Saturday, October 25, 2025

തിരുവനന്തപുരത്ത് കിഴക്കേ കോട്ടയിലെ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം ലോകത്തെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളില്‍ ഒന്നാണ്. കേരള, ദ്രാവിഡ ശൈലികളുടെ സങ്കരമാണ് ഈ ക്ഷേത്ര നിര്‍മ്മിതി. ഇന്ത്യയിലെ 108 വൈഷ്ണവ ആരാധനാ കേന്ദ്രങ്ങളില്‍ ഒന്നായി ഇതു കണക്കാക്കപ്പെടുന്നു. 108 'ദിവ്യദേശങ്ങള്‍' എന്നാണ് അന്ന് ഈ ആരാധനാ കേന്ദ്രങ്ങള്‍ അറിയപ്പെട്ടത്. തമിഴ് വൈഷ്ണവ ആചാര്യന്മാരായ ആഴ്‌വാര്‍മാര്‍ രചിച്ച ദിവ്യകീര്‍ത്തനങ്ങള്‍ 108 വൈഷ്ണവ ആരാധനാ കേന്ദ്രങ്ങളെ പ്രകീര്‍ത്തിക്കുന്നവയാണ്. അതില്‍ പെട്ടതാണ് പത്മനാഭ സ്വാമി ക്ഷേത്രവും. അനന്തനു മീതെ യോ​ഗനിദ്രയിൽ വിശ്രമിക്കുന്ന നിലയിലുള്ള മഹാവിഷ്ണുവിന്റെ വിഗ്രഹമാണ് ഇവിടത്തെ പ്രധാന ആരാധനാമൂര്‍ത്തി. തിരുവിതാംകൂര്‍ രാജവംശത്തിന്റെ അധികാരവും ശക്തിയും വര്‍ദ്ധിപ്പിച്ച് രാജ്യ വിസ്തൃതിയും ഇരട്ടിപ്പിച്ച മാര്‍ത്താണ്ഡ വര്‍മ്മ മഹാരാജാവാണ് ഇന്നത്തെ രീതിയില്‍ ഈ ക്ഷേത്രം പുതുക്കി പണിതത്. ക്ഷേത്ര നിര്‍മ്മിതിയുടെ പൂര്‍ത്തീകരണം മുന്‍നിര്‍ത്തി മുറജപം, ഭദ്രദീപം എന്നിങ്ങനെ ആരാധനോത്സവങ്ങളും ഏര്‍പ്പെടുത്തി. ഋഗ്വേദം, യജൂര്‍വേദം, സാമവേദം എന്നിങ്ങനെ മൂന്നു വേദങ്ങളും പാരമ്പര്യ രീതിയില്‍ പലയാവര്‍ത്തി ചൊല്ലുന്നതാണ് മുറജപത്തിലെ പ്രധാന ചടങ്ങ്. ഓരോ ആറു വര്‍ഷം കൂടുമ്പോഴും ഇവ ഇപ്പോഴും ആവര്‍ത്തിക്കുന്നുണ്ട്. 1750-ല്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് രാജ്യം ശ്രീ പത്മനാഭ സ്വാമിക്ക് സമര്‍പ്പിച്ചു. ഈ നടപടി തൃപ്പടി ദാനം എന്നറിയപ്പെടുന്നു. ശ്രീപത്മനാഭ ദാസനായി, താനും തന്റെ പിന്മുറക്കാരും രാജ്യഭരണം നടത്തുന്നു എന്ന പ്രഖ്യാപനമാണിത്. അന്നു മുതല്‍ എല്ലാ തിരുവിതാംകൂര്‍ രാജാക്കന്മാരുടെയും പേരില്‍ ശ്രീ പത്മനാഭ ദാസന്‍ എന്നു ചേര്‍ത്തു തുടങ്ങി. ഈ ക്ഷേത്രത്തിന്റെ പേരില്‍ നിന്നാണ് തിരുവനന്തപുരം എന്ന പേര് തലസ്ഥാനത്തിന് ലഭിച്ചത്. പരശുരാമനാല്‍ സൃഷ്ടിക്കപ്പെട്ട ഏഴു പരശുരാമ ക്ഷേത്രങ്ങളില്‍ ഒന്നാണ് ഈ ക്ഷേത്രമെന്നും വിശ്വസിക്കപ്പെടുന്നു. സ്കന്ദപുരാണം, പത്മപുരാണം എന്നീ പുരാണങ്ങളില്‍ ഈ ക്ഷേത്രത്തെക്കുറിച്ചു പരാമര്‍ശങ്ങളുണ്ട്. ക്ഷേത്രത്തിന്റെ തീര്‍ത്ഥക്കുളത്തിന് പത്മതീര്‍ത്ഥം എന്നാണു പേര്. അധികാരമൊഴിഞ്ഞ തിരുവിതാംകൂര്‍ രാജവംശത്തിലെ ഏറ്റവും മുതിര്‍ന്ന അംഗം അദ്ധ്യക്ഷനായ ഒരു ട്രസ്റ്റിനാണ് ഇപ്പോള്‍ ക്ഷേത്രം നടത്തിപ്പ് ചുമതല. വിഗ്രഹം നേപ്പാളിലെ ഗണ്ഡകി നദിയില്‍ നിന്നു കൊണ്ടു വന്ന 12008 സാളഗ്രാമങ്ങള്‍ പതിച്ച പീഠത്തിലാണ് ശ്രീ പത്മനാഭ സ്വാമിയുടെ പ്രധാന പ്രതിഷ്ഠ. വിശേഷവിധിയായ കടുശർക്കരയോ​ഗക്കൂട്ടിലാണ് വി​ഗ്രഹം നിർമ്മിച്ചിരിക്കുന്നത്. കരിങ്കല്ലില്‍ തീര്‍ത്ത വിശാലമായ ശ്രീകോവിലില്‍ 18 അടി നീളത്തിലാണ് പ്രധാന പ്രതിഷ്ഠ. മൂന്നു വാതിലുകളിലൂടെയാണ്‌ ദര്‍ശനം. ആദ്യ വാതിലിലൂടെ തലയും നെഞ്ചും, നടുവിലെ വാതിലിലൂടെ നാഭിയില്‍ നിന്നുള്ള താമരയില്‍ സ്ഥിതി ചെയ്യുന്ന ബ്രഹ്മാവും, മൂന്നാമത്തെ വാതിലിലൂടെ കാല്‍പാദത്തിനരികില്‍ ലക്ഷ്മി ദേവിയെയും കാണാം. ക്ഷേത്രത്തിന്റെ രൂപഘടനയും നിര്‍മ്മിതിയും കല്ലിലും ഓടിലും തീര്‍ത്ത ദ്രാവിഡ കേരളീയ ക്ഷേത്ര മാതൃകകളുടെ ഒരു മനോഹരസങ്കരമാണ് ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം. ക്ഷേത്രത്തിനകത്ത് മനോഹരമായ ചുവര്‍ ചിത്രങ്ങളും ഛായാ ചിത്രങ്ങളുമുണ്ട്. മഹാവിഷ്ണുവിന്റെ പൂര്‍ണ്ണകായ ദൃശ്യമാണ് പലതിന്റെയും പ്രമേയം. നരസിംഹം, ഗണപതി, ഗജലക്ഷ്മി എന്നിവരുടേയും ചിത്രങ്ങള്‍ കാണാം. 80 അടി ഉയരത്തില്‍ സ്വര്‍ണ്ണം പതിപ്പിച്ച ചെമ്പു പറകളില്‍ തീര്‍ത്തതാണ് കൊടിമരം. ക്ഷേത്രത്തിലെ ബലിപീഠ മണ്ഡപവും, മുഖ മണ്ഡപവും വിവിധ ദേവതമാരുടെ ശില്പങ്ങളാല്‍ അലംകൃതമാണ്. നവഗ്രഹങ്ങളെ പ്രതിനിധീകരിക്കുന്ന ദേവതകളെ കൊത്തിയ മേല്‍ത്തട്ടോടു കൂടിയ നവഗ്രഹമണ്ഡപവും ശില്പ ചാതുരിക്ക് ഉദാഹരണമാണ്. ഇടനാഴി കിഴക്കു ഭാഗത്തുള്ള മുഖ്യ ഗോപുരത്തില്‍ നിന്ന് പ്രധാന ശ്രീകോവിലേക്കു നയിക്കുന്ന ഇടനാഴി 365 കരിങ്കല്‍ തൂണുകളാല്‍ അലംകൃതമാണ്, ശില്പവേലകളാല്‍ സമ്പന്നമാണ് ഈ തൂണുകള്‍. ഒരു പൂര്‍ത്തിയാകാത്ത കാല്‍ തൂണും ഈ ശില്പ ചാതുരിയുടെ ഭാഗമാണ്. പ്രധാന പ്രവേശന ദ്വാരത്തിനോടു ചേര്‍ന്ന് ക്ഷേത്രത്തില്‍ തറനിരപ്പില്‍ നിന്നു താഴെ ഒരു നാടകശാലയുണ്ട്. ക്ഷേത്രത്തില്‍ നടക്കുന്ന 10 ദിവസത്തെ ഉത്സവനാളുകളില്‍ ഈ നാടക ശാലയിലാണ് കഥകളി അരങ്ങേറുക. മലയാള മാസങ്ങളായ മീനത്തിലും തുലാത്തിലുമാണ് ഈ ഉത്സവങ്ങള്‍. ക്ഷേത്രത്തിലെ ദര്‍ശന സമയം രാവിലെ : 03:30 മുതല്‍ 04:45 വരെ (നിര്‍മ്മാല്യ ദര്‍ശനം) 06:30 മുതല്‍ 07:00 വരെ 08:30 മുതല്‍ 10:00 വരെ 10:30 മുതല്‍ 11:10 വരെ 11:45 മുതല്‍ 12:00 വരെ വൈകുന്നേരം : 05:00 മുതല്‍ 06:15 വരെ 06:45 മുതല്‍ 07:20 വരെ. ഉത്സവ സമയത്ത് ക്ഷേത്ര ദര്‍ശന സമയങ്ങളില്‍ മാറ്റം വരും. ക്ഷേത്രത്തില്‍ പ്രവേശിക്കാനുള്ള വേഷവിധാനം ഹിന്ദുക്കള്‍ക്ക് മാത്രമേ ക്ഷേത്രത്തില്‍ പ്രവേശനമുള്ളൂ. ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ പ്രത്യേക വേഷവിധാനം ആവശ്യമാണ്. പുരുഷന്മാര്‍ മുണ്ട് ഉടുക്കണം, ഷര്‍ട്ട് അനുവദനീയമല്ല. രണ്ടാം മുണ്ടുണ്ടെങ്കില്‍ അത്‌ അരയില്‍ കെട്ടണം. സ്ത്രീകള്‍ക്ക് സാരിയും, മുണ്ടും നേരിയതും (സെറ്റ്മുണ്ട്) അനുവദനീയമാണ്. പാവാടയും ബ്ലൗസും, ഹാഫ് സാരിയും അനുവദിക്കും. ക്ഷേത്ര നടയില്‍ തന്നെ മുണ്ടുകള്‍ വാടകക്കു കിട്ടും. ഇപ്പോള്‍ പുരുഷന്മാര്‍ക്കും ചുരിദാര്‍ ധരിച്ച സ്ത്രീകള്‍ക്കും പാന്റിനു മുകളില്‍ മുണ്ടുടുത്ത് പ്രവേശനം അനുവദിക്കും. വിശദവിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക : www.sreepadmanabhaswamytemple.org എങ്ങനെ എത്താം അടുത്തുളള റെയില്‍വേസ്റ്റേഷന്‍ : തിരുവനന്തപുരം, 1 കി. മീ. | വിമാനത്താവളം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, 6 കി. മീ.

No comments: