Monday, January 01, 2018

നാലു കാര്യങ്ങളാണ് എനിക്ക് അറിയാന്‍ കഴിഞ്ഞത്.
ഒന്ന്- തവം വേദിതവ്യം പരമം അക്ഷരം
അങ്ങയെയാണ് അറിയപ്പെടേണ്ടതായിട്ട് വേദങ്ങള്‍ ഉദ്‌ഘോഷിക്കുന്നത്. ”തമേവ വിദി ത്വ അതി മൃത്യു മേതി” (അങ്ങയെ അറിഞ്ഞാല്‍ മാത്രമേ ജനനമരണ പ്രവാഹങ്ങളെ തരണം ചെയ്യാന്‍ കഴിയൂ.) അങ്ങുതന്നെയാണ് അക്ഷരവും പരമവും ആയ ബ്രഹ്മം, ഒരിക്കലും നാശമില്ലാത്തത് എന്ന് ‘അക്ഷയം’ എന്ന പദത്തിന് അര്‍ത്ഥം ‘പരമം’ എന്ന വാക്കിന്, ഇതിനേക്കാള്‍ ഉത്കൃഷ്ടമായിട്ട് വേറെ ഇല്ല എന്നര്‍ത്ഥം. അങ്ങനെയുള്ള ബ്രഹ്മം കൃഷ്ണാ, അത്ഭുതം തന്നെയാണ്.
രണ്ട്-ത്വം അസ്യവിശ്വസ്യപരംനിധാനം
(അങ്ങുതന്നെയാണ് ഈ ഭൗതിക പ്രപഞ്ചത്തിന്റെയും പരമവ്യോമത്തിലെ ആത്മീയ പ്രപഞ്ചത്തിന്റെയും ആശ്രയമായി ശോഭിക്കുന്നത്.
മൂന്ന്- ത്വം അവ്യയഃ ശാശ്വത ധര്‍മ ഗോപ്താ
(= അങ്ങ് അവ്യയനാണ്.ഒരിക്കലും അവതാരങ്ങള്‍ സ്വീകരിക്കുമ്പോഴും മറ്റും ഒരു കുറവും ഇല്ലാത്തവനാണ് ശാശ്വതങ്ങളായ വേദ പ്രതിപാദിതങ്ങളായ സകലവിധ ധര്‍മ്മങ്ങളുടെയും ആചരണങ്ങളെ രക്ഷിക്കുന്നവനാണ്. വര്‍ണ്ണധര്‍മ്മങ്ങളെയും ആശ്രമധര്‍മ്മങ്ങളെയും സനാതനധര്‍മ്മങ്ങള്‍ എന്നുപറയാറുണ്ട്. അധര്‍മ്മങ്ങളുടെ സനാതനത്വത്തിന് പരിമിതിയുണ്ട്. ബ്രാഹ്മണന്റെ ധര്‍മ്മങ്ങള്‍ അശ്വമേധാദിയാഗങ്ങള്‍ ക്ഷത്രിയാദികള്‍ ചെയ്യേണ്ടതില്ലല്ലോ. ആശ്രമധര്‍മ്മങ്ങള്‍ അതത് ആശ്രമങ്ങള്‍ സ്വീകരിച്ചവര്‍ മാത്രമേ ചെയ്യേണ്ടതുള്ളൂ. ഏതുതരം മനുഷ്യനും ഏതുകാലത്തും ബാല്യം വൃദ്ധത്വ മുതലായ ഏതവസ്ഥയിലും ഏതു ദേശത്തും രാത്രി, പകല്‍ എന്നിവ നോക്കാതെ, ഉറക്കം ഊണ്‍ മുതലായവ ചെയ്യുമ്പോള്‍ പോലും അനുഷ്ഠിക്കാന്‍ കഴിയുന്നതും തീര്‍ച്ചയായും അനുഷ്ഠിക്കേണ്ടതുമായ ധര്‍മ്മങ്ങളാണ് യഥാര്‍ത്ഥമായ സനാതന