Tuesday, August 07, 2018

രാമായണസുഗന്ധം-17/ വി.എന്‍.എസ്. പിള്ള
Wednesday 8 August 2018 1:08 am IST
ഭര്‍ത്താവിന്റെ പാദത്തിലുള്ള സംരക്ഷണം മറ്റേതു സുഖത്തേക്കാളും ഉന്നതമാണെന്നാണ് എന്റെ മാതാപിതാക്കള്‍ എന്നെ പഠിപ്പിച്ചിരിക്കുന്നത്. ഇങ്ങോട്ട് ഒന്നും ഉപദേശിക്കേണ്ടതില്ല. ഞാന്‍ അങ്ങയോടൊപ്പം ആ വനത്തിലേക്ക് വരികയാണ്. എന്റെ പിതാവിന്റെ ഭവനത്തിലേക്കാള്‍ സുഖമായി ഞാന്‍ അവിടെ അങ്ങയോടൊപ്പം ജീവിക്കും  - ഇങ്ങനെപോയി സീതാദേവിയുടെ വീക്ഷണം.
എന്നാല്‍ രാമനാകട്ടെ ഈ സമീപനം സ്വീകാര്യമായിരുന്നില്ല. തന്നോടൊപ്പം വനത്തിലേക്കു യാത്രയാകാനുള്ള സീതാദേവിയെ ആ തീരുമാനത്തില്‍നിന്നും പിന്തിരിപ്പിക്കുവാനാണ് രാമന്‍ ശ്രമിച്ചത്. ഇതിനായി വനത്തിലെ ജീവിതം എപ്രകാരം കഠിനമായിരിക്കുമെന്ന് രാമന്‍ സീതാദേവിയോട് ഉദാഹരണങ്ങള്‍ നല്‍കിക്കൊണ്ട് പറയുകയുണ്ടായി. കൂടാതെ വനത്തിലെ ജീവിതം അപകടംപിടിച്ചതുമാണ്.
ഇത് സീതാദേവിക്കും സ്വീകാര്യമായിരുന്നില്ല. 'അങ്ങയെ തന്റെ മരുമകനായി സ്വീകരിച്ചപ്പോള്‍ വിദേഹാധിപനായ എന്റെ പിതാവ് പുരുഷരൂപത്തിലുള്ള ഒരു സ്ത്രീക്കല്ല എന്നെ നല്‍കിയത്. എന്നെ കൂടെക്കൂട്ടിയിട്ടില്ലയെങ്കില്‍ അയോദ്ധ്യയിലെ ജനങ്ങള്‍ സൂര്യന്റെ തേജസ്സുണ്ടായിട്ടും രാമനില്‍ പരമമായ വീരത്വം ഇല്ല എന്നുപറയും. ദ്യുമത്സേനരാജാവിന്റെ പുത്രനായിരുന്ന സത്യവാനോട് സാവിത്രി എത്രമാത്രം സമര്‍പ്പിക്കപ്പെട്ടവളായിരുന്നുവോ അതുപോലെ ഞാനും അങ്ങയില്‍ സമര്‍പ്പിക്കപ്പെട്ടവളത്രേ. ചിന്തയില്‍പോലും ഞാന്‍ മറ്റൊരാളുടെ നേര്‍ക്ക് നോക്കുകയില്ല. ബാലികയായിരുന്നപ്പോള്‍തന്നെ വിവാഹിതയായ ഞാന്‍ അങ്ങയോടൊപ്പമാണ് ഇക്കാലമത്രയും ജീവിച്ചത്. എന്നെ ഉപേക്ഷിച്ച് ഏകനായി വനത്തിലേക്കു പോയാല്‍പിന്നെ ഞാന്‍ ജീവിച്ചിരിക്കയില്ല. അതുകൊണ്ട് അങ്ങയുടെ സാന്നിദ്ധ്യത്തില്‍ എന്നെ മരിക്കുവാനനുവദിക്കൂ' - സീതാദേവി അത്യുച്ചത്തില്‍ നിലവിളിക്കുകയും ചെയ്തു.
സീതാദേവിയുടെ പ്രതികരണം രാമനില്‍ മാറ്റമുണ്ടാക്കി. രാമന്‍ പറഞ്ഞു:'നിന്നെ ദുഃഖിതയാക്കിയിട്ട് ഒരുസുഖവും എനിക്കു നേടുവാനി
ല്ല. എനിക്ക് ആരില്‍നിന്നും ഒന്നില്‍നിന്നും ഭയവുമില്ല, ഭഗവാന്‍ നാരായണനെപ്പോലെ. സുവര്‍ചല സൂര്യനെ പിന്തുടരുന്നതുപോലെ നീയെന്നോടൊപ്പം വന്നുകൊള്ളൂ. മാതാപിതാക്കളോടുള്ള അനുസരണ ഓരോരുത്തരുടേയും പാവനമായ കര്‍ത്തവ്യമത്രേ. അതില്ലെങ്കില്‍ ഞാനില്ല'. 
രാമന്‍ തുടര്‍ന്നു:'പ്രിയസീതേ എന്റേയും നിന്റെയും വംശങ്ങള്‍ക്ക് യോഗ്യമായ നിര്‍ണ്ണയം തന്നെയാണ് നീയെടുത്തത്. സത്യത്തിന്റെയും ധര്‍മത്തിന്റെയും മാര്‍ഗ്ഗം സ്വീകരിച്ചിരിക്കുന്ന എന്റെ പിതാവ് എന്നോട് എന്താവശ്യപ്പെടുന്നുവോ അത് ഞാന്‍ നിര്‍വഹിച്ചിരിക്കും. ആഭരണങ്ങളും വസ്ത്രങ്ങളും മറ്റും ബ്രാഹ്മണര്‍ക്കും മറ്റു ജനങ്ങള്‍ക്കും ദാനം ചെയ്യൂ'. സീതാദേവി ഇതുപ്രകാരം സന്തോഷത്തോടെ ബ്രാഹ്മണര്‍ക്കും മറ്റാശ്രിതര്‍ക്കും ഉള്ളതെല്ലാം ദാനം ചെയ്യുകയുണ്ടായി. 
സീതാരാമ സംവാദം കേട്ട ലക്ഷ്മണന്‍ രാമന്റെ പാദങ്ങളില്‍ പിടിച്ചുകൊണ്ട് സീതാദേവിയോടായും രാമനോടായും പറഞ്ഞു: നിങ്ങളുടെ മനസ്സ് വനയാത്രയില്‍ത്തന്നെ ഉറച്ചിരിക്കുന്നുവെങ്കില്‍ ഞാന്‍ ധനുസ്സുമായി മുമ്പേ നടക്കാം. ഞാന്‍ കൂടെയുള്ളപ്പോള്‍ നിങ്ങള്‍ക്ക് ചിലക്കുന്ന പക്ഷികളേയും മാന്‍കൂട്ടങ്ങളേയും കണ്ടുകൊണ്ട് വനം ആസ്വദിക്കാം. ജ്യേഷ്ഠനില്ലാതെ എനിക്കു സ്വര്‍ഗ്ഗവും വേണ്ട, രാജ്യവും വേണ്ട'.

No comments: