Saturday, October 12, 2019

കുടജാദ്രിയിലെ പ്രഭാതം

Saturday 12 October 2019 2:19 am IST
കുറേ നേരം കഴിഞ്ഞ് ഗുഹാമുഖത്തേയ്ക്ക് ഇറങ്ങി വന്നു. എല്ലാവരും നിദ്രയിലേയ്ക്കു മയങ്ങിയപ്പോള്‍ രാപ്പാടികള്‍ രാഗങ്ങള്‍ പൊഴിക്കുന്നു. അവിടവിടെയായി വട്ടമിട്ടു പറക്കുന്നു. അവയ്ക്ക് വിശ്രമിക്കാറായിട്ടില്ല. നല്ല രസത്തില്‍ പാടുമ്പോള്‍ അതില്‍ ലയിക്കുന്നു. അതു കേട്ടുകൊണ്ട് നാമജപത്തില്‍ മുഴുകി സാവധാനം നിദ്രയിലേക്കു ലയിച്ചു. 
രാവിലെ എല്ലാവരും നേരത്തെ ഉണര്‍ന്ന് നാമജപാദികളില്‍ മുഴുകും. എങ്കിലും പുറത്തേയ്ക്കിറങ്ങാന്‍ വൈകും. കാട്ടിലെ നിയമം പാലിക്കപ്പെടണം. കാട് വന്യജീവികളുടെതാണെന്നു പറഞ്ഞുവല്ലോ. പുറത്ത് വിഹരിക്കുന്ന വന്യജീവികള്‍ അടങ്ങുകയും വേണം. സൂര്യോദയത്തോടെ അവിടെ ഇരുട്ടു മാറുകയില്ല. പ്രകാശം പരക്കുന്നതുവരെ കാത്തുനില്‍ക്കും. 
ഇവിടുത്തെ പ്രഭാതക്കാഴ്ചകള്‍ അനുപമസുന്ദരമാണ്. കുയിലുകളെ രാഗവും വിരിയാന്‍ വെമ്പുന്ന പൂമൊട്ടുകളുടെ ഭാവസംഗീതവും ഗിരികളില്‍നിന്ന് ഗിരികളിലേയ്ക്ക് പ്രവഹിച്ച് പ്രതിധ്വനിക്കുന്ന പ്രണവധ്വനികളുടെ മധുരലയവും മഞ്ഞില്‍ കുളിച്ച് പവിത്രമായിരിക്കുന്ന താരും തളിരും ദിനകരനെ സ്വീകരിക്കാന്‍ താലമേന്തി നില്‍ക്കുന്ന കോളാമ്പിപ്പൂക്കളും അവിടവിടെ പാറിനടന്ന് വര്‍ണ്ണപുഷ്പങ്ങള്‍ തീര്‍ക്കുന്ന ഷഡ്പദങ്ങള്‍. ഇവയെല്ലാം പ്രഭാതത്തെ ഐശ്വര്യപൂര്‍ണ്ണമാക്കുന്നു. ഇതെല്ലാം കണ്ടും അനുഭവിച്ചും ഞങ്ങള്‍ പുറത്തേയ്ക്കു വരുന്നു. മരം കോച്ചുന്ന തണുപ്പ് താടിയെല്ലുകളും ചുണ്ടുകളും വിറപ്പിക്കുന്നു. കാപ്പിയുണ്ടാക്കി കഴിച്ചു ശരീരത്തെ ചൂടാക്കാന്‍ ശ്രമിച്ചു. നേരം വെളുത്തു. എല്ലാവരും കുളിക്കാനും മറ്റുമുള്ള പുറപ്പാടില്‍. ഗുഹയില്‍ സാധനങ്ങളെല്ലാം ഒതുക്കിവെച്ച് പുതപ്പുുകൊണ്ട് മൂടിവെച്ചു. കുളിക്കാനുള്ള കോപ്പുകളുമായി ഇറങ്ങി. ഗണപതി ഗുഹാമുഖത്തിലൂടെ പോകുന്നു. ഗണപതി ഗുഹയുടെ താഴോട്ട് ചെങ്കുത്തായി ഇറങ്ങണം. അവിടെ മനുഷ്യര്‍ നടന്ന അടയാളമുണ്ട്, വീതി കുറഞ്ഞ ചാലുവഴി. അതിലൂടെ വള്ളിപ്പടര്‍പ്പുകളും എഴുന്നുനില്‍ക്കുന്ന വേരുപടലങ്ങളും വൃക്ഷങ്ങളും എല്ലാം പിടിച്ചുകൊണ്ട് താഴേയ്ക്കിറങ്ങി. അവിടെ രണ്ടുമൂന്നു നീര്‍ച്ചാലുകളുണ്ട്. ഒരിടത്ത് മുകളില്‍നിന്നും ഏകദേശം അഞ്ചു മീറ്ററുകളോളം ഉയരത്തില്‍നിന്നും ഒഴുകി ചിന്നിച്ചിതറിവരുന്ന വെള്ളച്ചാട്ടം.  കതിരവന്റെ രശ്മികള്‍ വെള്ളച്ചാട്ടത്തില്‍ വീഴുമ്പോള്‍ ബഹുവര്‍ണ്ണങ്ങളായി ചിന്നിച്ചിതറി ചുറ്റുപാടും പരക്കുന്നു. അതിനിടയില്‍ നിന്ന് സുഖമായി കുളിക്കും. നല്ല ശുദ്ധജലം. അതില്‍ കുളിച്ചാല്‍ത്തന്നെ എന്തൊരു സുഖമാണെന്നോ. അവിടെ യാത്രികര്‍ പലരും വരുന്നുണ്ട്. ചിലര്‍ ആ പ്രദേശത്തെ ശുദ്ധിയോടെ സൂക്ഷിക്കും. മറ്റു ചിലരാകട്ടെ, തോന്നിയ മാതിരി പ്ലാസ്റ്റിക് കവറുകളും ബോട്ടിലുകളും അലക്ഷ്യമായി വലിച്ചെറിഞ്ഞ് ആ പരിസരമാകെ വൃത്തികേടാക്കും. ഞങ്ങളുടെ കൂടെയുള്ളവരാരും ജലത്തെയോ പരിസരത്തെയോ ദുഷിപ്പിക്കാത്തവരായിരുന്നു എന്നത് പ്രത്യേകം സ്മര്‍ത്തവ്യമാണ്. 
ചിലപ്പോള്‍ അതിനു താഴെയുള്ള വലിയ വെള്ളച്ചാട്ടമുള്ളിടത്തേക്കു പോകും. അവിടേയ്ക്കും ചെങ്കുത്തായി വീണ്ടും ഇറങ്ങണം. അങ്ങനെ അവിടെ എത്തിയാല്‍ ഉഗ്രന്‍ വെള്ളച്ചാട്ടമാണ്. മുകളില്‍നിന്നും ഉത്ഭവിച്ച് ഇവിടെയെത്തിയപ്പോഴേക്കും പുഷ്ടി പ്രാപിച്ചിരിക്കുന്നു. പളുങ്കുപോലെ യുള്ള വെള്ളം നല്ല മിനുസമുള്ള ഉരുളന്‍ കല്ലുകളെ തഴുകി ശക്തമായി ഒഴുകുന്നു. അതില്‍ ഇറങ്ങി കുളിക്കുന്നതാകട്ടെ, സൗപര്‍ണ്ണികയെ ഓര്‍മ്മിപ്പിക്കും. ഒരു പക്ഷേ, ഇത് സൗപര്‍ണികയിലായിരിക്കും വിലയം പ്രാപിക്കുന്നത്. മൂകാംബികയിലേയ്ക്കുള്ള തീര്‍ത്ഥയാത്രയിലാണ് ഈ  ഒഴുക്ക്. അതിന് സൗപര്‍ണ്ണികയിലലിഞ്ഞ് മൂകാംബികാ ദേവിയെ സന്ദര്‍ശിച്ചാലേ സമാധാനമുള്ളു. ആ സഞ്ചാരത്തില്‍ നമ്മെ കുളിരും ഉന്മേഷവും പ്രദാനം ചെയ്ത് അനുഗ്രഹിക്കുന്നു. ഒരു സാധകനു ചുറ്റും നിശ്ചയമായും ഒരു ശാന്തിയും സാമാധാനവുമൊക്കെയുണ്ടാവും. സന്തോഷത്തിന്റെയും അനുഗ്രഹത്തിന്റെയും ഒരു പ്രകാശവലയം സൃഷ്ടിക്കപ്പെടും. സാധനയിലൂടെ വഴി തെറ്റാതെ മുന്നേറുമ്പോള്‍ അതിന്റെ വ്യാപ്തി വര്‍ദ്ധിക്കുകയും ചെയ്യും. ഇതിന്റെ സായൂജ്യം നമുക്ക് സത്സംഗത്തിലൂടെ പാത്രത്തിലേയ്ക്ക് ആവാഹിക്കാനും സാധിക്കും. അവര്‍ അവരുടെ സഞ്ചാരത്തിനിടയില്‍ മറ്റൊന്നും ശ്രദ്ധിച്ചുവെന്നു വരില്ല. ആ സായൂജ്യം അനുഭവിക്കാന്‍ നമ്മള്‍ സാഹചര്യമുണ്ടാക്കണം. അത്രയേയുള്ളു. കിഴക്കുദിച്ചു യാത്രചെയ്ത് സൂര്യഭഗവാന്‍ പ്രകാശവും ചൂടും ഊര്‍ജ്ജവും ഒക്കെ പ്രദാനം ചെയ്യുന്നുണ്ട്. അതു സ്വീകരിക്കാന്‍ നമ്മള്‍ തയ്യാറാവണം. 
നമ്മള്‍ ശ്രദ്ധിച്ചാലും ഇല്ലെങ്കിലും അത് അതിന്റെ വഴിയില്‍ അനുസ്യൂതം സഞ്ചരിച്ചുകൊണ്ടേയിരിക്കും. ആ യാത്രയിലുളവാകുന്ന സത്‌വശങ്ങളെ സ്വീകരിക്കാന്‍ പാകത്തില്‍ പാത്രത്വം വളര്‍ത്തിയെടുക്കണം. അതിലൂടെ നമുക്കും ഉയരത്തിലേയ്ക്ക് മുന്നേറാം. 

No comments: