Tuesday, August 07, 2018

സ്യമന്തക രത്നത്തിന്റെ കഥ- ഭാഗവതം (277)

ജാനേ ത്വാം സര്‍വ്വഭൂതാനാം പ്രാണ ഓജഃ സഹോ ബലം
വിഷ്ണും പുരാണപുരുഷം പ്രഭവിഷ്ണുമധീശ്വരം (10-56-26)
ത്വം ഹി വിശ്വസൃജാം സ്രഷ്ടാ സൃജ്യാനാമപി യച്ച സത്
കാലഃ കലയതാമീശഃ പര ആത്മാ തഥാത്മനാം (10-56-27)
ശുകമുനി തുടര്‍ന്നു:
ദ്വാരകയില്‍ സൂര്യദേവന്റെ ഭക്തനായി സത്രാജിത്ത്‌ എന്നൊരാളുണ്ടായിരുന്നു. ഒരു ദിവസം സൂര്യദേവന്‍ സത്രാജിത്തിന്‌ സ്യമന്തകം എന്ന്‌ പേരായ ഒരു മഹനീയ രത്നം നല്‍കി. സ്യമന്തകം അതീവ പ്രഭയേറിയതും അതിന്റെ ഉടമയ്ക്ക്‌ നിലയ്ക്കാത്ത സമ്പത്തു നല്‍കുവാന്‍ കഴിയുന്നതുമായിരുന്നു. ആ രത്നവുമണിഞ്ഞുകൊണ്ട്‌ സത്രാജിത്ത്‌ ദ്വാരകയില്‍ പ്രവേശിച്ചു. ജനം അദ്ദേഹത്തെ സൂര്യദേവനെന്നു തെറ്റിദ്ധരിച്ചു പോയി. കൃഷ്ണന്‍ സത്രാജിത്തിനോട്‌ രത്നം തന്റെ കയ്യില്‍ തരാന്‍ ആവശ്യപ്പെട്ടു. കാരണം, അങ്ങനെയുളള അപൂര്‍വ്വ സമ്പത്ത്‌ രാജാവിന്റെ കൈവശമായിരിക്കണം. ഉഗ്രസേനരാജാവിന്റെ കയ്യില്‍ സൂക്ഷിച്ച്‌ അത്‌ പൊതുനന്മയ്ക്കായി ഉപയോഗിക്കാം എന്നായിരുന്നു കൃഷ്ണന്റെ അഭിപ്രായം. എന്നാല്‍ സത്രാജിത്ത്‌ അത്‌ ചെവിക്കൊണ്ടില്ല.
ഒരു ദിവസം സത്രാജിത്തിന്റെ സഹോദരനായ പ്രസേനന്‍ സ്യമന്തകവും ധരിച്ച്‌ വനത്തില്‍ പോയി. തിളങ്ങുന്ന കല്ലിന്റെ ആകര്‍ഷണത്തില്‍ ഒരു സിംഹം പ്രസേനനെ ആക്രമിച്ച്‌ കൊലപ്പെടുത്തി. സിംഹം സ്യമന്തകത്തെ ഒരു ഗുഹയ്ക്കു സമീപത്തേയ്ക്കു കൊണ്ടുപോയി. സുപ്രസിദ്ധനായ ജാംബവാന്‍ അതില്‍ ജീവിച്ചിരുന്നു. തന്റെ പുത്രന്‌ കളിക്കാനായി രത്നമെടുക്കാന്‍ നിശ്ചയിച്ച്‌ ജാംബവാന്‍ സിംഹത്തിനെ വകവരുത്തി. ഇതേ സമയം ദ്വാരകയില്‍ കൃഷ്ണനാണ്‌ പ്രസേനനെ കൊന്ന് രത്നം മോഷ്ടിച്ചതെന്നൊരു കിംവദന്തി പരന്നു. അപവാദത്തില്‍ നിന്നും സ്വയം രക്ഷിക്കാന്‍ കൃഷ്ണന്‍ പ്രസേനന്‍ വനത്തിലേക്ക്‌ പോയ പാത പിന്തുടര്‍ന്നു. അവിടെ പ്രസേനന്റെ പിണം കണ്ടു. ഒരു സിംഹവുമായി മല്‍പ്പിടുത്തമുണ്ടായതിന്റെ ലക്ഷണവും കാണായി. പിന്നീട്‌ സിംഹത്തിന്റെ ജഡം ഒരു ഗുഹാമുഖത്ത്‌ കൃഷ്ണന്‍ കണ്ടു. രത്നവും തേടി കൃഷ്ണന്‍ ഗുഹയ്ക്കുള്ളില്‍ കയറി. അവിടെ തൊട്ടിലിനു മുകളില്‍ അത്‌ തൂങ്ങിക്കിടക്കുന്നു.
കൃഷ്ണനെക്കണ്ട്‌ ശിശുവിന്റെ ആയ ഉറക്കെ വിളിച്ചു കരഞ്ഞു. ജാംബവാന്‍ ഓടിയെത്തി. അവിടെ ജാംബവാനും കൃഷ്ണനുമായി വലിയൊരു മല്‍പ്പിടുത്തം തന്നെ നടന്നു. കുറേ ദിവസങ്ങള്‍ തുടര്‍ച്ചയായി പോരാടിക്കഴിഞ്ഞപ്പോള്‍ വീരപരാക്രമിയായ ജാംബവാനാണ്‌ തളര്‍ന്നുപോയത്‌. അത്ഭുതപരവശനായ ജാംബവാന്‍ പറഞ്ഞു: ‘അവിടുന്ന് ഭഗവാന്‍ തന്നെ. എല്ലാ ജീവജാലങ്ങളുടെയും പൊരുള്‍. അവിടുന്നാണ്‌ പരമപുരുഷന്‍. സ്രഷ്ടാവിന്റെ പ്രജാപതിയും കാലവും അവിടുന്നത്രേ. അവിടുന്നുതന്നെ എല്ലാറ്റിന്റെയും പരംപൊരുള്‍. അവിടുന്ന് കഴിഞ്ഞ ജന്മത്തിലെ രാമചന്ദ്രപ്രഭു തന്നെ.’ അങ്ങനെ ഭഗവാനെ തിരിച്ചറിഞ്ഞ് ജാംബവാന്‍ കൃഷ്ണനെ ആരാധിച്ചു. കൃഷ്ണന്‍ കഥകളെല്ലാം വെളിപ്പെടുത്തി. ജാംബവാന്‍ ആഹ്ലാദപുരസ്സരം സ്യമന്തകത്തെ കൃഷ്ണനു നല്‍കി. കൂടാതെ സന്തുഷ്ടനായി തന്റെ പുത്രിയായ ജാംബവതിയെ കൃഷ്ണനു പാണിഗ്രഹണം ചെയ്തു കൊടുക്കുകയും ചെയ്തു.
ദ്വാരകയില്‍ രത്നം തേടിപ്പോയ കൃഷ്ണനെ കാണാഞ്ഞ് എല്ലാവരും ദുഃഖത്തിലാണ്ടു. കൃഷ്ണന്‍ ഗുഹയിലേറി ഏറെ നാളായിട്ടും തിരിച്ചുവന്നില്ല. കൃഷ്ണന്റെ അമ്മയും രുക്മിണിയും മറ്റും വ്രതമെടുത്ത്‌ കൃഷ്ണന്റെ സംരക്ഷയ്ക്കുവേണ്ടി ദേവീ ഉപാസന നടത്തി. കൃഷ്ണന്‍ സ്യമന്തകവും കൊണ്ട്‌ ജാംബവതീസമേതനായി ദ്വാരകയില്‍ തിരിച്ചെത്തിയപ്പോള്‍ ഏവരും ആഹ്ലാദിച്ചു. ഭഗവാനെ കാത്തു രക്ഷിച്ചതില്‍ അവര്‍ ഭഗവതിയോടു നന്ദിപറഞ്ഞു. കൃഷ്ണന്‍ സത്രാജിത്തിനെ സഭയില്‍ വിളിച്ച്‌ സ്യമന്തകം തിരിച്ചേല്‍പ്പിച്ചു. തന്റെ രത്നം നഷ്ടപ്പെട്ടതിനും സഹോദരന്റെ മരണത്തിനും കൃഷ്ണനെ പഴിചാരിയതില്‍ സത്രാജിത്ത്‌ ലജ്ജിച്ചു. ബന്ധം നന്നാക്കിയെടുക്കാന്‍ തന്റെ പുത്രിയായ സത്യഭാമയെ കൃഷ്ണന്‌ വിവാഹം ചെയ്തു കൊടുത്തു. അദ്ദേഹം സ്യമന്തകമണി വിട്ടുകൊടുക്കാന്‍ തയ്യാറാവുകയും ചെയ്തു. എന്നാല്‍ കൃഷ്ണന്‍ സത്രാജിത്തിനോട്‌ രത്നം സ്വയം സൂക്ഷിച്ചുകൊളളാന്‍ പറയുകയാണ്‌ ചെയ്തത്‌. എന്നാല്‍ അതിന്റെ സല്‍ഫലങ്ങള്‍ ദ്വാരകാവാസികളുമായി പങ്കുവയ്ക്കണമെന്ന് അദ്ദേഹത്തെ ഉപദേശിക്കുകയും ചെയ്തു.
sreayas

No comments: