"ഓം" എന്ന അക്ഷരത്തിൻറെ നിർവചനം ...?
ഓം എന്ന അക്ഷരം എങ്ങനെ, എന്ന് ഉണ്ടായി എന്ന് വ്യക്തമായി പറയുവാനാകില്ല. സകല വേദങ്ങളിലും ഓം എന്ന അക്ഷരം വരുന്നുണ്ടെന്നതിനാൽ ഇതിന് വേദത്തോളം, അല്ലെങ്കിൽ അതിലും കൂടുതൽ പഴക്കമുണ്ടെന്നും ഇതിന് വേദങ്ങളോളം പ്രസക്തിയുണ്ടെന്നും കരുതപ്പെടുന്നു.
അതിഗഹനമായ തത്വങ്ങളാണ് ഓം എന്ന അക്ഷരം പ്രതിനിധാനം ചെയ്യുന്നത്. വേദം എന്ന വാക്കിനർത്ഥം അറിവ് എന്നാകുന്നു. ഇപ്പറഞ്ഞ എല്ലാ അറിവും ഓം എന്ന അക്ഷരത്തിൽ ഉൾപ്പെടുകയും ചെയ്യുന്നു. ഓം എന്ന അക്ഷരത്തിൽ നിന്നു തന്നെയാണ് വേദമുണ്ടായത് എന്നു പറയുന്നതിലും തെറ്റില്ല. അന്ധകാരത്തിൽ നിന്നും വെളിച്ചത്തിലേക്ക് പിടിച്ചുയർത്തുന്നതിന്റെ പ്രതീകമായാണ് ഹിന്ദുക്കൾ ഓംകാരത്തെ കരുതി വരുന്നത്.
അ,ഉ,മ എന്നീ മൂന്നക്ഷരങ്ങളുടെ സങ്കലനമാണ് ഓംകാരമെന്നത്. (A.U.M) ഇതിൽ അടങ്ങയിരുക്കുന്ന ഓരോ അക്ഷരത്തിനും അതിന്റെ അർത്ഥ വ്യാപ്തിയുണ്ടു. ’അ’ ആദിമത്വത്തേയും ’ഉ’ ഉത്കർഷത്തെയും ’മ’ മിതിയേയും ചൂണ്ടിക്കാണിക്കുന്നു. അതിനാലാകണം ഓംകാരത്തെ സ്രുഷ്ടിസ്ഥിതിലയങ്ങളുടെ പ്രതിനിധീകരണ ശക്തിയായി വിശേഷിപ്പിക്കുന്നതും.
അക്ഷരം എന്ന വാക്കിനർത്ഥം നാശമില്ലാത്തത് എന്നാണ്. ആദ്യ അക്ഷരമായ അ തൊണ്ടയിൽ നിന്നും ഉത്ഭവിക്കുന്നു. ഉ എന്ന അക്ഷരം വായുടെ മദ്ധ്യഭാഗത്തുനിന്നും വരുന്നു. മ എന്ന അക്ഷരമാകട്ടെ, വായയുടെ ഏറ്റവും പുറമെ അധരപുടത്തിൽ നിന്നും ഊർന്നുവീഴുന്നു. അ. ഉ, മ എന്നീ അക്ഷരങ്ങൾ ചേർന്നതാണ് ഓം എന്ന അക്ഷരം. ആദ്യവും മദ്ധ്യവും അന്ത്യവും പ്രതിനിധീകരിക്കുന്ന അക്ഷരങ്ങളെ ചേർത്തെഴുതിയതിനാൽ മറ്റെല്ലാ അക്ഷരങ്ങളും സ്വഭാവികമായും ഇതിലടങ്ങുന്നു എന്നു താൽപര്യം.
ആയതിനാൽ സർവ അക്ഷരങ്ങളേയും പ്രതിനിധാനം ചെയ്യുന്ന ഏകാക്ഷരവും ഓം ആകുന്നു.
സകല വേദങ്ങളിലും ഉപനിഷത്തിലും മന്ത്രങ്ങളിലും ഓം എന്ന അക്ഷരത്തെക്കുറിച്ച് പരാമർശമുണ്ടെങ്കിലും ഒരു നിർവചനം എന്ന നിലയിൽ എടുത്ത് കാണിക്കാവുന്നത് നചികേതസ്സ് എന്ന ബ്രാഹ്മണകുമാരന് യമൻ ഉപദേശിക്കുന്ന കഠോപനിഷത്തിലെ മന്ത്രമാണ്.
സർവേ വേദാ യത് പദമാനന്തി
തപാംസി സർവാണി ച യത് വദന്തി
യദിച്ഛന്തു ബ്രഹ്മചര്യം ചരന്തി
തത്തേ പദം സംഗ്രഹീതേ ബ്രവീമ്യോമിത്യേതത്.
സകല വേദങ്ങളും ഏതു പദത്തെക്കുറിച്ച് പ്രതിപാദിക്കുന്നുവോ, തപസ്സനുഷ്ഠിക്കുന്നവരെല്ലാംഎന്തിനെക്കുറിച്ച് (വദന്തി)പറയുന്നുവോ, എന്ത് ഇച്ഛിച്ചു കൊണ്ട് ബ്രഹ്മചര്യംഅനുഷ്ടിക്കപ്പെടുന്നുവോ, അതേ പദത്തെ സംഗ്രഹിച്ച് പറഞ്ഞു തരാം (ബ്രവീമി) (ഓം ഇത്യേ തത്) - ഓം എന്നാണത്. ഓം എന്ന അക്ഷരത്തിന്റെ പ്രാധാന്യം മനസ്സിലാക്കിത്തരാൻ ഉതകുന്ന ശ്ലോകമാണിത്.
എങ്കിലും ഒരു നിർവചനം സമഗ്രമായിരിക്കണം എന്ന നിലപാടെടുക്കുകയാണെങ്കിൽ, മാണ്ഡൂക്യ ഉപനിഷത്തിലെ മന്ത്രങ്ങൾ ഉത്തമമായിരിക്കും. മാണ്ഡൂക്യോപനിഷത്ത് തുടങ്ങുന്നതു തന്നെ ഓം എന്ന അക്ഷരത്തെക്കുറിച്ച് പ്രതിപാദിച്ചുകൊണ്ടാണ്.
Copy
No comments:
Post a Comment