സത്യാനന്ദ സുധ-25/ഡോ. പൂജപ്പുര കൃഷ്ണന്‍ നായര്‍
Friday 10 August 2018 1:04 am IST
വേദതുല്യമായ മഹിമയോടെ പുരാതനകാലം മുതല്‍ വിളങ്ങിക്കൊണ്ടിരിക്കുന്ന ശ്രീരാമായണം വര്‍ണിച്ചുപാടാനാണ് എഴുത്തച്ഛന്റെ പുറപ്പാട്. അതാരംഭിക്കും മുന്‍പ് രാമകഥ പാടുന്ന താനാരെന്ന് പരിചയപ്പെടുത്തേണ്ടത് ലോകമര്യാദയാണല്ലൊ. അതോടൊപ്പം രാമായണകഥാ ഗാനം ചെയ്യുന്നവര്‍ക്കു വേണ്ടുന്ന മാനസികമായ തയ്യാറെടുപ്പിനെയും ഭംഗ്യന്തരേണ പ്രതിപാദിക്കണം. പരമാത്മസ്വരൂപനായ ശ്രീരാമചന്ദ്രന്റെ പാദങ്ങളെ സേവിക്കുന്നവനാണ് അഥവാ ബ്രഹ്മജ്ഞാനികളായ മഹാഗുരുക്കന്മാരുടെ പാദങ്ങളെ സേവിക്കുന്നവനാണ്, ഭഗവാന്റെ ഭക്തനാണ്, ഭഗവാന്റെ ദാസനാണ്, ബ്രഹ്മാവിന്റെ പാദങ്ങളില്‍ നിന്നു ജനിച്ചവനാണ്, അജ്ഞാനികളില്‍ ഒന്നാമനാണ,് ഇതൊക്കെയാണ് അദ്ദേഹം തന്നെക്കുറിച്ചു നല്‍കിയിരിക്കുന്ന വിവരണം. തന്റെ പേരോ കുടുംബമോ സ്ഥാനമാനങ്ങളോ അധികാരാവകാശങ്ങളോ യാതൊന്നും അദ്ദേഹം പറഞ്ഞിട്ടില്ല. സാധാരണ ആരായാലും ഇത്തരം കാര്യങ്ങളാണല്ലൊ പരിചയപ്പെടുത്താനാഗ്രഹിക്കുക. പക്ഷേ അതല്ല എഴുത്തച്ഛന്റെ മാര്‍ഗം. രാമായണകഥ പാടാനാഗ്രഹിക്കുന്നവരാരാകിലും അവര്‍ക്കു വേണ്ടുന്ന യോഗ്യതയും ഇതൊക്കെത്തന്നെയാണ്. ഇക്കാര്യം നിപുണദൃക്കുകള്‍ക്കേ മനസ്സിലാകൂ എന്നു പ്രത്യേകതയുണ്ട്.
എഴുത്തച്ഛന്റെ വിനയം ഇതിലെല്ലാം സ്ഫുരിക്കുന്നു. അഹന്തയെ അലിയിച്ചലിയിച്ച് ഇല്ലാതാക്കിത്തീര്‍ക്കാന്‍ വിനയത്തെപ്പോലെ വേറൊരു മരുന്നില്ല. ഞാന്‍ ശരീരമാണെന്ന തെറ്റിദ്ധാരണ മൂലം മാനവഹൃദയങ്ങളിലങ്കുരിക്കുന്ന കേമത്ത സങ്കല്‍പമാണ് അഹന്ത. മറ്റുള്ളവരില്‍ നിന്നെല്ലാം മേലെയാണു താനെന്നു വിചാരിക്കാന്‍ അതു കാരണമാകുന്നു. ഈശ്വരനില്‍ നിന്നു വേറെയാണു താനെന്ന സങ്കല്‍പം അതിനു മുന്‍പേ അറിയാതെ തന്നെ ഉറച്ചു കഴിഞ്ഞിരിക്കും. അതാണ് അഹന്തയുടെ സൂക്ഷ്മ രൂപം. മാനവഹൃദയങ്ങളെ കളങ്കിതമാക്കുന്നത് അഹന്തയാകുന്നു. തന്റെ കേമത്തം സ്ഥാപിച്ചെടുക്കാനുള്ള പ്രവണതകൂടി വളരുമ്പോള്‍ ഹൃദയം കലാപകലുഷിതമായി രാക്ഷസാകാരം കൈക്കൊള്ളും. അത്തരക്കാരില്‍നിന്ന് ക്രൂരപ്രവൃത്തികള്‍ പുറപ്പെടും. അഹന്തയുടെ നേരിയ അംശമെങ്കിലും ഹൃദയത്തിലുള്ളിടത്തോളം കാലം പരമാത്മജ്ഞാനം മറഞ്ഞേ ഇരിക്കൂ. ഗുരുനാഥന്റെ പാദസേവകനായിത്തീരലാണ് അഹന്താനിരാസത്തിനുള്ള കര്‍മപദ്ധതി. ഗുരുഭക്തിയുടെ സ്വരൂപവും പവിത്രതയും ദാര്‍ഢ്യവുമറിയണമെങ്കില്‍ ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെ മുന്നില്‍ നില്‍ക്കുന്ന സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളെ കാണണം. അദ്ദേഹത്തിന്റെ മുന്നില്‍ വച്ചു ഗുരുപാദരുടെ പേരുച്ചരിച്ചാല്‍ മാത്രം മതി ഗുരുഭക്തിയുടെ പൂര്‍ണത അനുഭവവേദ്യമായിത്തീരും.
ഈശ്വരപാദസേവ ചെയ്യുന്നവന്‍ എന്ന് പാദസേവക ശബ്ദം കൊണ്ട് എഴുത്തച്ഛന്‍ അര്‍ത്ഥമാക്കിയിട്ടുണ്ട്. ഗുരുപാദസേവയും ഈശ്വരപാദസേവയും രണ്ടല്ലാത്തതാണ് അതിനു കാരണം. ശ്രീരാമനാണല്ലോ പരമഗുരുനാഥന്‍. ഈശ്വരന്‍ ജഗന്മയനാണ്. ഇക്കാണായ മനുഷ്യരായും മൃഗങ്ങളായും പക്ഷികളായുമെല്ലാം മുന്നില്‍ നില്‍ക്കുന്ന വിശ്വരൂപനാണ് ഈശ്വരന്‍. അവയുടെ എല്ലാം കാലുകള്‍ ഈശ്വരന്റെ പാദങ്ങളാണെന്നു തിരിച്ചറിഞ്ഞ് ദാസഭാവത്തില്‍ ആരാധിക്കുന്ന വിസ്തൃതതലം വരെ അതു വ്യാപിക്കുന്നു. ഈ അര്‍ത്ഥതലത്തിലാണ് അതിന്റെ സ്ഥിതി. മറ്റെല്ലാ ചിന്തകളും വെടിഞ്ഞ് ഇഷ്ടദേവതയുടെ പാദത്തിലേക്കു തന്നെ മനസ്സ് നിരന്തരം പ്രവഹിക്കുന്ന അവസ്ഥയ്ക്കാണു ഭക്തി എന്നുപറയുന്നത്. അതാണ് ഭക്തന്റെ അനുഭവതലം. അത് അയാളെ ഭഗവാന്റെ സേവകനാക്കിമാറ്റുന്നു. അതാണ് ദാസഭാവം. ഹനുമാന് ശ്രീരാമനോടുള്ള ബന്ധമാണത്. രാമകഥ ശരിയാംവിധം അറിയണമെങ്കിലും അതു പാടണമെങ്കിലും മേല്‍പ്പറഞ്ഞവ ഹൃദയത്തിലുറച്ചാലേ പറ്റൂ.
ഇതിനെല്ലാമുപരിയാണ് ബ്രഹ്മപാദജനെന്ന പരാമര്‍ശം. വിരാട് പുരുഷന്റെ പാദത്തില്‍ നിന്നു ജനിച്ചവന്‍ അഥവാ ശൂദ്രനെന്നര്‍ത്ഥം. വേദങ്ങള്‍ നാലിലും കാണപ്പെടുന്ന സൂക്തമാണ് പുരുഷസൂക്തം. ബ്രാഹ്മണന്‍ പുരുഷന്റെ മുഖത്തുനിന്നു ജനിച്ചു എന്നും ക്ഷത്രിയന്മാര്‍ കരങ്ങളില്‍നിന്നും വൈശ്യര്‍ തുടകളില്‍നിന്നും ശൂദ്രര്‍ പാദങ്ങളില്‍നിന്നും പിറന്നു എന്നും അതില്‍ കാണാം. ജഡചേതനമയമായ പ്രപഞ്ചത്തിന്റെ ഏകത്വത്തെ കലാപരമായ രസികതയോടെ അനുഭവപ്പെടുത്തുന്ന വേദ കവിതാഭാഗമാണ് പുരുഷസൂക്തം. മനുഷ്യരും ഇതര ജീവജാലങ്ങളും നിര്‍ജീവപദാര്‍ത്ഥങ്ങളും എങ്ങനെ ആ ഏകത്വത്തില്‍ ഒന്നായിണങ്ങി നില്‍ക്കുന്നു എന്ന് അതു കാട്ടിത്തരുന്നു. ഭഗവാന്റെ പാദങ്ങളില്‍നിന്നു പിന്നെ എളിയവരില്‍വച്ച് എളിയവനാണു താന്‍ എന്നാണ് എഴുത്തച്ഛന്‍ ഇവിടെ പറഞ്ഞുവച്ചിരിക്കുന്നത്. പോരാത്തതിന് അറിവില്ലാത്തവരുടെ കൂട്ടത്തില്‍ ഒന്നാമനും. താന്‍ പണ്ഡിതനാണെന്ന വിചാരം കടുത്ത ഗര്‍വത്തിനു കാരണമായിത്തീരും. സമ്പത്തും സ്ഥാനമാനങ്ങളുമെന്നപോലെ വലിയ കെണിയാണ് പാണ്ഡ്യഗര്‍വം. മേല്‍പ്പുത്തൂരിന്റെ വിഭക്തിയെക്കാള്‍ പൂന്താനത്തിന്റെ ഭക്തിയെ ഭഗവാനിഷ്ടപ്പെട്ട കഥ ഓര്‍ക്കുക. പരമഭക്തനായ മഹാജ്ഞാനിയുടെ അത്യുദാത്തമായ മാനസികാവസ്ഥയാണ് ഈ എളിമ. അഹന്ത ഇവിടെ പൂര്‍ണമായും ദൂരീകൃതമാകുന്നു. അപ്പോള്‍ മാത്രമേ ഉള്ളിന്റെ ഉള്ളില്‍നിന്നു പുറപ്പെടുന്ന ശാരികപ്പൈതലിന്റെ പാട്ട് കാതുകളില്‍ കേള്‍ക്കപ്പെടുകയുള്ളൂ. കിളിപ്പാട്ട് എന്താണെന്നും ഉത്ഭവിക്കുന്നത് ഏതവസ്ഥയിലാണെന്നും നേരത്തെ വ്യക്തമാക്കിയിട്ടുണ്ടല്ലൊ.
സമ്പത്തും സ്ഥാനമാനങ്ങളും അധികാരവും നേടാനുള്ള ഉപകരണമായാണ് ഇക്കാലത്ത് അറിവിനെ ലോകം സമീപിക്കുന്നത്. എഴുത്തച്ഛന്റെ കാലത്തും അതുതന്നെയായിരുന്നു സ്ഥിതി. ഇത്രത്തോളം ഭീകരമായിരുന്നില്ലെന്നേയുള്ളൂ. അത്തരക്കാരുടെ കണ്ണില്‍ എഴുത്തച്ഛനെപ്പോലുള്ളവരുടെ ചിന്തകള്‍ മണ്ടത്തരം മാത്രമായിരിക്കും. നാറാണത്തെ മഹാജ്ഞാനിയെ ഭ്രാന്തനെന്നു വിളിച്ച ലോകമാണിത്. പക്ഷേ മഹാജ്ഞാനികള്‍ ആക്ഷേപങ്ങളെ ഭൂഷണമായേ കണക്കാക്കൂ. അതാണ് സ്വയം അജ്ഞാനിയെന്നു പരിചയപ്പെടുത്തിക്കൊണ്ട് എഴുത്തച്ഛന്‍ ചെയ്തിരിക്കുന്നത്. ജാതിചിന്തയും അയിത്തവും ഹിന്ദുധര്‍മത്തിലുള്ളതല്ല. പക്ഷേ സ്വന്തം അധികാരശക്തി ഉറപ്പിച്ചുനിര്‍ത്താന്‍ പ്രയോജനപ്പെടുന്ന കരുത്തുറ്റ ആയുധമായി പന്ത്രണ്ടാം നൂറ്റാണ്ടോടെ കുറെ രാജാക്കന്മാരും ഒരു കൂട്ടം ബ്രഹ്മണരും സ്ഥാപിച്ചെടുത്തതാണ് അയിത്താചാരം. അന്നുമുതല്‍ അതിനെതിരെ വിവേകശാലികള്‍ ആരംഭിച്ച സന്ധിയില്ലാത്ത സമരത്തിന്റെ പ്രതിധ്വനി അധ്യാത്മരാമായണത്തിലുടനീളം കേള്‍ക്കാം. ബ്രഹ്മപാദജനെന്നു തന്നെ പരിചയപ്പെടുത്തുന്നിടത്ത് എഴുത്തച്ഛന്‍ അതിനു തുടക്കം കുറിച്ചിരിക്കുന്നു. ഏതൊരു ഈശ്വരപാദത്തിലാണോ ബ്രാഹ്മണനെന്ന് അഭിമാനിക്കുന്നവര്‍ പോലും പൂജകളര്‍പ്പിച്ചു നമസ്‌കരിക്കുന്നത് ഈശ്വരപാദങ്ങളില്‍ നിന്നു പിറന്നവനാണു ഞാനെന്നര്‍ത്ഥം. പരമാര്‍ത്ഥം ഇതായിരിക്കേ ശൂദ്രന്‍ എങ്ങനെയാണ് അയിത്തക്കാരനാവുക? ജ്ഞാനികളുടെ പ്രതിഷേധം ഒരിക്കലും കലാപകലുഷിതമായിരിക്കുകയില്ല. മറിച്ച് കുറ്റക്കാരനോടുപോലും കാരുണ്യം കാട്ടും വിധം കുലീനവും സാത്വികവുമായിരിക്കും. തെറ്റു ചെയ്ത് അഹങ്കരിക്കുന്നവനെ തകര്‍ക്കുകയല്ല മറിച്ച് സ്‌നേഹപൂര്‍വം സത്യം തുറന്നുകാട്ടി ചിന്തിപ്പിക്കുകയും മാനസിക പരിവര്‍ത്തനം വരുത്തുകയുമാണ് ഋഷിമാരുടെ മാര്‍ഗം. അംഗുലീമാലനെപ്പോലും ബുദ്ധഭിക്ഷുവാക്കി മാറ്റുന്ന കാരുണ്യത്തിന്റെ ഉറവിടങ്ങളാണ് ആചാര്യന്മാര്‍. തങ്ങള്‍ക്കു സ്വപ്‌നം കാണാന്‍ പോലും സാധിക്കാത്ത ചിന്തയുടെയും പ്രവൃത്തിയുടെയും ശ്രേഷ്ഠത താണജാതിക്കാരനില്‍ കണ്ട് മേല്‍ജാതിക്കാരനെന്നഹങ്കരിക്കുന്നവര്‍ അഹങ്കാരം കൈവെടിയണം.
വേദതുല്യമായ രാമായണം പാടിക്കേള്‍പ്പിക്കുന്നത് വെറുമൊരു ശൂദ്രന്‍. ആര്‍ക്കുവേണ്ടിയെന്നാല്‍ ബോധഹീനന്മാര്‍ക്കു വേണ്ടി. വേദം സാംഗോപാംഗം ഉരുവിട്ടു പഠിച്ചിട്ടും യജ്ഞകര്‍മാദികളുടെ രൂപത്തില്‍ ചെയ്തു ശീലിച്ചിട്ടും വേദമന്ത്രദ്രഷ്ടാക്കളുടെ സന്ദേശം ഉള്‍ക്കൊള്ളാന്‍ കഴിയാതെ പോയവര്‍; വേദമന്ത്രങ്ങളെ ഉപജീവനം മാത്രമായും അധികാരചിഹ്നമായും അധഃപതിപ്പിച്ചവര്‍; അവരാണു ബോധഹീനന്മാര്‍. അവര്‍ക്ക് ആര്‍ഷമായ സത്യദര്‍ശനം ലഭിക്കാന്‍വേണ്ടിയാണ് അദ്ധ്യാത്മരാമായണ രചന. അക്ഷരജ്ഞാനം പോലുമില്ലാതെ ക്ലേശിക്കുന്ന സാധാരണക്കാര്‍ക്കു ധര്‍മതത്വം പഠിക്കാനെന്ന അര്‍ത്ഥം അതു ശരിയുമാണ്. ഒരുപക്ഷേ അതിനെക്കാള്‍ പ്രധാനമാണ് ധര്‍മാചാര്യനായ എഴുത്തച്ഛന്‍ ഉള്‍ക്കൊള്ളിച്ചുവച്ചിരിക്കുന്ന ആദ്യത്തെ അര്‍ത്ഥം. ഇത് അയിത്താചാരസംരക്ഷകര്‍ക്കു വിവേകമുദിക്കാന്‍ വേണ്ടി രചിച്ചതു കൂടിയാണ്.
No comments:
Post a Comment