ഹനുമത് പ്രഭാവം-14
തൊങ്ങൽ വച്ച മന്ത്രങ്ങളാണ് നാം എപ്പോഴും ജപിക്കാറുള്ളത് . ഉദാഹരണത്തിന് "ഹരേ രാമ", " ശ്രീ രാമ ജയ രാമ ജയ ജയ രാമ " ഈ മന്ത്രങ്ങളുടെയെല്ലാം ജീവനാണ് "രാമ" എന്ന രണ്ടക്ഷരം. ഈ രാമ നാമത്തെ ആരാണോ ഹൃദയത്തിൽ സദാ ജപിച്ചു കൊണ്ടിരിക്കുന്നത് അവരുടെ അജ്ഞാനം അകലുകയും ആത്മാനുഭവം ഉണ്ടാവുകയും ചെയ്യും. ഭഗവത് നാമം ജപിക്കുന്നവർക്ക് മറ്റൊരു സാധനയുടേയും ആവശ്യമില്ല. ഒരു ഫലത്തേയും കാംക്ഷിക്കാതെ വിടാതെ ഉള്ളിൽ ഇങ്ങനെ ജപിക്കുന്ന ഒരാൾക്ക് പിന്നെ ഒന്നിനെ കുറിച്ചും വേവലാതിയില്ല. ധാര മുറിയാതെ ഉള്ളിൽ ജപിക്കണം.
വളരെ സരളമായ ഒരു സാധനയാണെങ്കിലും ഇതിന് ഈശ്വരാനുഗ്രഹം ഉണ്ടാകണം. സരളമായതു കൊണ്ടാകാം ഈ സാധനയിൽ നിന്ന് വ്യതിചലിക്കാനുള്ള സാദ്ധ്യത കൂടുതലാണ്. വലിയ കാര്യങ്ങളിൽ വിശ്വാസം പുലർത്തുന്ന നമുക്ക് പക്ഷേ ഇതിൽ വിശ്വാസം കുറഞ്ഞെന്നു വരാം, വിട്ടു പോയെന്നു വരാം. അതിനാൽ ഈശ്വരാനുഗ്രഹം ഈ സാധനയിൽ മുഖ്യമാണ്.
രാമകൃഷ്ണ പരമഹംസർ പറയും ഉത്തമ ഭക്തർ എങ്ങനെയെന്നാൽ ഒരു കൊതുകു വലയുടെ ഉള്ളിലിരുന്നും ഹൃദയത്തിൽ ആ മന്ത്രത്തെ സ്പന്ദിപ്പിക്കും. ആരും അറിയണ്ട ഉറങ്ങുകയാണെന്ന് ധരിക്കട്ടെ. ആരുമറിയാതെ ഇത് നിരന്തരം നടന്നു കൊണ്ടേയിരിക്കണം. ഒരു ചിലവുമില്ല. ഏതു ജോലിക്കിടയിലും നടപ്പിലും, ഇരുപ്പിലും, കാറോടിക്കുമ്പോഴും, മറ്റു യാത്രയിലും ഈ നാമം സ്പന്ദിച്ചു കൊണ്ടേയിരിക്കുമ്പോൾ അവസാനം അത് മാത്രം അവശേഷിക്കുന്നു. അതിന് മീതെ ഉള്ള എല്ലാത്തിനേയും അത് ഭക്ഷിച്ചിട്ടുണ്ടാകും. ചുടല എരിക്കുന്ന കുറ്റി എല്ലാത്തിനേയും എരിച്ചിട്ട് അതും സ്വയം എരിഞ്ഞടങ്ങുന്ന പോലെ. ഭഗവത് നാമം ഒരു തീപ്പൊരി പോലെയാണ് നമ്മുടെ ഉള്ളിലെ വാസനയും അജ്ഞാനവും എല്ലാം ഇല്ലാതാക്കി അവസാനം ആ ചിത് ജ്യോതി, ആത്മ ജ്യോതി മാത്രം മിന്നി നിൽക്കും. അതാണ് നമുക്ക് വേണ്ടതും.
ക്ഷേത്രങ്ങളിൽ ഹനുമാൻ സന്നിധി ശ്രദ്ധിച്ചാൽ മിക്കവാറും വലിപ്പത്തിൽ ചെറുതായിരിക്കും. ചിലപ്പോൾ തൂണിൽ കൊത്തി വച്ചിരിക്കും . എന്നാൽ മൂർത്തി ചെറുതായാലും കീർത്തി വലുതാണ് . ആരാണോ ഭഗവത് നാമം ജപിക്കുന്നത് അവരുടെ പിന്നാലെ ഹനുമാന്റെ സാന്നിദ്ധ്യം ഉണ്ടാകും. രാമ നാമ രസത്തെ ആരു കുടിക്കുന്നു അവരുടെ പിന്നാലെ ആജ്ഞനേയൻ ഉണ്ടാകും. രാമായണമോ സുന്ദരകാണ്ഡമോ ഒന്നും വായിക്കേണ്ട ആവശ്യം പോലുമില്ല . മിണ്ടാതെ ഒരു ഓരത്തിരുന്ന് രാമ നാമം ജപിച്ചാൽ മതിയാകും. അതിനും ഹനുമത് കൃപയുണ്ടാകണം. മരുഭൂമിയിൽ മരപ്പച്ച എന്ന പോലെ ഈ ലൗകിക ലോകത്ത് ഭക്തന് സമാധാനമായി ഇരുന്ന് ജപിക്കാൻ ആലയങ്ങളുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ഹനുമത് പ്രഭാവം സമാപ്തം️
ഹരേ രാമ
ഓം ഹനുമതേ നമ:
ഓം മഹാവീരായ നമ:
ഓം ആജ്ഞനേയായ നമ:
Nochurji
malini dipu
No comments:
Post a Comment