ധര്‍മ്മങ്ങള്‍. അത് ഭഗവാന്റെ നാമങ്ങളെയും അവതാരലീലകളെയും ശ്രവിക്കുക, കീര്‍ത്തിക്കുക, ധ്യാനിക്കുക തുടങ്ങിയ ഭാഗവതധര്‍മ്മങ്ങളാണ്. ഭാഗവതധര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നവരെ രക്ഷിക്കാനും-ഉപദേശം നല്‍കാനും, അവരുടെ പൂജകളും നിവേദ്യങ്ങളും സ്വീകരിക്കാനും വേണ്ടി മാത്രമാണ് ഭഗവാന്‍ അവതരിക്കുന്നത്. ആത്മീയ ലോകത്തില്‍നിന്നു ഈ ഭൗതതികലോകത്തിലേക്ക് ഇറങ്ങിവരുന്നത്. അസുരന്മാരെയും രാക്ഷസന്മാരെയും ദുഷ്ടന്മാരെയും ധര്‍മ്മസംസ്ഥാപനത്തിനുവേണ്ടി വധിക്കേണ്ടിവരുന്നു. ”പരിത്രാണായാ സാധൂനാം”-എന്ന ശ്ലോകത്തില്‍ വിവരിച്ചതാണ് ഈ വസ്തുത.
നാലു-ത്വം സനാതനഃ പുരുഷഃ
(അങ്ങ് എപ്പോഴും സച്ചിദാനന്ദ സ്വരൂപനാണ്. ഒരു മാറ്റമോ ന്യൂനതയോ ഇല്ലാതെ എപ്പോഴും ഗോലോകം വൈകുണ്ഠം മുതലായ ലോകങ്ങളില്‍ ശോഭിക്കുന്ന പുരുഷനാണ്. ”പുരിശയനാത് പുരുഷഃ” സര്‍വ്വ പ്രാണി ശരീരങ്ങളിലും പരമാത്മാവായും അങ്ങുതന്നെ ശോഭിക്കുന്നു. ”അയമാത്മാ ബ്രഹ്മ”-എന്ന് വേദവും പറയുന്നു. വാസ്തവത്തില്‍ അങ്ങേക്ക് രൂപമുണ്ട്. കയ്യ്, കാല് മുതലായ അവയവങ്ങളുണ്ട്. അവനവനുടെ ഭൗതികമായ ഇന്ദ്രിയങ്ങളല്ല, സച്ചിദാനന്ദമയങ്ങളാണ്. അതുകൊണ്ടാണ് അങ്ങയെവേദങ്ങള്‍ ഇങ്ങനെ വിശേഷിപ്പിക്കുന്നത്.
1. ”വേദാഹമേതം പുരുഷം മഹാന്താ”
2. ”തമാഹുരഗ്ര്യം പുരുഷം പുരാണം”
3. ”അവ്യക്തതാപരഃ പുരുഷഃ”
=1. ആ മഹാനായ പുരുഷനെ ഞാന്‍ അറിയുന്നു.
2. ആ ഭഗവാനെ ശ്രേഷ്ഠനായ ആദ്യമേയുള്ള- സൃഷ്ടിക്കു മുമ്പേയുള്ള പുരുഷന്‍ എന്നുപറയുന്നു.
3. അവ്യക്തത്തിനും അപ്പുറം ആ പുരുഷനാണ്.
മേമതഃ
ഇപ്പോഴാണ്-അങ്ങയുടെ ഈ വിശ്വരൂപം കാണുമ്പോഴാണ്-ഈ സത്യങ്ങള്‍ എനിക്ക് അറിയാന്‍ കഴിയുന്നത്.

ജന്മഭൂമി: http://www.janmabhumidaily.com/news761606#ixzz52yWJp2Gn

No comments: