ഉപനിഷത്തിലൂടെ -256/ബൃഹദാരണ്യകോപനിഷത്ത്- 55/സ്വാമി അഭയാനന്ദ
Monday 10 September 2018 1:03 am IST
അഥ ഹൈനം ഗാര്‍ഗീ വാചക് നവീ പപ്രച്ഛഃ യാജ്ഞവല്‍ക്യേതി ഹോവാച, യദിതം സര്വപ്സു ഓതം ച പ്രോതം ച...
വാചക്നുവിന്റെ പുത്രിയായ ഗാര്‍ഗിയാണ് പിന്നെ ചോദിച്ചത്. ഈ കാണുന്നതെല്ലാം അപ്പുകളില്‍ ഓത പ്രോത (ഊടും പാവും) മായിരിക്കുന്നുവെങ്കില് അപ്പുകള്‍ എതിലാണ് ഊടും പാവുമായിരിക്കുന്നത്?
അപ്പുകള്‍ വായുവിലാണ് ഊടും പാവുമായിരിക്കുന്നത് എന്ന് യാജ്ഞവല്ക്യന് പറഞ്ഞു.
വായു ഏതിലാണ് ഓത പ്രോതമായിരിക്കുന്നത്? അന്തരീക്ഷ ലോകങ്ങളില്‍.
ഏതിലാണ് അന്തരിക്ഷ ലോകങ്ങള്‍ ഊടും പാവുമയത്?
ഗന്ധര്‍വ ലോകങ്ങളില്‍.
അവ ഏതിലാണ്?
ആദിത്യ ലോകങ്ങളില്‍ സൂര്യലോകങ്ങള് ചന്ദ്രലോകങ്ങളിലും, ചന്ദ്രലോകങ്ങള്‍ നക്ഷത്രലോകങ്ങളിലും, നക്ഷത്രലോകങ്ങള്‍ ദേവലോകങ്ങളിലും ദേവലോകങ്ങള്‍ ഇന്ദ്രലോകങ്ങളിലും ഇന്ദ്രലോകങ്ങള്‍ പ്രജാപതി ലോകങ്ങളിലും പ്രജാപതി ലോകങ്ങള്‍ ഹിരണ്യഗര്‍ഭ ലോകങ്ങളിലും ഓത പ്രോതമായിരിക്കുന്നുവെന്ന് ഗാര്‍ഗിയുടെ ചോദ്യത്തിന് ഉത്തരമായി യാജ്ഞവല്ക്യന് പറഞ്ഞു.
ഹിരണ്യ ലോകങ്ങള്‍ ഏതിലാണ് ഓതവും പോതവുമായിരിക്കുന്നതെന്ന് ഗാര്‍ഗി ചോദിച്ചു. അതിരുകടന്ന് ചോദിക്കരുത്. അങ്ങനെ ചോദിക്കുന്നതുമൂലം ഗാര്‍ഗീ നിന്റെ ശിരസ്സ് താഴെ വീണു പോകാതിരിക്കട്ടെ. യുക്തിക്കോ അനുമാനത്തിനോ വിഷയമല്ലാത്ത ദേവതയെപ്പറ്റിയാണ് ഈ അതിര് കടന്ന് ചോദിക്കുന്നത് ഇത് അതിപ്രശ്നമാണ്. അത് ചെയ്യാതിരിക്കൂ എന്ന് യാജ്ഞവല്ക്യന് പറഞ്ഞപ്പോള്‍ ചോദ്യം നിര്‍ത്തി ഗാര്‍ഗിയും മടങ്ങി.
ഭൂമിയുമായി ബന്ധപ്പെട്ട് ഈ കാണുന്നതെല്ലാം ജലത്തിലാണ് ഊടും പാവുമയിരിക്കുന്നത്. ഓതം എന്നാല്‍ മുണ്ട് അഥവാ തുണിയുടെ നീളത്തിലുള്ള നൂലാണ്. പ്രോതമെന്നാല് അതിന് വിപരീതമായി വീതിയിലുള്ളതുമാണ്. ഇതാണ് ഊടും പാവും. ഇത് നേരെ തിരിച്ചും പറയാറുണ്ട്. പരിമിതിയുള്ളതും സ്ഥൂലമായതും കാര്യവുമായ ഒന്ന് അപരിമിതവും അക്ഷ്മവും കാരണവുമായതില് വ്യാപിച്ചിരിക്കും എന്ന നിയമമനുസരിച്ചാണ് ഗാര്‍ഗിയുടെ ചോദ്യം.
അപ്പുകള്‍ അഗ്നിയിലാണ് വ്യാപിച്ചിരിക്കേണ്ടതെങ്കിലും അഗ്നിക്ക് മറ്റ് ഭൂതങ്ങളെ പോലെ സ്വതന്ത്രമായി നില്ക്കാന് കഴിയാത്തതുകൊണ്ടാണ് ഇവിടെ ഓത പ്രോതം പറയാതിരുന്നത്.
വിവിധ ലോകങ്ങള്‍ ജീവജാലങ്ങളുടെ ഉപഭോഗവുമായി ബന്ധപ്പെട്ട് പഞ്ചഭൂതങ്ങള്‍ ചേര്‍ന്ന് ഉണ്ടായവയാണ്. ഇവയെല്ലാം ക്രമത്തില്‍ ഓത പ്രോതമായി ഹിരണ്യഗര്‍ഭ ലോകത്തില്‍ വ്യാപിച്ചിരിക്കുന്നു. ഏതിലാണ് ബ്രഹ്മലോകമിരിക്കുന്നത് എന്ന് ഗാര്‍ഗി ചോദിച്ചതിനെ യാജ്ഞവല്ക്യന് നിരുത്സാഹപ്പെടുത്തി.
ഹിരണ്യഗര്‍ഭ ലോകത്തിനപ്പുറം അനുമാനിക്കാനാവില്ല.
ഹിരണ്യലോകത്തിനപ്പുറം അനുമാനത്തിന് സാധ്യതയില്ല. ആഗമം കൊണ്ട് അറിയേണ്ടതാണ്. ആചാര്യ ഉപദേശവും ശാസ്ത്രവും വഴിയാണ് അറിയേണ്ടത്. ആഗമം കൊണ്ട് അറിയേണ്ട ദേവതയെ അനുമാനം കൊണ്ട് അറിയുവാനാഗ്രഹിച്ച് ചോദിച്ചാല്‍ അത് അതിപ്രശ്നമാണ്. മരണത്തിന് വരെ കാരണമാകുമെന്ന് യാജ്ഞവല്ക്യന് പറഞ്ഞപ്പോഴാണ് ഗാര്‍ഗി ചോദ്യങ്ങള്‍ നിര്‍ത്തി മടങ്ങിയത്.
No comments:
Post a Comment