Friday, December 21, 2018

Sudha Bharat.
എന്തുകൊണ്ട് ഗീത കേൾക്കണം?

ഗീത എന്നതുകൊണ്ട് വിവക്ഷിക്കുന്നത് ശ്രീകൃഷ്ണഭഗവാന്റെ അത്യത്ഭുതകരവും ദിവ്യഗീതവുമായ ശ്രീമദ് ഭഗവദ്ഗീതയെ ആണ്. ഇത് പാണ്ഡവരും കൗരവരും തമ്മിൽ കുരുക്ഷേത്രയുദ്ധഭൂമിയിൽ വച്ചുനടന്ന മഹായുദ്ധം ആരംഭിക്കുവാൻ തുടങ്ങുന്നതിനുമുമ്പ്, ശത്രുപക്ഷത്തുനിൽക്കുന്ന തന്റെ ബന്ധുജനങ്ങളോടും മറ്റും യുദ്ധം ചെയ്യേണ്ടിവരുമല്ലോ, അവരെ കൊന്നശേഷം തനിയ്ക്ക് ഒന്നും നേടേണ്ടതില്ല എന്നൊക്കെപ്പറഞ്ഞ് തളർന്നു തേരിൽ കിടന്ന അർജ്ജുനന്, സഖാവായ കൃഷ്ണൻ ഉപദേശിച്ചതാകുന്നു. വാസ്തവത്തിൽ, ഭഗവദ്ഗീത അർജ്ജുനനായിക്കൊണ്ട് ഉപദേശിച്ചതല്ല, മറിച്ച് അർജ്ജുനനെ നിമിത്തമാക്കിവച്ചുകൊണ്ട് ജാതിമതഭേദമന്യേ മാനവരാശിക്ക് മുഴുവനും വേണ്ടിയുള്ളതാണ്. എന്തുകൊണ്ടെന്നാൽ, ഇത് മനുഷ്യജീവിതത്തിന്റെ മൗലികപ്രശ്നങ്ങളെപ്പറ്റിയും അവയെ വേണ്ടവണ്ണം അഭിമുഖീകരിച്ച് പ്രശ്നങ്ങളെപ്പോലും ജീവിതവിജയങ്ങളായി മാറ്റാനുപകരിക്കുന്ന  മാർഗ്ഗങ്ങളെപ്പറ്റിയും, ആത്യന്തികമായി ആത്മസാക്ഷാത്കാരം വഴി ആത്മാവിനെ സംസാരബന്ധത്തിൽനിന്നും മുക്തമാക്കുന്നതിനുള്ള മാർഗ്ഗങ്ങളെപ്പറ്റിയുമൊക്കെ സ്പഷ്ടമായി വിശദീകരിക്കുന്നു.

ജീവിതക്ലേശങ്ങൾ, വ്യാകുലതകൾ, ഭീരുത്വം, അലസത, അജ്ഞത, വ്യക്ത്യാഭിമാനം, അഹന്ത, അഹങ്കാരം, അസൂയ, മനോദൗർബല്യം, സങ്കുചിതമായ കാഴ്ചപ്പാടുകൾ, മറ്റുള്ളവരുടെ ഉപദ്രവങ്ങളാലും പ്രലോഭനങ്ങളാലും അടിപ്പെട്ട് തകർന്നുപോയവർ തുടങ്ങി വിവിധ തരക്കാരായ ആളുകൾക്ക് ആശ്വാസകരമായ ഒരു വിശ്രമസ്ഥാനമാണ് ഭഗവദ്ഗീത.   ഒരമ്മയ്ക്ക് ഭിന്നപ്രകൃതിയും രുചിഭേദങ്ങളുമുള്ള അനേകം സന്താനങ്ങളുണ്ടാവാമെങ്കിലും, ആ അമ്മ ഓരോരുത്തർക്കും അവർക്കേറ്റവും ഹിതമായ ആഹാരം തന്നെ വിളമ്പുന്നു. ആസ്തികനോ നാസ്തികനോ ആകട്ടെ, കർമ്മിയോ ഭക്തനോ പണ്ഡിതനോ പാമാരനോ ചിന്തകനോ ആകട്ടെ, ഇഷ്ടമുള്ള ഏതു ദേവനെയും പൂജിക്കുന്നവരാകട്ടെ, അവരോരോരുത്തർക്കും മതിയാംവണ്ണം ഭോജനം നൽകുന്ന സാർവലൗകികസ്നേഹമയിയായ മാതാവാണ് ഗീതാമാതാവ്. കർമ്മമാർഗ്ഗം, ഭക്തിമാർഗ്ഗം, ജ്ഞാനമാർഗ്ഗം, യോഗമാർഗം... ഇങ്ങനെ ഏതു മാർഗ്ഗം സ്വീകരിച്ചിരിക്കുന്ന ആളുകൾക്കും അവരവരുടേതായ മാർഗത്തിലൂടെ മുന്നോട്ടുപോയി ഗീതാധ്യായനം ചെയ്യാൻ അവസരമൊരുക്കിയിരിക്കുന്നു. സർവ്വവും ഈശ്വരന് സമർപ്പിച്ച്, ശരിയായ ഭാവത്തോടുകൂടെയുള്ള ഉചിതമായ സമീപനം മാത്രമേ ഗീതാധ്യായനത്തിനാവശ്യമുള്ളൂ.

ഒരു വിദേശി അവന്റെ അക്ഷീണമായ ഉത്സാഹത്തോടെ നമ്മുടെ സംസ്കൃതിയെക്കുറിച്ച് പഠിച്ചും ചർച്ചചെയ്തും അറിവിനെ പകർത്തിയും നിലകൊണ്ടപ്പോൾ, കണ്ണഞ്ചിക്കുന്ന പാശ്ചാത്യ പരിവേഷത്തിൽ, നമ്മൾ നമ്മുടെ സംസ്കൃതിയെ വിലമതിക്കാതെ തികച്ചും അധഃപതിച്ചുപോവുകയും ചെയ്തു. നമ്മുടെ പക്കലുള്ള നിധികളെപ്പറ്റി നമ്മൾ അജ്ഞരായിരുന്നു, അവയെ നാം പൂർണ്ണമായി ഉപേക്ഷിച്ചിരിക്കുകയായിരുന്നു. എന്നാൽ നമ്മുടെ സമ്പത്തിനെക്കുറിച്ച് വ്യക്തമായ ബോധ്യം വന്ന അപൂർവ്വം ആചാര്യന്മാരുടെ ആഗമനത്തോടെയാണ് നമ്മുടെ കണ്ണുതുറന്നത്.

ത്യാഗമാണ് ഗീതയുടെ അടിസ്ഥാന തത്വം. ഗീത ഒരു മഹാമന്ത്രവുംകൂടിയാണ്. മന്ത്രങ്ങൾ, മഹത്തായ ശക്തി അടക്കിവച്ചിരിക്കുന്ന അക്ഷരങ്ങളോ പ്രതീകങ്ങളോ ശ്ലോകങ്ങളോ ആണ്. പൂർണ്ണമായി അർഥം ഗ്രഹിക്കാതെ ഗീത വായിച്ചാൽത്തന്നെയും കാലക്രമേണ അതു നമുക്ക് ഗുണം ചെയ്യും. ഒരിയ്ക്കൽ ശുദ്ധഹൃദയനും പരമസാധുവുമായ ഒരാൾ, ആചാര്യൻ ഗീത പാരായണം ചെയ്യുന്നത് കേട്ടുകൊണ്ടിരിക്കുകയായിരുന്നു.  വേറെയും ധാരാളം കേൾവിക്കാരുണ്ടായിരുന്നെങ്കിലും ഈ അജ്ഞനായ മനുഷ്യനായിരുന്നു ഏറ്റവും കൂടുതൽ വികാരഭരിതനായത്. അയാളുടെ ഉന്മാദാവസ്ഥയുടെ കാരണം ചോദിച്ചപ്പോൾ അയാൾ ഇങ്ങനെ മറുപടി പറഞ്ഞു: "സ്നേഹിതരെ! ആചാര്യന്റെ വാക്കുകൾ എനിയ്ക്കു മനസ്സിലാക്കുന്നില്ല. എന്നാൽ ഇത്രയും എനിയ്ക്കറിയാം; അദ്ദേഹം വായിക്കുന്നത് ശ്രീഭഗവാൻ പഠിപ്പിച്ച ശ്രീമദ് ഭഗവദ്ഗീതയാണ്. ശ്രീകൃഷ്ണ ഭഗവാന്റെ സുന്ദരമായ രൂപം ഞാൻ ഓർക്കുന്നു. ആ ഉൽക്കടമായ ആനന്ദത്തിൽ ഞാൻ മറ്റെല്ലാം മറന്നുപോകുന്നു".

അതുകൊണ്ട്, ഭക്തിയും താല്പര്യവും വിനയവും ഉണ്ടെങ്കിൽ ഗീത ബോധ്യപ്പെടും. ഓരോ ഗീതാശ്രോതാവും സ്വയം അർജ്ജുനനായി മാറണം, ഗീതാചാര്യൻ ഭഗവാൻ കൃഷ്ണനും.  അങ്ങനെയെങ്കിൽ മാത്രമേ ഭഗവദ്ഗീത സ്വന്തം രഹസ്യങ്ങൾ വെളിപ്പെടുത്തി നമ്മെ അമാനുഷരാക്കിത്തീർക്കുകയുള്ളൂ.  ഗീത മഹാഭാരതത്തിന്റെ സാരസർവ്വസ്വമാണ്. ഭഗവാൻ കൃഷ്ണന്റെ മുഖത്തുനിന്നും ഒഴുകിയ ഈ ഗീതാമൃതം പാനം ചെയ്യുന്നവനാരോ അവൻ ജനനമരണചക്രത്തിൽനിന്നും എന്നെന്നേക്കുമായി രക്ഷപ്പെടുന്നു.

ഗുരുപ്രസാദം! 👏👏👏

തുടരും.....

No comments: