വരട്ടെ.”
ശ്വേതകേതു അങ്ങനെ ചെയ്തു. നന്നായി ആഹാരം കഴിച്ചു. വിശ്രമിച്ചു. ദിവസങ്ങള്‍ കഴിഞ്ഞു. ശ്വേതകേതുവിന്റെ ക്ഷീണമെല്ലാം മാറി. ആരോഗ്യം പുഷ്ടിപ്പെട്ടു. വേദം നന്നായി ഓര്‍മ്മിച്ചു. പിതാവിന്റെ നിര്‍ദ്ദേശപ്രകാരം വേദഭാഗങ്ങളൊക്കെ ചൊല്ലിക്കേള്‍പ്പിച്ചു.
“ശ്വേതകേതു, നിനക്കിപ്പോള്‍ ഈ അറിവ് എവിടെ നിന്നാണ് തിരിച്ചുകിട്ടിയത്? ആരോഗ്യം ക്ഷയിച്ചിരുന്ന അവസ്ഥയില്‍ ഈ അറിവ് എന്തുകൊണ്ട് നിനക്ക് ഓര്മ വന്നില്ല?”
പിതാവിന്റെ ചോദ്യം ശ്വേതകേതുവിനെ ചിന്താമഗ്നനാക്കി.
ഉദ്ദാലകന് വിശദീകരിച്ചുകൊടുത്തു.
“ഭൗതികശരീരം അന്നത്തില്‍ നിന്നാണ് ഉണ്ടാകുന്നത്. അന്നം സ്ഥൂലമാണ്. അന്നം ജലത്തില്‍ നിന്നും, ജലം തേജസ്സില്‍ നിന്നും ഉണ്ടാകുന്നു. അതായത് അന്നത്തിന്റെ സൂക്ഷമഭാവം ജലവും ജലത്തിന്റെ സൂക്ഷ്മഭാവം തേജസ്സുമാണ്. ഈ തേജസ്സ് ഉണ്ടാകുന്നതാകട്ടെ സത്തില്‍ നിന്നാണ്. സത്തിന് ഉല്പ്പത്തിയില്ല. നാശവുമില്ല. സകല അറിവിന്റെയും മൂലകാരണം സത്താണ്.
മനസ്സും ഭൗതികമാണ്. ശരീരസംബന്ധത്താല് മനസ്സ് ആഹാരത്തില്‍ നിന്നാണ് പുഷ്ടി നേടുന്നത്. ശരീരത്തിനും മനസ്സിനും ആവശ്യമായ ഊര്‍ജ്ജം ആഹാരത്തില്‍ നിന്നാണ് ലഭിക്കുന്നത്. മനസ്സിന് ശരീരത്തെ ആശ്രയിക്കാതെ സ്വതന്ത്രമായി പുഷ്ടിപ്പെടുവാന് സാധ്യമല്ല. മനസ്സിന് സ്വതന്ത്രസത്ത ഇല്ല. ആഹാരത്തിന്റെ സൂക്ഷ്മാംശം പരിണമിച്ചിട്ടുണ്ടാകുന്ന മനസ്സിന് ആഹാരസംബന്ധമായി ക്ഷീണവും പുഷ്ടിയും വരാം.
അതുകൊണ്ട് ആഹാരമില്ലാതെ ശരീരം ക്ഷീണിക്കുമ്പോള്‍ മനസ്സും ക്ഷീണിക്കും. മനസ്സു തളര്ന്നവന്റെ ബുദ്ധിശരിയായി പ്രവര്‍ത്തിക്കുകയില്ല. അപ്പോള്‍ അവനിലെ അറിവ് സൂക്ഷ്മത്തിലേയ്ക്ക് മാറിക്കിടപ്പുണ്ട്. യഥാര്‍ത്ഥത്തില്‍ നശിക്കുന്നില്ലെങ്കിലും സ്ഥൂലമായി പ്രകടമാകുകയില്ല.
മനസ്സും ശരീരത്തിനും ആരോഗ്യമുള്ളപ്പോഴാണ് ബുദ്ധിയും സ്മൃതിയുമൊക്കെ വേണ്ടതു പോലെ പ്രവര്‍ത്തിക്കുന്നത്. എല്ലാ അറിവിന്റെയും മൂലകാരണം സത്ത് തന്നെയാണ്. ആ സത്ത് തന്നെയാണ് ആത്മരൂപേണ എല്ലാത്തിലും വ്യാപിച്ചിരിക്കുന്നത്. അത് അഖണ്ഡമാണ്. ആനന്ദസ്വരൂപവുമാണ്. യഥാര്‍ത്ഥത്തില്‍ ഈ സത്താണ് മനുഷ്യന്റെ സ്വന്തം സ്വരൂപം.
തന്റെ സ്വന്തം സ്വരൂപത്തെ അറിയുന്നവന് ആനന്ദാനുഭൂതിയുണ്ടാകും. ആ ആനന്ദാനുഭൂതിയില് ലയിച്ച് ആത്മാവാകുന്നു സത്തുമായി ഏകീഭവിക്കുന്നതാണ് യഥാര്‍ത്ഥ സുഖം. എല്ലാത്തിലും നിറഞ്ഞിരിക്കുന്ന ആ ആത്മസത്ത ശ്വേതകേതോ നിന്നിലുമുണ്ട്.
അല്ലയോ ശ്വേതകേതോ, ആ സത്ത് നീ തന്നെയാകുന്നു. ആനന്ദസ്വരൂപമായ ആ ആത്മാവ് നീ തന്നെയാകുന്നു.”
“തത്ത്വമസി ശ്വേതകേതോ”
(തത് – അത്, ത്വം – നീ, അസി – ആകുന്നു.)
ജീവാത്മാവിനേയും പരമാത്മാവിനേയും കുറിച്ച് അനേക തത്ത്വങ്ങള്‍ ശ്വേതകേതുവിന് പിതാവ് വിശദീകരിച്ചുകൊടുത്തു. എന്നിട്ട് അവനോട് ഒരു പേരാല്വിത്ത് കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു.
ശ്വേതകേതു ഒരു പേരാല്വിത്ത് കൊണ്ടുവന്ന് കാണിച്ചു.
“ശരി, അത് പൊളിച്ചുനോക്കൂ. അതില്‍ നീ കാണുന്നത് എന്താണ്?”
ശ്വേതകേതു പേരാല്വിത്ത് പൊളിച്ചുനോക്കി.
“അണുക്കളെപ്പോലെ ചെറിയ ചെറിയ വിത്തുകള്‍ കാണുന്നു.”
“ശരി, അതിലൊന്നെടുത്ത് പൊളിച്ചു നോക്കൂ….!”
അതും പൊളിച്ചു നോക്കി.
“ഇപ്പോള്‍ എന്തു കാണുന്നു?”
“ഇതില്‍ ഒന്നും കാണുന്നില്ല.”
“നീ ഈ വിത്തിനുള്ളില് ഒന്നും കാണുന്നില്ലെങ്കിലും അതില്‍ പേരാലിന്റെ ബീജമായി ചെറിയൊരംശമുണ്ട്. ആ ചെറിയ ബീജമാണ് വലിയ വൃക്ഷമായി വളരുന്നത്. ഇതുപോലെയാണ് സൂക്ഷ്മത്തില്‍ നിന്ന് സ്ഥൂലമുണ്ടാകുന്നത്. സൂക്ഷ്മമായ ആത്മാവ് നാനാ രൂപങ്ങളോടുകൂടിയ സ്ഥൂലപ്രപഞ്ചമായി ഈ വിധം മാറുന്നു.”
ശ്വേതകേതുവിന് ഒരു സംശയമുണ്ടായി.
“സത്തായ ആത്മാവാണ് പ്രപഞ്ചത്തിലെ എല്ലാത്തിനും കാരണമെങ്കില്‍ അതിനെ പ്രത്യക്ഷമായി കാണാന്‍ സാധിക്കാത്തത് എന്തുകൊണ്ടാണ്?”
ഉദ്ദാലകന് പറഞ്ഞു:”മകനേ, നീ ഇപ്പോള്‍ ഒരു പാത്രത്തില്‍ കുറച്ചു വെള്ളമെടുത്തിട്ട് അതില്‍ കുറെ ഉപ്പ് ഇടണം. എന്നിട്ട് അത് എടുത്തുകൊണ്ട് വരണം.”
ശ്വേതകേതു അപ്രകാരം ചെയ്തു.
പിറ്റേദിവസം ഉപ്പിട്ട ജലവുമായി ശ്വേതകേതു അച്ഛന്റെ അടുത്തെത്തി.
“മകനേ, നീ ഇന്നലെ ഈ വെള്ളത്തിലിട്ട ഉപ്പ് എവിടെപ്പോയി?”
“അത് കാണുന്നില്ല!”
“ഇനി ഈ വെള്ളത്തില്‍ അല്പമെടുത്ത് രുചിച്ചു നോക്കൂ.”
ശ്വേതകേതു അല്പം ജലമെടുത്ത് രുചിച്ചു നോക്കി!
“അച്ഛാ, ഇത് ഉപ്പുരസമുള്ളതാണ്.”
“ശരി, എങ്കില്‍ ഈ വെള്ളത്തിന്റെ വിവിധ ഭാഗങ്ങളില്‍ രസം നോക്കുക.”
ശ്വേതകേതു അപ്രകാരം ചെയ്തു. എല്ലാ ഭാഗങ്ങളിലും ഉപ്പുരസം നിറഞ്ഞിരിക്കുന്നു.
“നീ ഇന്നലെ വെള്ളത്തിലിട്ട ഉപ്പ് ഇപ്പോഴും അവിടെത്തന്നെയുണ്ട്. പക്ഷേ വെള്ളത്തിലെ ഉപ്പിനെ നിനക്ക് കാണാന്‍ കഴിയുന്നില്ല എന്നുമാത്രം. എങ്കിലും രുചിച്ചുനോക്കിയിട്ട് രസംകൊണ്ട് ഉപ്പിനെ അറിയാമല്ലോ. അതുപോലെ ഓരോ ശരീരത്തിലുമുള്ള ആത്മാവിനെ നമുക്ക് കാണാന്‍ കഴിയുന്നില്ലെങ്കിലും മറ്റു വിധത്തില്‍ അതിനെ അനുഭവിച്ചറിയാന്‍ കഴിയും.”
ശ്വേതകേതുവിന് ഒരു സംശയം കൂടി ബാക്കി നിന്നു.
“അച്ഛാ! വെള്ളത്തിലെ ഉപ്പിനെ സ്വാദു കൊണ്ടറിയുന്നതു പോലെ ആത്മാവിനെ എന്തുകൊണ്ടാണറിയുക.”
“കള്ളന്മാര് ഒരുവനെ പിടികൂടി കണ്ണുകെട്ടി കാട്ടില്‍ കൊണ്ടുവിട്ടിട്ട് കടന്നു കളഞ്ഞെന്നിരിക്കട്ടെ. അവന്റെ അവസ്ഥ ഒന്നാലോചിക്കൂ. വഴിയറിയാതെയും സഹായിക്കാന്‍ ആരുമില്ലാതെയും കാട്ടുപാതയില്‍ അവന് എത്രയധികം വിഷമിച്ചു വലയേണ്ടിവരും. ആ വഴി വരുന്ന ദയാലുവായ ഒരാള്‍ അവന്റെ കെട്ടഴിച്ച്, ആശ്വസിപ്പിച്ച് സ്വന്തം നാട്ടിലേയ്ക്കുള്ള വഴി കാണിച്ചു കൊടുക്കുന്നതുപോലെ ശ്രേഷ്ഠനായ ഒരു ഗുരുവിന്റെ സഹായത്താല്‍ ആത്മാവിന് അറിയാനാകും.
കാരുണ്യവാനും ആത്മജ്ഞാനിയുമായ ഒരു ഗുരുവിന്റെ ഉപദേശാനുസാരം സൂക്ഷമമായ ആത്മഭാവത്തെ അനുഭവിക്കാന്‍ കഴിയും.
സ്വസ്വരൂപത്തെ അറിഞ്ഞാനന്ദിക്കുന്നവന് പിന്നെ യാതൊരുവിധ ദുഃഖങ്ങളും ഉണ്ടാകുന്നില്ല.”
ശ്വേതകേതുവിന്റെ സംശയങ്ങളെല്ലാം ഉദ്ദാലകന് ഉപദേശിച്ച് ഇല്ലാതാക്കി.
എല്ലാത്തിലും നിറഞ്ഞിരിക്കുന്ന ആ സത്ത തന്റെ ആത്മാവു തന്നെയാണെന്ന് അറിഞ്ഞ് ശ്വേതകേതു സംതൃപ്തനായി.
സുപ്രസിദ്ധങ്ങളായ നാല് വേദാന്ത മഹാവാക്യങ്ങളില് വെച്ച് പ്രധാനപ്പെട്ട ഒന്നാണ് ‘തത്ത്വമസി’എന്ന വാക്യം. ഉദ്ദാലകന്റേയും ശ്വേതകേതുവിന്റെയും ഈ കഥാഭാഗത്താണ് ‘തത്ത്വമസി’ മഹാവാക്യത്തെ ആദ്യമായി ഉപദേശിക്കപ്പെടുന്നത്.
തത്, ത്വം, അസി എന്നീ മൂന്നു പദങ്ങളാണ് തത്ത്വമസി എന്ന വാക്യത്തിലുള്ളത്. പരമാര്‍ത്ഥത്തില്‍ എല്ലാത്തിനും നിറഞ്ഞിരിക്കുന്ന ഏക സത്ത ബ്രഹ്മം മാത്രമാണ്. എല്ലാജീവന്മാര്ക്കും അധിഷ്ഠാനമായിരിക്കുന്ന സത്ത ആത്മാവിന്റേതാണ്. പക്ഷേ ശരീരസംബന്ധം കൊണ്ട് ജീവന് തന്റെ യഥാര്‍ത്ഥ സത്തയെ അറിയുന്നില്ല. ഗുരുപദേശവും ശാസ്ത്രവിചാരവും കൊണ്ട് ശിഷ്യന് യാഥാര്‍ത്ഥ്യം ബോധ്യമാകും. എങ്കിലും പൂര്‍ണ്ണമായ ജ്ഞാനം ഉണ്ടാകണമെന്നില്ല. അങ്ങനെ നിരാശപ്പെട്ടിരിക്കുന്ന അവസരത്തിലാണ് ഗുരുക്കന്മാര് ‘തത്ത്വമസി’ ഉപദേശം ശിഷ്യര്‍ക്കു നല്‍കുന്നത്. ‘ത്വം’ പദം കൊണ്ട് ജീവനേയും ‘തത്’ പദംകൊണ്ട് എല്ലാത്തിനും അധിഷ്ഠാനമായിരിക്കുന്ന ആത്മാവിനേയും കാണിക്കുന്നു. ‘അസി’ പദംകൊണ്ട് ഇവ രണ്ടിന്റേയും ഐക്യത്തെ പ്രകാശിപ്പിക്കുകയും ചെയ്യുന്നു.
ഓം തത് സത്
ശ്രേയസ്
അവലംബം- ഛാന്ദോഗ്യോപനിഷത്ത്
Subscribe to:
Post Comments (Atom)
No comments:
Post a Comment