ഉപനിഷത്തിലൂടെ -228
Thursday 9 August 2018 3:00 am IST
ബൃഹദാരണ്യകോപനിഷത്ത്- 27
യോ വൈ സ സംവല്‍സരഃ പ്രജാപതിഃ ഷോഡശകലഃ
16 കലകളോടുകൂടിയ സംവത്സര പ്രജാപതി എന്ന് പറയുന്നത് ഇങ്ങനെ അറിയുന്ന ഈ പുരുഷനെ തന്നെയാണ്. 15 കലകളാണ് വിത്തം. 16ാമത്തെ കല ശരീരം തന്നെ. ആ പുരുഷന്‍ വിത്തം കൊണ്ട് തന്നെയാണ് പൂര്‍ണനാവുകയും ക്ഷയിക്കുകയും ചെയ്യുന്നത്. ശരീരമെന്നത് രഥ നാഭിയുടെ സ്ഥാനമാണ്. വിത്തം പുറമെയുള്ള വൃത്തവും ആരക്കാലുകളുമാണ്. ഒരാള്‍ക്ക് എല്ലാം നഷ്ടപ്പെട്ടാലും ശരീരം കൊണ്ട് ജീവിക്കുന്നുവെങ്കില്‍ ബാഹ്യമായി മാത്രം ക്ഷീണമുണ്ടായതായി പറയുന്നു.
പ്രജാപതിയെ ആത്മഭൂതനായി അറിയുന്നയാള്‍ തന്നെയാണ് ഷോഡശകല പ്രജാപതി. അയാളുടെ ബാഹ്യമായ വിത്തത്തെയാണ് 15 കലകളായി പറഞ്ഞത്. ശരീരം പതിനാറാമത്തേതും. അയാള്‍ ചന്ദ്രനെപ്പോലെ വിത്തം കൊണ്ട് പൂ
ര്‍ണനാവുകയും പിന്നെ ക്ഷയിക്കുകയും ചെയ്യുന്നു. രഥത്തിന്റെ നാഭി (അച്ചുതണ്ട്) ഉണ്ടെങ്കില്‍ ആരക്കാലുകള്‍ ഉള്‍പ്പടെ മറ്റെല്ലാം അതിനോട് കൂട്ടിച്ചേര്‍ക്കാവുന്നതാണ്. അതുപോലെ. ശരീരമുണ്ടെങ്കില്‍ ധനം പിന്നീടും ഉണ്ടാക്കാം.
അഥ ത്രയോവാവ ലോകാ: മനുഷ്യ ലോകഃ പിതൃ ലോകോ ദേവലോക ഇതിമനുഷ്യന്‍ നേടേണ്ടതായ ലോകങ്ങള്‍ മൂന്നെണ്ണമാണ്. മനുഷ്യ ലോകം, പിതൃലോകം, ദേവലോകം. മനുഷ്യ ലോകം പുത്രനെക്കൊണ്ടാണ് സാധിക്കേണ്ടത്. മറ്റ് ഒന്നിനാലും കിട്ടില്ല. പിതൃലോകം കര്‍മം കൊണ്ട് നേടണം. ദേവലോകം വിദ്യകൊണ്ടും പ്രാപിക്കണം. ഈ മൂന്ന് ലോകങ്ങളിലും വെച്ച് ശ്രേഷ്ഠമായത് ദേവലോകമാണ്. അതിനാല്‍ അതിനുള്ള സാധനയായ വിദ്യയെ (ജ്ഞാനത്തെ) പ്രശംസിക്കുന്നു.
അഥാതഃ സംപ്രത്തിഃ യദാ പ്രൈഷ്യന്‍മന്യതേളഥ പുത്രമാഹ
പിന്നെ സംപ്രത്തി എന്ന കര്‍മത്തെ പറയുന്നു. അച്ഛനായ ഒരാള്‍ മരണമടുക്കുന്ന സമയത്ത് മകനോട് 'നീ ബ്രഹ്മമാണ് നീ യജ്ഞമാണ്, നീ ലോകമാണ് എന്ന് പറയുന്നു. അപ്പോള്‍ മകന്‍ ഞാന്‍ ബ്രഹ്മമാണ് ഞാന്‍ യജ്ഞമാണ്, ഞാന്‍ ലോകമാണ്, എന്ന് പറയുന്നു. പഠിച്ചതിനെയെല്ലാം ബ്രഹ്മമെന്ന് പറയാം. യജ്ഞങ്ങളെ മുഴുവന്‍ യജ്ഞമെന്നറിയണം. എല്ലാ ലോകങ്ങളേയും ചേര്‍ത്താണ് ലോകം എന്ന് വിശേഷിപ്പിച്ചത്.
ഒരു ഗൃഹസ്ഥന്‍ ചെയ്യേണ്ടത് ഇത്രമാത്രമാണ്. ഈ മകന്‍ ഇതെല്ലാമായിട്ട് എന്നെ ഈ ലോകത്തില്‍ നിന്ന് പാലിക്കും. എന്നാണ് അച്ഛന്റെ അഭിപ്രായം. അതിനാല്‍ അച്ഛനാല്‍ അനുശാസനം ചെയ്ത മകനെ ലോക്യനെന്ന് അറിവുള്ളവര്‍ പറയുന്നു. ഇങ്ങനെ സംപ്രത്തിയെ ചെയ്ത അച്ഛന്‍ മരിക്കുമ്പോള്‍ ഇതേ പ്രാണങ്ങളോടെ മകനില്‍ ചേരുന്നു. അച്ഛന്‍ ചെയ്യാതെ വിട്ടവയില്‍ നിന്നെല്ലാം മകന്‍ മോചിപ്പിക്കുന്നു. അതുകൊണ്ടാണ് 'പുത്രന്‍' എന്ന പേരുണ്ടായത്. അയാള്‍ പുത്രനെ കൊണ്ട് തന്നെ ഈ ലോകത്തില്‍ പ്രതിഷ്ഠയെ നേടുന്നു. അതിന് ശേഷം മരണ സ്വഭാവമില്ലാത്ത ഹിരണ്യഗര്‍ഭ സംബന്ധിയായ പ്രാണങ്ങള്‍ അയാളെ ആവേശിക്കുന്നു.
സംപ്രത്തി എന്നാല്‍ അച്ഛന്‍ മകന് തന്റെ കര്‍ത്തവ്യങ്ങളെ കൈമാറുന്നതാണ്. തന്റെ കര്‍മങ്ങളെല്ലാം മകനെ ഏല്‍പ്പിക്കുന്നു. ത്വം ബ്രഹ്മ എന്ന വാക്ക് കൊണ്ട് താന്‍ ചെയ്തിരുന്നതും ചെയ്യാനുള്ളതുമായ അധ്യയനം എല്ലാം ഇനി നീയാണ് ചെയ്യേണ്ടത് എന്ന അര്‍ത്ഥത്തിലാണ്. ഇതു പോലെ തന്നെ യജ്ഞങ്ങള്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് 'ത്വം യജ്ഞം' എന്നും നേടിയതും നേടാനുള്ളതുമായ ലോകങ്ങളുമായി ബന്ധപ്പെട്ട് ത്വം ലോകഃ എന്നും പറയുന്നു. അധ്യയനം, യജ്ഞം ലോക ജയം എന്നീ ഉത്തരവാദിത്വങ്ങളെ മകന്‍ ഏല്‍ക്കുന്നു. ഇങ്ങനെ അച്ഛനെ എല്ലാ ബന്ധനങ്ങളില്‍ നിന്നും മോചിപ്പിക്കുന്നതിനാല്‍ ലോകഹിതന്‍ എന്ന അര്‍ത്ഥത്തിലാണ് ലോക്യന്‍ എന്ന് പറയുന്നത്.
പിന്നെ അച്ഛന്‍ മരിക്കുമ്പോള്‍ വാക്ക്, മനസ്സ് പ്രാണന്‍ എന്നിവയോടെ മകനില്‍ ചേരുന്നു. താന്‍ തന്നെ മകനായി വീണ്ടും ജീവിക്കുന്നു. അച്ഛന്‍ പൂര്‍ത്തിയാക്കാത്ത കര്‍മങ്ങള്‍ മുഴുമിപ്പിക്കുന്നതിനാലാണ് പുത്രന്‍ എന്ന പേരുണ്ടായത്. പൂരണം കൊണ്ട് പിതാവിനെ ത്രാണനം ചെയ്യുന്നയാളാണ് പുത്രന്‍.
സ്വാമി അഭയാനന്ദ
ചിന്മയ മിഷന്‍, തിരുവനന്തപുരം
No comments:
Post a Comment