Wednesday, August 08, 2018

ശ്രീപാര്‍വതിയുടെയും ഗോമാതാവിന്റെയും ഗംഗാമാതാവിന്റെയും സാന്നിധ്യം നിറഞ്ഞ തീര്‍ത്ഥവും യോഗീശ്വര സങ്കല്പവും ഈ തീര്‍ത്ഥക്കര പിതൃതര്‍പ്പണത്തിന് പ്രശസ്തമാക്കിത്തീര്‍ത്തു. 'തിരുകുളമ്പായി' എന്ന നാമം പിന്നീട് തിരുവുംപ്ലാവില്‍ എന്നറിയപ്പെട്ടു.
പിതൃമോക്ഷമേകുന്ന ശിവചൈതന്യം നിറഞ്ഞ ക്ഷേത്രമാണ് എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയ്ക്ക് സമീപമുള്ള ആനിക്കാട് ഗ്രാമത്തിലെ തിരുവുംപ്ലാവില്‍ മഹാദേവക്ഷേത്രം. ശ്രീപാര്‍വ്വതീ സുബ്രഹ്മണ്യസമേതം മഹാദേവന്‍ സ്വയംഭൂവായി ഒരുപീഠത്തില്‍ കുടികൊള്ളുന്ന ഈ പുരാതന ക്ഷേത്രവും, വടക്കുഭാഗത്തുള്ള തീര്‍ത്ഥക്കരയും ഐതിഹ്യ പ്രസിദ്ധങ്ങളാണ്.
ഐതിഹ്യം
ഒരിക്കല്‍ ഭക്തശിരോമണികളായ രണ്ട് വൃദ്ധ ബ്രാഹ്മണര്‍ ജന്മസാഫല്യത്തിനായി കാശീയാത്രയ്ക്കു പുറപ്പെട്ടു. മാര്‍ഗമധ്യേ വനപ്രദേശത്തെത്തിയ അവര്‍ രോഗം ബാധിച്ച് അവശയായ ഒരു പശുവിനെ കണ്ടു. മനസ്സലിഞ്ഞ ഒരു ബ്രാഹ്മണന്‍, പശുവിനെ ശുശ്രൂഷിച്ചു രോഗവിമുക്തി വരുത്തിയിട്ടേ തുടര്‍ന്നു യാത്രയുള്ളൂവെന്ന് തീരുമാനിച്ചു. എന്നാല്‍ അപരനാകട്ടെ  കാശിക്ക് പുറപ്പെട്ടു.
ബ്രാഹ്മണന്റെ ദീര്‍ഘനാളത്തെ ശുശ്രൂഷകൊണ്ട് പശു പൂര്‍ണ സുഖം പ്രാപിച്ചു. സുഹൃത്തുമൊരുമിച്ചുള്ള കാശിയാത്ര മുടങ്ങിയതില്‍ അദ്ദേഹത്തിനു വിഷമമുണ്ടായിരുന്നു. എന്നാല്‍ ഒരു പശുവിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതിലുള്ള ആത്മസംതൃപ്തി ആ മനസ്സില്‍ നിറഞ്ഞു. ഒരു ദിവസം പശുവിനെ തലോടിക്കൊണ്ടിരുന്ന ബ്രാഹ്മണനു മുന്‍പില്‍ പശുവിന്റെ കുളമ്പ് കൊണ്ട്, അതേ കുളമ്പിന്റെ ആകൃതിയില്‍ പാറയില്‍ വിടവുണ്ടായി. അതിലൂടെ ജലപ്രവാഹവും. 
അത്ഭുതസ്തബ്ധനായ ആ മഹാബ്രാഹ്മണനുമുമ്പില്‍ പത്നീസമേതനായി ശ്രീപരമേശ്വരന്‍ പ്രത്യക്ഷപ്പെട്ടു. 'ഹേ ബ്രാഹ്മണോത്തമാ! അങ്ങ് വിഷമിക്കേണ്ട. അങ്ങയുടെ സുഹൃത്തിന് കാശീ സ്നാനത്തിനുള്ള സമയം ആകുന്നതേയുള്ളൂ. നിങ്ങളില്‍ ആരാണ് യഥാര്‍ത്ഥ ഭക്തന്‍ എന്നറിയുവാന്‍ ശ്രീപാര്‍വതിയെ ഗോമാതാവിന്റെ രൂപത്തില്‍ നാം അയച്ചതാണ്. പരീക്ഷയില്‍ അങ്ങു വിജയിച്ചു. സഹജീവിയോടുള്ള സ്നേഹമാണ് യഥാര്‍ത്ഥ ഭക്തി എന്ന് മാലോകര്‍ക്ക് അങ്ങ് കാട്ടിക്കൊടുത്തു. ഈ കുളമ്പടിപ്പാടില്‍ നിന്നും പ്രവഹിക്കുന്നത് യഥാര്‍ത്ഥ കാശീതീര്‍ത്ഥം തന്നെയാണ്. ഈ തീര്‍ത്ഥത്തില്‍ സ്നാനം ചെയ്ത് എല്ലാ പിതൃകര്‍മങ്ങളും ഇവിടെ തന്നെ ചെയ്തുകൊള്ളൂ. കാശിയില്‍ ചെയ്യുന്നതിനു തുല്യഫലം അങ്ങയ്ക്ക് ലഭിക്കുന്നതാണ്'. ഇത്രയും അരുളിച്ചെയ്ത് ഭഗവാന്‍ അപ്രത്യക്ഷനായി. ഭഗവദ് വചനങ്ങള്‍ അക്ഷരംപ്രതി പാലിച്ച്, പിതൃകര്‍മങ്ങളെല്ലാം അവിടെത്തന്നെ ചെയ്ത് അദ്ദേഹം തീര്‍ത്ഥക്കരയില്‍ തപസ്സനുഷ്ഠിച്ചു പരമഭക്തനായ യോഗീശ്വരനായിത്തീര്‍ന്നു.
ശ്രീപാര്‍വതിയുടെയും ഗോമാതാവിന്റെയും ഗംഗാമാതാവിന്റെയും സാന്നിധ്യം നിറഞ്ഞ തീര്‍ത്ഥവും യോഗീശ്വര സങ്കല്പവും ഈ തീര്‍ത്ഥക്കര പിതൃതര്‍പ്പണത്തിന് പ്രശസ്തമാക്കിത്തീര്‍ത്തു. 'തിരുകുളമ്പായി' എന്ന നാമം പിന്നീട് തിരുവുംപ്ലാവില്‍ എന്നറിയപ്പെട്ടു.
ഈ തീര്‍ത്ഥക്കരയില്‍ നിത്യവും ബലിതര്‍പ്പണ ചടങ്ങുകളുണ്ട്. അമാവാസിതോറും തിലഹോമം, സായൂജ്യപൂജ തുടങ്ങിയ ചടങ്ങുകളും ക്ഷേത്രത്തില്‍ നടക്കുന്നു. തീര്‍ത്ഥക്കരയില്‍ ബലി ഇട്ട് ക്ഷേത്രത്തിലെത്തി സ്വയംഭൂവായ ശ്രീപാര്‍വ്വതീ സുബ്രഹ്മണ്യസമേതനായ വിശ്വനാഥസ്വാമിയെ തൊഴുതു പ്രാര്‍ത്ഥിച്ചാല്‍ പിതൃക്കള്‍ക്ക് മോക്ഷവും തങ്ങള്‍ക്ക് ശ്രേയസ്സും ഉണ്ടാകുമെന്ന് ഭക്തജനങ്ങള്‍ ഉറച്ചുവിശ്വ സിക്കുന്നു.
janmabhumi

No comments: