Wednesday, May 23, 2018

എല്ലാം കണ്ടും കേട്ടും അനുഭവിച്ചും പഠിച്ചും ഇരിക്കുന്ന ഞാന്‍ കണ്ണടച്ചാല്‍ വിഷയപ്രപഞ്ചം ഇല്ലാതാകുമോ? എന്റെ അച്ഛനും ,എന്റെ അമ്മയും, എന്റെ മക്കളും ,എന്റെ ബന്ധുക്കളും, എന്റെ പരിചയക്കാരും എന്റെ അന്തരംഗത്തില്‍ നിരന്തരമായി കേളിയാടുമ്പോള്‍ വിഷയലോകം എങ്ങനെ ചുരുങ്ങും? ഇവിടെ വേദങ്ങളോ,വേദവിഹിതങ്ങളായ കര്‍മ്മങ്ങളോ എങ്ങനെ നടപ്പാകും? കാമനൈരന്തര്യം നിസീമമായി കളിക്കുന്നിടത്ത് അതിനനുഗുണങ്ങളായി എന്റെ ജാതിയും, മതവും, വര്‍ഗ്ഗവും വര്‍ണ്ണവും, അതിനനുഗുണമായ രാജ്യവും, എനിക്കുളള ഹര്‍ഷവും, എനിക്കുളള ശോകവും നിത്യേനിരന്തരേ നടക്കുമ്പോള്‍ ഞാനെങ്ങനെ സ്വതന്ത്രനാണെന്ന് അഭിമാനിക്കും? അങ്ങനെയുളള എനിക്ക് എങ്ങനെയാണ് ഇന്ദ്രിയ വിഷയങ്ങളില്‍ നിന്ന് മോചനം ളഭിക്കുക? അന്തരംഗസാധന എങ്ങനെയാവും? എങ്ങനെ ആത്മസുഖം കൈവരും? എങ്ങനെ ആത്മാവില്‍ ഞാന്‍ സംതൃപ്തനാവും? ലൗകിക വിഷയത്തില്‍ തന്നെ ഞാന്‍ സംതൃപ്തനായിട്ടില്ല. അതിലുളള എന്റെ കാമമൊന്നും ആപ്തമായിട്ടില്ല; ഞാന്‍ ആപ്തകാമനല്ല. ഇപ്പോള്‍ ഞാന്‍ മേടിച്ചു കൂട്ടിയിരിക്കുന്ന സ്ഥലത്തില്‍ ,അതിനകത്തുളള പരിവാരങ്ങളില്‍, വിവാഹം കഴിച്ച ഭാര്യയില്‍-ഭര്‍ത്താവില്‍-മക്കളില്‍ അച്ഛനമ്മമാരില്‍, പരിചയപ്പെട്ട കുട്ടികളില്‍ ഒന്നും ഞാന്‍ ആപ്തകാമനല്ല. മറ്റുളളവരെ ഓര്‍ത്തിട്ടു മാത്രമാണ് കുറച്ചൊക്കെ മര്യാദക്ക് ജീവിച്ചോണ്ടിരിക്കുന്നത്. ഒരു നിയമങ്ങളും ഇല്ലാതിരിക്കുകയും ,ഒരാളും കാണാന്‍ ഇല്ലാതിരിക്കുകയും, ഒരു തടസ്സവും എനിക്ക് ഇല്ലാതിരിക്കുകയും ചെയ്യ്താല്‍ ഞാനിന്ന് മര്യാദ പറയുകയും, കുറച്ച് പുലര്‍ത്തുകയും, കുറച്ച് ഒളിച്ച് പുലര്‍ത്താതിരിക്കുകയും ചെയ്യുന്ന ദശയില്‍ ഞാനിങ്ങനെ തന്നെ ആയിരിക്കുമോ? ഒരു നിയമവും ഇല്ലാത്തിടത്ത് , എല്ലാ ഇന്ദ്രിയവും സ്വതന്ത്രമാക്കി ചെയ്യാവുന്നിടത്ത് , ഒരാളും പരിചയക്കാരായി നോക്കാനില്ലാത്തിടത്ത് എന്റെ കളവും ,ചതിയും, വഞ്ചനയും എല്ലാം നിയമമായി മാറിയിട്ടുളള ഒരു സ്ഥലത്തേക്ക് എന്നെ കൊണ്ടിറക്കി വിട്ടാല്‍ ഇന്നു പറയുന്ന മര്യാദകളൊക്കെ പറയുമോ? പറയും എന്ന് ആത്മാര്‍ത്ഥമായി ,ആന്തരികമായി ഉത്തരം കിട്ടിയാല്‍ വിഷയലോകങ്ങളില്‍ ഞാന്‍ ആപ്തകാമനാണ്. എന്റെ പരിചയക്കാരോട്, ഭക്തന്മാരോട്, ഗുരുക്കന്മാരോട്, ശിഷ്യമാരോട്, മക്കളോട്, ഭാര്യയോട്, ഒക്കെ ഇടപെടുന്നതിനെക്കുറിച്ച് എനിക്ക് സ്വാതന്ത്ര്യം കിട്ടുന്നൊരു വേളയില്‍, സ്വതന്ത്രമായിരുന്ന് ഞാന്‍ സംസാരിക്കുമ്പോള്‍ എന്റെ തൃപ്തിയോ അതൃപ്തിയോ പുറത്തേക്കു വരുന്നത്? ഞാന്‍ സംസാരിക്കുമ്പോള്‍ എന്റെ അതൃപ്തി ഈ ലോകം നേരയാകത്തതിന്റെ, വീട് നേരയാകത്തതിന്റെ, ഭാര്യ നേരെയാകത്തതിന്റെ, മക്കള്‍ നേരയാകത്തതിന്റെ ‘ഇതിനെയെയാന്നു പറഞ്ഞിട്ടു കാര്യമില്ല. ഇതൊന്നും നേരയാവില്ല.പകരം വേറൊരണ്ണത്തിനെ സ്വീകരിച്ചു കളയാം.അതിനു സ്വാതന്ത്ര്യമില്ലല്ലോ: വേറെയാരെങ്കിലും തല്ലിയെങ്കിലോ ‘ എന്നോര്‍ത്ത് മര്യാദക്ക ഇരിക്കുകയും(ഞാന്‍ കുറച്ചു മന്യത നേടിയിട്ടുളളതു കൊണ്ട് മര്യാദക്കിരിക്കുകയും ) ഒക്കെയാണോ അതല്ല അവിടെയൊക്കെ ഞാന്‍ ആപ്തകാമനാണോ? അഞ്ചാം അദ്ധ്യയത്തിലെ ഇരുപത്തിനാലാം ശോകം വരെ ഒന്നിച്ചിരുന്ന് പഠിച്ചിട്ടാണ് ഞാനീ ചോദ്യം ഉന്നയിക്കുന്നത്? ഞാന്‍ എന്നോട് ചോദിച്ച ഈ ചോദ്യങ്ങള്‍ നിങ്ങളൊന്ന് നിങ്ങളോട് ചോദിക്കുക...swami nirmalanandagiri

No comments: