Thursday, September 12, 2019

"ഓണമല്ലേ മോനെ"

ഓണമല്ലേ മോനെ
കാണുവാനെത്തുമോ
കണ്ണ്‌ നിറഞ്ഞമ്മ ഓർത്തു പോയ്‌

കണ്ണനവനെ ഞാൻ
കണ്ണിന്റെ കണ്ണായി
കണ്ണിമ പൂട്ടാതെ
കാത്തതല്ലേ...

പെണ്ണായ് പിറന്നിട്ടും
മണ്ണോട് മല്ലിട്ട്
മണ്ണ് പറ്റാതെ
വളർത്തി ഞാനും

മണ്ണിന്റെ മാഹാത്മ്യം
തെല്ലും അറിയാതെ
വിണ്ണിൽ മിഴി നട്ടു
കണ്ണ്ൻ എന്റെ

കണ്ണന്റെ അച്ഛനും
മണ്ണിൽ മറഞ്ഞിട്ടും
ദണ്ണമറിഞീലെൻ
കണ്ണൻ മോനും

കണ്ണൻ വലുതായി
പെണ്ണിനെയും കെട്ടി
കണ്ണനു വേണ്ടത്രേ
'അമ്മ എന്നായ്


കണ്ണന് മാത്രമായ്‌
കണ്ണീർ കുടിച്ച ഞാൻ
കണ്ണിൻ കരടായി
കണ്ണനിന്നു

കണ്ണു നിറഞ്ഞെന്റെ
കണ്ണുനീർ വീണിട്ടും
കണ്ണനെന്നെ കൊണ്ടു വിട്ടിവിടെ

ഏഴകൾക്കാശ്രയം
വൃദ്ധാശ്രമം..
എല്ലാരും സ്നേഹമായ്‌
വാഴും സ്ഥാനം


ഓണമല്ലേ മോനെ
കാണുവാൻ എത്തണേ
പ്രാണൻ വെടിയുമീ
'അമ്മ വേഗം..

ഓണം വരും വീണ്ടും
ഓർക്കുക എന്മകൻ
ഓരോരോ ചെയ്‌തിയും
കാണും ദൈവം !!!
               ***
പേരാമംഗലം ഗോപി

No comments: