അദ്ധ്യാത്മരാമായണത്തിലൂടെ/സത്യാനന്ദ സുധ-23/ ഡോ. പൂജപ്പുര കൃഷ്ണന്‍ നായര്‍
Wednesday 8 August 2018 1:08 am IST
കാരണഭൂതന്മാരാം ബ്രാഹ്മണരുടെ ചരണാരുണാംബുജ ലീനപാംസു സഞ്ചയം മമ ചേതോദര്‍പ്പണത്തിന്റെ മാലിന്യമെല്ലാം തീര്‍ത്തു ശോധന ചെയ്തീടുവാനാവോളം വന്ദിക്കുന്നേന്‍ എന്നു എഴുത്തച്ഛന്‍ ചെയ്യുന്ന പ്രാര്‍ത്ഥന എക്കാലത്തെയും ധര്‍മപഥികള്‍ക്കു അനുകരണമീയമായ പുണ്യസങ്കല്‍പമായിരിക്കും. എന്നാല്‍ ബ്രാഹ്മണ ശബ്ദത്തിന്റെ അര്‍ത്ഥവും പ്രാചീന ഭാരതത്തിലെ പ്രയോഗവും ഇക്കാലത്ത് ഏറെ തെറ്റിദ്ധരിക്കുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അതു പലവിധ ദോഷങ്ങള്‍ക്കും കാരണമായിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ ഭാഗം പ്രത്യേക വിമര്‍ശനത്തിനു വിധേയമാകേണ്ടിയിരിക്കുന്നു.
പാദപൂജയെന്ന അദ്ധ്യാത്മരാമായണ വ്യാഖ്യാനത്തില്‍ ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ ബ്രാഹ്മണ ശബ്ദത്തിന് ബ്രഹ്മത്തെ അറിഞ്ഞയാള്‍ എന്നു പ്രാചീന വൈദിക പാരമ്പര്യമനുസരിച്ചും ശാസ്ത്രസിദ്ധാന്തത്തെ മുന്‍നി
ര്‍ത്തിയും സംസ്‌കൃത വ്യാകരണ വ്യവസ്ഥയെ പുരസ്‌കരിച്ചും അര്‍ത്ഥം പറഞ്ഞിട്ടുണ്ട്. അതാണ് ബ്രാഹ്മണ ശബ്ദത്തിന്റെ ശരിയായ അര്‍ത്ഥം. ബ്രഹ്ജ്ഞാനികളായ അത്തരം മഹാത്മാക്കള്‍ക്കു മാത്രമേ ബ്രഹ്മവിദ്യ പകര്‍ന്നുതരാനാവുകയുള്ളൂ. അതാണ് അവരെ ആദരണീയരാക്കിത്തീര്‍ക്കുന്നത്. ബ്രാഹ്മണന്‍, ക്ഷത്രിയന്‍, വൈശ്യന്‍, ശൂദ്രന്‍ എന്നീ വിഭജനം വര്‍ണമാണ്. ഇന്നു പരക്കെ കരുതപ്പെടുമ്പോലെ ജാതിയല്ല. ഗുണവും കര്‍മ്മവുമാണ് വര്‍ണത്തെ നിര്‍ണയിക്കുന്നത്. അല്ലാതെ, ജന്മമല്ല. ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഇക്കാര്യം ഭഗവദ്ഗീതയില്‍ സ്പഷ്ടമായി പറഞ്ഞുവച്ചിട്ടുണ്ട്. ഗുണത്തെയും കര്‍മത്തെയും അടിസ്ഥാനമാക്കിയുള്ള ചാതുര്‍വര്‍ണ്ണ്യം മയാ സൃഷ്ടം ഗുണകര്‍മ്മവിഭാഗാശഃ) ബ്രാഹ്മണന്റെ മകനായതുകൊണ്ടുമാത്രം ആരും ബ്രാഹ്മണനാകുന്നില്ല. ചണ്ഡാളന്റെ പുത്രനാകയാല്‍ ആരും ചണ്ഡാളവിഭാഗത്തില്‍ പെടുന്നുമില്ല. സ്വഭാവഗുണങ്ങളെ ആസ്പദമാക്കി ആരും ചണ്ഡാളവിഭാഗത്തില്‍ പെടുന്നുമില്ല. സ്വഭാവഗുണങ്ങളെ ആസ്പദമാക്കി ചണ്ഡാളന്റെ മകന്‍ ബ്രാഹ്മണനും ബ്രാഹ്മണന്റെ മകന്‍ ചണ്ഡാലനും
ആയിത്തീര്‍ന്നെന്നു വരും. പ്രസിദ്ധങ്ങളായ അനേകം ദൃഷ്ടാന്തങ്ങള്‍ ഇതിനു വേദോപനിഷത്തുക്കളിലും ഇതിഹാസപുരാണങ്ങളിലും കാണാം.
വേദങ്ങള്‍ ഇന്നു കാണുംവിധം ക്രമീകരിച്ച വേദവ്യാസന്‍ മുക്കുവ സ്ത്രീയായ മത്സ്യഗന്ധിയുടെ-സത്യവതിയുടെ മകനാണെന്ന കാര്യം ആരാണറിയാത്തത്? അദ്ദേഹത്തിന്റെ പിതാവായ പരാശരനാകട്ടെ പറയിയുടെ മകനുമായിരുന്നു. എന്നിട്ടും വേദവ്യാസനെയും പരാശരനെയും മഹാബ്രാഹ്മണരായിട്ടാണ് ഭാരതീയ പൈതൃകം വിലയിരുത്തിയിട്ടുള്ളത്. യഥാര്‍ത്ഥത്തിലില്ലാത്ത ബ്രാഹ്മണ്യത്തിന്റെ പേരില്‍ മേന്മ നടിക്കുന്ന ഒരു കൂട്ടം ആളുകളും ബ്രാഹ്മണശബ്ദം കേള്‍ക്കുമ്പോള്‍ത്തന്നെ രോഷംകൊള്ളുന്നവരും വ്യാസനെയും പരാശരനെയും സൗകര്യപൂര്‍വം മറന്നുകളയുന്നു. രണ്ടുകൂട്ടര്‍ക്കും വേണ്ടതു സത്യമല്ല സ്വാര്‍ത്ഥലക്ഷ്യങ്ങള്‍ മാത്രമാണ്. വ്യാസന്റെ മക്കളില്‍ ആദ്യത്തെയാള്‍ ശുകബ്രഹ്മര്‍ഷി മഹാബ്രാഹ്മണനായിരുന്നു. എന്നാല്‍ ധൃതരാഷ്ട്രനും
പാണ്ഡുവും ക്ഷത്രിയരായിപ്പോയി. ബ്രഹ്മാവിന്റെ മകന്റെ മകന്റെ മകനാണു രാവണന്‍. ബ്രഹ്മാവ്-പുലസ്ത്യന്‍-വിശ്രവസ്സ്-രാവണന്‍ ഇതാണ് ക്രമം. ഇത്രയും വലിയ പാരമ്പര്യമവകാശപ്പെടാന്‍ ലോകത്ത് ആര്‍ക്കുമാവുകയില്ല. എന്നിട്ടും രാവണനെ ബ്രാഹ്മണനായല്ല മറിച്ച് രാക്ഷസനായാണ് ഭാരതം വിലയിരുത്തിയത്. ബ്രഹ്മാവിന്റെ പൗത്രനായ ബ്രാഹ്മണന്റെ മകന് പ്രവൃത്തി ദോഷംമൂലം ബ്രാഹ്മണ്യം നഷ്ടപ്പെട്ടു രാക്ഷസത്വം ഭവിച്ചിരിക്കുന്നു എന്നതാണു കാരണം.
സാമവേദത്തിലുള്ള ഛാന്ദോഗ്യോപനിഷശത്തിലെ നാലാമധ്യായത്തില്‍ നാലുമുതല്‍ ഒന്‍പതുവരെയുള്ള ഖണ്ഡങ്ങളില്‍ വേദവിദ്യ പഠിക്കാനാഗ്രഹിച്ച സത്യകാമന്റെ കഥയുണ്ട്. ബ്രാഹ്മണ്യം ജന്മസിദ്ധമല്ല കര്‍മ്മസിദ്ധമാണെന്നു വ്യക്തമാക്കുന്ന അനേക ദൃഷ്ടാന്തങ്ങളഇല്‍ വേറൊന്നാണത്. സത്യകാമന്‍ എന്നുപേരായ ഒരു ബാലന്‍ വേദം പഠിക്കാനാഗ്രഹിച്ചു. അവന്‍ അമ്മയായ ജബാലയെ സമീപിച്ച് തന്റെ ആഗ്രഹം അറിയിക്കുകയും തന്റെ ഗോത്രമേതാണെന്ന് അന്വേഷിക്കുകയും ചെയ്തു. അച്ഛന്റെ ഗോത്രമാണ് മകന്റെയും ഗോത്രം. പക്ഷേ അവന്റെ അച്ഛനാരെന്ന് ജബാലയ്ക്ക് അറിയായ്കയാല്‍ ഗോത്രനാമം പറഞ്ഞുകൊടുക്കാനും അവള്‍ക്കായില്ല. അവള്‍ പറഞ്ഞു: ''അനേകം പേരെ പരിചരിച്ചുകഴിഞ്ഞവളാണ് ദാസിയായ ഞാന്‍. അങ്ങനെയാണ് യൗവനത്തില്‍ എനിക്കുനിന്നെ ലഭിച്ചത്. നീ ഏതു ഗോത്രത്തില്‍പ്പെട്ടവനാണെന്ന് അതിനാല്‍ എനിക്കറിഞ്ഞുകൂടാ. ദാസിയായ ജബാലയുടെ മകന്‍ സത്യകാമനാണു നീയെന്നു ഗുരുവിനോടു പറഞ്ഞുകൊള്‍ക. സത്യകാമന്‍ വേദം പഠിക്കാനായി ആചാര്യഗൗതമന്റെ ഗുരുകുലത്തിലെത്തി തന്റെ ആഗ്രഹം അറിയിച്ചു. അദ്ദേഹം ആചാരവിധിപ്രകാരം അവനോ
ടു ഗോത്രമേതെന്നു ചോദിച്ചു. അമ്മ പറഞ്ഞതെല്ലാം അതേവിധം അവന്‍ ആചാര്യനെ കേള്‍പ്പിച്ചു. ഇതെല്ലാംകേട്ട് ഗൗതമന്‍ പറഞ്ഞു: നീ ബ്രാഹ്മണന്‍ തന്നെയാണ്. എന്തെന്നാല്‍ സത്യത്തില്‍നിന്നു വ്യതിചലിച്ചില്ലല്ലൊ! കുഞ്ഞേ ചമതകൊണ്ടുവരൂ. ഞാന്‍ നിന്നെ ഉപനയിക്കട്ടെ. ''ഗൗതമന്‍ സത്യകാമനെ ഗുരുകുലത്തിലെടുത്ത് അഭ്യസിപ്പിച്ചു. പിന്നീട് അയാള്‍ അവിടെ ആചാര്യനുമായിത്തീര്‍ന്നു. അമ്മ കേവലം ഒരു ദാസി. അച്ഛനാകട്ടെ ആരെന്നും നിശ്ചയമില്ല. എന്നിട്ടും സത്യകാമന്‍ ബ്രാഹ്മണനാണെന്നാണ് ആചാര്യന്റെ വിധി അഥവാ ഉപനിഷത്തിന്റെ വിധി. സത്യസന്ധത എന്ന ഗുണത്തെ ആശ്രയിച്ചാണ് ഗൗതമന്‍ ആ കണ്ടെത്തലിലെത്തിയത്. ജന്മത്തെ ആശ്രയിച്ചായിരുന്നില്ല വൈദികയുഗത്തില്‍ വര്‍ണ്ണം നിശ്ചയിച്ചിരുന്നതെന്നു വ്യക്തം.
വ്യാസഭഗവാന്‍ രചിച്ച മഹാഭാരതത്തിലെ വനപര്‍വത്തില്‍ ആജഗരമെന്ന് ഒരു ഉപപര്‍വമുണ്ട്. അഗസ്ത്യശാലം മൂലം പെരുമ്പാമ്പായി ഹിമാലയസാനുക്കളില്‍ കിടന്ന നഹഷന്‍ യുധിഷ്ഠിരനോടു ചോദിക്കുന്ന ചോദ്യങ്ങള്‍ അവിടെ കേള്‍ക്കാം. (സര്‍ഗ്ഗം 177) ബ്രാഹ്മണനാര് എന്നതായിരുന്നു ആദ്യത്തെ ചോദ്യം. സത്യം, ദാനം, ക്ഷമ, ശീലഗുണം, അക്രൂരത, ഇന്ദ്രിയനിഗ്രഹം, ദയ എന്നീ ഗുണങ്ങള്‍ ആരില്‍ കാണുന്നുവോ അയാളാണു ബ്രാഹ്മണന്‍ എന്ന് യുധിഷ്ഠിരന്‍ മറുപടി പറഞ്ഞു. ഇതുകേട്ടിട്ട് നഹുഷന്‍ വീണ്ടും ചോദിച്ചു. മേല്‍പ്പറഞ്ഞ ഗുണങ്ങള്‍ പലപ്പോഴും ശൂദ്രരുടെ മക്കളായി ജനിച്ചവരില്‍ കാണപ്പെടുന്നുണ്ട്. ബ്രാഹ്മണരുടെ മക്കളായി പിറന്ന ചിലരില്‍ ഈ ഗുണങ്ങള്‍ കാണപ്പെടാതെയുമുണ്ട്. അങ്ങനെ വരുമ്പോള്‍ സത്യദാനാദികളുള്ള ശൂദ്രന്‍ ബ്രാഹ്മണനായിത്തീരുമോ? അവയില്ലാത്ത പൂണുനൂല്‍ക്കാരന്‍ ശൂദ്രനായിത്തീരുമോ? അതെ എന്നായിരുന്നു യുധിഷ്ഠിരന്റെ സ്പഷ്ടമായ ഉത്രം സത്യദാനാദി ധര്‍മ്മിഷ്ഠയുള്ളവനേ ബ്രാഹ്മണനാകൂ. ഇല്ലാത്തയാള്‍ ഏതുകുടുംബത്തില്‍ പിറന്നാലും ബ്രാഹ്മണനാവുകയില്ല. കേരളക്കരയില്‍ പ്രസിദ്ധമായ പറയിപെറ്റ പന്തിരുകുലത്തിലെ പാക്കനാരും അകവൂര്‍ ചാത്തനും നാറാണത്തു ഭ്രാന്തനുമെല്ലാരുമാണ് യഥാര്‍ത്ഥ ബ്രാഹ്മണര്‍. അവരെല്ലാം താണജാതിക്കാരാണെന്നും പ്രസിദ്ധമാണല്ലൊ. അവരുടെ ബ്രാഹ്മണ്യമഹിമ ജ്യേഷ്ഠസഹോദരനായ മേഴത്തോള്‍ അഗ്നിഹോത്രിതന്നെ ലോകത്തിനതു തെളിയിച്ചുകാണിച്ചതും പ്രസിദ്ധം തന്നെ. എല്ലാവിഭാഗത്തിലും ബ്രാഹ്മണരുണ്ടെന്നതാണ് വാസ്തവം.
ഓച്ചിറയില്‍ വച്ച് അകവൂര്‍ തിരുമേനിക്കു ബ്രഹ്മദര്‍ശനം പകര്‍ന്നുകൊടുത്ത അകവൂര്‍ ചാത്തനെന് പുലയ സമുദായാംഗത്തെപ്പോലുള്ള മഹാബ്രാഹ്മണരെയാണ് എഴുത്തച്ഛന്‍ ഇവിടെ പ്രകീര്‍ത്തിച്ചിരിക്കുന്നത്. വേദജ്ഞാനത്തിനു കാരണഭൂതരായ ഗുരുക്കന്മാര്‍ അവരാകുന്നു. അവരുടെ പാദങ്ങളില്‍ പറ്റിയിരിക്കുന്ന പൊടി എന്റെ മനസ്സാകുന്ന കണ്ണാടിയെ ശുദ്ധമാക്കിത്തരേണമേ എന്നാണ് ആ പ്രാര്‍ത്ഥന.
No comments:
Post a Comment