Thursday, September 12, 2019

*തിരുപ്പതി ദർശനം വെറുതെയല്ല, അനേകം ഫലങ്ങൾ !!*

സപ്തഗിരീശ്വരന്‍ അഥവാ ബാലാജി എന്നറിയപ്പെടുന്ന തിരുപ്പതി വെങ്കിടേശ്വരന്റെ ദർശനം ലഭിക്കുന്നത് പുണ്യമാണെന്നാണ് ഭക്തരുടെ വിശ്വാസം. ഭക്തന്റെ അർഹതയ്ക്കനുസരിച്ച് ദേവൻ അനുഗ്രഹവും സൗഭാഗ്യവും നൽകുമെന്നും ഇവിടെനിന്ന് എന്തെങ്കിലും  കവർന്നെടുക്കാൻ ശ്രമിച്ചാൽ അവർക്കു ദുരന്തം സംഭവിക്കുമെന്നുമാണ് വിശ്വാസം.

മഹാവിഷ്ണുവിന്റെ അവതാരമായി കരുതപ്പെടുന്ന തിരുപ്പതി വെങ്കിടേശ്വരന് നിത്യേന  ആറു  പൂജകളാണുള്ളത്. പുലർച്ചെ 2.30 ന് പ്രത്യുഷ പൂജ അഥവാ സുപ്രഭാതസേവ, സൂര്യോദയത്തിനു ശേഷം  ഉഷഃപൂജയായ പ്രാതഃകാല പൂജ, മധ്യാഹ്നപൂജ, സൂര്യാസ്തമയം തുടങ്ങുമ്പോഴുള്ള അപരാഹ്നപൂജ, പ്രദോഷസന്ധ്യയ്ക്കു നടക്കുന്ന സന്ധ്യാകാലപൂജ, അത്താഴപൂജ എന്നിവയാണ്. തിങ്കളാഴ്ചകളില്‍ വിശേഷപൂജ, ചൊവ്വാഴ്ചകളില്‍ അഷ്ടദളപാദ പത്മാരാധന, ബുധനാഴ്ചകളില്‍ സഹസ്രകലശാഭിഷേകം, വ്യാഴാഴ്ചകളില്‍ തിരുപ്പാവാട സേവ, വെള്ളിയാഴ്ചകളില്‍ അഭിഷേകം എന്നിവ പ്രധാനമാണ്. ആധാർ കാർഡ് നിർബന്ധം കോവിലിനകത്ത് അകത്തു കയറാൻ.

വെങ്കിടേശ്വര ദർശന ഫലങ്ങൾ

1. സാമ്പത്തിക അഭിവൃദ്ധിക്കും ദുരിതമോചനത്തിനും മംഗല്യഭാഗ്യത്തിനും തിരുപ്പതിദർശനം ഉത്തമമാണ്.

2. ശനിദോഷം ശമിപ്പിക്കും.  ഏഴര ശനി, കണ്ടകശനി, അഷ്ടമശനി, ശനി ദശാദോഷം എന്നിവ അനുഭവിക്കുന്നവർ തിരുപ്പതി ദർശനം നടത്തിയാൽ ദുരിത ശാന്തി ലഭിക്കും.

3. അനേകം  പുണ്യസ്ഥലങ്ങളില്‍ യാഗങ്ങളും തപസ്സും ദാനധര്‍മാദികളും അനുഷ്ഠിച്ചാൽ  ലഭിക്കുന്നത്ര ഫലം തിരുപ്പതി ദർശനത്തിൽ ലഭിക്കും.

4.നാഗദോഷങ്ങളെല്ലാം തീർക്കുന്ന തിരുപ്പതിദർശനം രാഹു–കേതു ദോഷനിവാരണത്തിനും ഉത്തമത്രേ.

5. ഭഗവാൻ പ്രസാദിച്ചാൽ ഭക്തരുടെ ജീവിതത്തില്‍ അപ്രതീക്ഷിത ഭാഗ്യാനുഭവങ്ങളുണ്ടാകും.

6. വൈകുണ്ഠ മാസത്തിലെ ഏകാദശി നാളില്‍  ഭഗവാനെ ദർശിച്ചാൽ സകല പാപങ്ങളില്‍ നിന്നും മുക്തി ലഭിക്കുമെന്നാണ് വിശ്വാസം. മരണാന്തരം  മോക്ഷപ്രാപ്തിയും ലഭിക്കും

7.കലിയുഗദുരിതങ്ങളിൽ നിന്നുള്ള  മോക്ഷപ്രാപ്തിക്ക് ഉത്തമമാർഗ്ഗമാണ് തിരുപ്പതിദർശനം

വഴിപാടുകൾ

 1.തിരുപ്പതി ക്ഷേത്രത്തിലെ  പ്രധാന വഴിപാടാണ് തലമുണ്ഡനം ചെയ്യല്‍. "ഞാനെന്ന ഭാവം ഇല്ലാതാക്കുക " എന്നാണ്  ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. തലമുണ്ഡനം ചെയ്ത് കുളിച്ച ശേഷമാണ് ഭഗവദ് ദര്‍ശനം നടത്തേണ്ടത്.

2.കാണിക്കയർപ്പിക്കൽ മറ്റൊരു പ്രധാന വഴിപാടാണ്. വൃത്തിയുള്ള തുണിയിൽ കിഴി കെട്ടി വേണം കാണിക്കയർപ്പിക്കാൻ . ആ തുക മുഴുവനും കുബേരന് പലിശ കൊടുക്കുവാനുള്ള സഹായമാണെന്നാണ് വിശ്വാസം. എത്ര തിരക്കുണ്ടെങ്കിലും കിഴി കയ്യിലുണ്ടെങ്കിൽ നമ്മൾ അറിയാതെ തന്നെ വേഗത്തിൽ ഭഗവാൻ ദർശനം സാധ്യമാക്കുമെന്ന് ഭക്തർ വിശ്വസിക്കുന്നു.

3. ശ്രീവെങ്കടേശ്വര മഹാമന്ത്ര പൂജ നടത്തുന്നത്  തൊഴിൽതടസ്സം, ദാമ്പത്യദുരിതം, തൊഴിലില്ലായ്മ, വിവാഹതടസ്സം എന്നിവയ്ക്ക്  പരിഹാരമാണ്

തിരുപ്പതി ദർശനവേളയിൽ നിരന്തരം  "ഓം നമോ വെങ്കടേശായ" എന്ന്  ജപിക്കണം. ക്ഷിപ്രഫലസിദ്ധി നൽകുന്ന അതിശക്തമായ മന്ത്രമാണിത്. ഭഗവാന്റെ രൂപം മനസ്സിൽ ധ്യാനിച്ച്  108 തവണ വെങ്കടേശ്വര മന്ത്രം ജപിച്ചാൽ ദുരിതങ്ങളകന്ന്  ഒരു മാസത്തിനുള്ളിൽ ഭക്തന്റെ  ആഗ്രഹങ്ങള്‍ സഫലമാകും.

വെങ്കടേശ്വരഗായത്രി  ജപവും ഉത്തമമാണ്

" നിരഞ്ജനായ വിദ്മഹേ നിരപശായ ധീമഹേ തന്വേ ശ്രീനിവാസപ്രചോദയാത്"
എന്നാണ് വെങ്കിടേശ്വരഗായത്രി

തിരുപ്പതിഭഗവാനെ ദർശിച്ചിട്ട്  ‘എനിക്ക് ദർശനം കിട്ടി’ എന്ന് ഒരിക്കലും പറയരുത്  ‘എനിക്ക് ദർശനം തന്നൂ’ എന്നേ പറയാവൂ എന്നാണ് പറയാറ്.

         
 തിരുപ്പതി വെങ്കടേശ്വര വിഗ്രഹ രഹസ്യങ്ങള്‍

ആന്ധ്രപ്രദേശിലെ ഹില്‍ ടൗണായ തിരുമലയില്‍ സ്ഥിതി ചെയ്യുന്ന തിരുമല വെങ്കടേശ്വര ക്ഷേത്രം ഏറെ പ്രശസ്തമായ ഒരു വെങ്കടേശ്വര ക്ഷേത്രമാണ്.

ഇന്ത്യയിലെ ഏറ്റവും പൗരാണികമായ ക്ഷേത്രം എന്ന പേരും ഈ ക്ഷേത്രത്തിനുണ്ട്.വെങ്കടാദ്രി കുന്നിലാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. തിരുമലയിലെ ഏഴ് കുന്നുകളിലൊന്നാണിത്.

വെങ്കടാചലപതി അല്ലെങ്കില്‍ ശ്രീനിവാസ അല്ലെങ്കില്‍ ബാലാജി ഹിന്ദു വിശ്വാസമനുസരിച്ച് ഏറ്റവും ശക്തനായ ദൈവമാണ്. ഈ ക്ഷേത്രത്തിലെ വെങ്കടാചലപതിയുടെ വിഗ്രഹം സംബന്ധിച്ച് ചില രഹസ്യങ്ങളുണ്ട്.

നിങ്ങളെ അമ്പരിപ്പിച്ചേക്കാവുന്ന അത്തരം  രഹസ്യങ്ങളെക്കുറിച്ച് അറിയുക.

പ്രധാന പ്രവേശന കവാടത്തിന്‍റെ വലത് വശത്ത് ഒരു വടി ഉണ്ട്. ഇത് ആനന്താള്‍വാര്‍ വെങ്കടേശ്വരസ്വാമിയെ അടിക്കാന്‍ ഉപയോഗിച്ചിരുന്നതാണ്.

ഈ വടി ഉപയോഗിച്ച് ചെറിയ കുട്ടിയായിരുന്ന വെങ്കടേശ്വരനെ അടിച്ചപ്പോള്‍ താടിക്ക് മുറിവേറ്റു. ഇക്കാരണത്താല്‍ സ്വാമിയുടെ താടിയില്‍ ചന്ദനം തേയ്ക്കുന്ന ആചാരം പരമ്പരാഗതമായി ചെയ്തു വരുന്നു.

വെങ്കടേശ്വരസ്വമായുടെ പ്രധാന വിഗ്രഹത്തില്‍ യഥാര്‍ത്ഥ തലമുടിയുണ്ട്. ഈ മുടി കെട്ടുപിണയില്ല എന്നും എല്ലായ്പ്പോഴും മിനുസമായി ഇരിക്കുമെന്നും പറയപ്പെടുന്നു.

തിരുമല ക്ഷേത്രത്തില്‍ നിന്ന് ഏകദേശം 23 കിലോമീറ്റര്‍ അകലെയായി ഒരു ഗ്രാമമുണ്ട്. ഈ ഗ്രാമത്തിലേക്ക് ഗ്രാമവാസികള്‍ക്ക് മാത്രമാണ് പ്രവേശനം. ഇവിടുത്തെ ആളുകള്‍ കര്‍ശനമായ ആചാരങ്ങളും പാരമ്പര്യവും പിന്തുടര്‍ന്ന് ജീവിക്കുന്നവരാണ്.

ദേവന് അര്‍പ്പിക്കാനുള്ള പൂക്കള്‍, പാല്‍, നെയ്യ്, വെണ്ണ തുടങ്ങിയവയെല്ലാം ഇവിടെ നിന്നാണ് കൊണ്ടുപോകുന്നത്.

വെങ്കടേശ്വരസ്വാമി ഗര്‍ഭഗുഡിയുടെ നടുവില്‍ നില്‍ക്കുന്നതായാണ് കാണപ്പെടുന്നത്.

യഥാര്‍ത്ഥത്തില്‍ സ്വാമി ഗര്‍ഭഗുഡിയുടെ വലത് മൂലയിലാണ് നില്‍ക്കുന്നത്. ഇത് പുറമേ നിന്ന് കാണാനാവും.   

എല്ലാ ദിവസവും ഒരു പുതിയ, വിശുദ്ധമായ ദോത്തിയും സാരിയും സ്വാമിയെ അണിയിക്കാനായി ഉപയോഗിക്കും.

പുതിയതായി വിവാഹം കഴിച്ച, പൂജ നടത്തുന്ന ദമ്പതികളാണ് ഇത് സമര്‍പ്പിക്കുന്നത്.   

ഗര്‍ഭഗുഡിയില്‍ ഉപയോഗിച്ച പൂക്കള്‍ വില്‍ക്കാന്‍ പാടുള്ളതല്ല. അവ സ്വാമിയുടെ ക്ഷേത്രത്തിന് പിന്നിലുള്ള വെള്ളച്ചാട്ടത്തിലേക്ക് ഏറിയുകയാണ് ചെയ്യുക.   

സ്വാമിയുടെ പിന്‍ഭാഗം എത്ര തവണ ഉണക്കിയാലും നനഞ്ഞ് തന്നെയിരിക്കും. സ്വാമിയുടെ വിഗ്രഹത്തിന് പിന്നില്‍ ചെവിയോര്‍ത്ത് നിന്നാല്‍ സമുദ്രത്തിന്‍റെ ശബ്ദം കേള്‍ക്കാന്‍ സാധിക്കും.

സ്വാമിയുടെ ഹൃദയത്തില്‍ ലക്ഷ്മീദേവിയാണ്. വ്യാഴാഴ്ചകളില്‍ നിജ രൂപ ദര്‍ശനത്തിനിടെ സ്വാമിയെ വെള്ള മരക്കുഴമ്പ് അണിയിക്കും. ഇത് നീക്കം ചെയ്യുമ്പോള്‍ ലക്ഷ്മീദേവിയുടെ രൂപം അതില്‍ അവശേഷിക്കും. ഇത് ക്ഷേത്ര അധികാരികള്‍ വില്‍ക്കുകയാണ് ചെയ്യുക.

ആളുകള്‍ മരിക്കുമ്പോള്‍ ചിത കത്തിക്കാനായി പിന്നോട്ട് നോക്കാതെ അഗ്നി പകരുന്നത് പോലെ സ്വാമിയുടെ വിഗ്രഹത്തില്‍ നിന്ന് നീക്കം ചെയ്ത പൂക്കള്‍ പിന്നിലേക്കാണ് എറിയുക.

ദിവസം മുഴുവനും പൂജാരി സ്വാമിയുടെ പിന്നിലേക്ക് നോക്കില്ല. ഈ പുഷ്പങ്ങളെല്ലാം തിരുപ്പതിയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ വേര്‍പേഡു എന്ന സ്ഥലത്ത് നിന്നാണ് വരുന്നത് (കാളഹസ്തിയിലേക്കുള്ള വഴിയില്‍).

സ്വാമിയുടെ മുന്നിലുള്ള ദീപങ്ങള്‍‌ ആയിരക്കണക്കിന് വര്‍ഷങ്ങളായി കത്തിക്കൊണ്ടിരിക്കുന്നു. എന്നാല്‍ ഇത് എന്നാണ് തെളിച്ചത് എന്ന് ആര്‍ക്കും അറിയില്ല.
(കടപ്പാട്)

No comments: