Sunday, September 15, 2019

*_ശിവനാമ മാഹാത്മ്യം_*
🙏🌹🌺🌸💐🌹🙏
ശിവനാമ ജപത്തിന് വളരെയേറെ മാഹാത്മ്യം ഉണ്ട്. സദാശിവ എന്ന നാമം ഉച്ചരിക്കുന്നവരെ പാപങ്ങള്‍ സ്പര്‍ശിക്കുകയില്ല. ശ്രീ ശിവായ നമസ്തുഭ്യം എന്നുപറയുന്ന ആളുടെ മുഖം സര്‍വപാപങ്ങളെയും നശിപ്പിക്കുന്ന തീര്‍ത്ഥത്തിന് സമാനമാണ്. ആ മുഖം ദര്‍ശിക്കുന്ന മര്‍ത്യനും തീര്‍ത്ഥജന്യമായ ഫലം സിദ്ധിക്കുന്നതാണ്. പാപങ്ങളെ ഇല്ലാതെയാക്കാന്‍ ശിവനാമോച്ചാരണം സഹായിക്കും ശിവനാമം ഉച്ചരിക്കുന്ന മാനവന്‍ പുണ്യാത്മാവാണ്. പലതരത്തിലുള്ള ദുഃഖങ്ങള്‍ മനുഷ്യര്‍ക്ക് അനുഭവിക്കേണ്ടി വരുന്നുണ്ട്. ആ ദുഃഖങ്ങളില്‍ നിന്ന് കരകേറാന്‍ ശിവനാമം സഹായിക്കും.

ശിവനാമത്തില്‍ മുഴുകി ഇരിക്കുന്നവന്‍ ധന്യനാണ്. ശിവനാമം ജപിക്കുന്നതില്‍ ആര്‍ക്കെല്ലാമാണോ വിശ്വാസമുള്ളത് അവരുടെയെല്ലാം ധര്‍മ്മം ഫലപ്രാപ്തിയിലെത്തും ബ്രഹ്മഹത്യാപാപം ചെയ്തവന്‍ പോലും ശിവനാമ ജപത്താല്‍ ആ  പാപത്തില്‍നിന്ന് മോചിതനാകും എന്നാണ് വിശ്വാസം.

ശിവനാമാമൃതം പാനം ചെയ്താല്‍ ശാന്തി ഉണ്ടാകും. അവര്‍ക്ക് ഒരിക്കലും ദുഃഖിക്കേണ്ടിവരില്ല. കാട്ടുതീയാല്‍ മരം കത്തി ചാമ്പലാകുന്നതുപോലെ ശിവനാമജപത്താല്‍ പാപജാലമെല്ലാം ദഹിക്കും. ജനന മരണങ്ങള്‍ ഉള്ള ഈ പ്രപഞ്ച ദുഃഖത്തില്‍നിന്ന് മോചനം നേടാന്‍ ശിവനാമം സഹായിക്കും. മനുഷ്യന് എത്രമാത്രം പാപം ചെയ്യുവാന്‍ കഴിയുമോ അതിനേക്കാളേറെ പാപനാശന ശക്തി ശിവനാമത്തിലുണ്ട്. ശിവനാമം ജപിക്കുന്നവര്‍ക്ക് ഭക്തിയും മോക്ഷവും ലഭിക്കും.

_*ഭസ്മധാരണ മാഹാത്മ്യം*_

ഭസ്മധാരണത്താല്‍ സര്‍വ്വ മംഗളങ്ങളും ലഭിക്കും. മൂന്നുവരയായി ഭസ്മം തൊടുന്നതിന് ത്രി പുണ്ഡ്രമെന്ന് പറയുന്നു. ത്രി പുണ്ഡ്രം ശ്രദ്ധയോടുകൂടി ധരിക്കുന്നവര്‍ സംസാര ദുഃഖത്തില്‍നിന്ന് മോചിതരാകുമെന്നാണ് വിശ്വാസം. 'ഓം നമഃശിവായ' എന്ന ഷഡക്ഷരം ഭസ്മ ധാരണത്തോടുകൂടിയാണ് ജപിക്കേണ്ടത്. വര്‍ണ്ണാശ്രമാചാരങ്ങള്‍ വെടിഞ്ഞ് ജീവിക്കുന്ന ഒരാള്‍ക്ക് ആ പാപങ്ങളില്‍നിന്ന് രക്ഷനേടുവാന്‍ ത്രിപുണ്ഡ്ര ധാരണംകൊണ്ട് സാധിക്കും. ഭസ്മധാരണം നടത്തിയാലും സംശുദ്ധരായി തീരും. ശിവന്‍ ഭസ്മരൂപിയും ഭസ്മം ത്രൈലോക്യ പാവനവും ആണ്. അതുകൊണ്ട് ഭസ്മം ധരിക്കുന്നവനെ നിന്ദിക്കുന്നത് ശിവനിന്ദയ്ക്ക് തുല്യമാണ്.

മദ്ധ്യാഹ്നത്തിന് മുന്‍പ് ജലം ചേര്‍ത്തും മദ്ധ്യാഹ്നത്തിനു ശേഷം ജലം ഇല്ലാതെയും ആണ് ഭസ്മലേപനം നടത്തേണ്ടത്. ത്രിനേത്രനും ത്രിഗുണാധാരനും ത്രിദേവജനകനും ആയ ശിവനെ ധ്യാനിച്ച് പഞ്ചാക്ഷര ജപത്തോടുകൂടി നെറ്റിയില്‍ ഭസ്മം ധരിക്കണം. പാപിപോലും ഭസ്മധാരണത്താല്‍ ശുദ്ധനായിത്തീരും. ത്രിസന്ധ്യയ്ക്ക് ത്രിപുണ്ഡ്രത്തെ ധരിക്കണം. ഭസ്മക്കുറി ധരിക്കുന്നവനെ താഡനം ചെയ്യുന്നവന്‍ ചണ്ഡാലനാണ്. അറിഞ്ഞോ അറിയാതെയോ ഭസ്മധാരണം നടത്തിയാല്‍ അവന്‍ പരിശുദ്ധനായിത്തീരും. 🕉.  🙏🌹🌺🌺💐🌹🙏

No comments: