Wednesday, March 06, 2019

*ശ്രീമദ് ഭാഗവതം 81* 

രമണഭഗവാൻ ഒരിക്കൽ പറഞ്ഞു. ഋഷികൾ ജ്ഞാനികൾ ഭക്തന്മാരൊക്കെ എഴുതിയ പാട്ടിലൊക്കെ നമ്മൾ കവിത ഒന്നും നോക്കാൻ പാടില്ല്യ. വൃത്തം ശരിയാണോ ഒന്നും നോക്കാൻ പാടില്ല്യ. ഒരാൾ ഇവിടെ പാട്ട് കച്ചേരി നടത്തണു. താളം രാഗം ഒന്നും തെറ്റാതെ പാടിക്കൊണ്ടിരിക്കുന്നു. എല്ലാവരും ആസ്വദിച്ച് കൊണ്ടിരിക്കുന്നു. അതിന് നടുവിൽ ഒരാളുടെ ചെവിയിൽ ആരോ ഒരു ദുഖവാർത്ത വന്നു പറഞ്ഞു. അയാൾ ഉറക്കെ നിലവിളിച്ചു കരഞ്ഞു. അപ്പോ അയാൾ ഈ രാഗത്തിനനുസരിച്ച് കരയോ. ഈ താളത്തിനനുസരിച്ച് കരയോ.

അതേപോലെ, ഭക്തൻ തന്റെ ഹൃദയത്തിലുള്ളത് പുറമേക്ക് വിളിച്ചു കൂവുമ്പോൾ അതില് വൃത്തം ണ്ടോ ചതുരം ണ്ടോ എന്നൊന്നും നോക്കില്ല്യ. ഹൃദയത്തിൽ നിന്നുള്ള ഭാവം ആണ്. പക്ഷെ ഭഗവാൻ അതൊക്കെ ഛന്ദോബദ്ധമാക്കിത്തീർക്കും. വാത്മീകി ഒന്നും അറിഞ്ഞില്ല്യ. പാദബദ്ധൗ അക്ഷരസമ: തന്ത്രീലയ സമന്വിത: പാദബദ്ധം അക്ഷരം ഒക്കെ സമം ആയിട്ട് വന്നു അത്രേ. വാത്മീകി ണ്ടാക്കിയതല്ല. അനുഷ്ടുപ് വൃത്തം ഒന്നും പഠിച്ചിട്ട് എഴുതിയതല്ല. അതങ്ങനെ വരാ ഉള്ളീന്ന്. ആ വരണത് അങ്ങട് എഴുതാ. 

കവി എന്നുള്ളത് ന: ഋഷി:;കവി: ഋഷി അല്ലാത്തയാൾ കവി ആകാൻ പറ്റില്ല്യ എന്നാണ് സമ്പ്രദായം. കവി എന്നുള്ളത് ഭഗവാന് ഉള്ള പേരാണ്. കവിം പുരാണം അനുശാസിതാരം. പിന്നെ ബ്രഹ്മാവിന് ആദി കവി എന്ന് പേര്. ഭഗവദ് അനുഭൂതിയിൽ നിന്ന് വേണം കവിത ണ്ടാവാൻ.  
കുട്ടി നമസ്ക്കരിച്ചു. ഭഗവാൻ തന്റെ ശംഖം കൊണ്ട് ധ്രുവന്റെ മുഖത്ത് ഒന്ന് സ്പർശിച്ചു. 

ബ്രഹ്മമയേന കംബുനാ 
സ വൈ തദൈവ പ്രതിപാദിതാം ഗിരം 
ദൈവീം പരിജ്ഞാതപരാത്മനിർണ്ണയ:
തം ഭക്തിഭാവോഽഭ്യഗൃണാദസത്വരം 
പരിശ്രുതോരുശ്രവസം ധ്രുവക്ഷിതി:
പ്രതിപാദിതം ഗിരം 

എല്ലാവരുടെ ഉള്ളിലും വാക്കിന്റെ നാല് പാദങ്ങളിൽ മൂന്ന് പാദങ്ങൾ ഉറങ്ങി കിടക്കാണ്. നാലാമത്തെ ഒരു പാദം മാത്രമാണ് പുറത്തേക്ക് വിടണത്. ചത്വാരി വാക് പരിമിതാപദാനി. മൂന്ന് പാദം എവിടെയോ അടങ്ങി കിടക്കണു. ഭഗവാന്റെ കൃപ ണ്ടാവുമ്പോ 'പരാ' മണ്ഡലത്തിനെ സ്പർശിച്ചു കൊണ്ട്(അനുഭൂതി മണ്ഡലത്തിനെ) വൈഖരി വാക്ക് പുറത്തേക്ക് വരുന്നു. അപ്പഴാണ് ആ വാക്കിന് അത്രയധികം ബലം. അത് സ്ഥൂലമായ വാക്കല്ല. വാക്കിന് പരാ, പശ്യന്തി, മധ്യമ, വൈഖരി എന്ന് നാല് മണ്ഡലം പറയും. നമ്മൾ സാധാരണ പറയുന്നത് വെറും 'വൈഖരി' വാക്കാണ്. ടേപ്പ് റിക്കാർഡറിൽ എടുത്താൽ അത് വെറും ശബ്ദമാണ്. അതിന് ജീവനില്ല്യ. ആ ശബ്ദം ഹൃദയത്തിൽ നിന്ന് വരാണെങ്കിൽ 'പരാ' മണ്ഡലത്തിനെ സ്പർശിച്ചു കൊണ്ട് വരാണെങ്കിൽ, 

പ്രതിപാദിതാം ഗിരം.
സരസ്വതി ഉള്ളിൽ ഉണർന്നു. 

യോഽന്ത: പ്രവിശ്യ മമ വാചമിമാം പ്രസുപ്താം 
സംജീവയത്യഖിലശക്തിധര: സ്വധാമ്നാ 
അന്യാംശ്ച ഹസ്തചരണശ്രവണത്വഗാദീൻ 
പ്രാണാന്നമോ ഭഗവതേ പുരുഷായ തുഭ്യം.🙏

ഭാഗവതത്തിൽ ഏത് ശ്ലോകം നമ്മൾ പഠിച്ചില്ലെങ്കിലും ഈ ഒരു ശ്ലോകം നമ്മൾ പഠിക്കണം. യോ അന്ത: പ്രവിശ്യ 
ഏതൊരു ഭഗവാനാണോ എന്റെ ഹൃദയത്തിൽ പ്രവേശിച്ച് ഈ വാക്കിനെ ഉണർത്തിയത്, വാക്ക് മാത്രല്ല സർവ്വ ഇന്ദ്രിയങ്ങളും ഏതൊരു പ്രഭുവിന്റെ സാന്നിദ്ധ്യം കൊണ്ട് പ്രവർത്തിക്കുന്നുവോ ആ പരമപുരുഷന് നമസ്ക്കാരം🙏 
ശ്രീനൊച്ചൂർജി 
Lakshmi Prasad

No comments: