Sunday, March 17, 2019

ക്ഷേത്ര കലകൾ*  *(അനുഷ്ഠാന കലകള്‍)*

⛲⛲⛲⛲⛲⛲⛲⛲⛲⛲


*മുടിയേറ്റ്*

തെക്കന്‍കേരളത്തിലും കൊച്ചിയിലും മധ്യകേരളത്തില്‍ അപൂര്‍വ്വമായും നടന്നുവരുന്ന ഭദ്രകാളീ പ്രീണനത്തിനായുളള അനുഷ്ഠാനകല. 'മുടിയെടുപ്പ്' എന്നും പറയാറുണ്ട്. കാളിയുടെ ഭീകരമുഖം, ജഡാഭാരം എന്നിവ മരംകൊണ്ടോ ലോഹം കൊണ്ടോ ഉണ്ടാക്കുന്നതാണ് 'മുടി.'  ആ തിരുമുടി തലയിലണിഞ്ഞാണ് കാളി ആടുന്നത്. 

കാളീസേവയുടെ ഭാഗമായി നടത്തുന്ന അനുഷ്ഠാനമാണ് മുടിയേറ്റ്. ഭദ്രകാളിയും ദാരികനും തമ്മിലുള്ള യുദ്ധമാണ് മുടിയേറ്റ് പ്രമേയം. വൈവിധ്യമാര്‍ന്ന ചടങ്ങുകളുള്ള അനുഷ്ഠാനമാണിത്. കളമെഴുത്ത്, പ്രതിഷ്ഠ, പൂജ, താലപ്പൊലി, തിരിയുഴിച്ചല്‍, കളംമായ്ക്കല്‍ എന്നിവയാണ് പ്രാരംഭ ചടങ്ങുകള്‍. തുടര്‍ന്ന് കഥകളിയിലേത് പോലെ വേഷങ്ങള്‍ രംഗത്ത് വന്നുള്ള പ്രകടനം നടക്കും. 

തിരുവിതാംകൂറിലും കൊച്ചി പ്രദേശത്തുമുള്ള ഭദ്രകാളി ക്ഷേത്രങ്ങളിലാണ് മുടിയേറ്റ് നടത്തുന്നത്. തിരുവിതാംകൂര്‍ പ്രദേശത്ത് കുറുപ്പന്മാരും കൊച്ചി ഭാഗത്ത് മാരാാരുമാണ് മുടിയേറ്റ് അവതരിപ്പിക്കുന്നത്. ഇരുവരുടെയും രീതികളില്‍ നേരിയ വ്യത്യാസം പ്രകടമാണ്.  വീക്കു ചെണ്ട, ഉരുട്ടു ചെണ്ട, ഇലത്താളം, ചേങ്ങില എന്നിവയാണ് വാദ്യങ്ങള്‍.

ക്ഷേത്രത്തില്‍ നിന്നു ഭദ്രകാളിവേഷക്കാരന്‍ മുടി ധരിക്കും. വരിക്കപ്ലാവിന്റെ കാതല്‍  വൃത്താകൃതിയില്‍ മുറിച്ചെടുത്ത് അതില്‍ സിംഹഗജകുണ്ഡലങ്ങള്‍, നാഗപ്പത്തികള്‍ എന്നിവ കൊത്തി ചുവന്നപട്ട്, പീലി, മുത്ത് എന്നിവ കൊണ്ടലങ്കരിക്കും.

അലങ്കരിച്ച പന്തലില്‍ പഞ്ചവര്‍ണ്ണപ്പൊടികള്‍കൊണ്ട് ഭദ്രകാളിയുടെ കളം ചിത്രീകരിക്കും. ദാരികന്റെ ശിരസ്സറുത്ത് മുടിചുറ്റിതൂക്കിപ്പിടിച്ച് വേതാളത്തിന്റെ പുറത്തേറി വരുന്ന കാളിയുടെ രൂപമാണ് കളത്തിന്. കളംപൂജയും കുറുപ്പു നടത്തുന്ന കളംപാട്ടും കന്യകമാരുടെ താലപ്പൊലിയും കഴിഞ്ഞാല്‍ തിരിയുഴിച്ചിലാണ്. പിന്നെ കളം മായ്ക്കും. പിന്നീടാണ് മുടിയേറ്റ്.

മുടിയേറ്റിലെ വേഷങ്ങള്‍ക്ക് മുഖത്തു തേപ്പു കാണും. ഉടുത്തുകെട്ടും കിരീടവും കാണും. കത്തിച്ചുവച്ച വലിയ നിലവിളക്കിന്റെ മുന്നിലാണ് അഭിനയിക്കുന്നത്. ഭദ്രകാളി, നാരദന്‍, ദാരികന്‍, ശിവന്‍, ദാനവേന്ദ്രന്‍, കോയിച്ചാടര്‍, കൂളി എന്നിവയാണു മുടിയേറ്റിലെ വേഷങ്ങള്‍. കാളിക്കു മുഖത്ത് അരിമാവും ചുണ്ണാമ്പും ചേര്‍ത്തു ചുട്ടികുത്തും. വസൂരിക്കല എന്നാണു സങ്കല്‍പ്പം. കുരുത്തോലകൊണ്ടു അലങ്കരിച്ച ഭാരമേറിയ മുടി തലയിലണിയിക്കും. ദാരികവേഷത്തിനുമുണ്ട് ചുട്ടി. തലയില്‍ ചെറിയ കുരുത്തോല മുടിയാണു ദാരികന്. ശിവനും നാരദനും ആദ്യം രംഗത്തുവരും. പിന്നെ ദാരികന്റെ പുറപ്പാട്. തുടര്‍ന്നു കാളിയും കൂളിയും പുറപ്പെടും. കാളിയും ദാരികനുമായി പോര്‍വിളി നടക്കും. തുടര്‍ന്ന് കോയിച്ചാടര്‍ പ്രവേശിക്കും. പിന്നെ കാളി-ദാരിക യുദ്ധം. ദാരികന്റെ തലയെടുത്തു കാളി രംഗത്തു വരുന്നതോടെ അന്ത്യരംഗമായി. ശിവസ്തുതി പാടിയാണ് മുടി ഒടുക്കുന്നത്.

സൂര്യന്‍ അസ്തമിച്ചാല്‍ തുടങ്ങുന്ന മുടിയേറ്റ് പുലരുന്നതിനുമുമ്പ് അവസാനിക്കും.

ചെണ്ടയും ഇലത്താളവും ആണ് പ്രധാന വാദ്യങ്ങൾ. കൂടാതെ വീക്കുചെണ്ട, ചേങ്ങല എന്നീ വാദ്യങ്ങളും ഉപയോഗിക്കുന്നു. നിലവിളക്ക്മാത്രമാണ് ദീപസം‌വിധനമെങ്കിലും തീവെട്ടിയും പന്തങ്ങളും വെളിച്ചത്തിനായി ഉപയോഗിക്കുന്നു.ചാക്യാർകൂത്തിനോടും കഥകളിയോടും ചില അംശങ്ങളിൽ സാമ്യമുള്ള ഇതിന്റെ പ്രധാന കേന്ദ്രങ്ങൾ തിരുവിതാംകൂറും കൊച്ചിയുമാണ്.

കേരളത്തിൽ ഏറ്റവും കൂടുതൽ മുടിയേറ്റ്‌ വഴിപാടായി നടത്തിവരുന്ന ഏക ക്ഷേത്രം കോട്ടയം ഏറ്റുമാനൂരിൽ നീണ്ടൂരിനടുത്തു സ്ഥിതിചെയ്യുന്ന ശ്രീ മൂഴിക്കുളങ്ങര ഭഗവതി ക്ഷേത്രം ആണ്..മൂവാറ്റുപുഴ വാരപ്പെട്ടി ശ്രീ എളങ്ങവത്ത് കാവിലെ മുടിയേറ്റും പ്രശസ്തമാണ്.ഇത് കൂടാതെ തൊടുപുഴക്ക് അടുത്ത് പുരാതനമായ അറക്കുളത്ത് കാവ് ശ്രീ ഭദ്രകാളി ക്ഷേത്രത്തിലും വർഷങ്ങളായി മുടിയേറ്റ് അവതരിപ്പിച്ചു വരുന്നു . അറക്കുളത്ത് കാവിന് സമീപം കുടയത്തൂർ മങ്കൊമ്പ് കാവിലും ഇപ്പോൾ ഉത്സവത്തോടനുബന്ധിച്ച് മുടിയേറ്റ് വഴിപാടായി നടത്തി വരുന്നു.

*LV*✒

*ദേവദർശനം*🌹

No comments: