Friday, December 21, 2018

ശ്രീമദ് ഭാഗവതം 5*
മമൈവാംശോ ജിവലോകേ
ജീവഭൂത സനാതന:
ഭഗവാൻ തന്നെ പറയുന്നു . എനിക്കും ഈ ജീവനും തമ്മിലുള്ള ബന്ധംണ്ടല്ലോ നിത്യസംബന്ധമാണ്. ഈ ജീവൻ തന്നെയാണ് രാധ. ഈ ജീവന് എട്ടു സഖികളുമുണ്ട്. രാധയ്ക്ക് അഷ്ടസഖികളുമുണ്ട്.
ഭൂമിരാപോ അനലോവായു:
ഖം മനോ ബുദ്ധിരേവ ച
അഹങ്കാര ഇതീയം മേ
ഭിന്നാ പ്രകൃതിരഷ്ടധാ
ഭഗവാൻ ഗീതയിൽ പറയുന്നു . എട്ട് പ്രകൃതികളോട് കൂടെ ചേർന്ന് ഈ ജീവൻ ഭഗവാനോട് നിത്യസംബന്ധം പുലർത്തിക്കൊണ്ടിരിക്കുന്നു. ഭക്തി നമ്മളുടെ സ്വരൂപം തന്നെയാണ്. ഭക്തി തെറ്റായ വഴിയിൽ പ്രവഹിക്കുന്നതാണ് ലോകത്തിൽ പലേ വസ്തുക്കളോടുമുള്ള ആസക്തിയുടെ രൂപത്തിൽ കാണുന്നത്.
നമ്മുടെ ഉള്ളിൽ ഒളിഞ്ഞുകിടക്കണ ഭക്തിയാണ് ഭാര്യയോടും ഭർത്താവിനോടും പണത്തിനോടും പേരിനോടും പുകഴിനോടും ആരോഗ്യത്തിനോടും ഒക്കെ ആയിട്ടുള്ള ബന്ധരൂപത്തിൽ കാണുന്നത് .ഇതു തന്നെ ചിത്തം ശുദ്ധമായാൽ നമുക്ക് ആരോട് നിത്യസംബന്ധമുണ്ടോ അവനോടുള്ള നിത്യസംബന്ധത്തിനെ സ്ഥിരീകരിക്കുന്ന രീതിയിലുള്ള അനുഭവമായി പ്രകാശിക്കും.
ശ്രീവൈഷ്ണവസമ്പ്രദായത്തിൽ പറയും ഭഗവാന് സൗന്ദര്യം വീര്യം തേജസ്സ് കരുണ തുടങ്ങിയവയൊക്കെ ഭഗവാന്റെ രസം ആണ്. അതിനോടൊപ്പം നിർഗുണരസങ്ങളുമുണ്ട്. സത്, ചിത്, ആനന്ദം ഇതൊക്കെ തന്നെ ഭഗവാന്റെ രസസ്വരൂപമാണ്. ഭഗവാന്റെ ഈ രസങ്ങളൊക്കെ ജീവനെ ആകർഷിച്ച് കൊണ്ടേ ഇരിക്കണ്ട്. ഇരുമ്പിന്റെ മേലെ കുറച്ച് മണ്ണ് പണിഞ്ഞാല് കാന്തത്തിന്റെ ആകർഷണവലയത്തിൽ വീഴാത്തതുപോലെ ഈ ജീവന്റെ മേലെ കുറച്ചൊരു അജ്ഞാനത്തിന്റെ മറ ഒരു തിരസ്കരണി ഉള്ളതുകൊണ്ട് ജീവന് ഭഗവാനോടുള്ള നിത്യസംബന്ധത്തിനെ അംഗീകരിക്കാൻ പറ്റണില്ല്യ.
ആ തിരസ്കരണി എങ്ങനെ പോകും. ശ്രവണം. ചിലർക്ക് ഒരിക്കൽ കേട്ടാൽ മതിയാകും. നല്ല കർപ്പൂരക്കട്ട തീയിൽ വെയ്ക്കുമ്പഴേ പിടിക്കും. നനഞ്ഞ വിറകാണെങ്കിലോ. ഉണക്കണം. കുറച്ച് മെനക്കെടണം. എന്നിട്ട് പിടിക്കും. വാഴപ്പിണ്ടി ച്ചാ രക്ഷയൊന്നുമില്ല്യ. ഈ ജീവൻ കർപ്പൂരം പോലെ പക്വമാണെങ്കിൽ ശ്രവണം കൊണ്ട് മാത്രം ഇണ്ടാവും. ജപം തപസ്സ് ഉപവാസം കർമ്മകാണ്ഡത്തിൽ പറഞ്ഞിട്ടുള്ള അനുഷ്ഠാനങ്ങൾ ഒക്കെ കൊണ്ട് ചിത്തം ശുദ്ധമായാൽ ശ്രവണം ചെയ്യാൻ സാധിക്കും. ഭഗവദ് തത്വം പറയുമ്പോൾ യാതൊരുവിധ തടസ്സവും കൂടാതെ ശ്രവിക്കാൻ സാധിക്കും.
ശ്രോതാക്കൾ നാല് വിധത്തിലുണ്ട്. ചോട്ടില് ഉള്ള ശ്രോതാക്കളുണ്ട്. അവർ വന്നിരുന്ന് ഉറങ്ങും. അവരും സുകൃതികളാണേ. എന്തുകൊണ്ടാ ഉറങ്ങുന്നത്. റ്റിവി കാണുമ്പോ ഉറങ്ങില്ല്യ. ശ്രവണം ചെയ്യുമ്പോ മനസ്സ് അതിനെ പിടിക്കാൻ ശ്രമിക്കും. പറ്റാതെ വന്നാൽ ലയിച്ചു പോകും. ഉറങ്ങും.മനസ്സിന് രണ്ട് വഴിയെ അറിയൂ. ഒന്നുകിൽ വിക്ഷിപ്തമാകും. അല്ലെങ്കിൽ ലയിക്കും. ശ്രവണം ചെയ്യാൻ ശ്രമിക്കും. നമ്മുടെ വാസനയ്ക്ക് അനുയോജ്യമായ വിഷയം അല്ലാത്തതുകൊണ്ടാണേ ഈ ഉറക്കം. എന്നിട്ടും വന്നിരുന്നുവല്ലോ. അപ്പോ കുറച്ച് ശുഭവാസന ഉണ്ടെന്നർത്ഥം. ആ ശുഭവാസന നമ്മെ അവിടെ കൊണ്ട് ചെന്ന് ഇരുത്തി. ശ്രവണം ചെയ്യാൻ സാധിക്കാതെ വരുമ്പോൾ പതുക്കെ അങ്ങട് ഉറങ്ങി പ്പോകും.
രണ്ടാമത്തെ കാറ്റഗറി ആൾക്കാർ അവര് കേൾക്കും. എല്ലാം തലകീഴായി മനസ്സിലാക്കും. വിപരീതജ്ഞാനം ന്നാ ഋഷികൾ പറയാ .മൂന്നാമത്തെ കാറ്റഗറി കേൾക്കുന്നതൊക്കെ മനസ്സിലാക്കും. ബുദ്ധി കൊണ്ട് നല്ലവണ്ണം അറിയും തെളിയും. മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാനും സാധിക്കും..നാലാമത്തേത് ഉത്തമാധികാരികൾ ശ്രവണം ചെയ്യുന്നത് നേരേ അങ്ങട് ഹൃദയത്തിലേക്കാ പോവാ.
അതാണ്
മഹത്തമാ അന്തർഹൃദയാന്മുഖച്യുതോ
വിധത്സ്വ കർണ്ണായുതമേഷ മേ വര:
എന്നൊരു ഭക്തൻ ഭാഗവതത്തിൽ പ്രാർത്ഥിക്കണ്ട്.
എനിക്ക് പതിനായിരം ചെവികൾ കൊണ്ട് കേൾക്കണം ഭഗവാനേ. ശരീരത്തിലുള്ള ഓരോ കോശവും ചെവി ആയി മാറട്ടെ. Let me listen with my whole beings with each and every cell of my body. ഓരോ കോശത്തിലൂടെയും ഞാൻ ശ്രവണം ചെയ്യട്ടെ. എങ്ങനെ ശ്രവിക്കണം. മഹാത്മാക്കാൾ അവരുടെ അന്തർഹൃദയത്തിൽ അനുഭവിക്കുന്ന വിഷയം മുഖത്തിലൂടെ വരണം. മഹത്തമ അന്തർഹൃദയാത് മുഖച്യുത:
മഹാത്മാക്കൾ ചിലപ്പോ ഉപദേശിക്കില്ല്യ. പക്ഷേ എന്നാലും അവരുടെ വായിൽ നിന്ന് വീഴും. നമ്മൾ ഊണ് കഴിച്ച് അറിയാതെ ഏമ്പക്കം വിടുന്നതുപോലെ മഹാന്മാര് അനുഭവിച്ച അനുഭൂതി ചിലപ്പോഴൊക്കെ വായിൽ നിന്ന് പുറത്തേക്ക് ചാടും. അത് ശ്രവണം ചെയ്യാൻ എനിക്കൊരു പതിനായിരം ചെവി തരൂ. എന്റെ ശരീരത്തിലെ ഓരോ കോശത്തിലൂടെയും ഞാൻ ശ്രവണം ചെയ്യുമാറാകട്ടെ എന്നാണ് പൃഥുമഹാരാജാവിന്റെ പ്രാർത്ഥന. ഇതാണ് ഉത്തമശ്രോതാവിന്റെ ലക്ഷണം.
ശ്രീനൊച്ചൂർജി 
lakshmi prasad

No comments: