Sunday, October 26, 2025

ഞാൻ അന്വേഷിച്ചു… ആദ്യം ക്ഷേത്രങ്ങളിൽ… പിന്നെ ദീപങ്ങളുടെ വെളിച്ചത്തിൽ... മണികളുടെ ശബ്ദത്തിൽ… അനേകരുടെ കൈകൂപ്പിയുള്ള പ്രാർത്ഥനകളിൽ… പിന്നീട് ഗ്രന്ഥങ്ങളിൽ… വേദങ്ങളുടെ വാക്കുകളിൽ… ശ്ലോകങ്ങളുടെ അർത്ഥത്തിൽ… ദാർശനികരുടെ വാദങ്ങളിൽ… അതിന് ശേഷം ലോകത്തിന്റെ വഴികളിൽ… ഗുരുക്കന്മാരുടെ പാദങ്ങളിൽ… പർവ്വതങ്ങളുടെ മുകളിലെയും… നദികളുടെ തീരത്തെയും ശാന്തിയിൽ… പക്ഷെ… അവിടെ ഒന്നും നീ ഇല്ലായിരുന്നു… ഒരായിരം തവണ ഞാൻ എന്നോട് തന്നെ ചോദിച്ചുകൊണ്ടേയിരുന്നു... നീ എവിടെ എന്ന്... അന്വേഷണങ്ങൾക്കൊടുവിൽ അറിയാത്ത വഴികളിൽ എവിടെയോ ഞാൻ തളർന്നിരുന്നു... എല്ലാ അന്വേഷണങ്ങളും വൃഥയെന്നു തോന്നിയൊരു നിശ്ശബ്ദതയിൽ… ആ നിശ്ശബ്ദതയിലാണ് ഒരു സ്പന്ദനം എന്നെ തൊട്ടുണർത്തിയത്... ആ സ്പന്ദനം എന്നോട് പറഞ്ഞു... ഞാൻ ഇവിടെ… നിന്റെ ഉള്ളിലാണ് തുടിക്കുന്നത് എന്ന്... നീ എവിടെയാണെന്ന തിരിച്ചറിവിൽ നിന്നായിരുന്നു വീണ്ടും തുടക്കം... അവിടെയായിരുന്നു നീ… എന്റെ ശ്വാസത്തിന്റെ ഇടയ്ക്കും… കണ്ണുനീരിന്റെ ചൂടിലും… പ്രണയത്തിന്റെ വേദനയിലും… എന്റെ ഓർമ്മയുടെ അടിത്തട്ടിലും… എന്റെ ശൂന്യതയുടെ മധ്യത്തിലുമാണ് നീ മറഞ്ഞിരുന്നത്… ഞാൻ അന്വേഷിക്കേണ്ടിയിരുന്നത് പുറത്തെവിടെയും ആയിരുന്നില്ല... എന്റെ ഉള്ളിൽ തന്നെയായിരുന്നു... ഒരുപക്ഷെ ഞാൻ ആരാധിച്ചത് എന്റെ തന്നെ ഉള്ളിൽ ഞാനറിയാതെ എരിഞ്ഞിരുന്ന അഗ്നിയെയായിരുന്നോ... ആയിരിക്കണം... അല്ല അങ്ങിനെ തന്നെ... അതായിരുന്നു നിന്നെ കണ്ടെത്തുന്ന ആ നിമിഷം… ഒരു ആചാരമല്ല അത്… ഒരു പരിണാമം… ഞാനെന്നെ എന്ന ബോധം ദ്രവിച്ച് പോയപ്പോൾ മാത്രമാണ്… നീയെന്നെ എന്ന സത്യത്തെ ഞാൻ അനുഭവിച്ചത്… ശാന്തി എന്നത് ലോകം നിശ്ശബ്ദമായത് കൊണ്ടല്ല… എന്റെ ഉള്ളിൽ പടവെട്ടിയ കൊടുങ്കാറ്റ് ശമിച്ചതിനാലാണ്… ദൈവത്തെ കണ്ടതുകൊണ്ടല്ല ഞാൻ സമാധാനിയായത്… ദൈവം എന്നെ കണ്ടെടുത്തതുകൊണ്ടാണ്… ഇപ്പോൾ എനിക്ക് വേണമെന്നില്ല മറ്റൊന്നും… വരങ്ങൾ ആവശ്യമില്ല… ഉത്തരങ്ങൾ ആവശ്യമില്ല… ഒരിക്കൽ ഞാൻ അന്വേഷിച്ചിരുന്നതെല്ലാം ഞാൻ തന്നെ ആയിത്തീർന്നിരിക്കുന്നു… ഇനി ഞാൻ വഴിയാത്രക്കാരനല്ല... ഞാൻ വഴിയാകുന്നു… ഇനി ഞാൻ അന്വേഷിക്കുന്നവനല്ല... ഞാൻ കണ്ടെത്തലാകുന്നു… ഇനി ഞാൻ പ്രാർത്ഥന ചെയ്യുന്നവനല്ല... ഞാൻ പ്രാർത്ഥന തന്നെയാകുന്നു… ഒരു തേടലിൽ നിന്ന് ഒരു തിരിച്ചറിവിലേക്കുള്ള യാത്ര... സമയസൂചികയിൽ കാലം കരുതിവെച്ച തിരിച്ചറിവിന്റെ ഈ നിമിഷങ്ങൾക്ക്... കാലം സാക്ഷി…✍️

No comments: