Wednesday, March 06, 2019

ക്ഷേത്ര കലകൾ* 

*കൃഷ്ണനാട്ടം*

കേരളത്തിന്റെ തനതുകല എന്ന് വിശ്വപ്രസിദ്ധിയാർജ്ജിച്ച കഥകളിയുടെമൂലകലയും കേരളീയമായ ആദ്യത്തെ നൃത്തനാടകവുമാണ്‌ കൃഷ്ണനാട്ടം. കൃഷ്ണഗീതിയെ അഷ്ടപദി എന്നു പറയുമ്പോലെ കൃഷ്ണനാട്ടത്തെ അഷ്ടപദിയാട്ടം എന്നും പറയുന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ ഒരു പ്രധാന വഴിപാടായി കൃഷ്ണനാട്ടം നടത്താറുണ്ട്‌. എട്ടുദിവസത്തെ കളിയാണ് കൃഷ്ണനാട്ടം. എട്ടുനാഴി എണ്ണ, എട്ടുതിരി, എട്ടു കുട്ടികൾ , എട്ടുനാഴിക നേരത്തെ കളി, എട്ടു അരങ്ങു പണം എന്നിങ്ങനെ എട്ടു ചേർന്നുള്ള കണക്കുകളാണ് കൃഷ്ണനാട്ടത്തിനുള്ളത്.

കോഴിക്കോട്‌ സാമൂതിരിയായിരുന്ന മാനവേദനാൽ (1595-1658 കൃ.വ.) രചിക്കപ്പെട്ട കൃഷ്ണഗീതിയെന്ന കാവ്യത്തിൽ നിന്ന്‌ ഉടലെടുത്ത കലാരൂപമാണ്‌ കൃഷ്ണനാട്ടം. 12-ആം നൂറ്റാണ്ടിലെ ബംഗാളി ഭക്തകവിയായ ജയദേവന്റെ ഗീതാഗോവിന്ദത്തിനു ചുവടുപിടിച്ചു രചിക്കപ്പെട്ട കൃഷ്ണഗീഥിയുടെ ദൃശ്യാവിഷ്കാരം 300 -ൽ പരം വർഷങ്ങൾക്ക്‌ ശേഷമാണ്‌ ഇന്നു കാണുന്ന കൃഷ്ണനാട്ടം ആകുന്നത്.

ശ്രീകൃഷ്ണൻറെ അവതാരം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള ലീലകൾ എട്ടു കഥകളായിട്ടാണ് അവതരിപ്പിച്ചുവരുന്നത്. എട്ടു രാത്രികൾ കൊണ്ട്‌ ആടി തീർക്കാവുന്ന രീതിയിലാണ്‌ കൃഷ്ണനാട്ടം രൂപകല്പന ചെയ്തിരിക്കുന്നത്‌. ഇവ ക്രമപ്രകാരം 'അവതാരം', 'കാളിയമർദ്ദനം', 'രാസക്രീഡ', 'കംസവധം', 'സ്വയംവരം', 'ബാണയുദ്ധം', 'വിവിദവധം', 'സ്വർഗാരോഹണം' എന്നിവയാണ്‌.  ശുഭസൂചകമല്ലാത്തതു കാരണം എല്ലായ്പ്പോഴും സ്വർഗ്ഗാരോഹണത്തിനു ശേഷം 'അവതാരം' കൂടി ആടാറുണ്ട്‌.

  കൃഷ്ണനാട്ടത്തിലെ പ്രധാന വാദ്യോപകരണങ്ങളാണ് ശുദ്ധമദ്ദളം, തൊപ്പിമദ്ദളം, ശംഖ്‌, ഇലത്താളം എന്നിവ. കഥകളിയുടെ പല അംശങ്ങളും കൃഷ്ണനാട്ടത്തിൽ നിന്നു സ്വീകരിച്ചതാണ്‌ (ഒന്നിൽ കൂടുതൽ പിൻപാട്ടുകാർ, കിരീടാലങ്കാരം ഇത്യാദി).

കൃഷ്ണാട്ടത്തിലെ രംഗാവതരണച്ചടങ്ങുകൾ കഥകളിയെപ്പോലെയാണെന്ന് പറയാം. കേളി, അരങ്ങുകേളി, തോടയം, പുറപ്പാട് എന്നീ ആദ്യ ചടങ്ങുകൾ കൃഷ്ണനാട്ടത്തിനും ഉണ്ട്. കൃഷ്ണനാട്ടത്തിൽ മിനുക്ക് വേഷത്തിലുള്ള സ്ത്രീവേഷങ്ങളാണ് പുറപ്പാട് അവതരിപ്പിക്കുന്നത്. കഥയിലെ ആദ്യരംഗം തന്നെയാണ് പുറപ്പാട്. രംഗാവതരണസമ്പ്രദായങ്ങളിലും കഥകളിയിൽനിന്ന് കൃഷ്ണനാട്ടത്തിനു പല വ്യത്യാസങ്ങളും ഉണ്ട്. കഥകളിയിൽ നടൻ നിലവിളക്കിനു മുമ്പിലേക്ക് പോകാറില്ല. പക്ഷേ കൃഷ്ണനാട്ടത്തിൽ വിളക്കിനെ ചുറ്റിയുള്ള നൃത്തം പതിവുണ്ട്. കൃഷ്ണനും യവനനും, കൃഷ്ണനും മല്ലന്മാരും തമ്മിലുള്ള രംഗങ്ങളിലും രാസക്രീഡയിലും കാളിയമർദ്ദനത്തിലും വിളക്കിന് മുമ്പിലേക്ക് വന്നുള്ള നൃത്തമാണ് സം‌വിധാനം ചെയ്തിട്ടുള്ളത്. കൃഷ്ണനാട്ടം പ്രധാനമായും ലാസ്യപ്രധാനമാണെങ്കിലും കൃഷ്ണനും മല്ലന്മാരും തമ്മിലുള്ള രംഗം താണ്ഡവപ്രധാനമാണ്.

കൃഷ്ണനാട്ടത്തെപ്പറ്റിയുള്ള പല ഐതിഹ്യങ്ങളും അതിന്റെ ദിവ്യത്വം വർദ്ധിപ്പിക്കുന്നവയാണ്. ശ്രീകൃഷ്ണദർശനത്തിനു വേണ്ടി മാനവേദൻ വില്വമംഗലത്തോട് അഭ്യർത്ഥിച്ചുവെന്നും, അങ്ങനെ ഗുരുവായൂർ മതിൽക്കകത്ത് ഇപ്പോഴുള്ള കൂത്തമ്പലത്തിന്റെ ഭാഗത്തുണ്ടായിരുന്ന ഇലഞ്ഞിമരച്ചുവട്ടിൽ ഉണ്ണിക്കൃഷ്ണന്റെ ദർശനം രാജാവിനുണ്ടായെന്നും ആർത്തിയോടെ ആലിംഗനം ചെയ്യാനാഞ്ഞപ്പോൾ ഭഗവാൻ അപ്രത്യക്ഷമായെന്നുമാണ് ഐതിഹ്യം. വില്വമംഗലം ദർശനം തരാനേ പറഞ്ഞിട്ടുള്ളുവെന്ന അശരീരി അപ്പോൾ കേട്ടു. ഭക്തനായ മാനവേദരാജാവിന് ഭഗവാന്റെ ഒരു പീലിത്തിരുമുടി കൈയ്യിൽ കിട്ടുകയും ആ പീലിത്തിരുമുടികൊണ്ട് കൃഷ്ണന്റെ കിരീടം ഉണ്ടാക്കിയെന്നും അതുപയോഗിച്ച് അഭിനയിക്കത്തക്കവണ്ണം കൃഷ്ണഗീതി രചിച്ചുവെന്നുമുള്ള ഐതിഹ്യം ഈ കലയുടെ ഭക്തിഭാവത്തെ കാണിക്കുന്നു. ഭഗവാൻ പ്രത്യക്ഷപ്പെട്ട ഇലഞ്ഞിമരത്തിന്റെ ഒരു കൊമ്പ് ഉപയോഗിച്ച് തമ്പുരാൻ സ്വന്തം കൈകൊണ്ട് നിർമ്മിച്ച ബാലഗോപാലവിഗ്രഹം മുമ്പിൽ വച്ച് പൂജിക്കുകയും, ആ വിഗ്രഹത്തെ സംബോധന ചെയ്തു കൃഷ്ണഗീതി എഴുതുകയും ചെയ്തു. കൃഷ്ണനാട്ടത്തിലെ കിരീടങ്ങളും പൊയ് മുഖങ്ങളും ആഭരണങ്ങളും എല്ലാം ആ ഇലഞ്ഞിമരംകൊണ്ട് നിർമ്മിച്ചതാണ് എന്നാണ് ഐതിഹ്യം.

No comments: