ദിവസം 182
ശ്രീമഹാഭാഗവതകഥകൾ: ദേവേന്ദ്രദർപ്പശമനം, കഥ തുടരുന്നു ....
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
യാഗം അമംഗളമൊന്നുംകൂടാതെ അതിൻറെ അവസാന ഘട്ടത്തിലെത്തി. നിവേദ്യങ്ങളും ബലിപൂജാദികളും അർപ്പിക്കുന്ന സമയമായി. മണിനാദങ്ങളും ശംഖധ്വനികളും മുഴങ്ങി. സർവ്വാന്തര്യാമിയായ കൃഷ്ണൻ ആ സമയം ആ അചലത്തിൽ അധിനിവേശം ചെയ്തു ജീവനുള്ള ഗോവർദ്ധനപർവ്വതമായി രൂപംപ്രാപിച്ച്, ആ നിവേദ്യങ്ങളും ബലിസാധനങ്ങളും സർവ്വവും സർവ്വജനങ്ങളും പ്രത്യക്ഷത്തിൽ കാൺകെ, പ്രീതിപൂർവ്വം ഭക്ഷിച്ചു. അതുകണ്ട് ആ ഗോപസമൂഹം ---- ആണുപെണ്ണുകുട്ടികളടക്കം --- വിസ്മയവിവശരായി സ്തംഭിച്ചു നിന്നുപോയി.
അപ്പോൾ ഗിരീന്ദ്രൻ അനുഗ്രപൂർവ്വം അരുളിച്ചെയ്തു:---- ' ഗോപികാഗോപന്മാരെ! നിങ്ങളുടെ യാഗത്താൽ ഞാൻ അതീവ സംതൃപ്തനായിരിക്കുന്നു. എന്നിൽക്കൂടി ദേവകളും പ്രസാദിച്ചിരിക്കുന്നു. നിങ്ങൾക്കും നിങ്ങളുടെ ഗോക്കൾക്കും ഞാനെന്നും ആശ്രയമായിരിക്കും. നിങ്ങൾക്കു മംഗളമുണ്ടാകട്ടെ '.
തുടർന്ന് ഒരു നിഴൽ അവിടെ പരന്നു. അതിൽ ഗോവർദ്ധനദേവൻ തിരോഭൂതനായി. ഗോപാലന്മാർക്ക് ആ സമയം ഉണ്ടായ സന്തോഷവും ചാരിതാർത്ഥ്യവും സീമാതീതമായിരുന്നു. ' ഇന്ദ്രയാഗം നടത്തിയാൽ, മഹേന്ദ്രൻ അഗ്നിയിൽ അർപ്പിക്കുന്ന ഹവിസ്സിൽക്കൂടിയാണ് അതു സ്വീകരിക്കുന്നത്. ഇവിടെയോ? നമ്മുടെ കുലദേവതയായ ഗോവർദ്ധനം നേരിട്ടു പ്രത്യക്ഷപ്പെട്ട് ഹവിസ്സും നിവേദ്യങ്ങളും ബലിയും സ്വീകരിച്ചിരിക്കുന്നു. '
ഈ കഥകളും സംഭവങ്ങളും ഗോവർദ്ധനമാഹാത്മ്യങ്ങളും പ്രകീർത്തിച്ചുകൊണ്ടാണ്, വ്രജവാസികൾ അന്ന് ഭവനങ്ങളിലേക്ക് തിരിച്ചുപോയത്.
ആയിടയ്ക്ക് നാരദമുനി നാകാധിപനെ കണ്ട്, ഗോപന്മാർ കൃഷ്ണനിർദ്ദേശമനുസരിച്ച് ഇന്ദ്രയാഗം മുടക്കി പകരം ഗോവർദ്ധനയാഗം നടത്തിയ കഥ വിസ്തരിച്ചു പറഞ്ഞുകേൾപ്പിച്ചു.
തന്നെ വിഗണിച്ച് ഗോപന്മാർ തനിക്കുള്ള യാഗം, കേവലം അചേതനമായ ഒരു പർവ്വതത്തിനു നൽകി എന്നുള്ള വാർത്ത ജംഭാന്തകനെ അത്യന്തം ക്രുദ്ധനാക്കിത്തീർത്തു. തന്നെ അപമാനിച്ച് തൻറെ ശത്രുവിനെ (പർവ്വതങ്ങളുടെ പക്ഷം അരിഞ്ഞ ഇന്ദ്രൻ പർവ്വത ശത്രുവാണ്) ബഹുമാനിച്ചു പൂജിച്ചിരിക്കുന്നു. എന്തൊരു ധിക്കാരമാണ് ഗോപന്മാർ കാണിച്ചിട്ടുള്ളത്!! ഇതിനു തക്ക പ്രതികാരം ചെയ്തില്ലെങ്കിൽ താൻ എന്തിന് ദേവരാജനായി വാഴുന്നു.? ഈ യാഗം മുടക്കിയത് കൃഷ്ണനാണെന്ന് ബോദ്ധ്യമായി. അവൻ വിഷ്ണുവിൻറെ അവതാരമാണെന്നു ധരിച്ചിരിക്കുന്നതാണ് പരമാബദ്ധം. അവൻ വിഷ്ണുവല്ല. വിഷ്ണുവാണെങ്കിൽ ദേവകളോട് വിരോധമോ വൈരാഗ്യമോ തോന്നാൻ ന്യായമില്ല. വിഷ്ണു ദേവപ്രിയനാണ്. ദേവകൾക്ക് അനുകൂലിയും സഹായിയുമാണ്. ഒരിക്കലും ഇന്ദ്രനുള്ള യാഗം ഇന്ദ്രാനുജൻ മുടക്കുകയില്ല. ആ നിലയ്ക്കും കൃഷ്ണൻ വിഷ്ണുവല്ല.
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
Sasi Narayanan:പല്ലാരിമംഗലം ബ്രദേഴ്സ്
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
മഹാബലി, ദേവലോകം അടക്കി ഭരിച്ചപ്പോൾ, വിഷ്ണുവാണ് വാമനനായി അവതരിച്ചു നാകലോകം തിരിച്ചുവാങ്ങി തന്നത്. പാലാഴിമഥനത്തിൽ കിട്ടിയ അമൃതവും കൊണ്ട് അസുരന്മാർ പോയപ്പോൾ, വിഷ്ണുവാണ് മോഹിനീവേഷം ചമഞ്ഞു ദാനവരെ മയക്കി അമൃതം വീണ്ടെടുത്തു ദേവകൾക്കു നൽകിയത്. ദേവശത്രുവായിരുന്ന രാവണനെ നിധനം ചെയ്തു ദേവകൾക്ക് ക്ഷേമമുണ്ടാക്കിക്കൊടുത്തതും രഘുരാമനായി അവതരിച്ച വിഷ്ണുവാണ്. ദേവകളെ സദാ ഉപദ്രവിച്ചുകൊണ്ടിരിക്കുന്ന അസുരന്മാർ ദുഷ്ടരാജാക്കന്മാരായി ഭൂമിയിൽ പിറന്നപ്പോൾ, അവരുടെ വംശവിച്ഛേദം വരുത്തുവാൻ ഭാർഗ്ഗവരാമനായി അവതരിച്ചതും വിഷ്ണുവാണ്. ദേവശത്രുവായ ഹിരണ്യകശിപുവിനെ വധിച്ച് ദേവകൾക്ക് ക്ഷേമം വരുത്തുവാൻ വേണ്ടി നരസിംഹമായി അവതരിച്ചതും വിഷ്ണുവാണ്. ഇങ്ങനെ എല്ലാപ്രകാരത്തിലും ദേവപ്രിയനായ വിഷ്ണുവാണ് ആ മനുഷ്യബാലനായ കൃഷ്ണനെങ്കിൽ, അവൻ ദേവനാഥനുള്ള യാഗം ഒരിക്കലും മുടക്കുമായിരുന്നില്ല. ആര് എങ്ങിനെ തപസ്സുചെയ്താലും അവർക്ക് ഇഷ്ടമുള്ള വരംകൊടുക്കുന്ന ശുദ്ധാത്മാവായ ബ്രഹ്മദേവൻ ആ കൃഷ്ണനും വലിയ മായാവൈഭവമുള്ള ആളിണെന്നു ഭാവിച്ചു. അദ്ദേഹത്തിന്റെ ശുദ്ധഗതി! പക്ഷെ, ഇന്ദ്രനത് വകവച്ചു കൊടുക്കാൻ പോകുന്നില്ല. ആ കള്ളനായ ഇടയൻറെ അഹങ്കാരം ശമിപ്പിച്ച് ഗോപന്മാരെ ഒരു നല്ല പാഠം പഠിപ്പിക്കണം. ഗോവർദ്ധനം അവരെ രക്ഷിക്കുന്നതു കാണട്ടെ '. (തുടരും)
**************************************************
ചോദ്യം:- ഭഗവാൻ വിഷ്ണു എങ്ങിനെയാണ് ഇന്ദ്രാനുജനായത്?
**************************************************
അറിയാവുന്നവർക്ക് ഉത്തരം കമന്റ് ചെയ്യാം
**************************************************
No comments:
Post a Comment